അടിസ്ഥാനവിഭാഗങ്ങള്‍ക്കായി ജീവിച്ച പോരാളി

അടിസ്ഥാനവിഭാഗങ്ങള്‍ക്കായി ജീവിച്ച പോരാളി

കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന സ.പി കെ കുഞ്ഞച്ചന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 24 വര്‍ഷം തികയുന്നു.കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന്, ദാരിദ്ര്യത്തോട് നിരന്തരം ഏറ്റുമുട്ടിയാണ് സഖാവ് കുഞ്ഞച്ചന്‍ പൊതുപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. ഏത് പ്രതിസന്ധിയിലും അടിയുറച്ചുനിന്ന് പൊരുതുന്ന കുഞ്ഞച്ചന്റെ പ്രവര്‍ത്തനശൈലി സഹപ്രവര്‍ത്തകര്‍ക്ക് ആവേശംപകരുന്നതായിരുന്നു. ഭരണാധികാരികളുടെ ക്രൂരമര്‍ദനത്തില്‍ മൃതപ്രായനായി മോര്‍ച്ചറിയിലേക്കെത്തിയ അത്യപൂര്‍വ അനുഭവത്തെയും സഖാവ് അതിജീവിച്ചിട്ടുണ്ട്.

1925ല്‍ തിരുവല്ല താലൂക്കിലെ എഴുമറ്റൂരില്‍ ജനിച്ചു. 1947ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കോഴിക്കോട്ട് വച്ച് 1973ല്‍ നടന്ന കര്‍ഷകത്തൊഴിലാളി സംഘടനയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി മരണംവരെ പ്രവര്‍ത്തിച്ചു.തിരുവിതാംകൂര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തകനായി ആദ്യകാലത്ത് ട്രേഡ് യൂണിയന്‍രംഗത്ത് ഏറെ സജീവമായിരുന്നു. ഐതിഹാസികമായ ട്രാന്‍സ്പോര്‍ട്ട് പണിമുടക്കില്‍ പങ്കെടുത്തതിന് ഭീകരമര്‍ദനത്തിന് ഇരയായി.

വിമോചനസമരകാലത്ത് കുട്ടനാട്ടിലെ ജന്മിമാര്‍ കൃഷിചെയ്യാന്‍ തയ്യാറാകാതിരുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭത്തിന് നേതൃപരമായ പങ്ക് വഹിച്ചു. ഈ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ 1960ല്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് നേടിയ വിജയം ശ്രദ്ധേയമായിരുന്നു. കുട്ടനാടന്‍ പ്രദേശത്ത് ജന്മി ഗുണ്ടകളുടെ കിരാതവാഴ്ച കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി ചെറുക്കുന്നതിലും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. ഭൂപരിഷ്കരണ നിയമനിര്‍മാണത്തിനും മണ്ണില്‍ അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നടന്ന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ പങ്ക് സഖാവില്‍ നിന്നുണ്ടായി.

കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതില്‍ കുഞ്ഞച്ചന്റെ പങ്ക് വളരെ വലുതാണ്. കര്‍ഷകത്തൊഴിലാളികള്‍ ദൈനംദിനജീവിതത്തില്‍ അനുഭവിക്കുന്ന നേരിയ പ്രയാസങ്ങളടക്കം മനസ്സിലാക്കാനും അവ പരിഹരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അതീവ ശ്രദ്ധ പുലര്‍ത്തി. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ സവിശേഷ ശ്രദ്ധയോടെ ഇടപെട്ടു.രാജ്യസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്ത് കര്‍ഷകത്തൊഴിലാളിക്കുനേരെ ആക്രമണമുണ്ടായാലും അത് സഭയിലുന്നയിക്കുന്നതില്‍ നിഷ്കര്‍ഷത പുലര്‍ത്തി. ബിഹാറില്‍ കര്‍ഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം രാജ്യസഭയില്‍ വികാരനിര്‍ഭരമായി അവതരിപ്പിച്ച് ആ പ്രശ്നത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ സഖാവിന്റെ ഇടപെടല്‍ ശ്രദ്ധേയമായി.

കാര്‍ഷികമേഖല ഇന്ന് അതീവ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. രാജ്യത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. കര്‍ഷകത്തൊഴിലാളികളുടെ ജീവിതം അതീവ ദുഷ്കരമാകുന്ന സ്ഥിതിയാണ്. കാര്‍ഷിക വളര്‍ച്ച മന്ദഗതിയിലാണ്. ഈ രംഗത്തെ സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കാര്‍ഷികചെലവ് വര്‍ധിച്ചുവരുന്നു. ഈ വസ്തുതകള്‍ മനസ്സിലാക്കി ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണ്. കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റ് വല്‍ക്കരണം നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. 2013-14ല്‍ 17,789 കോടി രൂപയായിരുന്നു കാര്‍ഷികമേഖലയ്ക്കായി നീക്കിവച്ചിരുന്നത്. എന്നാല്‍, മോഡിസര്‍ക്കാരിന്റെ ബജറ്റില്‍ അത് 11,657 കോടിയാക്കി കുറച്ചു.ഗ്രാമവികസനമേഖലയ്ക്കാകട്ടെ 20,000 കോടിയോളം രൂപയുടെ കുറവ് കേന്ദ്രബജറ്റിലുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ കൂലിക്കുടിശ്ശികതന്നെ 16,000 കോടി രൂപ നിലനില്‍ക്കുമ്പോള്‍ 5000 കോടി രൂപയുടെ വര്‍ധനമാത്രമേ ഈ രംഗത്ത് ഉണ്ടായിട്ടുള്ളൂ.

ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപീകരിച്ച വനാവകാശനിയമം തിരുത്തിയെഴുതാനും കേന്ദ്രം തയ്യാറാവുകയാണ്. പട്ടികജാതി-വര്‍ഗമേഖലയിലെ ക്ഷേമപദ്ധതികളുടെ തുകയും വെട്ടിക്കുറച്ചു. ദാരിദ്ര്യരേഖ താഴ്ത്തിവരച്ചുകൊണ്ട് പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിരാകരിക്കുകയാണ്.കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമൂഹ്യസുരക്ഷാപദ്ധതികള്‍ തകര്‍ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെയും മറ്റും പെന്‍ഷന്‍തുക വര്‍ധിപ്പിക്കുന്നെന്ന് പ്രഖ്യാപിക്കുകയല്ലാതെ അവ വിതരണംചെയ്യാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നവംബര്‍ 14 വരെ മാത്രമേ വിതരണം ചെയ്തുള്ളൂ. മറ്റ് ക്ഷേമപെന്‍ഷനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

യുഡിഎഫ് സര്‍ക്കാര്‍ പട്ടികജാതിവിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികളൊന്നും കൊണ്ടുവരുന്നില്ല. നിലനില്‍ക്കുന്ന കേന്ദ്രപദ്ധതികള്‍തന്നെ അവതാളത്തിലാക്കുന്ന നിലപാടാണ് ഉണ്ടായത്. ഇതിനാല്‍, 2012-13ല്‍ 34.61 ലക്ഷം രൂപയും 2013-14ല്‍ 113.97 ലക്ഷം രൂപയും ലാപ്സായി. കേന്ദ്രവിഹിതം വേണ്ടവിധം വിനിയോഗിക്കാതിരുന്നത് അന്വേഷിക്കാന്‍ ദേശീയ പട്ടികജാതി വികസനവകുപ്പ്തന്നെ ഉത്തരവിറക്കി. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപെന്‍ഡും മറ്റ് ആനുകൂല്യങ്ങളും 2012ലെ നിരക്കില്‍ത്തന്നെ തുടരുകയാണ്. ബാബുവിജയനാഥ് കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശപ്രകാരം മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവ പുതുക്കേണ്ടതാണ്. പട്ടികജാതിവിഭാഗങ്ങള്‍ക്കുമേലുള്ള കടന്നാക്രമണം വര്‍ധിക്കുന്നു. 2011 മുതല്‍ 2014 വരെ ഈ വിഭാഗത്തിനെതിരായ 1754 പീഡനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കേരളത്തില്‍ ആദിവാസിജനവിഭാഗങ്ങള്‍ക്ക് ഭൂമിയും ഉപജീവനമാര്‍ഗങ്ങളും ഭൗതികസൗകര്യങ്ങളും ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ആദിവാസിമേഖലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഫലമാണ് ഭക്ഷണവും ചികിത്സയും കിട്ടാതെ ആദിവാസികള്‍ മരിക്കുന്ന സ്ഥിതി.എസ്എസ്എല്‍സി ഫലം തകിടംമറിച്ചെന്നുമാത്രമല്ല, പാഠപുസ്തകങ്ങള്‍പോലും കുട്ടികള്‍ക്ക് നല്‍കുന്നില്ല. പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ട ഗതികേടിലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചശേഷം അഴിമതിക്കുള്ള ഉപാധിയായി ഇതിനെ ഉപയോഗപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന സംവിധാനത്തെയാണ് ഈ അവസ്ഥയില്‍ എത്തിച്ചത്.

എല്‍ഡിഎഫ് ഭരണകാലത്ത് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചവയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അതെല്ലാം ഭൂതകാലസ്മരണയായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ആവശ്യത്തിന് ജീവനക്കാരും ഇല്ല. പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ നാലും അഞ്ചും ഇരട്ടി വില നല്‍കണം. പൊതുവിതരണസമ്പ്രദായം തകര്‍ത്തെന്നുമാത്രമല്ല, വിലക്കയറ്റം അതിന്റെ എല്ലാ സീമയും ലംഘിച്ച് മുന്നേറുന്നതിനാല്‍ പാവപ്പെട്ടവന്റെ ദൈനംദിനജീവിതം പ്രയാസകരമായി. കേരളത്തിന്റെ ഉന്നത രാഷ്ട്രീയസംസ്കാരത്തെതന്നെ തകര്‍ത്ത് അഴിമതിഭരണം നടമാടുന്നു. പാവപ്പെട്ടവര്‍ കൊടും ദുരിതത്തിലേക്ക് നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ ഉയര്‍ന്നുവണം. ഈ പോരാട്ടങ്ങള്‍ക്ക് സഖാവ് പി കെ കുഞ്ഞച്ചന്റെ ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.

***