ആന്റണിയുടെ കുംഭകര്‍ണസേവ
കോടിയേരി ബാലകൃഷ്ണന്‍
അരുവിക്കരയിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിക്ക് സ്ഥലകാലവിഭ്രാന്തി പിടിപെട്ടോ എന്ന് സംശയിക്കണം. അല്ലെങ്കില്‍ കമ്യൂണിസ്റ്റുകാരെപ്പറ്റി ഇങ്ങനെ വാലും തുമ്പുമില്ലാത്ത ആക്ഷേപം ഉന്നയിക്കില്ലായിരുന്നു. റിപ് വാന്‍ വിങ്ക്ലിനെപ്പോലെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെന്ന് വലിയ ഗവേഷണം നടത്തി കണ്ടുപിടിച്ചാണ് ഡല്‍ഹിയില്‍നിന്ന് അദ്ദേഹം അരുവിക്കരയണഞ്ഞത്. അമേരിക്കന്‍ സായിപ്പായ വാഷിങ്ടണ്‍ ഇര്‍വിങ് എന്ന സാഹിത്യകാരന്റെ കഥാപാത്രത്തെയാണ് ഇദ്ദേഹം ഞങ്ങളെ പഴിക്കാന്‍ കൂട്ടുപിടിച്ചത്്. ഇരുപതുവര്‍ഷം ഉറങ്ങിപ്പോയ റിപ് വാന്‍ വിങ്ക്ലിനെപ്പോലെ നാടിന്റെ മാറ്റമറിയാതെ ഉറക്കത്തിലാണ് ഞങ്ങളെന്നാണ് ആന്റണി യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് പറഞ്ഞത്. സ്വന്തം രാഷ്ട്രീയഹീനതയ്ക്ക് മറയിടാനുള്ള സൗകര്യപൂര്‍വമായ ആക്ഷേപമാണിത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടിനുതാഴെയാണ് പ്രായം. എന്നാല്‍, ഇന്ത്യയുടെ ഭാവി കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ ശക്തമായ പുരോഗമന ഇടപെടല്‍ ഇതഃപര്യന്തം നടത്തുന്ന പ്രസ്ഥാനമാണ് ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് സമ്പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയത് കമ്യൂണിസ്റ്റുകാരുടെ ഇടപെടലാണ്. വര്‍ത്തമാനരാഷ്ട്രീയത്തിലാകട്ടെ, ആഗോളീകരണനയത്തിനും വര്‍ഗീയ വിപത്തിനും സാമ്രാജ്യത്വ ഭീഷണിക്കും എതിരെ അതിശക്തമായ നിലപാട് കൈക്കൊള്ളുന്നത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ്. ഒന്നാം യുപിഎ സര്‍ക്കാരിലും ആന്റണി മന്ത്രിയായിരുന്നല്ലോ. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തി യുപിഎയ്ക്ക് ഭരിക്കാന്‍ സാഹചര്യമൊരുക്കിയത് ഇടതുപക്ഷത്തിന്റെ നിലപാടാണ്. അതെല്ലാം മറന്ന് കമ്യൂണിസ്റ്റുകാര്‍ റിപ് വാന്‍ വിങ്ക്ലാണെന്ന ശകാരവിശേഷണം ചാര്‍ത്തുന്ന ആന്റണി ഒരു ദര്‍പ്പണത്തിന് മുന്നില്‍നിന്നാല്‍ തെളിയുന്നത് കുംഭകര്‍ണന്റെ രൂപമാകും. പുരാണ കഥാപാത്രമായ കുംഭകര്‍ണന്‍ ആറുമാസം ഉറക്കത്തിലും ആറുമാസം ഉണര്‍വിലുമാണ്. പക്ഷേ, സ്വന്തം രാഷ്ട്രീയത്തിലെ തിന്മകളെ ചോദ്യംചെയ്യാതിരിക്കുന്നതില്‍ ആന്റണി സദാ നടത്തുന്നത് കുംഭകര്‍ണസേവയാണ്. കോണ്‍ഗ്രസ് ഇത്രമാത്രം ദുഷിച്ചുനാറാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണങ്ങള്‍ അഴിമതിയുടെ ചെളിക്കുണ്ടിലാകാനും കാരണം അതിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മപരിശോധന നടത്താന്‍പോലും തയ്യാറാകാത്തതുകൊണ്ടാണ്.
കോണ്‍ഗ്രസ് തിരിച്ചുവരാനാകാത്തനിലയില്‍ ദേശീയമായി തകരുകയാണ്. പ്രധാന നായകനായ രാഹുല്‍ഗാന്ധി രണ്ടുമാസത്തോളം ഒളിവില്‍പ്പോയി ധ്യാനം നടത്തി. രാഹുല്‍ഗാന്ധിയുടെ ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവും വിശദീകരിച്ചിട്ടില്ല. തകരുന്ന കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഭാവിയില്ലെന്നുകണ്ട് കോണ്‍ഗ്രസിന്റെ രക്തവും മാംസവുമായിരുന്ന നേതാക്കളടക്കം ഇന്ന് ആ പാര്‍ടിയെ ഉപേക്ഷിക്കുകയാണ്. 13 മാസം നീണ്ട വാജ്പേയിയുടെ ഭരണത്തെ വിശ്വാസവോട്ടില്‍ പരാജയപ്പെടുത്താന്‍ നിര്‍ണായകവോട്ട് ചെയ്ത മുന്‍ ഒഡിഷ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേക്കേറിയത് നിസ്സാരമായി കാണാവുന്നതല്ല. എംപി സ്ഥാനം രാജിവയ്ക്കാതെ അദ്ദേഹം മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെയായിരുന്നു ലോക്സഭയില്‍ വാജ്പേയി സര്‍ക്കാരിന്റെ വിശ്വാസവോട്ട്. എന്നിട്ടും മുഖ്യമന്ത്രിയായിരുന്ന ഗമാങ് വാജ്പേയിയെ താഴെയിറക്കാന്‍ ലോക്സഭയിലെത്തി വോട്ട്ചെയ്തു. 43 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അദ്ദേഹം ഉപേക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇതുവരെ തിളങ്ങിയ ദളിത്മുഖം നഷ്ടപ്പെടുകയാണെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്.
എട്ടുതവണ തുടര്‍ച്ചയായി എംപിയായിരുന്ന നേതാവുപോലും കോണ്‍ഗ്രസിനെ ഉപേക്ഷിക്കുന്നത് എന്തുകൊണ്ട് എന്ന വലിയചോദ്യത്തിന് ഉത്തരം നല്‍കാനാണ് ആന്റണി തയ്യാറാകേണ്ടത്. അല്ലാതെ കമ്യൂണിസ്റ്റുകാരെ പഴിക്കാനല്ല. മന്‍മോഹന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ ഭരണം നടത്തിയ അഴിമതിയുടെ ആഴം എത്ര വലുതാണ്. ടുജി, ത്രീജി അഴിമതികള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, കല്‍ക്കരി അഴിമതി- ഇങ്ങനെ അഴിമതികളുടെ ഘോഷയാത്രയല്ലേ ഉണ്ടായത്്. ഇതിനെതിരെ മന്ത്രിയെന്ന നിലയിലോ പാര്‍ടിയിലെ പദവി ഉപയോഗിച്ചോ എതിര്‍പ്പിന്റെ ഒരു ചെറുവിരല്‍പോലും അനക്കാനുള്ള ആര്‍ജവം ആന്റണി കാണിച്ചില്ലല്ലോ. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കേരളത്തില്‍വന്ന് അഴിമതിക്കെതിരെ ആത്മരോഷംകൊണ്ട നേതാവാണദ്ദേഹം. അങ്ങനെ രോഷം പ്രകടിപ്പിക്കാന്‍, സദാ ശാന്തശീലനായ ആന്റണിപോലും തയ്യാറായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഭരണവും ദുഷിച്ച അഴിമതികളില്‍ മുങ്ങിയതുകൊണ്ടല്ലേ? ധനമന്ത്രി കെ എം മാണിയും എക്സൈസ് മന്ത്രി കെ ബാബുവും അബ്കാരികളില്‍നിന്ന് കോഴവാങ്ങിയെന്ന് കേരളത്തിലെ ഏത് കൊച്ചുകുഞ്ഞിനും അറിയാം. ഇതേപ്പറ്റിയുള്ള അന്വേഷണം നീണ്ടാല്‍ അത് അവസാനിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈയില്‍ വീഴുന്ന വിലങ്ങോടെയാകും. അതുകൊണ്ടാണ് മാണിക്കെതിരെ കുറ്റപത്രം കൊടുക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തള്ളി കേസ് അട്ടിമറിക്കാനുള്ള അന്തര്‍നാടകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അരങ്ങുതകര്‍ക്കുന്നത്. പക്ഷേ, ഇതുകൊണ്ടൊന്നും അഴിമതിഭരണക്കാര്‍ രക്ഷപ്പെടാന്‍പോകുന്നില്ല. കോടതി നീതിപൂര്‍വം ഇടപെട്ടാല്‍ ഇത്തരം കള്ളക്കളികള്‍ പൊളിയും. കുറ്റക്കാര്‍ അഴിയെണ്ണും. അഴിമതിക്കേസ് അട്ടിമറിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമുള്ള കനത്തപ്രഹരമാകും അരുവിക്കരയിലെ ജനം നല്‍കാന്‍പോകുന്നത്. അഴിമതിഭരണക്കാര്‍ക്ക് ആദ്യശിക്ഷ ജനകീയകോടതിയില്‍നിന്ന് ലഭിക്കും. പിന്നത്തെ ശിക്ഷ നീതിന്യായകോടതിയില്‍നിന്നും.
എല്‍ഡിഎഫ് വികസനവിരോധികളും കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരുമാണെന്നാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം അരുവിക്കരയില്‍നിന്ന് പറയുന്നത്. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും വക്കാലത്ത് ആഗോളീകരണ സാമ്പത്തികനയത്തിനുവേണ്ടിയുള്ളതാണ്. ഇന്ന് രാഷ്ട്രാന്തരീയ ധനകേന്ദ്രീകരണവും ധനപ്രവാഹവുമുണ്ട്. ഇതിനെയാണ് ആഗോളീകരണം എന്നുവിളിക്കുന്നത്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മൂലധനം വലിച്ചൂറ്റിയെടുത്ത് കൂടുതല്‍ ലാഭകരമെന്ന് തോന്നുന്ന പ്രദേശത്ത് നിക്ഷേപിക്കുന്നു. ചുരുക്കം ബഹുരാഷ്ട്രകുത്തകകളും കോര്‍പറേറ്റുകളുമാണ് ഇത് ചെയ്യുന്നത്. മൂന്നാംലോകരാജ്യങ്ങളുടെ ചെലവില്‍ സ്വന്തം സമ്പദ്ഘടന പിടിച്ചുനിര്‍ത്താനുള്ള സാമ്രാജ്യത്വലാക്ക് ഇതിലുണ്ട്. ടയര്‍ കുത്തകക്കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി ഇന്ത്യയിലെ ആഭ്യന്തര റബറിന്റെ വിലയിടിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. ആഗോളീകരണത്തെ ഇടതുപക്ഷം എതിര്‍ക്കുന്നു. കോണ്‍ഗ്രസും യുഡിഎഫും അനുകൂലിക്കുന്നു. ഇതിന്റെ ഗുണവും ദോഷവും എന്താണെന്ന് കര്‍ഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും മത്സ്യത്തൊഴിലാളികളുമെല്ലാം അവരുടെ ജീവിതത്തിലെ തിരിച്ചടികള്‍കൊണ്ട് ഇന്ന് മനസ്സിലാക്കുന്നു.
250 രൂപ വിലയുണ്ടായിരുന്ന ഒരുകിലോ റബറിന്റെ ഇന്നത്തെ വില 125ല്‍ താഴെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി റബര്‍ മേഖല വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തിന് ഒരുവര്‍ഷം ആവശ്യമുള്ളത് 10 ലക്ഷം ടണ്‍ റബര്‍. ഉല്‍പ്പാദനം ഒമ്പതുലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണെന്ന് പറഞ്ഞാണ് ധനമന്ത്രിയായിരുന്ന ചിദംബരം 2011-12ല്‍ വ്യവസായികള്‍ക്ക് റബര്‍ ഇറക്കുമതിക്ക് യഥേഷ്ടം സ്വാതന്ത്ര്യം നല്‍കിയത്. അന്ന് ആന്റണി ഉള്‍പ്പെടെ കേരളത്തില്‍നിന്ന് എട്ടുപേര്‍ കേന്ദ്രത്തില്‍ മന്ത്രിമാരായി ഉണ്ടായിരുന്നു. അവരും ചിദംബരത്തിന് കൂട്ടുനിന്നു. ഈ നയമാണ് റബര്‍ കര്‍ഷകരെ കണ്ണീര്‍ കുടിപ്പിക്കുന്നത്. കര്‍ഷകരെയും സാധാരണജനങ്ങളെയും കുത്തുപാളയെടുപ്പിക്കുന്ന ഭരണനയംതന്നെയാണ് കോണ്‍ഗ്രസിനെപ്പോലെ നരേന്ദ്രമോഡി സര്‍ക്കാരും പിന്തുടരുന്നത്. ഇപ്പോഴാകട്ടെ, റബര്‍ കൃഷിക്ക് നല്‍കുന്ന കേന്ദ്ര സബ്സിഡിയില്‍നിന്ന് 90 ശതമാനം റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തെ ഒഴിവാക്കിയിരിക്കുന്നു. ബഹുരാഷ്ട്ര ടയര്‍ കമ്പനികളെയും ടയര്‍ കുത്തകകളെയും സംരക്ഷിക്കുന്നതിനുവേണ്ടി കേരളത്തിലെ റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഈ അനുഭവംകൂടി മനസ്സിലാക്കി ആഗോളീകരണ സാമ്പത്തികനയത്തിനെതിരെ പൊരുതുന്ന രാഷ്ട്രീയപ്രസ്ഥാനത്തിനാകണം വോട്ട്. രാജ്യത്തിനുവേണ്ടി ഈ സന്ദേശം നല്‍കാനുള്ള അവസരമാണ് അരുവിക്കരയിലെ വോട്ടര്‍മാര്‍ക്ക് കൈവന്നിരിക്കുന്നത്. അത് ഫലപ്രദമായി വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
***