അരിവാള്‍ ഉയരുന്നത് മോഡിവാഴ്ചയ്ക്കെതിരെ
കോടിയേരി ബാലകൃഷ്ണന്‍
കമ്യൂണിസ്റ്റ് വിപ്ലവകാരികളായ പി സുന്ദരയ്യയുടെയും എം ബസവ പുന്നയ്യയുടെയും പിന്മുറക്കാര്‍ ഏറ്റവും ഭംഗിയായും തികഞ്ഞ കൃത്യതയോടെയുമാണ് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് ആതിഥേയത്വമരുളുന്നത്. മഹത്തായ സമരപാരമ്പര്യം മാത്രമല്ല, സാംസ്കാരിക പാരമ്പര്യവും തെലുങ്ക് നാടിനുണ്ട്. അത് പ്രകടമാക്കുന്ന സാംസ്കാരികപരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്നു. പ്രതിനിധിസമ്മേളനവേദിയില്‍ ഇടവേളകളില്‍ ആന്ധ്രയിലെ കലാകാരന്മാരും കലാകാരികളും വ്യത്യസ്ത സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നത് ഏവരെയും ആകര്‍ഷിച്ചു. പരമ്പരാഗത സംഗീതധാരകള്‍ക്കൊപ്പം പോപ്ധാരയിലും വിപ്ലവഗീതങ്ങളെത്തി. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ സമ്മേളന കവാടത്തില്‍ നടനചാരുതയോടെ ചരിത്രനാടകം അവതരണം നടന്നു.
ആന്ധ്ര വിഭജിച്ച് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളായതിനാല്‍ രണ്ടിടങ്ങളിലെ സംസ്ഥാനകമ്മിറ്റികള്‍ സഹകരിച്ചാണ് സമ്മേളനം നടത്തുന്നത്. തെലുങ്ക് ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രോത്സാഹനത്തിനായി വിവിധ മത്സരങ്ങള്‍ വലിയതോതില്‍ സംഘടിപ്പിച്ചിരുന്നു. കാര്‍ട്ടൂണ്‍മത്സരം ആഗോളാടിസ്ഥാനത്തിലായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമടക്കം കാര്‍ട്ടൂണുകള്‍ ലഭിച്ചു. വിജയംനേടിയ 10 കാര്‍ട്ടൂണ്‍ സമ്മേളനവേദിയില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പിബി അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പോളണ്ടില്‍നിന്നുള്ള കാര്‍ട്ടൂണിനായിരുന്നു ഒന്നാംസ്ഥാനം. അത് ഉയര്‍ത്തിക്കാട്ടിയത് എം എ ബേബിയായിരുന്നു. തെലുങ്ക് നോവല്‍ രചനാമത്സരത്തില്‍ 30 നോവല്‍ ലഭിച്ചു. അതില്‍ മികച്ചതായി തെരഞ്ഞെടുത്തത് ശ്രീറാം സേത്തി കന്തറാവുവിന്റെ "യുഹം" എന്ന നോവലാണ്. ഇതിന് 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
പാര്‍ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ത്തന്നെ ആന്ധ്ര സാഹിത്യ അക്കാദമിയുടെ മുന്‍കൈയില്‍ വിശാഖപട്ടണത്ത് നടക്കുന്ന വിസാ ഫെസ്റ്റില്‍ സമ്മേളന പ്രതിനിധികള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യം സ്വാഗതസംഘം ഒരുക്കി. ഫെസ്റ്റിന്റെ വേദിയില്‍ തെലങ്കാന സമരസേനാനിയായ തൊണ്ണൂറുകാരന്‍ പര്‍സ സത്യനാരായണയുടെ ജീവിതകഥയുടെ പ്രകാശനം പ്രത്യേക ചടങ്ങായി നടന്നു. പ്രതിനിധിസമ്മേളനം ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചേരുമ്പോള്‍ അഞ്ച് വയസ്സുകാരി പ്രാര്‍ഥന പാട്ട് പാടി സമ്മേളനത്തിന്റെ മനംകവര്‍ന്നത് പ്രത്യേക അനുഭവമായി. തിരുവനന്തപുരത്തുനിന്ന് എത്തിയതായിരുന്നു ഈ കുട്ടി. ആദ്യം തെലുങ്കില്‍ ഒരു പാട്ട് പാടി. തുടര്‍ന്ന് പ്രസിദ്ധമായ ബലികുടീരങ്ങളേ എന്ന ഗാനം ആലപിച്ചപ്പോള്‍ സമ്മേളനം അക്ഷരാര്‍ഥത്തില്‍ കോരിത്തരിച്ചു. വൃന്ദ കാരാട്ട് ആ കൊച്ചു ഗായികയെ പൂച്ചെണ്ട് കൊടുത്തും മുത്തം കൊടുത്തും സ്നേഹം പകര്‍ന്നു. പി ബി അംഗം രാഘവുലു ആകട്ടെ ആ കുട്ടിയെ ഒക്കത്തെടുത്ത് സന്തോഷം പകര്‍ന്നു. പ്രാര്‍ഥനയെ സമ്മേളനത്തിന് പരിചയപ്പെടുത്തിയത് എം എ ബേബിയാണ്. ഇങ്ങനെ കലാസാംസ്കാരിക രംഗങ്ങളെ ഉണര്‍ത്തുന്നതുകൂടിയായി വിശാഖപട്ടണത്തെ പാര്‍ടി കോണ്‍ഗ്രസ്.
ആര് ജനറല്‍ സെക്രട്ടറിയാകും എന്നതാകും ഈ കോണ്‍ഗ്രസിന്റെ കേന്ദ്രവിഷയം എന്ന വിധത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. "അരിവാള്‍ അങ്കം തുടങ്ങി; യെച്ചൂരിയോ എസ്ആര്‍പിയോ" എന്ന ഒന്നാംപേജ് തലക്കെട്ടോടെയാണ് മനോരമ ഇല്ലാത്ത സംഭ്രാന്തി സൃഷ്ടിക്കാന്‍ നോക്കുന്നത്. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച ഭരണഘടനാ ഭേദഗതി പ്രകാരം മൂന്ന് ടേം പൂര്‍ത്തീകരിച്ച പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും എന്നത് കാരാട്ടുതന്നെ വ്യക്തമാക്കിയതാണ്. അപ്പോള്‍ പുതിയ ഒരാള്‍ ആ സ്ഥാനത്തേക്ക് വരിക സ്വാഭാവികമാണ്. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന പുതിയ കേന്ദ്രകമ്മിറ്റിയാണ് ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പ്രയാസവും തടസ്സവും പാര്‍ടി നേരിടുന്നില്ല. എന്നാല്‍, ചില പേരുകള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ടിയില്‍ കുഴപ്പം നടക്കുന്നുവെന്ന ചിത്രീകരണം അസംബന്ധമാണ്.
യഥാര്‍ഥത്തില്‍ അരിവാള്‍ ഉയരുന്നത് മോഡിവാഴ്ചയ്ക്ക് അന്ത്യംകുറിക്കാനാണ്. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന്റെ തീരുമാനപ്രകാരമാണ്. ബിജെപിയിലാകട്ടെ ആര്‍എസ്എസിന്റെ ഇച്ഛയ്ക്കനുസരിച്ചാണ്. എന്നാല്‍, സിപിഐ എമ്മില്‍ തികച്ചും ജനാധിപത്യപരമായ കോണ്‍ഫറന്‍സ് അംഗീകാരം നല്‍കിയ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തഃസത്ത ബിജെപിയും ആര്‍എസ്എസും നയിക്കുന്ന മോഡിസര്‍ക്കാരിന്റെ വിപത്തിനെതിരെ രാജ്യത്തെ ഉണര്‍ത്താനുള്ളതാണ്. പ്രകാശ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ഏകകണ്ഠമായാണ് ശനിയാഴ്ച അംഗീകരിച്ചത്. വാജ്പേയി നയിച്ച കാലത്തെപ്പോലെയല്ല ഇന്നത്തെ മോഡിഭരണം. അന്ന് കൂട്ടുകക്ഷികളെ ആശ്രയിച്ചുള്ള ഭരണമായിരുന്നു വാജ്പേയിയുടേത്. എന്നാല്‍, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുള്ള നരേന്ദ്രമോഡി ഭരണത്തില്‍ ആര്‍എസ്എസ് അജന്‍ഡ നിര്‍ബാധം നടപ്പാക്കുകയാണ്.
മോഡി നവലിബറല്‍ സാമ്പത്തികനയങ്ങളുടെ നടത്തിപ്പുകാരനാണ്. സിപിഐ എം പോരാട്ടം മെച്ചപ്പെട്ട ഇന്ത്യക്കുവേണ്ടിയുള്ളതാണ്. പ്രകാശ് അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്റെ പൊതുചര്‍ച്ചയില്‍ 44 പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളന പ്രതിനിധികള്‍ 473 ഭേദഗതിയും അഞ്ച് നിര്‍ദേശവും നല്‍കിയിരുന്നു. അതില്‍ 71 ഭേദഗതിക്ക് അംഗീകാരം നല്‍കി. നാല് ഭേദഗതി വോട്ടിനിട്ട് നിരാകരിച്ചു. ഹിന്ദുത്വവര്‍ഗീയതയ്ക്കെതിരായ ക്യാമ്പയിനില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെയും നേതാക്കളെയും തൊഴിലാളി സംഘടനകളെയും അടക്കം പങ്കെടുപ്പിക്കാമെന്ന് രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയോ കൂട്ടുകെട്ടോ ഒരു തരത്തിലുള്ള രാഷ്ട്രീയ സഖ്യമോ ഉണ്ടാകില്ല. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച സൈദ്ധാന്തിക രേഖയില്‍ നാല് മുഖ്യ ലോകവൈരുധ്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാട് പാര്‍ടി ഇപ്പോഴും തുടരുന്നതിനാലാണ് അതേപ്പറ്റി രാഷ്ട്രീയപ്രമേയത്തില്‍ അവതരിപ്പിക്കാതിരുന്നതെന്ന് കാരാട്ട് വിശദീകരിച്ചു.
പ്രസ്ഥാനം നേരിടുന്ന ഗൗരവമേറിയ പല പ്രശ്നങ്ങളും വളര്‍ച്ച മുരടിപ്പും അതിനെ മറികടക്കാനുള്ള കാര്യങ്ങളും സമ്മേളനം ആഴത്തില്‍ പരിശോധിച്ചു. ജനകീയ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ, ലാവോസ് എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളോട് രാഷ്ട്രീയ പ്രമേയം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉത്തരകൊറിയയെപ്പറ്റി ചില സന്ദേഹങ്ങള്‍ ചില പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഉത്തരകൊറിയയെ സോഷ്യലിസ്റ്റ് രാജ്യമായി സിപിഐ എം അംഗീകരിക്കുകയാണെന്നും ചില പ്രവണതകളെപ്പറ്റി വ്യത്യസ്ത അഭിപ്രായം വരാമെങ്കിലും അതുമായി ബന്ധപ്പെട്ട പാശ്ചാത്യമാധ്യമങ്ങളുടെ വികൃതവല്‍ക്കരണവാര്‍ത്തകളില്‍ അതിശയോക്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇടതുപക്ഷജനാധിപത്യമുന്നണി എന്ന ആശയമാണ് പ്രമേയം മുന്നോട്ട് വയ്ക്കുന്നത്. ഇടതുപക്ഷകക്ഷികളുടെ ഐക്യത്തിന് സിപിഐ എം മുന്‍കൈയെടുക്കും. ഇടതുപക്ഷ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും വിശാലവേദിയാണ് വിഭാവനംചെയ്യുന്നത്. ഇടതുപക്ഷജനാധിപത്യശക്തികളെ ബലപ്പെടുത്താന്‍ വര്‍ഗസമരത്തിന് ആക്കംകൂട്ടുകയും ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും അല്ലാതെ മറ്റ് വഴികളില്ലെന്ന് സിപിഐ എം കരുതുന്നു. ഈ അടിസ്ഥാനത്തില്‍മാത്രമേ രാജ്യത്തിന്റെ വലത്തോട്ടുള്ള രാഷ്ട്രീയദിശയെ മാറ്റിയെടുക്കാന്‍ കഴിയൂ. കരട് രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട് പ്രസീഡിയത്തിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിച്ചു. പകല്‍ 12 മുതല്‍ രണ്ടുവരെ നീണ്ട അവതരണപ്രസംഗത്തില്‍ പാര്‍ടി സംഘടന നേരിടുന്ന അടിയന്തരപ്രശ്നങ്ങള്‍ നിരത്തുകയും അതിന് പരിഹാരനിര്‍ദേശങ്ങള്‍ തേടുകയുംചെയ്തു. സമ്മേളനത്തില്‍ വരുന്ന നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി 2015 അവസാനത്തോടെ നടക്കുന്ന പാര്‍ടി പ്ലീനത്തില്‍ അവതരിപ്പിക്കും. സംഘടനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച രാത്രിയോടെ പൂര്‍ത്തിയാക്കി. നാളെ പ്രതിനിധിസമ്മേളനം സംഘടന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും. പുതിയ കേന്ദ്രകമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പും ഞായറാഴ്ച നടക്കും. ഞായറാഴ്ചത്തെ പോക്കുവെയിലില്‍ വിശാഖപട്ടണത്തെ കടല്‍ത്തീരത്ത് ചുവപ്പ് സാഗരം ഉയരുന്നതോടെ സമാപിക്കുന്ന പാര്‍ടി കോണ്‍ഗ്രസ് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന് പുതിയ ദിശ പ്രദാനം ചെയ്യും.