മാലിന്യവിമുക്ത കേരളത്തിലേക്ക്

മാലിന്യവിമുക്ത കേരളത്തിലേക്ക്

കോടിയേരി ബാലകൃഷ്ണന്‍

സിപിഐ(എം) നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം ഞായറാഴ്ചമഴക്കാലത്തിനുമുമ്പ് നാട് ശുചിയാക്കാന്‍ "മാലിന്യവിമുക്ത കേരളം" പദ്ധതി ഏറ്റെടുത്ത് ഞായറാഴ്ച സിപിഐ(എം) പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങുകയാണ്. എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആദ്യം നീക്കംചെയ്യും. വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കും. നാലുലക്ഷത്തിലധികം പാര്‍ടി അംഗങ്ങള്‍ ഇതില്‍ പങ്കെടുക്കും. പാര്‍ടി നിയന്ത്രണത്തിലുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും മഴക്കാലപൂര്‍വ ശുചീകരണപദ്ധതിക്ക് രൂപംനല്‍കിയിട്ടുണ്ട്. സന്നദ്ധരായി മുന്നോട്ടുവരുന്ന ജനങ്ങളെയാകെ ഈ യജ്ഞത്തില്‍ പങ്കാളികളാക്കും. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി സംഘാടകസമിതികള്‍ രൂപീകരിക്കുകയും സ്ക്വാഡുകള്‍ക്ക് രൂപംനല്‍കുകയും ചെയ്തിട്ടുണ്ട്.

കേരളം നേരിടുന്ന പ്രധാനപ്പെട്ട ഒന്നായി മാലിന്യപ്രശ്നം മാറിയ സാഹചര്യത്തിലാണ് മാലിന്യനിര്‍മാര്‍ജനം എന്ന ബൃഹത്തായ പരിപാടി സിപിഐ(എം) ഏറ്റെടുത്തത്. ശുചീകരണം ക്രിയാത്മകമായി നടന്നെങ്കില്‍ മാത്രമേ കേരളത്തിലെ പല പ്രദേശങ്ങളിലും വ്യാപിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ സാധിക്കൂ. കേരളത്തിലെ ടൂറിസം പോലുള്ള വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും മാലിന്യനിര്‍മാര്‍ജനം അനിവാര്യമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ ശുചിത്വയജ്ഞത്തിന് ഒരു പരിപാടി തുടങ്ങിയിരുന്നു. അതിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. ഈ പദ്ധതി വിജയപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ തുടര്‍ന്നുവന്ന സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. യുഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിലപ്പുറം പ്രായോഗിക പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ പൂര്‍ണ പരാജയമാണ്. മാത്രമല്ല, ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാലിന്യസംസ്കരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും സംഘര്‍ഷം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ശുചിത്വത്തിനായി ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ പാര്‍ടി മുന്‍കൈയെടുത്തത് ഇത്തരം സങ്കീര്‍ണമായ സാഹചര്യത്തിലാണ്. സിപിഐ എമ്മാണ് ഇതിന് മുന്‍കൈ എടുത്തതെങ്കിലും എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹുജനപ്രസ്ഥാനമായി ഇതിനെ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്.

ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇത്തരത്തില്‍ ശക്തമായ ഇടപെടല്‍ പാര്‍ടി മുമ്പും നടത്തിയിട്ടുണ്ട്. കോളറ, വസൂരി പോലുള്ള രോഗങ്ങള്‍ ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോള്‍ സജീവമായി കമ്യൂണിസ്റ്റുകാര്‍ രംഗത്തുവന്നു. വികസനത്തിനായി ജനങ്ങള്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം കമ്യൂണിസ്റ്റ് പാര്‍ടി 1956 ജൂണില്‍ തൃശൂരില്‍ നടന്ന കേരള സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന പരിപാടിയില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ അധ്യക്ഷപ്രസംഗം നടത്തി വികസനകാര്യത്തില്‍ ജനങ്ങളെ യോജിപ്പിച്ച് അണിനിരത്തേണ്ടതിന്റെ പ്രാധാന്യം ഇ എം എസ് അടിവരയിടുകയുണ്ടായി.

കേരളത്തിലെ മാലിന്യനിര്‍മാര്‍ജനം വിവിധങ്ങളായ വെല്ലുവിളികളെയും പരിമിതികളെയും നേരിടുന്ന പ്രശ്നമാണ്. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേന്ദ്രീകൃതമായ മാലിന്യസംസ്കരണ പദ്ധതികള്‍ പ്രായോഗികമാണ്. നമ്മുടെ സംസ്ഥാനത്ത് ജനസാന്ദ്രത വളരെ ഉയര്‍ന്നതാണ്. ഭൂമിയുടെ ലഭ്യത പ്രധാന പ്രതിസന്ധിയും. കേന്ദ്രീകൃതമായ വലിയ മാലിന്യസംസ്കരണ പദ്ധതികള്‍ക്ക് നിലവില്‍ കേരളത്തില്‍ വലിയ സാധ്യതയില്ല. വികേന്ദ്രീകൃതമായ പദ്ധതികള്‍ക്കാണ് നമ്മുടെ ശ്രമം വേണ്ടത്. ആ വഴിക്ക് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഇന്നത്തെ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ല. തദ്ദേശസ്ഥാപനങ്ങളുടെമാത്രം ചുമതലയെന്ന് വ്യാഖ്യാനിച്ച് സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്.

മാലിന്യസംസ്കരണത്തിന് പ്രധാനമായ ചില ഉപാധികളുണ്ട്. ഏറ്റവും പ്രധാനം മാലിന്യങ്ങള്‍ കുറയ്ക്കുക എന്നതാണ്. ഉണ്ടാകുന്ന മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുകയെന്നതാണ് രണ്ടാമത്തേത്. ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയാത്ത നഗരപ്രദേശങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ ചെറിയ മാലിന്യസംസ്കരണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് മറ്റൊന്ന്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ പുതിയ അവബോധമുണ്ടാക്കിയെടുക്കുകയെന്നത് ഈ മൂന്ന് കാര്യങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. മലയാളിയുടെ ജീവിതം കൂടുതല്‍ സമൃദ്ധമായി മാറിയതോടെ കേരളത്തിന് സംഭവിച്ച ഒരു തിരിച്ചടി നമ്മള്‍ ഉല്‍പ്പാദനമേഖലയില്‍ പിന്നോട്ടുപോയി എന്നതാണ്. ഉപഭോക്താവ് എന്ന നിലയില്‍ മലയാളി കൂടുതല്‍ ഉയര്‍ന്നു. ഉല്‍പ്പാദനമില്ലാതെ ഉപഭോഗം നടത്തുന്ന ഒരു ജനസമൂഹമായി നമ്മള്‍ മാറുന്നു. ഭക്ഷ്യവിഭവങ്ങളടക്കം നമ്മള്‍ പാഴാക്കുന്ന ഉല്‍പ്പന്നങ്ങളുടെ അളവ് വളരെ വലുതാണ്. ആധുനികജീവിതത്തിന് അവശ്യം വേണ്ടതെന്ന് കമ്പോളം കല്‍പ്പിക്കുന്ന ഉല്‍പ്പന്നങ്ങളൊക്കെ കണ്ണുമടച്ച് വാങ്ങുന്ന ജനസമൂഹമായി മലയാളികള്‍ പൊതുവില്‍ മാറുന്നുണ്ട്. നമ്മുടെ ആവശ്യങ്ങളെ കൂടുതല്‍ ആറ്റിക്കുറുക്കിയാല്‍ ഉപഭോഗം ഒരു പരിധിവരെ പരിമിതപ്പെടുത്താം.

കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ തവണയും പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോകുന്നതും അവസാനിപ്പിക്കാവുന്നതാണ്. മണ്ണില്‍ പണിയെടുക്കുന്ന സമൂഹത്തിന് മണ്ണിനെ സംരക്ഷിക്കണമെന്ന ബോധം കൂടുതലായിരിക്കും. മലയാളികള്‍ വലിയൊരളവില്‍ മണ്ണില്‍ പണിയെടുക്കാതായതോടെ നമ്മുടെ മണ്ണും ജലസ്രോതസ്സുകളുമൊക്കെ വന്‍തോതില്‍ അവഗണിക്കപ്പെട്ടു. അവിടം മാലിന്യസങ്കേതങ്ങളായത് ഏറെക്കാലം നമ്മള്‍ ശ്രദ്ധിച്ചതേയില്ല. ഇപ്പോള്‍ അപകടകരമായ നിലയില്‍ മലിനീകരണം നാനാ മേഖലകളെയും ഗ്രസിച്ചു. മാലിന്യം എവിടെയെങ്കിലും വലിച്ചെറിയേണ്ടതല്ല, നിശ്ചിതസ്ഥാനങ്ങളില്‍ എത്തിച്ച് സംസ്കരിക്കേണ്ടതാണെന്ന ബോധം ഉണ്ടാക്കിയാല്‍ മാത്രമേ നമ്മുടെ ജലസ്രോതസ്സുകളെയും തെരുവോരങ്ങളെയും സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.ഉപഭോഗം പരിമിതപ്പെടുത്തിയാലും മാലിന്യം കുറെയൊക്കെ ഉണ്ടാകും. പിന്നീട് ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുകയെന്നതാണ് അടുത്ത പോംവഴി. വലിയ മാനസികമാറ്റം ആവശ്യമുള്ള ഒരു മേഖലയാണിത്. മാലിന്യങ്ങളെ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചാല്‍ ജൈവമാലിന്യങ്ങളെ നമുക്ക് വീട്ടുവളപ്പില്‍ത്തന്നെ സംസ്കരിക്കാനും മറ്റ് രീതിയില്‍ ഉപയോഗിക്കാനും കഴിയും. ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കാന്‍ സ്ഥലസൗകര്യമില്ലാത്ത നഗരപ്രദേശങ്ങളിലും ഫ്ളാറ്റുകള്‍, കോളനികള്‍ എന്നിവിടങ്ങളിലും എയ്റോബിക് ബിന്നുകള്‍ സ്ഥാപിച്ച് സംസ്കരിക്കാം. പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് സൂക്ഷിച്ചാല്‍ അവ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യാനായി നല്‍കാന്‍ കഴിയും.

മാലിന്യവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച ഒറ്റദിവസംകൊണ്ട് എല്ലാ വീടുകളില്‍നിന്നും പ്ലാസ്റ്റിക് സംഭരിക്കുകയും പൊതുസ്ഥലങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്യലാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്കിനു പുറമെ പറമ്പുകളിലും പൊതുസ്ഥലങ്ങളിലും റോഡുകളിലും വെള്ളം കെട്ടിനിന്ന് കൊതുക് വളരാനിടയുള്ള സാധ്യതകളും ഇല്ലാതാക്കും. വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യത്തിനും അല്ലാതുള്ള മാലിന്യത്തിനും പ്രത്യേക ചാക്കുകള്‍ സ്ക്വാഡുകളുടെ കൈവശമുണ്ടാകും. അഴുക്കുള്ള പ്ലാസ്റ്റിക് മാലിന്യം മഴയത്തോ കുളത്തിലോ ആറ്റിലോ കഴുകി വൃത്തിയാക്കും. ആക്രിക്കടക്കാരോട് ചര്‍ച്ചചെയ്ത് വൃത്തിയാക്കിയ പ്ലാസ്റ്റിക് തരംതിരിക്കും. ഇപ്രകാരം വേര്‍തിരിച്ചാല്‍ മാത്രമേ ഇവ റീസൈക്കിള്‍ ചെയ്യാന്‍ കഴിയൂ. മറ്റുള്ള പ്ലാസ്റ്റിക് ശാസ്ത്രീയമായി കുഴിച്ചുമൂടുകയോ ചൂളയില്‍ കത്തിക്കുകയോ വേണം.

തരംതിരിച്ച പ്ലാസ്റ്റിക് പ്രത്യേകം ചാക്കുകളിലാക്കി ആക്രിക്കാര്‍ക്ക് കൈമാറുകയോ പഞ്ചായത്തുവഴി ക്ലീന്‍ കേരള കമ്പനിയുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയോ ആണ് ചെയ്യുന്നത്. മഴക്കാലപൂര്‍വ ശുചീകരണത്തിന് ഓരോ വാര്‍ഡിനും പ്രത്യേക ഫണ്ട് അനുവദിക്കാറുണ്ട്. ഈ വര്‍ഷവും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പാര്‍ടിയുടെ നിയന്ത്രണത്തിലല്ലാത്ത തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ടി മുന്‍കൈയെടുത്ത് ഈ പ്രവര്‍ത്തനം സംഘടിപ്പിക്കും.

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് രണ്ട് തുടര്‍പരിപാടികള്‍ ഏറ്റെടുത്ത് നടത്താവുന്നതാണ്. ഒന്ന്, ഭാവിയില്‍ വീട്ടില്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ സൂക്ഷിക്കുന്നതിന് മരക്കട്ടയില്‍ നിര്‍ത്തിയ ഒരു മീറ്റര്‍ നീളമുളള വണ്ണം കുറഞ്ഞ കമ്പി, എല്ലാ വീട്ടിലും സ്ഥാപിക്കാം. പല പഞ്ചായത്തുകളിലും ഇപ്പോള്‍ വീടിന്റെ മൂലയ്ക്കോ മതിലിലോ ഇതിനായി കൊളുത്തുകള്‍ ഘടിപ്പിക്കുന്ന സമ്പ്രദായമുണ്ട്. വീട്ടുകാര്‍ പ്ലാസ്റ്റിക് കീറി വൃത്തിയാക്കി ഇതില്‍ തൂക്കിയിടണം. മൂന്നു മാസത്തിലൊരിക്കല്‍ ഇവ വീടുകളില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ നീക്കംചെയ്യും. രണ്ട്, 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് കാരിബാഗുകള്‍ കര്‍ശനമായി നിരോധിക്കണം. കൂടുതല്‍ കട്ടിയുളള പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും നികുതി ഈടാക്കി നിരുത്സാഹപ്പെടുത്തണം. ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനാകും.

കുടുംബശ്രീ തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് കടലാസുകൊണ്ടോ തുണികൊണ്ടോ ബാഗുണ്ടാക്കി ലഭ്യമാക്കാനുമാകും. ഇത് തദ്ദേശസ്ഥാപനങ്ങളുടെ പ്രോജക്ടുകളായി എടുക്കേണ്ട കാര്യമാണ്. സമ്പൂര്‍ണ ശുചിത്വപദ്ധതി ഏറ്റെടുത്ത തദ്ദേശസ്ഥാപനങ്ങള്‍ ഈ തുടര്‍പദ്ധതി നടപ്പാക്കും.സാമൂഹ്യജീവിതത്തിന്റെ ഉന്നതമേഖലകളില്‍ വിരാജിക്കുന്ന മലയാളികള്‍ക്ക് അവര്‍ അവഗണിച്ചിരുന്ന ഒരു മേഖലയില്‍ പുതിയൊരു കാഴ്ചപ്പാടും സംസ്കാരവും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് നമ്മള്‍ ആദ്യം നേടേണ്ടത്. ഈ ബോധവും കൃത്യമായ പ്രവര്‍ത്തനപദ്ധതികളുമുണ്ടെങ്കില്‍ കേരളത്തെ അതിന്റെ പരിപൂര്‍ണമായ സൗന്ദര്യത്തോടും പരിശുദ്ധിയോടുംകൂടി വീണ്ടെടുക്കാന്‍ നമുക്ക് കഴിയും. കേരളത്തിന്റെ ഒരു പ്രധാന സാമൂഹ്യ പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മകമായി, അര്‍പ്പണബോധത്തോടെ സിപിഐ(എം) രംഗത്തിറങ്ങുകയാണ്. പാര്‍ടിയെ സ്നേഹിക്കുന്ന മുഴുവനാളുകളും ഇതില്‍ നേതൃപരമായ പങ്കുവഹിച്ച് രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

***