സ. ടി കെയുടെ സ്മരണ
കോടിയേരി ബാലകൃഷ്ണന്‍
സ. ടി കെ രാമകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒമ്പതുവര്‍ഷം തികയുന്നു. ഏറെക്കാലം പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും സഖാവ് പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ടി കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. സാംസ്കാരികമേഖലയിലും ശ്രദ്ധേയ ഇടപെടല്‍ നടത്തി. പാര്‍ലമെന്ററിരംഗത്തും ഇടപെട്ടു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ് ബഹുമുഖവ്യക്തിത്വത്തിന് ഉടമയായിരുന്നു.
സ്നേഹസമ്പന്നനായ രാഷ്ട്രീയനേതാവായാണ് ടി കെ അറിയപ്പെടുന്നത്. ഏതു പ്രതിസന്ധിയിലും തളരാത്ത മനഃസ്ഥൈര്യം, ലാളിത്യം ഇതൊക്കെയായിരുന്നു മുഖമുദ്ര. ഏതു ഗൗരവമായ പ്രശ്നം ചര്‍ച്ചചെയ്യുമ്പോഴും നര്‍മം കൂട്ടിക്കലര്‍ത്തല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. പൊതുയോഗങ്ങളില്‍ പ്രയോഗിക്കുന്ന തമാശകളും പൊടിക്കൈകളും കേരളീയര്‍ക്കാകെ പരിചിതമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹം പങ്കിടുന്ന നേതാവുമായിരുന്നു.
ജനകീയപ്രശ്നങ്ങളുടെ പരിഹാരത്തിനായി അദ്ദേഹം സദാ ശ്രമിച്ചു. ഏതു സ്ഥാനം വഹിക്കുന്നു എന്നത് പ്രശ്നപരിഹാരശ്രമത്തിന് സഖാവിന് തടസ്സമാകാറില്ല. മന്ത്രിയായിരിക്കുമ്പോള്‍ മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്ന ഒരു നിവേദകന്റെ റോളില്‍ ടി കെയെ പലപ്പോഴും കാണാം. അദ്ദേഹം കൈകാര്യംചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലല്ല പലരും മന്ത്രിയെന്ന നിലയ്ക്ക് ടി കെയെ കാണുക. ഒരു വിഷമവും പ്രകടിപ്പിക്കാതെ അവരുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ കൂട്ടുകാരനായും രക്ഷിതാവായും ഒക്കെ മാറുന്ന അനുഭവമാണുണ്ടാകുക. രാഷ്ട്രീയഭേദമെന്യെ നാട്ടുകാരുടെ സ്നേഹവും ആദരവും നേടാനായത് മനുഷ്യരുടെ പ്രയാസങ്ങളോടൊപ്പം ചേരാനുള്ള പച്ചമനുഷ്യന്റെ മനസ്സുള്ളതുകൊണ്ടായിരുന്നു.
കൈകാര്യംചെയ്ത വകുപ്പുകളോട് നീതികാണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. മത്സ്യഫെഡ് വളര്‍ത്തിയെടുക്കുന്നതിലും ആ മേഖലയില്‍ പ്രൈമറിസംഘങ്ങള്‍ രൂപീകരിക്കുന്നതിലും വഹിച്ച പങ്ക് വലുതാണ്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഘട്ടത്തില്‍ പൊലീസുകാരുടെ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. സാംസ്കാരികരംഗത്തുള്ള എല്ലാവരുമായും ആശയവിനിമയം നടത്തുന്ന സാംസ്കാരികമന്ത്രിയായിരുന്നു ടി കെ.എറണാകുളമായിരുന്നു ആദ്യകാല പ്രവര്‍ത്തനകേന്ദ്രം. സംഘടനാതീരുമാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ ചുമതല ഏറ്റെടുത്ത് ആ ജില്ലയിലെ സര്‍വജനങ്ങളുടെയും പ്രിയങ്കരനായി. ഗുരുതരമായ രോഗം ബാധിച്ച് എറണാകുളത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴും തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ ഇറങ്ങേണ്ടതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. പ്രചാരണസമയത്ത് കിടന്നുപോയതിലുള്ള വിഷമമാണ് പ്രകടിപ്പിച്ചത്. അന്ത്യനിമിഷംവരെ പാര്‍ടിയെക്കുറിച്ചുള്ള ചിന്തമാത്രമാണ് സഖാവിനുണ്ടായിരുന്നത്.
ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസ് പകര്‍ന്നുനല്‍കിയ പുത്തന്‍ ഉണര്‍വും ഊര്‍ജവും പാര്‍ടിയില്‍ പ്രസരിക്കുന്ന വേളയിലാണ് ഇക്കുറി ടി കെ ദിനം ആചരിക്കുന്നത്. ഏപ്രില്‍ 14 മുതല്‍ 19 വരെ വിശാഖപട്ടണത്തുചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ് അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് പകരുന്ന കരുത്ത് ചെറുതല്ല. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം ബിജെപിക്കും കോണ്‍ഗ്രസിനും ബദലായ ജനകീയശക്തിയെയാണ് കാംക്ഷിക്കുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാത്രമാണ് അത്തരമൊരു ബദലിന് നേതൃത്വം കൊടുക്കാന്‍ കഴിയുക. ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്ന ബിജെപിക്കും ജനവിരുദ്ധനയങ്ങളില്‍ ആറാടിനില്‍ക്കുന്ന കോണ്‍ഗ്രസിനും ബദലായി അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയശക്തി ഉയര്‍ന്നുവരുമെന്ന ശുഭപ്രതീക്ഷയാണ് പാര്‍ടി കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കുന്നത്. കേന്ദ്രം ഭരിക്കുന്നത് പിന്തിരിപ്പന്‍ വലതുപക്ഷ വര്‍ഗീയശക്തികളാണ്.
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സര്‍വമേഖലയെയും തകര്‍ച്ചയിലേക്ക് നയിച്ചു. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ ജനവിഭാഗവും നവ ഉദാരസാമ്പത്തികനയത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ പാടെ കവര്‍ന്നെടുക്കുന്നതാണ് പുതിയ തൊഴില്‍നിയമം. കാര്‍ഷികമേഖല തകര്‍ച്ച നേരിടുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകി. കര്‍ഷകര്‍ ജീവനൊടുക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. പാവപ്പെട്ടവന്റെ ഭൂമി കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തിന്റെ ഐക്യം, മതേതരത്വം, ജനാധിപത്യം എന്നിവയ്ക്കുനേരെ വ്യാപക കടന്നാക്രമണമാണ് ഉണ്ടാകുന്നത്. പാവങ്ങള്‍ക്കുമേല്‍ നികുതികൊണ്ട് കടന്നാക്രമണം നടത്തുന്ന നരേന്ദ്രമോഡി കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ഇളവുകള്‍ നല്‍കുകയാണ്. ഇന്ത്യയിലെ വ്യവസായങ്ങള്‍ പൂട്ടിയാലും കുഴപ്പമില്ല, ഫ്രാന്‍സിലെ റഫേല്‍ എന്ന കമ്പനിക്ക് 8000 കോടിയുടെ ഓര്‍ഡര്‍ നല്‍കുമെന്ന വാശിയിലാണ് മോഡി. ദരിദ്രര്‍ക്കുമേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്താനും ഒരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍.
കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ, അഴിമതിയുടെയും അശ്ലീലങ്ങളുടെയും പര്യായമായി മാറി. ദിനംപ്രതിയെന്നോണം പുതിയ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. യുഡിഎഫിനൊപ്പംനില്‍ക്കുന്നവര്‍തന്നെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നതാണ് ശ്രദ്ധേയം. ഇത്രയും വ്യാപകമായി അഴിമതി നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മറ്റൊരു ഭരണസംവിധാനം കേരളത്തില്‍ ഇതേവരെയുണ്ടായിട്ടില്ല. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്ന തെളിവുകളാണ് ഓരോ ദിവസവും വരുന്നത്. ബാര്‍ കോഴ പ്രശ്നത്തില്‍ ധനമന്ത്രി മാണിയും എക്സൈസ് മന്ത്രി കെ ബാബുവുമടക്കം കോഴ വാങ്ങിയെന്ന വാര്‍ത്തകള്‍ അങ്ങാടിപ്പാട്ടാണ്്. യുഡിഎഫിന്റെ സ്ഥാപകനേതാവായ ആര്‍ ബാലകൃഷ്ണപിള്ളതന്നെ മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളുമായി വിജിലന്‍സിനെ സമീപിച്ചു. ഈ സര്‍ക്കാരിന്റെ ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജും അഴിമതിക്കഥകള്‍ ഒന്നൊന്നായി വെളിപ്പെടുത്തുന്നു.
ഒരു സര്‍ക്കാരിനെതിരെ എത്ര ഗുരുതരമായ അഴിമതിയാരോപണമുയര്‍ന്നാലും, മന്ത്രിമാരുടെ അപഥസഞ്ചാരത്തെയും അധാര്‍മികതയെയുംകുറിച്ചുള്ള എത്ര കഥകള്‍ പുറത്തുവന്നാലും ഒരു കുലുക്കവുമില്ലാതെ സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന പുതിയ പാഠമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി മുങ്ങുന്ന കപ്പലായി മാറുകയാണ് യുഡിഎഫ് എന്ന രാഷ്ട്രീയസംവിധാനം. ജനജീവിതം ദുസ്സഹമാക്കിത്തീര്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം വിവിധമേഖലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പംതന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രായോഗിക ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം കൊടുക്കുകയാണ്. അതിനുള്ള ചര്‍ച്ചയും തീരുമാനങ്ങളുമാണ് പാര്‍ടി കോണ്‍ഗ്രസില്‍ ഉണ്ടായത്. ആ തീരുമാനങ്ങള്‍ ഏറ്റെടുത്ത് പുതിയ പോരാട്ടങ്ങളുടെ പാതയിലേക്കിറങ്ങുമ്പോള്‍ സ. ടി കെയുടെ സ്മരണ കരുത്തുപകരും എന്നതില്‍ സംശയമില്ല.
***