പ്രത്യാശാഭരിതം
കോടിയേരി ബാലകൃഷ്ണന്‍
രാജ്യത്തെ പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിനുള്ള പോരാട്ടപാത ഏകീകൃത ധാരണയോടെ നിര്‍ണയിച്ചാണ് ആറുദിവസമായി വിശാഖപട്ടണത്ത് ചേര്‍ന്ന സിപിഐ എം ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചത്. സമാപനറാലിയില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി ഞാനുള്‍പ്പെടെ കേരള നിയമസഭയിലെ അംഗങ്ങള്‍ക്ക് പ്രതിനിധിസമ്മേളനത്തിനുശേഷം തിരുവനന്തപുരത്തേക്ക് തിരിക്കേണ്ടിവന്നു. വിശാഖപട്ടണം സമീപവര്‍ഷങ്ങളില്‍ കാണാത്തത്ര വലിയ ജനസാഗരമാണ് സമാപനറാലിക്കെത്തിയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ആറുദിവസത്തെ സമ്മേളനം എന്തു നേടിയെന്ന ചോദ്യം ഉയരാം. ഇന്ത്യ നേരിടുന്ന വിപത്തുകളെയും വെല്ലുവിളികളെയും അതിജീവിക്കാനുള്ള ഉത്തരം ഈ സമ്മേളനം നല്‍കി. അതിലേക്ക് കടക്കുംമുമ്പ് സിപിഐ എമ്മിനെപ്പറ്റി ഒരുവിഭാഗം മാധ്യമങ്ങളും സ്ഥാപിതതാല്‍പ്പര്യക്കാരായ നിരീക്ഷകരും കെട്ടിയുയര്‍ത്തിയ സങ്കല്‍പ്പം പൊളിഞ്ഞുവെന്നത് ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയ- അടവുനയരേഖ, രാഷ്ട്രീയപ്രമേയം, രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട് എന്നിവ സമ്മേളനം അംഗീകരിച്ചു. ഈ രേഖകളെയും പ്രമേയത്തെയും ആസ്പദമാക്കി ഭിന്നതയും വിള്ളലും പാര്‍ടി നേതൃത്വത്തിലുണ്ടെന്നും അത് സമ്മേളനത്തില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധിയായി രൂപപ്പെടുമെന്നും കിനാവ് കണ്ടവരുണ്ട്. പക്ഷേ, ഇത്തരക്കാര്‍ സ്വപ്നംകണ്ടപോലെ ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധിയും സിപിഐ എം നേരിടുന്നില്ലെന്ന് സമ്മേളനം തെളിയിച്ചു.
ഇന്ത്യയുടെ മോചനത്തിനുള്ള വെളിച്ചവും ആയുധവുമാണ് മാര്‍ക്സിസവും ലെനിനിസവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും. ഇതുവരെയുള്ള യാത്രയിലെ നേട്ടങ്ങള്‍ സംരക്ഷിച്ചും ഉണ്ടായ പാളിച്ചകള്‍ പരിഹരിച്ചും പാര്‍ടി മുന്നോട്ടുപോകും. സമീപകാലത്ത് പശ്ചിമബംഗാളിലടക്കമുണ്ടായ തിരിച്ചടികൊണ്ട് സിപിഐ എമ്മോ ഇടതുപക്ഷമോ അപ്രസക്തമാകുന്നില്ല. മാര്‍ക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണമാണ് വര്‍ഗസമരം. അത് ഓരോ രാജ്യത്തും ഓരോ കാലത്ത് ഓരോ തരത്തില്‍ പ്രത്യക്ഷപ്പെടാം. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലത്തെ വര്‍ഗസമരത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം ഇന്ത്യന്‍ ജനതയും ബ്രിട്ടീഷ് സാമ്രാജ്യത്വവും തമ്മിലുള്ള സമരമായിരുന്നു. അതിന് കീഴ്പ്പെടുത്തിയാണ് അന്ന് ഭൂപ്രഭുക്കളും ഗ്രാമീണദരിദ്രരും തമ്മിലും മുതലാളിമാരും തൊഴിലാളികളും തമ്മിലുമുള്ള സമരങ്ങളെ കണ്ടത്. ഇന്നാകട്ടെ, സാമ്രാജ്യത്വവുമായി സഹകരിക്കുന്ന, ഫ്യൂഡിലിസവുമായി സന്ധിചെയ്ത അധികാരത്തിലുള്ള കുത്തക മുതലാളിവര്‍ഗം ഒരു ഭാഗത്തും തൊഴിലാളികളും ഗ്രാമീണദരിദ്രരും അടക്കമുള്ള മറ്റ് അധ്വാനിക്കുന്ന ജനങ്ങള്‍ മറുവശത്തുമുള്ള ഏറ്റുമുട്ടലാണ്. ഇതാണ് ഇന്നത്തെ വര്‍ഗസമരത്തിന്റെ ഉയര്‍ന്ന രൂപം. ഈ കാര്യങ്ങള്‍ സത്യസന്ധമായി പരിശോധിച്ചാണ് രാജ്യത്തിന് ഏറ്റവും അപകടകരമാണ് ആര്‍എസ്എസ്- ബിജെപി പ്രതിനിധി നരേന്ദ്രമോഡി നയിക്കുന്ന സര്‍ക്കാരും അതിന്റെ ഭരണനടപടിയും ഹിന്ദുത്വവര്‍ഗീയശക്തികളുടെ പ്രവര്‍ത്തനവുമെന്നും വിലയിരുത്തിയത്. ഹിന്ദുവര്‍ഗീയതയും നവ ഉദാരസാമ്പത്തികനയവും ഊന്നുവടിയാക്കിയ മോഡിഭരണത്തിനെതിരായ ബഹുജനപ്രസ്ഥാനം വിശ്വാസ്യതയോടെ വളര്‍ത്താന്‍ ഇന്ത്യയില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ.
രണ്ടുമാസം "ഒളിവിലായിരുന്ന" രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് രാംലീല മൈതാനത്ത് മോഡിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെയുള്ള റാലിയില്‍ പങ്കെടുത്തു. പക്ഷേ, മന്‍മോഹന്‍സര്‍ക്കാര്‍ നടപ്പാക്കിവന്ന ജനവിരുദ്ധ- കര്‍ഷകവിരുദ്ധ നയങ്ങള്‍ കാരണം കോണ്‍ഗ്രസ് റാലി കര്‍ഷകര്‍ അടക്കമുള്ളവരില്‍ വിശ്വാസം വളര്‍ത്തുന്നതല്ല. കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷക്കാര്‍ക്കും മാത്രമല്ല, ജനാധിപത്യപ്രസ്ഥാനത്തിന് ആകെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന ഒരു സംവിധാനത്തിന്റെ നേതാവായി നരേന്ദ്രമോഡി മാറി എന്നാണ് പാര്‍ടി കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എത്രയും വിപുലമായ ഒരു ജനകീയവേദി ഇതിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ടി കോണ്‍ഗ്രസിന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമോ അല്ലെങ്കില്‍, ഒന്നോ രണ്ടോ പേരുടെ എതിര്‍പ്പോടെയുള്ള ഭൂരിപക്ഷ തീരുമാനത്തോടെയോ കൈക്കൊണ്ടതാണ്.
പാര്‍ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനുമുമ്പുള്ള സമ്മേളനങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായി പരിഹരിച്ചു. അങ്ങനെ ആശയപരമായും നയപരമായും സംഘടനാപരമായും ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇല്ലാതെ, പൂര്‍ണ ഐക്യത്തോടെയാണ് പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചത്. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് എന്തൊക്കെ അഭ്യൂഹങ്ങളാണ് പരത്തിയത്? സിപിഐ എം രൂപംകൊണ്ടശേഷം ഇതുവരെയും തെരഞ്ഞെടുപ്പിലൂടെ ജനറല്‍സെക്രട്ടറിയെ നിശ്ചയിച്ചിട്ടില്ല. ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് ഏകകണ്ഠമായാണ് സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത്. പ്രകാശ് കാരാട്ട് പുതിയ ജനറല്‍ സെക്രട്ടറിയുടെ പേര് പ്രഖ്യാപിച്ചശേഷം യെച്ചൂരി നടത്തിയ പ്രഖ്യാപനം ആവേശകരമാണ്. "ഇന്ത്യയുടെ ഭാവി സോഷ്യലിസത്തിലാണ്, സിപിഐ എമ്മിലാണ്. ഞങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞു, വര്‍ഗശത്രുക്കളെ സൂക്ഷിക്കൂ-" ഈ വാക്ക് അര്‍ഥപുഷ്ടിയുള്ളതാണ്. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഏകീകൃത ധാരണയോടെ മുന്നോട്ടുപോകാനുള്ള പ്രതിജ്ഞയാണ് പാര്‍ടി കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.
എഴുനൂറ്റിനാല്‍പ്പത്തൊന്ന് പ്രതിനിധികളും 71 നിരീക്ഷകരും പങ്കെടുത്ത പാര്‍ടി കോണ്‍ഗ്രസ് 91 അംഗ കേന്ദ്ര കമ്മിറ്റിയെയും 16 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ 37 പേര്‍ പങ്കെടുത്തു. 20 ഭേദഗതി നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് സമ്മേളനം ഏകകണ്ഠമായാണ് അംഗീകരിച്ചത്. പാര്‍ടി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നേടിയ നേട്ടങ്ങളും ചിലയിടങ്ങളിലെ വളര്‍ച്ചാ മുരടിപ്പും ശക്തികേന്ദ്രങ്ങളായ മൂന്ന് സംസ്ഥാനങ്ങള്‍ ഒഴികെ ഉള്ളിടങ്ങളിലെ കൂടുതല്‍ വിഭാഗങ്ങളില്‍ സ്വാധീനം എത്താത്തതും ബഹുജന സംഘടനകളുടെ സ്ഥിതിയും ഗൗരവമായി പരിശോധിച്ചു. പുതിയ മേഖലകളില്‍ പാര്‍ടിക്ക് സംഘടന ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ പ്രശ്നങ്ങളും പാര്‍ടിയുടെ വളര്‍ച്ചയും അതീവ ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കണം. സമ്മേളനത്തിലുയര്‍ന്ന അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്ര കേന്ദ്ര കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈ വര്‍ഷംതന്നെ ചേരുന്ന പാര്‍ടി പ്ലീനത്തില്‍ അവതരിപ്പിക്കും.
1978 ഡിസംബറില്‍ പശ്ചിമബംഗാളിലെ സാല്‍ക്കിയയില്‍ ചേര്‍ന്ന പ്ലീനമാണ് സംഘടനാകാര്യങ്ങളില്‍ മുമ്പ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവ ബഹുജന പാര്‍ടിയായി സിപിഐ എം മാറണമെന്ന് നിര്‍ദേശിച്ചത് സാല്‍ക്കിയ പ്ലീനമാണ്. പാര്‍ടിക്ക് പുറത്തുള്ള ജനലക്ഷങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു വിശാല രാഷ്ട്രീയ സംവിധാനം കെട്ടിപ്പടുക്കുകയെന്ന നയസമീപനം പ്രാവര്‍ത്തികമാക്കുന്നതിനാണ് പാര്‍ടി ബഹുജനപാര്‍ടി ആകണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. പക്ഷേ, അന്നത്തെ പ്ലീനത്തില്‍ പ്രതിനിധികളില്‍ ഒരുവിഭാഗം അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. ബഹുജനപാര്‍ടിയായാല്‍ വിപ്ലവസ്വഭാവം ഇല്ലാതാകും എന്നായിരുന്നു വാദം. അത് സമ്മേളനം ഭൂരിപക്ഷപ്രകാരം തള്ളി. അങ്ങനെയാണ് തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവബഹുജന പാര്‍ടിയെന്ന നിലയിലേക്ക്് പാര്‍ടി മാറിയത്. പക്ഷേ, സാല്‍ക്കിയ പ്ലീനം രൂപംനല്‍കിയ സങ്കല്‍പ്പംതന്നെ കൂടുതല്‍ കരുത്തോടെ പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. സിപിഐ എം ഒരേസമയം തൊഴിലാളി വര്‍ഗ പാര്‍ടിയും വിപ്ലവ പാര്‍ടിയും ബഹുജനപാര്‍ടിയുമാണ്. ഇതിനിണങ്ങുന്നവിധം പാര്‍ടിയെ കരുത്തുറ്റതാക്കാനുള്ള പ്രവര്‍ത്തനപഥത്തിലേക്ക് നീങ്ങുന്നതിന് പാര്‍ടി കോണ്‍ഗ്രസ് ആവേശം പകരുന്നു.
പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രാഞ്ചുതലത്തിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ശക്തികേന്ദ്രങ്ങളെ സംരക്ഷിക്കും. ഇക്കാര്യത്തില്‍ പശ്ചിമബംഗാള്‍ നേരിടുന്ന വെല്ലുവിളി പാര്‍ടി ദേശീയമായിത്തന്നെ ഏറ്റെടുക്കും. കൊല്‍ക്കത്ത നഗരസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കും ബംഗാളില്‍ മമത സര്‍ക്കാര്‍ നടപ്പാക്കുന്ന അര്‍ധ ഫാസിസ്റ്റ് മോഡല്‍ അക്രമത്തിനുമെതിരെ സമ്മേളനം ഒരേസ്വരത്തില്‍ പ്രമേയം അംഗീകരിച്ചു. മണിക് സര്‍ക്കാര്‍ അവതരിപ്പിച്ച ഈ പ്രമേയത്തെ പിന്തുണച്ച് ഞാന്‍ സംസാരിച്ചു. ദേശീയവും സാര്‍വദേശീയവുമായ പ്രശ്നങ്ങളടക്കം ചര്‍ച്ച ചെയ്ത് 26 പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്.
നിയമസഭ- ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കേരളത്തില്‍ എല്‍ഡിഎഫിന്റെ അടിത്തറ ശക്തവും വിപുലവുമാണെന്ന് സമ്മേളനം വിലയിരുത്തി. പതിറ്റാണ്ടുകളായി തുടരുന്ന യുഡിഎഫ് സംവിധാനം ഇന്ന് തകര്‍ച്ചയിലാണ്. നേരെമറിച്ച്, ഇടതുപക്ഷജനാധിപത്യമുന്നണി കൂടുതല്‍ക്കൂടുതല്‍ ശക്തിപ്പെടുകയാണ്. ത്രിപുരയില്‍ മേയില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നല്ല വിജയമുണ്ടാകുമെന്ന് ത്രിപുരയിലെ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് വര്‍ഗ- ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കാനും തീരുമാനിച്ചു. വിശാലമായ ഇടതുപക്ഷഐക്യത്തിനും കരുത്തുറ്റ ഇടതുപക്ഷജനാധിപത്യ മുന്നണിക്കും ആഹ്വാനംചെയ്ത പാര്‍ടി കോണ്‍ഗ്രസ് ഇന്ത്യയെ മുന്നോട്ടുനയിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്
***