ചെരുപ്പ് കിരീടമാകില്ല

കോടിയേരി ബാലകൃഷ്ണൻ

ഇടതുപക്ഷം അക്രമകാരികളെന്ന തെറ്റായ കല്‍പ്പന പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും അതുവഴി അടിത്തറ ശക്തമാക്കാനുള്ള നിലപാട് സ്വീകരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. നാടിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്ത് ജനപിന്തുണ നേടാന്‍ കഴിയാത്തുകൊണ്ടാണ് ഇത്തരം നിലപാട് ഇടതുപക്ഷം എടുക്കുന്നതെന്നും അരുവിക്കരയിലെ വോട്ടര്‍മാരോട് ഇവര്‍ പറയുന്നു. ഈ നേതാക്കള്‍ ശബ്ദംകൊണ്ട് നടത്തുന്ന "ഇരട്ടവെടി" ലക്ഷ്യത്തില്‍നിന്ന് തെറ്റിപ്പോകുകയാണ്. കാരണം ഇവര്‍ ഉരിയാടുന്നത് പൊന്നിന്‍പൊടിയിട്ടാല്‍പോലും വിളക്കാനുതകുന്ന പരമാര്‍ഥങ്ങളല്ല. കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫിനെയും എത്രത്തോളം മോശമായി ചിത്രീകരിക്കാന്‍ കഴിയുമോ, അത്രത്തോളം ചെയ്ത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് ഇവര്‍ കരുതുന്നത്. ഇതിന്റെ ഭാഗമാണ് നെറ്റിപ്പട്ടം കെട്ടിയിറക്കിയ ഈ രണ്ട് ആക്ഷേപങ്ങളും. ഒന്ന്, ഞങ്ങള്‍ ആക്രമണകാരികളാണെന്നത്. രണ്ട്, ഞങ്ങള്‍ നാടിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നത്. ഇത് എത്രയോ കാലമായി കേട്ടുതഴമ്പിച്ച അര്‍ഥമില്ലാത്ത ആക്ഷേപമാണ്.

ഈ വിഷയത്തെ നിഷ്പക്ഷമായി സമീപിക്കുന്ന ആര്‍ക്കും ബോധ്യമാകും, കമ്യൂണിസ്റ്റ് വിരോധത്താല്‍ അന്ധരായവര്‍ക്കുമാത്രമേ ഇത്തരം ആക്ഷേപങ്ങള്‍ ചൊരിയാനാകൂ എന്ന്. ആന്റണിയും ഉമ്മന്‍ചാണ്ടിയും വിമോചനസമരത്തിന്റെ ഉല്‍പ്പന്നങ്ങളും ആ സമരാഭാസത്തെ ഇന്നും താലോലിക്കുന്നവരുമാണല്ലോ. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പുറത്താക്കാന്‍ നടത്തിയ അക്രമസമരമായിരുന്നു വിമോചനസമരം. അതിന്റെ വക്താക്കളാണോ സമാധാനപ്രേമികള്‍? ജന്മിത്തത്തിന്റെ കരാളതകള്‍ അവസാനിപ്പിക്കാന്‍ അര്‍ഥപൂര്‍ണമായ നടപടികള്‍ എടുത്ത കമ്യൂണിസ്റ്റുകാരാണോ, അതോ അതിനെ തകിടംമറിക്കാന്‍ അക്രമസമരം നടത്തിയ കോണ്‍ഗ്രസുകാരാണോ ഭരണഘടനയെ പിച്ചിച്ചീന്തുന്നവരും അക്രമകാരികളും?

അക്രമം നടത്തുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകാരും ബിജെപിക്കാരും മത്സരിക്കുകയാണെന്ന് ആന്റണി പ്രസംഗിക്കുമ്പോള്‍ ആര്‍എസ്എസിനെയും ബിജെപിയെയുംപറ്റി പൂര്‍ണ നിശബ്ദതയിലാണ് ഉമ്മന്‍ചാണ്ടി. മോഡി ഭരണത്തില്‍ ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയലഹളകളും അത് സൃഷ്ടിക്കുന്ന വിപത്തും ഇക്കൂട്ടര്‍ തിരിച്ചറിയുന്നില്ല. ഹിറ്റ്ലര്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ മ്യൂസിയങ്ങള്‍ കാണാനല്ല ആദ്യം ആഗ്രഹം പ്രകടിപ്പിച്ചത്; വധശിക്ഷ നടപ്പാക്കുന്ന സ്ഥലം കാണാനായിരുന്നു. രാഷ്ട്രീയമായി എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകാരെയും അന്യമതക്കാരെയും ഇല്ലായ്മ ചെയ്യാന്‍ വ്യഗ്രതകൊള്ളുന്ന "ഹിറ്റ്ലര്‍ ശൈലി"യുള്ള ആര്‍എസ്എസിന്റെ വര്‍ഗീയരാഷ്ട്രീയത്തെ കേരളത്തില്‍ ഇന്നും പ്രതിരോധിക്കാന്‍ കഴിയുന്നതും മലയാളനാട് ഇപ്പോഴും ഇന്ത്യയിലെ മതനിരപേക്ഷ തുരുത്തായി നിലകൊള്ളുന്നതും കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷക്കാരുടെയും സ്വജീവന്‍ ബലികഴിച്ചുള്ള ത്യാഗപൂര്‍ണവും ധീരവുമായ ഇടപെടലുകള്‍കൊണ്ടാണ്. ഇതിനെ അക്രമരാഷ്ട്രീയമായി മുദ്രകുത്തുന്നത് സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയെപ്പോലും ഒഴുക്കിക്കളയലാണ്. കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതില്‍ മുഴുകിയ ഗ്രഹാം സ്റ്റെയിനിനെയും പിഞ്ചുകുട്ടികളെയും ചുട്ടുകൊന്നും കത്തോലിക്കാ പുരോഹിതനായിരുന്ന അരുള്‍ദാസിനെ കൊന്നും ശവകുടീരങ്ങള്‍ കുത്തിത്തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തും കബര്‍ കത്തിച്ചും സംഘപരിവാര്‍ നടത്തുന്നതല്ലേ അക്രമം? അത്തരം സംഭവങ്ങള്‍ക്ക് കേരളം മണ്ണാകാതിരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ജാഗ്രതയോടെ നീങ്ങുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണില്‍ അക്രമം!

കൊലപാതകം, മോഷണം, സ്ത്രീപീഡനം, ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ നാലാണ്ടിലെ യുഡിഎഫ് ഭരണം സര്‍വകാല റെക്കോഡ് ഇട്ടിരിക്കുകയാണ്. അധോലോകബന്ധമുള്ള സമ്പന്നരായ കുറ്റവാളികള്‍ക്ക് പൊലീസ് എങ്ങനെ കൂട്ടാകുന്നു എന്നത് തൃശൂരിലെ സാധുവായ വാച്ച്മാനെ ആഡംബര കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം മര്‍ദിച്ചുകൊന്ന വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ പൊലീസ് ഇടപെട്ട സംഭവം ബോധ്യപ്പെടുത്തുന്നു. ഇടതുപക്ഷത്തിനെതിരെ അക്രമപല്ലവി ആവര്‍ത്തിക്കുന്നവര്‍ക്കുമുന്നില്‍ ആദ്യം തെളിഞ്ഞുവരുന്നത് ചീമേനിയാണെന്നത് മറക്കണ്ട. 1987 മാര്‍ച്ച് 23ന് നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനിയിലെ സിപിഐ എം ഓഫീസിലിരുന്ന് വോട്ട് കണക്ക് പരിശോധിച്ച പ്രവര്‍ത്തകരെ കൂട്ടത്തോടെ കശാപ്പ് ചെയ്യുകയായിരുന്നല്ലോ. അഞ്ച് സിപിഐ എം പ്രവര്‍ത്തകരാണ് ആ ഒറ്റ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പാര്‍ടി ഓഫീസിന് ആദ്യം തീയിട്ടു. അതില്‍നിന്ന് രക്ഷനേടാന്‍ പുറത്തിറങ്ങിയവരെ ബോംബെറിഞ്ഞും വെട്ടിവീഴ്ത്തിയും വകവരുത്തി. ഇത്ര ക്രൂരമായി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ മറ്റൊരു സംഭവം സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത് ചെയ്തത് ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും "സമാധാനപ്രേമികളായ" ഗാന്ധിശിക്ഷ്യന്മാരാണ്. ബുധനാഴ്ച അരുവിക്കരയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പത്രഫോട്ടോഗ്രഫര്‍മാരെ മര്‍ദിച്ച കോണ്‍ഗ്രസുകാരാണ് അക്രമവിരുദ്ധ വീരവാദം മുഴക്കുന്നത്!

സംസ്ഥാനത്ത് ബോംബ് രാഷ്ട്രീയം കൊണ്ടുവന്നതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസിനാണെന്ന് കമ്യൂണിസ്റ്റുകാരെ അക്രമികളെന്ന് മുദ്രകുത്തുന്ന നേതാക്കള്‍ ഓര്‍ക്കണം. കണ്ണൂരിലെ പന്തക്കപ്പാറയിലെ ദിനേശ് ബീഡി കമ്പനിയില്‍ 1977 ജൂണ്‍ ആദ്യം ഒരു ആക്രമണം നടന്നു. ബീഡിത്തൊഴിലാളികള്‍ക്കുനേരെ നാടന്‍ ബോംബുകള്‍ തുരുതുരാ എറിഞ്ഞു. ബീഡി തെറുക്കുന്ന മുറങ്ങളില്‍ തൊഴിലാളികളുടെ രക്തവും മാംസവും. കൊളങ്ങരോത്ത് രാഘവന്‍ എന്ന സിപിഐ എം പ്രവര്‍ത്തകന്‍ അന്ന് രക്തസാക്ഷിയായി. ഈ അക്രമത്തിന് നേതൃത്വം നല്‍കിയത് അന്ന് ഡിസിസി സെക്രട്ടറിയായിരുന്ന, പിന്നീട് ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവാണ്. വാടകക്കൊലയാളികളെ വിട്ട് ട്രെയിനില്‍ ആക്രമണം നടത്തി ഇ പി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചതാരാണ്? ഈ കേസില്‍ കെ സുധാകരന്‍ പ്രതിയായിരുന്നല്ലോ. കണ്ണൂര്‍ നഗരത്തിലെ സേവറി ഹോട്ടലില്‍ ഊണു വിളമ്പുകയായിരുന്ന നാണു എന്ന തൊഴിലാളിയെ ബോംബെറിഞ്ഞു കൊന്നത് കോണ്‍ഗ്രസുകാരല്ലേ.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമധ്യേ 2006 ഏപ്രില്‍ 16ന് ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി വത്സലനെ കൊന്നത് കോണ്‍ഗ്രസ്-മുസ്ലിംലീഗ് അക്രമകാരികളാണ്. പ്രതികളെ കോടതി ശിക്ഷിച്ചത് സമീപകാലത്താണല്ലോ. ഒരു സംഘര്‍ഷവും സംഘട്ടനവും ഇല്ലാതിരിക്കെയാണ് ചാവക്കാട് മേഖലയിലെ സാധാരണക്കാരുടെ സ്നേഹഭാജനമായിരുന്ന നാല്‍പ്പതിനടുത്തു മാത്രം പ്രായമുള്ള പൊതുപ്രവര്‍ത്തകന്‍ വത്സലനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. വത്സലന്റെ ഭാര്യ പിന്നീട് മരണപ്പെട്ടു. വത്സലന്‍ മരിക്കുമ്പോള്‍ ആറുവയസുണ്ടായിരുന്ന മകന്‍ ഇന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.കോണ്‍ഗ്രസ് ഭരണം തുടരുമ്പോള്‍ കമ്യൂണിസ്റ്റുകാരെ കൊല്ലാന്‍ ആര്‍എസ്എസിന് സ്വാതന്ത്ര്യം കൊടുക്കുന്ന പതിവ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലും തുടരുകയാണ്.

2006 ഏപ്രില്‍ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്ന തടവുകാരന്‍ കൊല്ലപ്പെട്ടത് ജയിലിലേക്ക് രഹസ്യമായി കടത്തിയ ആയുധം ഉപയോഗിച്ചായിരുന്നു. കൊന്നത് ആര്‍എസ്എസുകാരന്‍. അന്നും ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.2013 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി തിരുവനന്തപുരം ജില്ലയില്‍ യുവജന- വിദ്യാര്‍ഥി പ്രവര്‍ത്തകരായ മൂന്നുപേരെ കൊന്നു. ഒരു വിദ്യാര്‍ഥിയുടെ അച്ഛന്‍ ആനാവൂരിലെ നാരായണന്‍ നായരെയും കാവിസംഘം കൊലക്കത്തിക്കിരയാക്കി. ഒരു ആര്‍എസ്എസുകാരന്റെ ജീവന്‍പോലും ഇവിടെ നഷ്ടപ്പെട്ടിരുന്നില്ല. എന്നിട്ടാണ് ഈ ആക്രമണം.

കണ്ണൂരില്‍ മൂന്നുപേരെയാണ് അരുംകൊല ചെയ്തത്. ചിറ്റാരിപ്പറമ്പിലെ ഓണിയന്‍ പ്രേമനെ ഇരുകാലുകളും വെട്ടിമാറ്റിയാണ് കൊന്നത്. പള്ളിച്ചാലില്‍ വിനോദനെ ബോംബെറിഞ്ഞു വകവരുത്തി. വെണ്ടുട്ടായില്‍ വീടിനുനേരെയുണ്ടായ ബോംബേറിനെത്തുടര്‍ന്ന് സരോജിനി എന്ന വീട്ടമ കൊല്ലപ്പെട്ടു. വടക്കാഞ്ചേരി കണ്ണമ്പ്രയില്‍ ഓട്ടോ ഡ്രൈവറായ വിജയനെ പതിയിരുന്ന് വെട്ടിവീഴ്ത്തി കൊല്ലപ്പെടുത്തി. തൃശൂര്‍ പാവട്ടിയില്‍ ഷിഹാബിനെ ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത്. 2005ല്‍ ഷിഹാബിന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ഇക്കൂട്ടര്‍ വകവരുത്തിയിരുന്നു. ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് മൂര്‍ച്ചയിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍. മറുവശത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വകവരുത്തുന്ന ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസും ഒട്ടും പുറകിലല്ല. 2013 സെപ്തംബര്‍ 16ന് തിരുവോണനാളില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച ഉദുമയിലെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ അതിക്രൂരമായി കൊലപ്പെടുത്തി. കൊലയാളികള്‍ പ്രദേശത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് ഉന്നത നേതാക്കളുമായി ഉറ്റബന്ധമുള്ളവരുമാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ നാലാണ്ടിനിടയില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ 25 പേര്‍ രക്തസാക്ഷികളായി. കമ്യൂണിസ്റ്റുകാര്‍ അക്രമികളാണെന്ന് പ്രചരിപ്പിച്ച് വോട്ടുപിടിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും തീവ്രവാദി സംഘടനകളുടെയും അക്രമത്തിനിരയായി മരണപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള സംഖ്യയെങ്കിലും ഒന്നു നോക്കുക (തിരുവനന്തപുരം- 4, കൊല്ലം-1, കോട്ടയം-1, ഇടുക്കി-1, തൃശൂര്‍-2, പാലക്കാട്- 5, മലപ്പുറം-2, കോഴിക്കോട്-1, കണ്ണൂര്‍-4, കാസര്‍കോട്- 4). ഒരു ആര്‍എസ്എസുകാരനോ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനോ സംഘട്ടനത്തില്‍ മരണപ്പെട്ടാല്‍ കോലാഹലം സൃഷ്ടിക്കുന്ന ഭരണക്കാരും അവരുടെ മാധ്യമങ്ങളും ഈ കണക്ക് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയാണ്. അക്രമത്തിനിരയായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ ജീവന്‍വെടിയുന്ന പ്രസ്ഥാനത്തെ അക്രമകാരികളായി ചിത്രീകരിക്കുന്നത് മനുഷ്യത്വരഹിതവും തികഞ്ഞ അസംബന്ധവുമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനവിരുദ്ധ സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരത്തെ പൊള്ളയായ ആക്ഷേപങ്ങള്‍കൊണ്ട് തടയാനാകില്ല. ചെരുപ്പ് തലയിലണിഞ്ഞാല്‍ കിരീടമാകില്ലെന്ന് ആന്റണി ഓര്‍ത്താലും.

***