വികസനവിരോധികള്‍ നിങ്ങള്‍തന്നെ

കോടിയേരി ബാലകൃഷ്ണൻ

എല്‍ഡിഎഫ് വികസനവിരോധികളും യുഡിഎഫ് വികസനപ്രേമികളും എന്ന പ്രതീതി സൃഷ്ടിക്കാനുള്ള പാഴ്വേലയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും അരുവിക്കരയില്‍ നടത്തുന്നത്. ഇതിന് ഒരു വിഭാഗം മാധ്യമങ്ങളുടെ നിര്‍ലോഭപിന്തുണയുമുണ്ട്. എന്നാല്‍, കേരളീയരുടെ പദവിയും സാമ്പത്തികനിലയും ഉയര്‍ത്താനും നാടിന്റെ വികസനത്തിനായി ആസൂത്രിത കാഴ്ചപ്പാടോടെ പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കാനും, സംസ്ഥാനഭരണത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നത് എല്‍ഡിഎഫാണ്. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ നാലാണ്ടിലെ ഭരണത്തിനിടയില്‍ എല്‍ഡിഎഫിന്റെ എതിര്‍പ്പുകൊണ്ട് നടപ്പാക്കാന്‍ കഴിയാതെവന്ന ഏതെങ്കിലുമൊരു പദ്ധതി ചൂണ്ടിക്കാണിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

ഹൈസ്പീഡ് റെയില്‍വേ പാത, കാസര്‍കോടുമുതല്‍ കളിയിക്കാവിളവരെ നാലുവരിപ്പാത, സ്മാര്‍ട്സിറ്റി, കോച്ചുഫാക്ടറി ഇങ്ങനെ ഏതെങ്കിലും പദ്ധതി എല്‍ഡിഎഫിന്റെ എതിര്‍പ്പുകൊണ്ടാണോ നടപ്പാകാതെ വന്നത്? സ്വന്തം പിടിപ്പുകേടിന് അന്യരെ പഴിചാരി രക്ഷപ്പെടാമെന്നു കരുതരുത്. സ്മാര്‍ട്സിറ്റി വന്നാല്‍ അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നു പറഞ്ഞു. എന്നാല്‍, നാലുവര്‍ഷത്തിനിടയില്‍ പൂര്‍ത്തിയായത് സ്മാര്‍ട്സിറ്റിയുടെ പവിലിയന്‍മാത്രം. പാലക്കാട്ടെ കോച്ചുഫാക്ടറിക്ക് പിറവം ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് തറക്കല്ലിട്ടു. അതിപ്പോള്‍ കാടുപിടിച്ച് കിടപ്പാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോപദ്ധതി വിവാദത്തിന്റെ ചൂളംവിളിയിലാണ്. ഉമ്മന്‍ചാണ്ടിയുടെ മുന്‍ സര്‍ക്കാര്‍ ജിം നടത്തിയിട്ട് ഫലം നാസ്തി. ഈ സര്‍ക്കാരിന്റെ കാലത്തും ആഗോളനിക്ഷേപസമ്മേളനം നടത്തിയെങ്കിലും പബ്ലിസിറ്റിയല്ലാതെ പദ്ധതികള്‍ പ്രായോഗികമായില്ല.

പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ ഏറ്റവും പ്രധാനം വ്യവസായപുരോഗതിയാണ്. പക്ഷേ, ഇതിനുള്ള ഒരുവിധ കാഴ്ചപ്പാടും ഈ സര്‍ക്കാരിനില്ല. സംസ്ഥാനവികസനത്തിലെ പ്രധാനപ്പെട്ട ദൗര്‍ബല്യമായി പൊതുവില്‍ അംഗീകരിച്ചിട്ടുള്ള കാര്യം കാര്‍ഷിക- വ്യാവസായിക മേഖലയിലെ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും ഉണ്ടായ കുറവാണ്. അതുപോലെ ഈ മേഖലയിലുണ്ടായ തകര്‍ച്ചയും. നമ്മുടെ നാടിന് അനുഗ്രഹം ചൊരിയുന്നതാണ് ഖനസമ്പത്ത്. ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂട്ടയില്‍, ലിഗ്നൈറ്റ്, ചീനക്കളിമണ്ണ് തുടങ്ങിയവ നമ്മുടെ അപൂര്‍വങ്ങളായ ഖനിജങ്ങളാണ്. ഇവയെ ഉപയോഗപ്പെടുത്തിയുള്ള വ്യവസായങ്ങള്‍ വിപുലമായ തോതില്‍ തുടങ്ങാനുള്ള കാഴ്ചപ്പാട് എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടായിരുന്നു. തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയും ചവറയിലെ കെഎംഎംഎല്ലും മോണോസൈറ്റ് സംസ്കരിക്കുന്ന ആലുവയിലെ റെയര്‍എര്‍ത്തും മാത്രമാണ് നമ്മുടെ ഖനിജങ്ങളുപയോഗിച്ച് ഉല്‍പ്പാദനം നടത്തുന്ന കമ്പനികള്‍. എല്‍ഡിഎഫ് ഭരണകാലത്ത് ചവറ ടൈറ്റാനിയം റെക്കോഡ് ലാഭത്തിലായിരുന്നു. എന്നാല്‍, ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലാണ്. ചവറയില്‍നിന്ന് ധാതുദ്രവ്യങ്ങളായിത്തന്നെ മണല്‍ സംസ്കരിക്കാതെ കയറ്റി അയക്കുന്നത് ഇപ്പോഴും വലിയതോതില്‍ തുടരുകയാണ്.

അതുപോലെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണകാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒട്ടനവധി ചെറുപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. അതിനൊന്നുമുള്ള ഭാവന ഈ സര്‍ക്കാരിനില്ല. വ്യവസായമേഖലയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനങ്ങളാകെ ലാഭത്തിലായിരുന്നു. എന്നാല്‍, ഇന്നത്തെ ഭരണത്തില്‍ ഇവയുടെ പോക്ക് നഷ്ടത്തിലേക്കാണ്. 2014ലെ സാമ്പത്തിക അവലോകനം രണ്ടാംഭാഗത്തില്‍ അനുബന്ധം 3.5ല്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. 2011-12ല്‍ പൊതുമേഖലയുടെ മൊത്തം ലാഭം 722.49 കോടി രൂപയായിരുന്നു. എന്നാല്‍, 2012-13ല്‍ 91.01 കോടി രൂപയായി ലാഭം പരിമിതപ്പെട്ടു. 2013-14 ആയപ്പോള്‍ 38.81 കോടി രൂപയുടെ നഷ്ടത്തിലായി. വ്യവസായം വളര്‍ത്തുന്നതാര് തളര്‍ത്തുന്നതാര് എന്നത് ഈ കണക്കിലൂടെ പകല്‍പോലെ വ്യക്തമാകുന്നു. ഈ കണക്ക് ഒരാവര്‍ത്തി വായിച്ചശേഷംവേണം ഉമ്മന്‍ചാണ്ടി വികസനവായ്ത്താരി മുഴക്കാന്‍.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഉള്ള തൊഴില്‍ നഷ്ടപ്പെടലും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുമാണ്. തൊഴിലില്ലായ്മ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍മാത്രമല്ല, എല്ലാവിഭാഗക്കാരുമായ അഭ്യസ്തവിദ്യരുടെ ഇടയിലും ഏറ്റവും മൂര്‍ച്ഛിച്ചരൂപത്തില്‍ വളര്‍ന്നു. ഇതിന് പരിഹാരംകാണാനുള്ള പ്രത്യേക നടപടികളൊന്നുമില്ല. അതിനുള്ള ആസൂത്രണമോ പദ്ധതിനടത്തിപ്പോ ഇല്ല. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം ശവപ്പറമ്പിലെ കല്ലറയായി ശേഷിക്കുന്നു. ഭക്ഷ്യകമ്മി, കൃഷി സൗകര്യങ്ങളുടെ കുറവ് മുതലായവ കേരളത്തിലെ സവിശേഷമായ വിഷമപ്രശ്നങ്ങളില്‍ ചിലതാണ്. അവയ്ക്കും പരിഹാരം കാണാന്‍ വ്യാവസായിക കാര്‍ഷിക അഭിവൃദ്ധിവേണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കിട്ടുന്ന സഹായംപോലും യുപിഎ ഭരിച്ചപ്പോഴോ ഇപ്പോള്‍ ബിജെപി ഭരിക്കുമ്പോഴോ കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങള്‍ പാടേ തകര്‍ത്തു.

കയര്‍വ്യവസായത്തില്‍ ഒട്ടധികം ഫാക്ടറികള്‍ പൂട്ടി. ഇതുകാരണം പതിനായിരക്കണക്കിനു തൊഴിലാളികള്‍ തൊഴില്‍രഹിതരായി. കൈത്തറി, കശുവണ്ടി, ഓയില്‍, ഓട് തുടങ്ങിയ വ്യവസായങ്ങളിലും പ്രതിസന്ധിയാണ്. കൈത്തറി നേരിടുന്ന വലിയ തകര്‍ച്ചയുടെ ദുരവസ്ഥ അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അരുവിക്കരയിലെ പൂവച്ചല്‍. ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ സാമ്പത്തികനയമാണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളുടെയും നാടിന്റെയും താല്‍പ്പര്യമല്ല, സ്വകാര്യ കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. വിഴിഞ്ഞം തുറമുഖവിഷയത്തില്‍ ഇക്കാര്യം വ്യക്തമാണ്. വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് ഒരു നാടിനെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയും അതിന്റെ മറവില്‍ കീശവീര്‍പ്പിക്കുകയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഇതിനോട് മോഡി സര്‍ക്കാരിനും ബിജെപിക്കും എതിര്‍പ്പില്ല. ബിജെപിയും യുഡിഎഫും ഇക്കാര്യത്തില്‍ ഒരേതൂവല്‍പക്ഷികളാണ്.

വിഴിഞ്ഞംതുറമുഖം യാഥാര്‍ഥ്യമാക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫിനുള്ളത്. അഴിമതിരഹിതമായി അത് നടപ്പാക്കണമെന്നുമാത്രം. വിഴിഞ്ഞംതുറമുഖത്തിന്റെ പേരില്‍ കേരളത്തിന്റെ ഭൂമിയും സമ്പത്തും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നത് രാജ്യദ്രോഹമാണ്. അതിന് കൂട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ പൊതുമേഖലയില്‍ വിഴിഞ്ഞം യാഥാര്‍ഥ്യമാക്കും. ഇപ്പോള്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് വിഴിഞ്ഞംപദ്ധതിയെ യുഡിഎഫ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെകാലത്ത് സ്മാര്‍ട്സിറ്റിയുടെ പേരില്‍ കോലാഹലമുണ്ടാക്കിയ യുഡിഎഫ് അധികാരത്തില്‍വന്ന് നാലുവര്‍ഷം പിന്നിട്ടിട്ടും അത് യാഥാര്‍ഥ്യമാക്കിയില്ല.അഴിമതിരഹിതമായി വികസനം നടത്തണമെന്നതാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന നയം. മന്ത്രിമാര്‍മുതല്‍ താഴോട്ട് വില്ലേജ് ഉദ്യോഗസ്ഥര്‍വരെ ഓരോ പദവിയിലും അധികാരസ്ഥാനത്തിരിക്കുന്നവര്‍ അംഗീകൃത നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായി ചെയ്യുന്ന ഓരോ പ്രവൃത്തിയെയും അപ്പപ്പോള്‍ തുറന്നുകാണിച്ച് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളെ അറിയിച്ച് നടപടിയെടുക്കുന്നതിന് നിര്‍ബന്ധിക്കുക പ്രതിപക്ഷത്തിന്റെ കടമയാണ്. വികസനത്തിന്റെ മറവില്‍, കോഴ, കൈക്കൂലി, സ്വജനപക്ഷപാതം മുതലായവ നടത്തുന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ദുഷ്പ്രവൃത്തിക്കെതിരെ പ്രതികരിക്കേണ്ടത് നാടിന്റെ കടമയാണ്. ദുഷ്കര്‍മത്തില്‍ കുപ്രസിദ്ധി നേടിയ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് അരുവിക്കരയിലെ വോട്ടര്‍മാര്‍ക്ക് കൈവന്നിരിക്കുന്നത്. അത് ഫലപ്രദമായി വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

***