കേരളം ഇനി എങ്ങോട്ട്?

കേരളം ഇനി എങ്ങോട്ട്?

കോടിയേരി ബാലകൃഷ്ണന്‍

കേരളരാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുന്നതാണ് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ്. അതിലേക്ക് കടക്കുംമുമ്പ് ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു. പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗസംഖ്യ കുറഞ്ഞെങ്കിലും പാര്‍ടിയാകെ തകരുകയോ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയോ ചെയ്തിട്ടില്ല. പാര്‍ലമെന്റില്‍ അംഗസംഖ്യ കുറയാന്‍ മുഖ്യകാരണം പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനുമുണ്ടായ തോല്‍വിയാണ് എന്ന കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചു. അവിടെ ഇടതുപക്ഷം തിരിച്ചുവരുമെന്ന നേരിയ സൂചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

ഒന്നാം പാര്‍ടി കോണ്‍ഗ്രസ് ചേരുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അംഗസംഖ്യ പതിനായിരമായിരുന്നു. കൊച്ചിയില്‍ സമ്മേളിച്ച എട്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ ഘട്ടത്തില്‍ (1968) അംഗസംഖ്യ 76,425 ആയി. മധുരയില്‍ സമ്മേളിച്ച ഒമ്പതാം പാര്‍ടികോണ്‍ഗ്രസിന്റെ സമയത്താകട്ടെ, മെമ്പര്‍ഷിപ് 1,06,849 ആയി. വിശാഖപട്ടണത്ത് ഇത്തവണ പാര്‍ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ അംഗസംഖ്യ പത്തരലക്ഷത്തിലേറെയാണ്. ബഹുജനസംഘടനാ മെമ്പര്‍ഷിപ് 1992ല്‍ 2.8 കോടിയായിരുന്നത് ഇപ്പോള്‍ ആറുകോടിയിലെത്തി. പക്ഷേ, പാര്‍ടിയുടെ സ്വാധീനവും വളര്‍ച്ചയും അംഗസംഖ്യയും ദേശീയമായി നോക്കുമ്പോള്‍ അസമമായ ക്രമത്തിലാണ്. പാര്‍ടി അംഗസംഖ്യ മെച്ചമായ ഇടങ്ങളിലടക്കം സംഘടനയുടെ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. അംഗങ്ങളില്‍ 50 ശതമാനംപോലും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്ത ചില പ്രദേശങ്ങളും സംസ്ഥാനങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ നമ്മുടെ പാര്‍ടിക്ക് എന്തുകൊണ്ട് ആക്ടീവും പാസീവുമായ മെമ്പര്‍ഷിപ്പായിക്കൂടാ എന്ന നിര്‍ദേശം സമ്മേളനത്തില്‍ ഉയര്‍ന്നു. പക്ഷേ, സജീവാംഗത്വം, സാധാരണ അംഗത്വം എന്ന നിലയിലുള്ള വേര്‍തിരിവ് പറ്റില്ലെന്ന് സമ്മേളനം നിശ്ചയിച്ചു. സംഘടനയെ സജീവമാക്കാന്‍ കേരളഘടകം നടത്തിയ പാലക്കാട് പ്ലീനം മാതൃകാപരമാണെന്ന അഭിപ്രായം സമ്മേളനത്തില്‍ ഉയര്‍ന്നു.

പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം സ്വാഭാവികമായും കേരളരാഷ്ട്രീയത്തെയും സ്വാധീനിക്കുമല്ലോ. ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയകക്ഷികളുടെ നയങ്ങള്‍ക്കുപകരം ഇടതുപക്ഷബദല്‍ എന്ന കാഴ്ചപ്പാടിന് അടിവരയിട്ടിരിക്കുകയാണ്. 55 വര്‍ഷംമുമ്പ് കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ വിമോചനസമര രാഷ്ട്രീയമുന്നണി ഇന്ന് തകര്‍ച്ചയെ നേരിടുന്നുവെന്നത് നമ്മുടെ രാഷ്ട്രീയനിലപാടിനെ ശക്തിപ്പെടുത്തുന്നതാണ്. മുസ്ലിംലീഗും ക്രൈസ്തവ പള്ളിമേധാവികളും സവര്‍ണ- അവര്‍ണ ജാതിപ്രമാണിമാരുമെല്ലാം ചേര്‍ന്ന ഒരു രാഷ്ട്രീയകൂട്ടുകെട്ടാണ് വിമോചനസമരത്തിലുണ്ടായത്. അതിന്റെ തുടര്‍ച്ചയായി പടുത്തുയര്‍ത്തിയ യുഡിഎഫ് എന്ന രാഷ്ട്രീയസംവിധാനം അതീജിവിക്കാനാകാത്ത തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.ദേശീയമായി, വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടങ്ങളിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തായി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തി. ഇതിന്റെ പ്രതിഫലനമാണ് ബിജെപിക്ക് ലോക്സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയതും 45 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയതും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും കേന്ദ്രത്തില്‍ ഭരണമില്ലായ്മയും സംസ്ഥാനത്തെ യുഡിഎഫ് ഭരണത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുമ്പ് കേന്ദ്രസര്‍ക്കാരിനെയും സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ഘടകകക്ഷികളെ വരുതിയില്‍നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് അതിന് കഴിയാത്ത അവസ്ഥയാണ്.

കേരളം ഇതുവരെ കാണാത്ത അഴിമതികളുടെയും അസാന്മാര്‍ഗികതയുടെയും ജനദ്രോഹത്തിന്റെയും വിളനിലമായി ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധഃപതിച്ചു. ഈ ഭരണം ഒരുനിമിഷംമുമ്പേ മണ്‍മറഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹത്തിലാണ് ജനം. ഇന്നത്തെ സ്ഥിതിയില്‍ നേട്ടമുണ്ടാക്കാന്‍ നോക്കുന്ന ബിജെപിക്ക് അതിന് അവസരം നല്‍കാന്‍ പാടില്ല. നേരേമറിച്ച്, ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കൂടുതല്‍ക്കൂടുതല്‍ ജനവിശ്വാസം ആര്‍ജിച്ച് ശക്തിപ്പെടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മുദ്രാവാക്യമാണ് പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ബൂര്‍ഷ്വ- ഭൂപ്രഭു ഭരണത്തിന് ബദലാകാന്‍ ഇടതുപക്ഷ ജനാധിപത്യവേദിക്കു മാത്രമേ കഴിയൂ. പ്രക്ഷോഭത്തിലൂടെയും സമരങ്ങളിലൂടെയും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ രാഷ്ട്രീയസഖ്യം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ഇത് കേവലം തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല. വര്‍ഗീയതയെയും നവ ഉദാരവല്‍ക്കരണനയങ്ങളെയും സാമ്രാജ്യത്വകോയ്മയെയും ചെറുത്തുതോല്‍പ്പിക്കാനുള്ള വിശാല സമരവേദിയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയകാഴ്ചപ്പാട് പാര്‍ടിയുടെ പത്താം കോണ്‍ഗ്രസ് മുന്നോട്ടുവച്ചതാണ്. അതതുകാലത്തെ സാഹചര്യങ്ങളുപയോഗിച്ച് മുന്നോട്ടുപോകാന്‍ ഈ രാഷ്ട്രീയ അടവുനയം ഉപകരിച്ചു. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്താന്‍ പൊതുവില്‍ കഴിഞ്ഞിട്ടില്ല.

ഇടക്കാലത്ത്, മൂന്നാംമുന്നണിക്കു നല്‍കിയ പ്രാധാന്യംകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രാധാന്യം പുറകോട്ടുപോയി. സിപിഐ എമ്മിന് സ്വതന്ത്രശക്തിയായി വളരാനും കഴിഞ്ഞില്ല. നവലിബറല്‍ നയങ്ങളുടെ സ്വാധീനം കൃത്യമായി പഠിച്ച് മുന്നേറേണ്ടതുണ്ട്. എല്‍ഡിഎഫ് എന്ന രാഷ്ട്രീയ കാഴ്ചപ്പാടുമായി പാര്‍ടി മുന്നോട്ടുപോയപ്പോള്‍ത്തന്നെ സംസ്ഥാനങ്ങളില്‍ ദ്രാവിഡ പാര്‍ടിയുമായോ അകാലി പാര്‍ടിയുമായോ തെലുങ്കുദേശവുമായോ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. പല സംസ്ഥാനങ്ങളിലും നമ്മള്‍ കൂട്ടുകൂടുകയോ സഹകരിക്കുകയോ ചെയ്ത പ്രാദേശിക പാര്‍ടികള്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ നവഉദാരവല്‍ക്കരണ നയപരിപാടികള്‍ നടപ്പാക്കി. ആ ജനദ്രോഹത്തെ തുറന്നെതിര്‍ക്കുന്നതിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തുന്നതിലും വിശ്വാസ്യത പ്രതിബന്ധമായി. ഈ അനുഭവങ്ങളുടെകൂടി അടിസ്ഥാനത്തില്‍ ഇനി തെരഞ്ഞെടുപ്പ് ധാരണയും സഖ്യവും സംസ്ഥാനങ്ങളില്‍ തീരുമാനിക്കാനുള്ള അടവുനയത്തിന് പാര്‍ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. അതായത്, ഇടതുജനാധിപത്യശക്തികളെ വളര്‍ത്താന്‍ പാകത്തില്‍ ഓരോ സംസ്ഥാനത്തും ഏത് രാഷ്ട്രീയപാര്‍ടികളെന്നത് സംസ്ഥാനതലത്തില്‍ കണ്ടെത്താമെന്നാണ്. ഇതേക്കുറിച്ച് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ചില മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കുന്നതു കണ്ടു.

അതായത്, സിപിഐ എം കേരളഘടകം നാളെ യുഡിഎഫിലുള്ള ഏത് കോണ്‍ഗ്രസ് ഇതര കക്ഷിയുമായും സഖ്യമുണ്ടാക്കുമെന്ന നിലയിലുള്ള അഭിപ്രായങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. പക്ഷേ, ഇക്കൂട്ടര്‍ ഓര്‍ക്കേണ്ട കാര്യം, പാര്‍ടി അംഗീകരിച്ച പൊതു രാഷ്ട്രീയനയത്തിന് അനുസൃതമായേ കേരളത്തിലും ധാരണയും സഖ്യവും ഉണ്ടാകൂ എന്നതാണ്. ഇത്തരം വിഷയങ്ങളില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റിയുടെയും കേന്ദ്രനേതൃത്വത്തിന്റെയും സഹായത്തോടെയേ ഇവിടെ തീരുമാനങ്ങള്‍ കൈക്കൊള്ളൂ.യുഡിഎഫ് സര്‍ക്കാര്‍ തകരാന്‍ പോകുന്നുവെന്ന സന്ദേശമാണ് ഭരണപക്ഷത്തുനിന്ന് ദിനംപ്രതി വരുന്നത്. അരുവിക്കര തെരഞ്ഞെടുപ്പുഫലം ഈ സര്‍ക്കാരിന് വെല്ലുവിളിയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്താനുള്ള ശക്തി എല്‍ഡിഎഫിനുണ്ട്. എല്‍ഡിഎഫ് മുറുകെപ്പിടിക്കുന്ന ദേശീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ജെഡിയു, ആര്‍എസ്പി തുടങ്ങിയ പാര്‍ടികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തണമെന്ന പൊതുനിലപാട് ഞങ്ങള്‍ സ്വീകരിക്കുന്നത്.

വര്‍ഗീയവിപത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി സിപിഐ എം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ ജെഡിയു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പങ്കെടുത്തതും പ്രസംഗിച്ചതും ശ്രദ്ധേയമാണ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം വീരേന്ദ്രകുമാറിനെയും അദ്ദേഹത്തിന്റെ പാര്‍ടിയെയും ശകാരിച്ച് മുഖപ്രസംഗം എഴുതി. 1981ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എ കെ ആന്റണിയെയും അദ്ദേഹം ഉള്‍പ്പെട്ട "എ" കോണ്‍ഗ്രസിനുമെതിരെ ദേശാഭിമാനി വാരികയില്‍ പത്രാധിപര്‍ തായാട്ട് ശങ്കരന്‍ "ശീതളഛായ തേടി" എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം എഴുതിയപ്പോള്‍ ആന്റണിയും കൂട്ടരും എന്തുചെയ്തു എന്നത് ഓര്‍ക്കേണ്ടതാണ്. ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആ മുഖപ്രസംഗത്തെ തള്ളിപ്പറഞ്ഞെങ്കിലും ആ ലേഖനത്തിന്റെ പേരുപറഞ്ഞ് ആന്റണിയും കൂട്ടരും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും മുന്നണിവിടുകയും ചെയ്തു. വീക്ഷണം മുഖപ്രസംഗമാകട്ടെ, തരംതാണ ഭാഷയിലുള്ളതാണ്. ഇതിനോട് രാഷ്ട്രീയമായി എങ്ങനെ വീരേന്ദ്രകുമാറും കൂട്ടരും പ്രതികരിക്കുമെന്ന് നോക്കിക്കാണാം.കേരള ആര്‍എസ്പിയാകട്ടെ, ഇപ്പോഴും മാര്‍ക്സിസ്റ്റ്വിരുദ്ധ മുന്നണിയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണ്. ഒരു പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ 34 വര്‍ഷം തുടര്‍ന്നുവന്ന രാഷ്ട്രീയനയം ഉപേക്ഷിച്ച് ഇക്കൂട്ടര്‍ മറുകണ്ടംചാടുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതി ഭരണത്തിനടക്കം ഹലേലുയ്യാ പാടി സിപിഐ എമ്മിനെതിരെ അപവാദപ്രചാരണം തുടരുകയാണ്. ഇടയ്ക്ക്, ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിഭരണത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെതിരെ ആ പാര്‍ടിയിലെ മറ്റു നേതാക്കളും മന്ത്രിയുമെല്ലാം പരസ്യമായി രംഗത്തുവരുന്ന ദയനീയകാഴ്ചയാണ് കണ്ടത്. പക്ഷേ, ഒരു കാര്യം ഉറപ്പ്. ബഹുജനങ്ങള്‍ സമരത്തിലേക്കും സര്‍ക്കാര്‍വിരുദ്ധവികാരത്തിലേക്കും കൂടുതല്‍ക്കൂടുതലായി നീങ്ങുംതോറും ഭരണപക്ഷത്തുള്ള പാര്‍ടികളിലെ അണികള്‍ എല്‍ഡിഎഫിലേക്ക് ചായുന്ന സ്ഥിതി സംജാതമാകും. ഇതിനെ അതിജീവിക്കാന്‍ ഭരണപക്ഷത്തെ പാര്‍ടികള്‍ ബുദ്ധിമുട്ടുകയും വീണ്ടുവിചാരത്തിന് നിര്‍ബന്ധിതമാകുകയും ചെയ്യും.

ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതിയിലും ജനദ്രോഹത്തിലും സഹികെട്ട് യുഡിഎഫ് വിടുന്നവരെ സര്‍ക്കാര്‍വിരുദ്ധ സമരവേദികളില്‍ ഞങ്ങള്‍ സഹകരിപ്പിക്കും. പക്ഷേ, അത്തരം കക്ഷികളെയോ ഗ്രൂപ്പുകളെയോ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് മുന്നണിയിലെ ഓരോ കക്ഷികളും പ്രത്യേകമായും മുന്നണി പൊതുവായും ചര്‍ച്ചചെയ്ത് തീരുമാനിക്കും. 34 വര്‍ഷം യുഡിഎഫില്‍ തുടര്‍ന്ന ആര്‍ ബാലകൃഷ്ണപിള്ള നയിച്ച കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് ആ മുന്നണിക്കേറ്റ കടുത്ത പ്രഹരമാണ്. അവസാന നിമിഷംവരെ പിള്ളയെ കൂടെനിര്‍ത്താന്‍ യത്നിച്ചവരാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരായ എല്‍ഡിഎഫിന്റെ സമരപ്പന്തലില്‍ പിള്ള എത്തിയതിനെ ധാര്‍മികപ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത്. മധുരവും കളിപ്പാട്ടവും നല്‍കി കുട്ടികളെ റാഞ്ചുന്ന തട്ടിപ്പുസംഘത്തെപ്പോലെയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരളരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്‍ഡിഎഫ് തികച്ചും തത്വാധിഷ്ഠിത രാഷ്ട്രീയനിലപാടുമായി മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്.

പാര്‍ടിയുടെ എല്ലാ തലങ്ങളിലും അണികളിലും ഐക്യവും അഭൂതപൂര്‍വമായ കെട്ടുറപ്പും ഉണ്ടാക്കാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍, ഇതിനെ വികൃതവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ വലിയതോതില്‍ നടത്തുന്നുണ്ട്. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഈ വക്രീകരണത്തിന്റെ ഭാഗമാണ്. പാര്‍ടിയില്‍ കക്ഷിവഴക്ക് സൃഷ്ടിക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് കഴിയില്ല. പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ കക്ഷിവഴക്കിന്റെയോ ഭിന്നിപ്പിന്റെയോ സംഘടനാരാഹിത്യത്തിന്റെയോ പൊളിക്കല്‍ പ്രസ്ഥാനത്തിന്റെയോ അലകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന കാര്യത്തില്‍ നേതൃത്വം ജാഗ്രതാപൂര്‍ണമായാണ് മുന്നോട്ടുപോകുന്നത്. പാര്‍ടി ഘടകത്തില്‍ തുറന്ന് അഭിപ്രായം പറയാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുപ്രകാരം സംസ്ഥാന സെക്രട്ടറിയറ്റിനെ നിശ്ചയിച്ച സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായത് സാധാരണനിലയില്‍ അസാധാരണ നടപടിയല്ല. കേരള പാര്‍ടി നേടിയെടുത്ത ഐക്യം സ്വയമേവ ഉണ്ടായതല്ല. വിഭാഗീയത എന്ന രോഗത്തെ കടുത്ത ചികിത്സയ്ക്ക് വിധേയമാക്കി ഭേദപ്പെടുത്തിയതാണ്. പാര്‍ടി ലൈന്‍ നടപ്പാക്കുന്നതിനുള്ള തീവ്രമായ സമരത്തിന്റെ ഫലമായി കൈവന്ന മാനസിക ഐക്യമാണത്. പാര്‍ടിക്കുള്ളില്‍ കക്ഷിവഴക്ക് ഉണ്ടാകുന്നത് പാര്‍ടിയുടെ ഐക്യത്തിനും അച്ചടക്കത്തിനും ചേര്‍ന്നതല്ല. പാര്‍ടിക്കകത്ത് ചില "പക്ഷ"ങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഫലമായി പല കേന്ദ്രങ്ങളുമുണ്ടാകും. അത് അച്ചടക്കരാഹിത്യത്തിന് കാരണമാകും. അത് മനസ്സിലാക്കിയാണ് കേരളത്തിലെ പാര്‍ടി പൊതുവില്‍ മുന്നോട്ടുപോകുന്നത്. സെക്രട്ടറിയറ്റ് രൂപീകരണവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ച പ്രാദേശിക വാദഗതി അര്‍ഥശൂന്യമാണ്. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍, സി എച്ച് കണാരന്‍, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയ നേതാക്കളെയാരെയും പ്രാദേശിക വേര്‍തിരിവോടെയല്ല നാട് കണ്ടത്. പാര്‍ടിയുടെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളെ ഏതെങ്കിലും പ്രദേശത്തിന്റെ അടിസ്ഥാനത്തിലല്ല വിലയിരുത്തുന്നത്. പ്രാഥമികമായ ഈ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനെ നിരാകരിക്കുന്നതാണ് സങ്കുചിതമായ പ്രാദേശികവാദം.

അഖിലേന്ത്യാതലത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സജീവ പങ്കുള്ള വിശാല ഇടതുപക്ഷവേദിയും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയും വരുംനാളുകളില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് കക്ഷികളിലോരോന്നും അത്യഗാധമായ രാഷ്ട്രീയസംഘടനാ പ്രതിസന്ധിയില്‍ ചെന്നുപെട്ട ഇന്നത്തെ സാഹചര്യത്തില്‍, ഇതുവരെയുണ്ടായ നേട്ടം ഉറപ്പിച്ച് ഇനിയും മുന്നോട്ടുപോകാനുള്ള അന്തരീക്ഷമാണ് സിപിഐ എമ്മിനും എല്‍ഡിഎഫിനും തുറന്നുകിട്ടിയിരിക്കുന്നത്.

***