മറക്കുന്നത് നെഹ്റു പാരമ്പര്യം

മറക്കുന്നത് നെഹ്റു പാരമ്പര്യം

സംസ്ഥാനത്തെ ഭരണരാഷ്ട്രീയം അത്യഗാധമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതൊരു ഊരാക്കുടുക്കാണ്. രക്ഷപ്പെടാന്‍ വഴിയില്ലാത്തവിധമുള്ള പുതിയ സംഭവവികാസങ്ങളിലേക്കാണ് കാര്യങ്ങള്‍ പരിണമിക്കുന്നത്. ഈ ഘട്ടത്തില്‍ പഴയകാല രണ്ടു സംഭവങ്ങള്‍ ഭരണപക്ഷത്തിന്റെ ഓര്‍മയിലേക്ക് വരേണ്ടതുണ്ട്.

1963ല്‍, കേന്ദ്രമന്ത്രി കെ ഡി മാളവ്യക്കെതിരായി ആരോപണം ഉയര്‍ന്നപ്പോള്‍ അതു പരിശോധിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സുപ്രീംകോടതി ജഡ്ജിയെ നിയോഗിച്ചു. കേന്ദ്രമന്ത്രിസഭയില്‍നിന്നു നീക്കംചെയ്യുകയും ചെയ്തു. വന്ന ആരോപണം എന്താണെന്നോ? 1957ല്‍ ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പിനുവേണ്ടി 10,000 രൂപ സിറാജുദീന്‍ കമ്പനിയില്‍നിന്ന് മാളവ്യ സംഭാവനയായി വാങ്ങിക്കൊടുത്തുവെന്നതാണ്. പ്രത്യുപകാരമായി ക്രോം എന്ന ലോഹം കുഴിച്ചെടുക്കാനുള്ള അനുവാദം പ്രസ്തുത കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് ഇത് ചെയ്തതെന്നായിരുന്നു ആക്ഷേപം. കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ ഇവിടെ അര്‍ഥം മാളവ്യ എന്നാണ്.

മറ്റൊരു സംഭവം, കേരളത്തിലേതാണ്. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ ഔദ്യോഗിക കാര്‍ തൃശൂരില്‍ ഒരു കട്ടവണ്ടിയില്‍ മുട്ടി. തുടര്‍ന്നുണ്ടായ കോലാഹലം ചെറുതല്ല. മന്ത്രിയുടെ കാറില്‍ ഭാര്യയല്ലാത്ത ഒരു സ്ത്രീയുണ്ടായിരുന്നു എന്നായിരുന്നു ആക്ഷേപം. നിയമസഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എയായ പ്രഹ്ലാദന്‍ഗോപാലന്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തിയത് സദാചാരവിരുദ്ധനായ മന്ത്രി പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടാണ്. ഇതെല്ലാം ഭരണരാഷ്ട്രീയത്തെ അടിമുടി ഉലച്ചു. ഒടുവില്‍ ചാക്കോയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി.

നെഹ്റുവിന്റെ പാരമ്പര്യവും ശങ്കറിന്റെ കാലത്ത് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തിയ രീതിയും ഇന്നത്തെ യുഡിഎഫ് ഭരണത്തിലെ സ്ഥിതിഗതികളും താരതമ്യംചെയ്യുന്നത് ഉചിതമായിരിക്കും. നാടിനു നല്ലത് ചെയ്യാമെന്ന വാഗ്ദാനംകേട്ട് യുഡിഎഫിന് വോട്ടുനല്‍കി ജനങ്ങള്‍ അധികാരത്തിലേറ്റിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭാരവും നാടിന് അപമാനവുമായി മാറി. കുറ്റവാളിയെന്നു തെളിഞ്ഞ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന കക്ഷിയും മുന്നണിയും നേതാക്കളും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്. ഇനി പത്തുമാസംകൂടി ഭരിക്കുക എന്നതു മാത്രമല്ല, അടുത്ത അഞ്ചുവര്‍ഷംകൂടി ഭരിക്കുമെന്ന പ്രഖ്യാപനവുമായാണ് ഉമ്മന്‍ചാണ്ടി അരുവിക്കരക്കാരെ കാണുന്നത്. പക്ഷേ, പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ അലയടിക്കുന്ന ഭരണവിരുദ്ധവികാരം വര്‍ധിപ്പിക്കുന്നു. സോളാര്‍-ബാര്‍ കുംഭകോണങ്ങളില്‍പ്പെട്ട സര്‍ക്കാര്‍ കാരണം ജനങ്ങള്‍ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.

നാടിന്റെ സര്‍വതോന്മുഖ വികസനത്തിനായി രാപ്പകല്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു, മറ്റു മുഖ്യമന്ത്രിമാരെത്താന്‍ മടിക്കുന്നിടത്ത് കയറിച്ചെന്ന് ഉടന്‍ തീരുമാനമെടുക്കുന്നു- ഇത്തരത്തിലുള്ളതാണ് തന്റെ ശൈലിയെന്ന് സ്വയം പ്രശംസിക്കുക മാത്രമല്ല, അനുകൂലമാധ്യമങ്ങളെക്കൊണ്ട് വാഴ്ത്തിക്കുകയും ചെയ്യുന്നു. പക്ഷേ, ഈ അവകാശവാദങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യം എത്ര വലുതാണെന്ന് ഇന്ന് നാട് കൂടുതല്‍ അറിയുന്നു. വികസനരംഗത്ത് കേരളത്തെ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറ്റിമറിക്കുമെന്ന് പ്രസംഗിച്ചതൊഴിച്ചാല്‍, സ്വന്തമായി ഒരൊറ്റ പദ്ധതിയും ചൂണ്ടിക്കാണിക്കാനില്ല. കൊട്ടുംകുരവയുമായി "ജിം" നടത്തി. ഫലം, ശൂ...ശൂ... സ്മാര്‍ട്ട്സിറ്റി ഇനിയും യാഥാര്‍ഥ്യമായില്ല. കേരള എയര്‍ലൈന്‍സ് കടലാസില്‍. വിഴിഞ്ഞം തുറമുഖം ഈ സര്‍ക്കാരിന്റെ കാലത്ത് കടലാസില്‍ ശേഷിക്കും. വികസനപദ്ധതികളുടെ മറവില്‍, നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ സംസ്ഥാനത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ പിടിമുറുക്കി.

ഭരണസുതാര്യതയ്ക്ക് തെളിവായി തന്റെ ഓഫീസ് ചേമ്പറില്‍ ക്യാമറ സ്ഥാപിച്ചു. എന്നാല്‍, സോളാര്‍ തട്ടിപ്പ് പുറത്തുവന്നതോടെ ക്യാമറമേന്മ പൊളിഞ്ഞു. മുമ്പൊരിക്കല്‍, മുഖ്യമന്ത്രിക്കസേരയില്‍ മനോനില തെറ്റിയ ഒരാള്‍ കയറിയിരുന്നപ്പോള്‍ അത്രമേല്‍ സുതാര്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നായിരുന്നു പ്രചാരണം. ആര്‍ക്കും കയറിച്ചെല്ലാവുന്ന അതേ ഓഫീസില്‍ സോളാര്‍ തട്ടിപ്പുകാരി സരിതാനായര്‍, വ്യവസായിയായ കല്ലേലി ശ്രീധരന്‍നായരുമായി എത്തിയപ്പോള്‍ സരിതയുടെ കച്ചവടത്തില്‍ പങ്കാളിയാകാന്‍ മുഖ്യമന്ത്രി ഉപദേശിച്ചുവിട്ടു. സിസിടിവി ദൃശ്യങ്ങളില്‍ ഈ കൂടിക്കാഴ്ച തെളിയുമെന്നു വന്നപ്പോള്‍ ദൃശ്യങ്ങള്‍ ലൈവായി കാണാനേ പറ്റൂ. റെക്കോഡിങ് ഇല്ല. എന്നായി മറുപടി. ഇതിലൂടെ സുതാര്യതയുടെ പൊള്ളത്തരം പുറത്തായി. സരിതയെയും ബിജു രാധാകൃഷ്ണനെയും സോളാര്‍ കേസില്‍ കോടതി ശിക്ഷിച്ചപ്പോള്‍ പ്രഹരമേറ്റത് ഉമ്മന്‍ചാണ്ടിയുടെ കരണത്താണ്. കോടതിവിധിയും സര്‍ക്കാരിന്റെ വിജയമെന്ന അവകാശവാദത്തിലൂടെ ഉമ്മന്‍ചാണ്ടി തന്റെ ചര്‍മബലം കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്നതാണെന്ന് വിളിച്ചറിയിച്ചു.

മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തോടെയും അറിവോടെയും നടന്ന തട്ടിപ്പാണ് സോളാര്‍ കുംഭകോണം. അല്ലെങ്കില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ ടെന്നിജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ ജേക്കബ് എന്നിവരെല്ലാം ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്ന് പുറത്താക്കപ്പെടുമായിരുന്നില്ല. 10,000 കോടി രൂപയുടെ തട്ടിപ്പിന് അരങ്ങൊരുക്കിയ സോളാര്‍ കേസിലെ രണ്ടു പ്രധാന പ്രതികളിലൊരാളായ ബിജുവുമായി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ്ഹൗസില്‍ അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തിയതിനെപ്പറ്റി നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തിയെങ്കിലും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. "അതിവേഗം ബഹുദൂരം" സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്രയധികം സമയം ചെലവഴിക്കാന്‍ എങ്ങനെ സാധിച്ചു? ഭാര്യയെ കൊന്ന കേസില്‍ പ്രതിയായി നില്‍ക്കുമ്പോഴാണ് അയാള്‍ക്ക് മുഖ്യമന്ത്രി ഇത്രയുംസമയം അനുവദിച്ചത്. എന്തായിരുന്നു രഹസ്യചര്‍ച്ചയെന്ന് പത്തനംതിട്ട കോടതിവിധിയുടെ പശ്ചാത്തലത്തിലെങ്കിലും പുറത്തുപറയുമോ?

സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സരിതയ്ക്ക് കോടിയിലേറെ രൂപ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയെന്ന് ഫെനി വെളിപ്പെടുത്തുന്നത് ഒളിക്യാമറയിലൂടെ ചാനലുകളാണ് പുറത്തുകൊണ്ടുവന്നത്. കേസ് അട്ടിമറിക്കാന്‍ സരിതയ്ക്ക് പണം നല്‍കിയ മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍കേസ് എടുത്തേ മതിയാകൂ. മുഖ്യമന്ത്രിക്കുവേണ്ടി സരിതയ്ക്കും അവരുടെ അഭിഭാഷകനും പല ഗഡുക്കളായി പണം കൈമാറിയ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ എംഎല്‍എ എന്നിവരെ പൊലീസ് ചോദ്യംചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും വേണം. സരിതയ്ക്ക് പണംകൊടുത്ത് കേസൊതുക്കാന്‍ നോക്കിയ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, മുന്‍മന്ത്രി കെ സി വേണുഗോപാല്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം.

മന്ത്രിമാരും മുന്‍മന്ത്രിമാരും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും സദാചാരവിരുദ്ധകൃത്യങ്ങളിലും ഏര്‍പ്പെട്ടതിനെപ്പറ്റിയുള്ള സാക്ഷ്യപത്രമാണ് സരിതയുടെ ജയില്‍കത്തെന്ന് വ്യക്തമായിട്ടുണ്ട്. പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം കോടതിയില്‍ സമര്‍പ്പിക്കാന്‍ എഴുതിയ കത്താണിത്. മന്ത്രിമന്ദിരം ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ അസാന്മാര്‍ഗിക നടപടിയുണ്ടെന്നാണ് ജയില്‍കത്ത് വെളിപ്പെടുത്തുന്നത്. ഒരു മന്ത്രിമന്ദിരത്തില്‍ റേപ്പ് നടന്നുവെന്നാണ് കത്തില്‍. ഭരണാനുകൂല്യത്തിനുവേണ്ടി മാനം വിറ്റാലും, സമ്മതമില്ലാതെ മാനം കവര്‍ന്നാലും സ്വമേധയാ ക്രിമിനല്‍ കേസെടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. സരിതയുടെ കൈവശമുള്ള കത്ത് പൊലീസ് പിടിച്ചെടുക്കുകയും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുകയും വേണം.

എന്തു തട്ടിപ്പ് വന്നാലും അതില്‍ മുഖ്യമന്ത്രിയുടെ പങ്ക് വരുന്നു. 500 കോടിയുടെ കടകംപള്ളി-കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജ് സിബിഐ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ നില്‍ക്കുകയാണ്. സലിംരാജിനെതിരെ പരാതിപ്പെട്ടാല്‍ 40 കോടിരൂപ വിലവരുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് തട്ടിപ്പിനിരയായ എ കെ നാസര്‍ പറഞ്ഞില്ലേ? നേഴ്സുമാരെ വിദേശത്തേക്ക് വിടുന്നതില്‍ തട്ടിപ്പു നടത്തി 100 കോടി രൂപയിലേറെ തട്ടിയ അധോലോകബന്ധമുള്ള കൊടുംകുറ്റവാളി ഉതുപ്പ് വര്‍ഗീസ് മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദബന്ധമുള്ളയാളാണല്ലോ? ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അരുവിക്കരയിലെ വോട്ടര്‍മാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിവാഴ്ച അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിന് വോട്ടുനല്‍കി വന്‍വിജയം നല്‍കുമെന്നത് ഉറപ്പ്.

***