ത്യാഗത്തിന്റെ പര്യായം; പോരാട്ടത്തിന്റെയും

കോടിയേരി ബാലകൃഷ്ണൻ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മറക്കാനാകാത്ത പേരാണ് സ. പി കെ ചന്ദ്രാനന്ദന്റേത്. പി കെ സി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരുവര്‍ഷമാകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ ആവേശോജ്വലമായ അധ്യായം തീര്‍ത്ത പുന്നപ്ര- വയലാര്‍ സമരത്തില്‍ പൊലീസുമായി മുഖാമുഖം ഏറ്റുമുട്ടി സഖാവ്. ഇക്കാലഘട്ടങ്ങളില്‍ സ്വായത്തമാക്കിയ പാര്‍ടി അച്ചടക്കവും കമ്യൂണിസ്റ്റ് ബോധവും ജീവിതാവസാനംവരെ ഉയര്‍ത്തിപ്പിടിച്ച പോരാളികൂടിയാണ് പി കെ സി. 1941ലാണ് പി കെ സി കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. 1954ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി. പാര്‍ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. പാര്‍ടിക്കകത്തെ ഇടത്- വലത് വ്യതിയാനങ്ങള്‍ക്കെതിരെ നടത്തിയ നിരന്തര പോരാട്ടം പി കെ സിയെ ശ്രദ്ധേയനാക്കി.

വര്‍ഗകാഴ്ചപ്പാടിലൂടെ പാര്‍ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ സംഭാവനയാണ് സഖാവിന്റെ ഭാഗത്തുനിന്നുണ്ടായത്. ആശയപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലുള്ള ചാഞ്ചല്യവും ബാധിക്കാത്ത ഉത്തമനായ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റായിരുന്നു ജീവിതാന്ത്യംവരെ പി കെ സി. അടിമുടി കമ്യൂണിസ്റ്റെന്ന പ്രയോഗം എന്തുകൊണ്ടും സഖാവിന് യോജിക്കും. ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂര്‍ത്തിമത്ഭാവമായിരുന്നു. പുന്നപ്ര- വയലാര്‍ സമരത്തെ തുടര്‍ന്ന് ഒളിവുജീവിതം നയിക്കേണ്ടിവന്നു. പന്ത്രണ്ട് വര്‍ഷത്തോളം ഇത്തരമൊരു ജീവിതമായിരുന്നു സഖാവിന്. 1964ല്‍ ചൈനീസ് ചാരനായി മുദ്രകുത്തി ജയിലിലടച്ചു. അടിയന്താരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്നു. നീണ്ട ഒളിവുജീവിതവും ജയില്‍വാസവുമെല്ലാം പി കെ സിയിലെ കമ്യൂണിസ്റ്റിനെ കൂടുതല്‍ കരുത്തനാക്കിയതേയുള്ളൂ.

പുന്നപ്ര- വയലാര്‍ സമരത്തിനുശേഷം കോഴിക്കോട്ട് എത്തിയ പി കെ സി പാര്‍ടി നിര്‍ദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഭാസ്കരന്‍നായര്‍ എന്ന പേരിലായിരുന്നു അവിടുത്തെ ഒളിവുജീവിതം. ഈ കാലഘട്ടത്തില്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കുകയല്ല, സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. 1957ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദന്‍ എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.വര്‍ഗ- ബഹുജനസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവര്‍ത്തകരുമായി ഉയര്‍ന്നുവന്ന നിരവധി പേരെ പാര്‍ടിയില്‍ അണിനിരത്തുന്നതില്‍ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്.

പാര്‍ടിപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമായി വലിയ അടുപ്പവും വാത്സല്യവും കാണിച്ചിരുന്നു. പാര്‍ടിക്കായി നീക്കിവച്ച സഖാവിന്റെ ജീവിതം അനുഭവങ്ങളുടെ അക്ഷയഖനിയാണ്. പുതുതലമുറയ്ക്കാകട്ടെ, ഏറെ പഠിക്കാനുള്ള ചരിത്രപുസ്തകവും. കേരളത്തിലെ പല കമ്യൂണിസ്റ്റ് നേതാക്കളെയുംപോലെ നവോത്ഥാന പ്രസ്ഥാനത്തിലൂടെയാണ് പി കെ സി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ എത്തുന്നത്. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി പൊതുരംഗത്ത് കടന്നുവന്നു. പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിയത്. 1946 ഒക്ടോബര്‍ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കി നടന്ന പോരാട്ടത്തിന് നേതൃത്വം നല്‍കിയത് പി കെ സിയായിരുന്നു. 22-ാം വയസ്സില്‍ വാരിക്കുന്തമേന്തി ദിവാന്റെ സേനയ്ക്കെതിരായുള്ള ധീരോദാത്ത പോരാട്ടം സഖാവ് ഏറ്റെടുത്തു. പൊലീസ് കാഞ്ചി വലിച്ചത് അല്‍പ്പം വൈകിയതുകൊണ്ടുമാത്രം പി കെ സിയുടെ ജീവന്‍ അവശേഷിച്ചു. ഇടതടവില്ലാത്ത പോരാട്ടത്തിന്റെ ജീവിതമായിരുന്നു തുടര്‍ന്നും നയിക്കേണ്ടിവന്നത്.

പോരാട്ടങ്ങളുടെ നിരവധി വഴികളിലൂടെ സഖാവ് സഞ്ചരിച്ചു. അക്കാലത്ത് ആര്‍ജിച്ച ജീവിതശൈലിയുടെ സ്വാധീനം അന്ത്യംവരെ സഖാവിന് ഉണ്ടായിരുന്നു. പൊതുപ്രവര്‍ത്തനത്തിലെ വിശുദ്ധിക്ക് മാതൃകയായി അദ്ദേഹം വഹിച്ച ഓരോ സ്ഥാനങ്ങളും മാറി. അമ്പലപ്പുഴയെ പ്രതിനിധാനംചെത്ത് നിയമസഭയില്‍ എത്തിയ അദ്ദേഹം നല്ല പാര്‍ലമെന്റേറിയനായിരുന്നു. ജനകീയപ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനും ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പി കെ സി മുന്നണിയില്‍ത്തന്നെ ഉണ്ടായിരുന്നു.

ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കാനും കൂടുതല്‍ പതിപ്പുകള്‍ ആരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. 1989 ജനുവരി 4ന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ആരംഭിച്ചപ്പോള്‍ അതിന്റെ സാരഥിയായും പ്രവര്‍ത്തിച്ചു. ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു ഇക്കാലത്ത് സംഘടിപ്പിച്ചത്. രാവിലെ ആരംഭിക്കുന്ന പത്രത്തിന്റെ ജോലിതൊട്ട് അവസാന എഡിഷന്‍ അടിച്ചുതീരുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജാഗ്രതയോടെ നേതൃത്വംനല്‍കാന്‍ പി കെ സി ഉണ്ടായിരുന്നു. ചിന്താ പബ്ലിഷേഴ്സിന്റെ അമരക്കാരനായും പ്രവര്‍ത്തിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെമ്പറായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ആ സ്ഥാനത്തുനിന്ന് അദ്ദേഹം നേടിയെടുത്ത ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡ് തന്നെ ഉണ്ടായി എന്നത്. എത്തപ്പെടുന്ന ഏത് മേഖലയിലും തന്റെ അര്‍പ്പണംകൊണ്ടും സ്നേഹസവിശേഷമായ ഇടപെടല്‍കൊണ്ടും ആദരവ് പിടിച്ചുപറ്റി. അതേസമയം, വര്‍ഗതാല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെ മുന്നോട്ട് പോകുന്നതിലും ജാഗ്രത കാണിച്ചു. ജനങ്ങള്‍ക്കുവേണ്ടി ജീവിതമുഴിഞ്ഞുവച്ച പി കെ സിയുടെ ഓര്‍മകള്‍ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നമുക്ക് കരുത്തേകും.

***