ഉമ്മന്‍ചാണ്ടിയുടെ "വാട്ടര്‍ലൂ"

ഉമ്മന്‍ചാണ്ടിയുടെ "വാട്ടര്‍ലൂ"

കോടിയേരി ബാലകൃഷ്ണന്‍

"ഭ്രാന്താലയ"ത്തില്‍നിന്ന് പൊതുവില്‍ മെച്ചപ്പെട്ട നാടായി കേരളം മാറിയതെങ്ങനെ? മെച്ചപ്പെട്ട സംസ്ഥാനത്തെ മോശപ്പെട്ട നാടായി അധഃപതിപ്പിക്കുന്ന ഭരണം ഏത്? അതേപ്പറ്റിയുള്ള സമഗ്രചിന്ത ഓരോ പൗരന്റെയും മനസ്സില്‍ ഉണരണം. കേരളം ഭ്രാന്താലയമാണെന്ന് ഇവിടത്തെ അവസ്ഥകണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. സമാന അഭിപ്രായം കേരളം കണ്ടശേഷം മഹാത്മാഗാന്ധിയും ഒരുവേള പറഞ്ഞു- എല്ലാ പ്രദേശങ്ങളും രമണീയമാണ്; മനുഷ്യന്‍മാത്രമാണ് നീചന്‍. ഇവിടത്തെ ജാതിവ്യവസ്ഥയും അയിത്തവും തീണ്ടിക്കൂടായ്മയുമെല്ലാം കണ്ടപ്പോഴാണ് വിവേകാനന്ദനും ഗാന്ധിജിയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ അവസ്ഥയില്‍നിന്ന് ലോകം ശ്രദ്ധിക്കുന്ന നാടായി കേരളവും കേരളീയരും മാറിയതിനുപിന്നില്‍ സവിശേഷമായ ഒരു ചരിത്രമുണ്ട്.

നൊബേല്‍ ജേതാവ് അമര്‍ത്യസെന്നും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ധനശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രീസും സംയുക്തമായി എഴുതിയ "ഹംഗര്‍ ആന്‍ഡ് പബ്ലിക് ആക്ഷന്‍" എന്ന പുസ്തകത്തില്‍ ചൈന, ഇന്ത്യ, കേരളം എന്ന ഉപതലക്കെട്ടിലെ വിവരണമുണ്ട്. ഏഷ്യയിലെ മൂന്ന് ഉദാഹരണങ്ങളില്‍ ഒന്നായി കേരളത്തെ ഉദാഹരിച്ചത് ആരോഗ്യം, സാക്ഷരത, ദാരിദ്ര്യത്തിന്റെ കുറവ് എന്നിവയടക്കമുള്ള കാര്യങ്ങളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ദശകങ്ങള്‍ക്കുമുമ്പ് വിഭവസമാഹരണത്തില്‍ കേരളം പിന്നിലായിട്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആയുര്‍ദൈഘ്യത്തില്‍ മുന്നിലെത്തി. 1976-80ല്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ അഖിലേന്ത്യാ ശരാശരി 52 ആയിരുന്നപ്പോള്‍ കേരളത്തില്‍ പുരുഷന്മാരുടേത് 64ഉം സ്ത്രീകളുടേത് 68ഉം ആയിരുന്നു. ഇന്ന് 74 വയസ്സിനുമേല്‍ ശരാശരി ആയുസ്സ് കേരളീയര്‍ക്കുണ്ട്. ഈ നേട്ടങ്ങള്‍ക്ക് നാട് കടപ്പെട്ടിരിക്കുന്നത് 1957 മുതല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളോടും അവയുടെ ഭരണനടപടികളോടും അതിനുമുമ്പും പിമ്പും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ ജനകീയപോരാട്ടങ്ങളോടുമാണ്.

കേരളീയസമൂഹം പുരോഗതിയിലേക്ക് കാലൂന്നിയത് ഏത് അവസ്ഥയില്‍നിന്നാണെന്ന് ഇന്നത്തെ തലമുറ ഓര്‍ക്കണം. ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥയില്‍നിന്നാണ് നമ്മള്‍ പടവുകള്‍ പിന്നിട്ട് ഇവിടെയെത്തിയത്. ഓരോ തൊഴിലും ഓരോ ജാതിയുടെ കുലത്തൊഴിലായി നിര്‍ണയിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പല ജാതിക്കും തീണ്ടാപ്പാടകലം കല്‍പ്പിച്ചിരുന്നു. താഴ്ന്ന ജാതിക്കാരെന്ന് വിളിച്ചിരുന്നവര്‍ക്കൊപ്പം നിലങ്ങള്‍ കൈമാറാന്‍ ഭൂവുടമകള്‍ക്ക് അവകാശമുണ്ടായിരുന്നു. പണിയെടുക്കുന്നവരെ വിലയ്ക്കുവാങ്ങാനും വില്‍ക്കാനും ഉടമകള്‍ക്ക് അധികാരമുണ്ടായിരുന്നു. കുടിയൊഴിപ്പിക്കലും പെണ്ണിന്റെ മാനം കവരലുമെല്ലാമായി ജന്മികള്‍ കൊടിയ മര്‍ദനവാഴ്ച നടത്തി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കര്‍ശനമായി നിഷ്കര്‍ഷിച്ച ജാത്യാചാരങ്ങള്‍ ഹീനമായിരുന്നു. ഇതിനെല്ലാം എതിരായാണ് ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ഇതിന്റെ സദ്പാരമ്പര്യം ഉള്‍ക്കൊണ്ട്, നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്ത് വളര്‍ന്നത്.

ജാതിഭേദം, മതദ്വേഷം എന്നിവയില്ലാതെ സര്‍വമനുഷ്യരും സഹോദരന്മാരെപ്പോലെ കഴിയുന്ന നാട് സൃഷ്ടിക്കാന്‍ അടരാടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കേരളത്തെ പുതുക്കിപ്പണിതതില്‍ ഇ എം എസിന്റേതുള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ പങ്കും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഇടപെടലുകളും മറക്കാനാകാത്തതാണ്. ജീവിതകാലമത്രയും മണ്ണില്‍ പണിതിട്ടും ആറടി മണ്ണുപോലും സ്വന്തമല്ലാത്ത ദുരവസ്ഥയില്‍ കഴിഞ്ഞ മണ്ണിന്റെ മക്കള്‍ക്ക് സ്വന്തമായി ഭൂമിയും കിടപ്പാടവും പെന്‍ഷനും നല്‍കിയത് ഇടതുപക്ഷ ഭരണമാണ്. ഭൂപരിഷ്കരണം യാഥാര്‍ഥ്യമാക്കി. വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തി. നാടിനെ സമ്പൂര്‍ണ സാക്ഷരതയിലെത്തിച്ചു. അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കുകയും ആസൂത്രണത്തിലും പദ്ധതിനടത്തിപ്പിലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയുംചെയ്തു. വര്‍ഗീയകലാപം ഇല്ലാത്ത കേരളത്തെ സൃഷ്ടിച്ചു. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പൊതുവിതരണ സമ്പ്രദായം ശക്തമാക്കി. വിവിധ ജനവിഭാഗങ്ങള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ അനുവദിച്ചു. സ്ത്രീകളുടെ സാമൂഹ്യപദവി മെച്ചമാക്കി. അഴിമതിക്കെതിരെ ഉരുക്ക് റോളര്‍ തിരിച്ചു. ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള നവീനസംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഇങ്ങനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിനെ മുന്നോട്ടുനയിച്ചു.

എന്നാല്‍, ഈ നേട്ടങ്ങളെ തല്ലിക്കെടുത്തുന്നതാണ് യുഡിഎഫ് ഭരണം. നാലുവര്‍ഷത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണവും അതാണ് തെളിയിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിവച്ച പല സംരംഭങ്ങളും പൂര്‍ണമായി തകര്‍ക്കാന്‍ യുഡിഎഫ് ഭരണത്തിന് കഴിയാതെവന്നത് സംഘടിത പ്രതിഷേധത്തിന്റെ കരുത്താലാണ്. 35 ലക്ഷം കുടുംബങ്ങളുടെ ആശ്രയമായ കുടുംബശ്രീയെ തകര്‍ക്കാന്‍ പല തരത്തിലും സര്‍ക്കാര്‍ നീങ്ങി. പക്ഷേ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും വീറുറ്റ പോരാട്ടത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. എന്നാല്‍, കെഎസ്ആര്‍ടിസി, കണ്‍സ്യൂമര്‍ ഫെഡറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഒന്നിനുപിറകെ ഒന്നായി തകര്‍ക്കുകയാണ്. ഇത്രമാത്രം അഴിമതി കൊടികുത്തിവാണ ഒരു ഭരണകാലം ഉമ്മന്‍ചാണ്ടിയുടേതുപോലെ മറ്റൊന്നുണ്ടായിട്ടില്ല. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതുമൂലം 23 പേരാണ് ആത്മഹത്യയില്‍ അഭയം തേടിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അറുതിവരുത്തിയ കര്‍ഷക ആത്മഹത്യ വീണ്ടും മടങ്ങിവരുന്നു. ആദിവാസി മേഖലകളില്‍ ശിശുമരണം തുടര്‍ക്കഥയായി. ദുഷ്കൃത്യങ്ങളുടെ അന്തമില്ലാത്ത ഈ ഘോഷയാത്ര കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ദുസ്സഹമായ ഒരവസ്ഥ നാള്‍ക്കുനാള്‍ വളരുകയാണ്. ഇതിന്റെ ഫലമായി പല രൂപത്തിലും എതിര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഭരണം വിലയിരുത്താന്‍ കോവളത്തുചേര്‍ന്ന യുഡിഎഫ് യോഗത്തിലും ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി വിശാലയോഗത്തിലുമെല്ലാം സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ എത്ര രൂക്ഷമായിരുന്നു. ഉമ്മന്‍ചാണ്ടി നയിച്ചാല്‍ യുഡിഎഫ് ഒരു തെരഞ്ഞെടുപ്പിലും പച്ചതൊടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടിയില്ലേ. അതുപോലെ അഞ്ചാംമന്ത്രിവിവാദം ഉള്‍പ്പെടെ എത്രയെത്ര വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഒരു ഭാഗത്തും മുസ്ലിംലീഗ് മറുഭാഗത്തുംനിന്ന് പോരടിച്ചു. അഞ്ചാംമന്ത്രിസ്ഥാനത്തെച്ചൊല്ലി നടന്ന പോര് രണ്ടുമൂന്നുമാസം ഭരണത്തെ സ്തംഭിപ്പിക്കുന്ന ആഭ്യന്തരയുദ്ധമായി വളര്‍ന്നല്ലോ. കോഴ വാങ്ങി മദ്യനയം നിശ്ചയിക്കുന്ന പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി ഒരുവശത്തും സുധീരന്‍ മറുവശത്തുമായി നടത്തിയ ചേരിപ്പോരിന്റെ അപഹാസ്യത കേരളം ഓര്‍ക്കുന്നതാണ്. ഇത്തരം തര്‍ക്കങ്ങള്‍ക്കു പിന്നില്‍ യഥാര്‍ഥത്തില്‍ തത്വദീക്ഷയല്ല കീശയില്‍ വീഴുന്ന കോഴയുടെ വലുപ്പത്തെച്ചൊല്ലിയുള്ള ആര്‍ത്തിയാണെന്ന് പിന്നീട് പുറത്തുവന്ന ബാര്‍ കുംഭകോണ കേസ് തെളിയിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും മന്ത്രിസഭാ കുഴപ്പങ്ങളും അസ്ഥിരാവസ്ഥയ്ക്കു തുല്യമായ ആഭ്യന്ത്യരക്കുഴപ്പങ്ങളുമാണ് നേരിടുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണമില്ലാത്തതിനാല്‍ പഴയതുപോലെ പ്രശ്നങ്ങളെ അതിജീവിക്കാനാകാത്ത നീര്‍ച്ചുഴിയിലാണ്. ഇനി അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ഭരണക്കാര്‍ ഓരോ വകുപ്പിലും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുന്നു. സ്വകാര്യപ്രസിന് നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കിയ മന്ത്രിസഭാ തീരുമാനത്തിലൂടെ പാഠപുസ്തക കുംഭകോണത്തിലെ ആഴം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍തന്നെ ജനങ്ങള്‍ക്കുമുന്നില്‍ സമ്മതിക്കുകയാണ്.

സര്‍ക്കാര്‍ പ്രസില്‍ അച്ചടിച്ച് വിദ്യാര്‍ഥികള്‍ക്ക് സമയത്തിന് നല്‍കാമായിരുന്ന പാഠപുസ്തകം മനഃപൂര്‍വം വൈകിപ്പിച്ചത് സ്വകാര്യ പ്രസുകളില്‍നിന്ന് കോടികള്‍ കമീഷന്‍ പറ്റാനുള്ള ഏര്‍പ്പാടിലായിരുന്നു. ബാര്‍ കോഴയില്‍ തെളിവെവിടെ, സരിതാ കേസില്‍ തെളിവെവിടെ എന്നൊക്കെ ചോദിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും, പുറത്തുവരുന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായി മാറി. സോളാര്‍ കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ച പത്തനംതിട്ട മജിസ്ട്രേട്ട് കോടതി വിധി ഉമ്മന്‍ചാണ്ടിക്കുള്ള തിരിച്ചടിയാണ്. ഒരു വശത്ത് ജനജീവിതം വഴിമുട്ടിക്കുകയും മറുവശത്ത് വന്‍അഴിമതികളിലൂടെ മന്ത്രിമാരും ഭരണക്കാരും കീശവീര്‍പ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ രോഷമുള്ള നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലും ഘടകകക്ഷികളിലുമുണ്ട്. ഇതേ വികാരവിചാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ അണികളും കഴിഞ്ഞകാലങ്ങളില്‍ യുഡിഎഫിനാണ് വോട്ടു ചെയ്തതെങ്കില്‍ അരുവിക്കരയില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കുന്നതിനായി വോട്ടവകാശം വിനിയോഗിക്കുമെന്നാണ് കരുതേണ്ടത്. അരുവിക്കരയില്‍ ജയിച്ചാലും തിരുത്തലുകള്‍ വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനര്‍ഥം, ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ തെറ്റിലാണെന്നാണ്. മോശപ്പെട്ട ഈ സര്‍ക്കാരിനു വോട്ടു നല്‍കാന്‍ നല്ല കോണ്‍ഗ്രസുകാര്‍ തയ്യാറാകില്ല. യുഡിഎഫിന്റെ തോല്‍വിയോടെ ഭരണത്തില്‍ നേതൃമാറ്റത്തിനുള്ള കേളികൊട്ട് ഉയരും. നാടിന്റെ രക്ഷയ്ക്ക് യുഡിഎഫും ബിജെപിയും അല്ല എല്‍ഡിഎഫാണ് വേണ്ടത്. ഈ തിരിച്ചറിവിലാണ് കേരളം. കേരളത്തിനുവേണ്ടി ഈ സന്ദേശം അരുവിക്കരയിലെ വോട്ടര്‍മാര്‍ കരുത്തോടെ ഏറ്റെടുക്കും. അതിലൂടെ അരുവിക്കരഫലം ഉമ്മന്‍ചാണ്ടിയുടെ "വാട്ടര്‍ലൂ" ആകും.

***