കപടഹിന്ദുത്വവും അഴിമതിയും

കപടഹിന്ദുത്വവും അഴിമതിയും

കോടിയേരി ബാലകൃഷ്ണന്‍

ഒ രാജഗോപാല്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് അരുവിക്കരയില്‍ മത്സരിക്കുന്നത്? നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രഭരണത്തിന് സമ്മതി വാങ്ങാനല്ലേ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്? കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയുംപറ്റി ഇക്കൂട്ടര്‍ വര്‍ണിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ ഒരുവര്‍ഷത്തെ ഭരണം ഇന്ത്യയുടെ ഒരുമയെയും മഹത്തായ സംസ്കാരത്തെയും ഇല്ലാതാക്കുന്ന കടന്നാക്രമണത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതേപ്പറ്റി സ്ഥാനാര്‍ഥിക്ക് എന്തു പറയാനുണ്ട്? പാകിസ്ഥാനിലേക്കാള്‍ മുസ്ലിങ്ങളും വത്തിക്കാനിലേക്കാള്‍ എത്രയോ മടങ്ങ് ക്രിസ്ത്യാനികളും പാര്‍ക്കുന്ന നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ ശത്രുവായി കാണുന്ന സങ്കുചിത ഹിന്ദു വര്‍ഗീയ രാഷ്ട്രീയമാണ് ബിജെപിയെ നയിക്കുന്നത്. ഈ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ നേര്‍പുരുഷനാണല്ലോ രാജഗോപാല്‍.

മോഡി അധികാരത്തില്‍ വന്നശേഷം ഇന്ത്യക്കാരുടെ ഭക്ഷണസംസ്കാരത്തിനു നേരെപോലും കടന്നാക്രമണം വ്യാപകമാക്കി. സാധാരണ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കിയതിനുപുറമെയാണ് ഇത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാട്ടിറച്ചി നിര്‍ബന്ധപൂര്‍വം നിരോധിച്ചു. "ഹിന്ദുക്കള്‍ക്ക് പശു ആരാധനാപാത്രമാണ്. എന്നാല്‍, പശുമാംസം തിന്നുന്നത് ഇസ്ലാം കൊണ്ടുവന്ന ആഹാരരീതിയാണ് ഇതാണ് സംഘപരിവാറിന്റെ പ്രചാരണം. മാട്ടിറച്ചി നിരോധനം ഒരു ഭക്ഷണകാര്യത്തിനപ്പുറം ഒരു വൈകാരിക പ്രശ്നമാണെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അഭിപ്രായം. ഇതിനോട് യോജിപ്പോ വിയോജിപ്പോ എന്ന് അരുവിക്കരക്കാരോടെങ്കിലും പറയാന്‍ രാജഗോപാല്‍ തയ്യാറാകുമോ?

പശുവിനെ പശുമാതാവായി കണ്ട് ഹിന്ദുക്കളിലെ ഒരുവിഭാഗം വികാരം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ഗോമാംസത്തിന്റെയും ഗോവധ നിരോധനത്തിന്റെയും പേരില്‍ 19-ാം നൂറ്റാണ്ടുമുതല്‍ അനേകം വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി. പക്ഷെ, മനുസ്മൃതിയുടെ കാലത്തുതന്നെ (ബിസി 200-എഡി 200) ഒട്ടകം ഒഴികെയുള്ള എല്ലാ വീട്ടുമൃഗങ്ങളുടെയും മാംസം ആഹാരമാക്കിയിരുന്നു. വേദാചാരപ്രകാരമുള്ള വധം കൊലപാതകമല്ലെന്നും മാംസം ഭക്ഷിക്കുന്നത് പാപമല്ലെന്നും മനുസ്മൃതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ നല്ലൊരു പങ്കും മാംസഭുക്കുകളായിരുന്നുവെന്നും ചരിത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം മാറ്റാനുള്ള ഔഷധാഹാരത്തില്‍ മൃഗമാംസത്തെ ഉള്‍പ്പെടുത്തിയിരുന്നുവെന്നതും ചരകസംഹിത അടക്കമുള്ളവയില്‍ വ്യക്തമാക്കുന്നു. ഇതാണ് ചരിത്രമെന്നിരിക്കെ ഇപ്പോഴും ഗോമാംസത്തിന്റെ പേരില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിരോധം സൃഷ്ടിക്കുന്ന സംഘപരിവാര്‍ നടപടി തെറ്റാണ്. നെറ്റിയിലെ ചന്ദനക്കുറിയെപ്പോലും സംഘപരിവാറിന്റെ മുഖമുദ്രയാക്കാന്‍ നോക്കുന്നു. ഹിന്ദുമതം ആവിര്‍ഭവിക്കുംമുമ്പെ ഇന്ത്യയിലുണ്ടായിരുന്ന യോഗയ്ക്ക് മതപരിവേഷം ചാര്‍ത്താന്‍ നോക്കുകയാണ് ഇക്കൂട്ടരിപ്പോള്‍. അതിനുവേണ്ടിയുള്ള മോഡി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ചുവടുവയ്പ് ചരിത്രനിഷേധമാണ്.

ജൂണ്‍ 21ന് ലോക യോഗാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതിന് ചുവടുപിടിച്ചാണ് ഹിന്ദുമതത്തിന്റെ കണ്ടുപിടിത്തമാണ് യോഗ എന്ന വിധത്തിലെ അവതരണവുമായി ഇതേ ദിവസം ഇന്ത്യയില്‍ പ്രത്യേക പരിപാടി മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യോഗയുടെ നാട് ഇന്ത്യയാണ്. പക്ഷെ, പുരാതനകാലത്തുതന്നെ കഠിനമായ യോഗാരീതികള്‍ പുരാതന ഗ്രീസിലും റോമിലുമെല്ലാം അനുഷ്ഠിച്ചിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. എങ്കിലും യോഗയ്ക്ക് കൂടുതല്‍ പ്രായോഗിക രൂപം നല്‍കിയത് പുരാതന ഇന്ത്യയാണ്. ലോക യോഗാദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലാക്കാക്കുന്നത് യോഗയുടെ പൊതുസ്വീകാര്യത വര്‍ധിപ്പിക്കലാണ്. എന്നാല്‍, അതില്‍പ്പോലും മതപരമായ വേര്‍തിരിവും മുസ്ലിംവിദ്വേഷവും സൃഷ്ടിക്കുംവിധം ഇടപെട്ടിരിക്കുകയാണ് മോഡി സര്‍ക്കാര്‍. സൂര്യനമസ്കാരം, ശ്ലോകങ്ങള്‍ ഉരുവിടല്‍ തുടങ്ങിയവ നിര്‍ബന്ധിതമാക്കി യോഗയെ മതചിഹ്നമാക്കി മാറ്റാന്‍ സംഘപരിവാര്‍ പരിശ്രമിക്കുകയാണ്. സൂര്യനമസ്കാരം അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഇന്ത്യ വിട്ടുപോകണമെന്നാണ് ബിജെപി എംപി യോഗി ആദിത്യനാഥിന്റെ കല്‍പ്പന. ഇത്തരം വിവരക്കേടുകളെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത നരേന്ദ്രമോഡിക്കുവേണ്ടിയാണ് രാജഗോപാല്‍ വോട്ടുതേടുന്നത്.

ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിനു നല്‍കിയ പ്രധാന സംഭാവനകളിലൊന്നാണിത്. ആ അര്‍ഥത്തില്‍ കാണുന്നതിനുപകരം യോഗയെ ഹിന്ദുവര്‍ഗീയതയുടെ ത്രിശൂലത്തില്‍ കോര്‍ത്തിടാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇത് അപകടകരവും രാജ്യത്തെ ജനങ്ങളുടെ ഒരുമയെ ഇല്ലാതാക്കലുമാണ്. ഈ പശ്ചാത്തലത്തില്‍ വേണം ആറ്റിങ്ങലില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്തിയ ക്രൈസ്തവര്‍ക്കുനേരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തെ കാണേണ്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ തണലില്‍ വര്‍ഗീയശക്തികള്‍ക്ക് ലഭിക്കുന്ന സംരക്ഷണമാണ് ഇത്തരം കൃത്യങ്ങള്‍ക്ക് ധൈര്യം പകരുന്നത്. സമീപദിവസങ്ങളില്‍ത്തന്നെ കുന്നംകുളത്ത് പാസ്റ്റര്‍മാരുടെ ആരാധനാ കേന്ദ്രവും ആക്രമിക്കപ്പെട്ടു. ഇവിടം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, അക്രമികള്‍ക്ക്  സൈ്വരവിഹാരത്തിന് യുഡിഎഫ് സര്‍ക്കാര്‍ സൗകര്യം നല്‍കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നുണ്ട്. വര്‍ഗീയകലാപം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്ന അടവ് മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ദേശീയമായി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ 71 സീറ്റ് ബിജെപി നേടിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുസഫര്‍നഗറിലടക്കം നടത്തിയ വര്‍ഗീയലഹളകളുടെ ഫലമായാണ്. ഈ നയത്തിന്റെകൂടി ഭാഗമായിട്ടാകണം ആറ്റിങ്ങലില്‍ ക്രൈസ്തവ പ്രാര്‍ഥനാ കേന്ദ്രത്തിനുനേരെ ആര്‍എസ്എസുകാര്‍ അക്രമണം നടത്തിയതും സ്ത്രീകളുള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്തതും. ന്യൂനപക്ഷങ്ങളുടെ പ്രാര്‍ഥനാലയങ്ങള്‍ അക്രമിക്കുന്ന സംഘപരിവാറിന്റെ ഈ നടപടിയെ തള്ളിപ്പറയാന്‍ സ്ഥാനാര്‍ഥിയായിട്ടുപോലും രാജഗോപാല്‍ തയ്യാറാകാത്തത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണത്തിനുശേഷമാണ് രാജഗോപാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയത്. ഇതില്‍ കാപട്യം ഒളിഞ്ഞിരിപ്പുണ്ട്. ഗാന്ധിജിയെ നിറയൊഴിച്ചു കൊന്ന ഹിന്ദു വര്‍ഗീയവാദി ഗോഡ്സെയെ വാഴ്ത്തുന്നവരാണ് ഇക്കൂട്ടര്‍. മോഡി പ്രധാനമന്ത്രിയായശേഷം, ഗോഡ്സെയുടെ പ്രതിമ രാജ്യവ്യാപകമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും പലേടങ്ങളിലും പ്രതിമ സ്ഥാപിക്കുകയുമാണ് സംഘപരിവാര്‍. തിരുവനന്തപുരത്ത് ഗോഡ്സെ പ്രതിമ ഉണ്ടായിരുന്നെങ്കില്‍ അതിലും ഈ സ്ഥാനാര്‍ഥി പൂമാല ഇടുമായിരുന്നല്ലോ! ഗോഡ്സെയെ വാഴ്ത്തുന്ന ആര്‍എസ്എസിന്റെ ഉത്തമ പ്രതിനിധിയായ രാജഗോപാല്‍, തനിക്ക് സൗമ്യമുഖമാണുള്ളതെന്ന തെറ്റിദ്ധാരണ പരത്താനാണ് ഗാന്ധി പ്രതിമയില്‍ മാലയിട്ടത്.

വര്‍ഗീയത മാത്രമല്ല അഴിമതി വളര്‍ത്താനും കള്ളപ്പണക്കാരെ സംരക്ഷിക്കാനും മോഡി സര്‍ക്കാര്‍ മുന്നിലാണെന്ന് പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നു. ഐപിഎല്‍ അഴിമതി നായകന്‍ ലളിത് മോഡിക്ക് വിദേശയാത്രാനുമതി ലഭിക്കാന്‍ വിദേശമന്ത്രി സുഷ്മ സ്വരാജ് നടത്തിയ അനധികൃത ഇടപെടല്‍ പുറത്തുവന്നു. ഒരുവര്‍ഷത്തെ മോഡി ഭരണം അഴിമതിരഹിതമാണെന്ന അവകാശവാദത്തിനേറ്റ പ്രഹരമാണ് ഈ സംഭവം. ഇന്ത്യ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ലളിത്മോഡിക്ക് സഹായം നല്‍കിയത് വെറുതെയല്ലെന്നാണ് മാധ്യമവാര്‍ത്തകള്‍. സുഷ്മയുടെ ബന്ധുവിന് ലണ്ടനില്‍ പാര്‍ക്കാന്‍ സൗകര്യം നല്‍കിയെന്നും ലളിത് മോഡിയുടെ നിയമസഹായ വിഭാഗത്തിലാണ് മകള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വസ്തുതകളാണ് വെളിച്ചം കണ്ടിരിക്കുന്നത്. അദ്വാനിപക്ഷക്കാരിയായ സുഷ്മയെ അദ്വാനിവിരുദ്ധനായ നരേന്ദ്രമോഡി പുറത്താക്കുമോ അതോ സംരക്ഷിക്കുമോ എന്ന ചോദ്യമുയരുമ്പോള്‍ തന്നെ ലളിത്മോഡി അമിത്ഷായുടെയും നരേന്ദ്രമോഡിയുടെയും ഇഷ്ടക്കാരനാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

48 മണിക്കൂര്‍കൊണ്ട് വിദേശത്തുനിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡിയുടെ ഭരണം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടെ ഭരണം എന്ന് എവിടെയൊക്കെ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ വര്‍ഗീയ ചേരിതിരിവും അഴിമതിയും വളര്‍ത്തുക പതിവാണ്. വാജ്പേയി ഭരണകാലത്താണ് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരെ കൊണ്ടുവരാനുള്ള ശവപ്പെട്ടി വാങ്ങിയതില്‍പ്പോലും കമീഷന്‍ തട്ടിയത്. അന്ന് ബിജെപി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് നോട്ടുകെട്ട് കോഴയായി സ്വീകരിക്കുന്നത് തെഹല്‍ക പുറത്തുകൊണ്ടുവന്നു. കര്‍ണാടകത്തിലെ ഖനി കുംഭകോണം വേറെ. വാജ്പേയി ഭരണകാലത്തുതന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ വ്യാപകമായ നടപടിയുണ്ടായത്. ഓഹരി വിറ്റഴിക്കുന്നതിനുവേണ്ടി പ്രത്യേക മന്ത്രിതന്നെ ഉണ്ടായി. അന്നാണ് കോവളത്തെയും മുംബൈയിലെയുമെല്ലാം പ്രശസ്തങ്ങളായ ഹോട്ടലുകള്‍ വിറ്റഴിച്ച് വന്‍ അഴിമതി നടത്തിയത്. അന്നത്തെ ആ അഴിമതിഭരണത്തില്‍ കേന്ദ്രത്തില്‍ സഹമന്ത്രിയായിരുന്നു രാജഗോപാല്‍. ഇപ്പോള്‍ മോഡി ഭരണത്തണലിലും അഴിമതി വ്യാപകമാകുകയാണ്. ഇക്കൂട്ടര്‍ക്ക് വോട്ട് നല്‍കണമോ എന്ന് ജനങ്ങള്‍ പത്തുവട്ടം ചിന്തിക്കണം. ബിജെപിക്കുവേണ്ടി വോട്ടുതേടുന്ന രാജഗോപാലിനു മുന്നില്‍ ഇത്തരം വിഷയങ്ങള്‍ വോട്ടര്‍മാര്‍ ഉയര്‍ത്തും എന്നത് തീര്‍ച്ച.

***