സമരോത്സുക ജീവിതം

കോടിയേരി ബാലകൃഷ്ണൻ

 സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 67 വര്‍ഷം തികയുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് സഖാവ്. സഖാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് എന്നതുതന്നെ എത്ര സ്നേഹത്തോടെയാണ് പാര്‍ടി സഖാക്കള്‍ അദ്ദേഹത്തെ കണ്ടിരുന്നത് എന്ന് വ്യക്തമാക്കുന്നു. കൃഷ്ണപിള്ളയുടെ ഇടപെടലുകളും സംഘടനാരീതിയും നേതൃഗുണവും പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകംതന്നെ.1937ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ ഗ്രൂപ്പ് കോഴിക്കോട്ട് രൂപീകരിക്കുന്നത്. അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് കൃഷ്ണപിള്ളയെയായിരുന്നു. പിണറായി പാറപ്രം സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

 
1906ല്‍ വൈക്കത്താണ് കൃഷ്ണപിള്ള ജനിച്ചത്. ദാരിദ്ര്യംമൂലം പഠനം നേരത്തേതന്നെ അവസാനിപ്പിക്കേണ്ടിവന്നു. 16-ാം വയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി പ്രവര്‍ത്തിച്ചു. പിന്നീട് പല സ്ഥലത്തും വിവിധ ജോലികള്‍ ചെയ്താണ് ജീവിച്ചത്. 1927ല്‍ ബനാറസില്‍ എത്തി. അവിടെ രണ്ടുവര്‍ഷം ഹിന്ദി പഠിച്ച് സാഹിത്യ വിശാരദ് പരീക്ഷ എഴുതി. പിന്നീട് തൃപ്പൂണിത്തുറയില്‍ ഹിന്ദിപ്രചാരകനായി ജോലിയില്‍ പ്രവേശിച്ചു.ഉപ്പുസത്യഗ്രഹസമരത്തില്‍ കൃഷ്ണപിള്ള സജീവമായിത്തന്നെ ഉണ്ടായിരുന്നു. ഉപ്പുസത്യഗ്രഹത്തിനിടെ അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് ത്രിവര്‍ണപതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനില്‍പ്പ് ആ സമരത്തിലെ ഉജ്വല അധ്യായങ്ങളിലൊന്നാണ്. ഈ സമരത്തില്‍ ക്രൂരമര്‍ദനമേറ്റ് സഖാവ് ബോധംകെട്ടുവീണു. മര്‍ദനവും ജയില്‍വാസവും കൃഷ്ണപിള്ളയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കുന്നതില്‍ അസാധാരണ പാടവമാണ് സഖാവ് കാണിച്ചത്. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡിനെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും സഖാവ് നടത്തിയ ഇടപെടലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അടിത്തറ ഒരുക്കുന്നതിന് സഹായകമായത്.
 
കേരളത്തിന്റെ എല്ലാ മുക്കുംമൂലയും സഖാവിന് പരിചിതമായിരുന്നു. അക്കാലത്തെ പാര്‍ടിപ്രവര്‍ത്തകരെ മാത്രമല്ല, രാഷ്ട്രീയരംഗത്ത് ഇടപെടുന്ന വ്യക്തികളെ കണ്ടെത്തുകയും അവരെ പാര്‍ടിയിലേക്ക് കൊണ്ടുവരുന്നതിന് നടത്തിയ ഇടപെടലും മാതൃകാപരമാണ്. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറുന്ന പ്രക്രിയയായിരുന്നു പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ ഉണ്ടായത്. ആ സമ്മേളനത്തില്‍ പാര്‍ടി കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി സഖാവ് തെരഞ്ഞെടുക്കപ്പെട്ടു. കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടില്ലെങ്കിലും ആ കാഴ്ചപ്പാടനുസരിച്ച് കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ കൃഷ്ണപിള്ള നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണ്. 
 
1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട ഘട്ടത്തിലെ ഒളിവുജീവിതത്തിനിടയിലാണ് സഖാവ് പാമ്പുകടിയേറ്റ് മരിക്കുന്നത്. മരണത്തിന് കീഴടങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് "സഖാക്കളേ മുന്നോട്ട്" എന്ന സന്ദേശം നല്‍കി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിലെ ഏത് കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകന്റെയും മനസ്സില്‍ അന്നും ഇന്നും നിറഞ്ഞുനില്‍ക്കുന്ന വാചകമാണത്. കേരളത്തിന്റെ സാമൂഹ്യവികാസ ചരിത്രത്തിലെ ചാലകശക്തിയായിരുന്നു പി കൃഷ്ണപിള്ള. നവോത്ഥാനമുന്നേറ്റങ്ങളില്‍ ഇടപെടുന്നതിലും അതിന്റെ തുടര്‍ച്ചയില്‍ വര്‍ഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കുന്നതിലും സഖാവ് കാണിച്ച ദീര്‍ഘവീക്ഷണം കേരളത്തിന്റെ ഇന്നത്തെ വികാസത്തിന് ഏറെ സഹായകമായി.
 
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന സമൂഹത്തില്‍ മനുഷ്യരെല്ലാം ഒന്നാണ് എന്ന സന്ദേശം പ്രചരിപ്പിച്ചാണ് നവോത്ഥാന ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. തിരുവിതാംകൂറില്‍ അയ്യാ വൈകുണ്ഠനെപ്പോലുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ തുടക്കംകുറിച്ച ചിന്തകള്‍ ഒരു പ്രസ്ഥാനമായി കേരളത്തിലാകമാനം വളര്‍ന്നുവന്നത് ശ്രീനാരായണഗുരുവിന്റെ വരവോടെയാണ്. ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും വാഗ്ഭടാനന്ദനും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാര്‍ ഇവിടെ നിലനിന്ന ജാത്യനാചാരങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു. ഇസ്ലാം- ക്രൈസ്തവ വിഭാഗങ്ങളിലും വിവിധങ്ങളായ നവോത്ഥാന ചിന്തകള്‍ വികസിച്ചിരുന്നു. നവോത്ഥാന നായകര്‍ അതത് സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്യുന്ന സമീപനം സ്വീകരിച്ചു. അതിലൂടെ പൊതുധാരയിലേക്ക് ജനതയെ എത്തിക്കുക എന്ന കാഴ്ചപ്പാട് സ്വീകരിച്ചു. അതത് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പൊരുതുന്നതിനൊപ്പംതന്നെ, പൊതുവായ പ്രശ്നങ്ങളിലും അവര്‍ സജീവമായി. കീഴാള ജനവിഭാഗങ്ങളില്‍നിന്ന് ആരംഭിച്ച് മറ്റു വിഭാഗങ്ങളിലേക്ക് നവോത്ഥാനചിന്ത വ്യാപിക്കുന്ന സ്ഥിതിയാണ് കേരളത്തിലുണ്ടായത്. 
 
1924ല്‍ വൈക്കംസത്യഗ്രഹം ആരംഭിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. വൈക്കത്തുകാരനായ കൃഷ്ണപിള്ളയ്ക്ക് അന്ന് പതിനാലോ പതിനഞ്ചോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ അനുഭവങ്ങള്‍വച്ച് 1948ലെ ദേശാഭിമാനി വിശേഷാല്‍പ്രതിയില്‍ പി കൃഷ്ണപിള്ള സത്യഗ്രഹസ്ഥലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ആ സമരത്തിലെ ത്യാഗത്തെക്കുറിച്ച് ഏറെ മതിപ്പോടെതന്നെ അദ്ദേഹം രേഖപ്പെടുത്തുന്നു. അതോടൊപ്പം, ആ പ്രക്ഷോഭം നല്ല നിലയില്‍ നയിക്കുന്നതിനെ സംബന്ധിച്ച വിലയിരുത്തലുമുണ്ട്. 1931ലാണ് കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ ഗുരുവായൂര്‍ സത്യഗ്രഹം. ആ പ്രക്ഷോത്തില്‍ സജീവമായിത്തന്നെ കൃഷ്ണപിള്ള പങ്കെടുത്തു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ അമ്പലമണി അടിച്ചതിനെത്തുടര്‍ന്ന് ഭീകരമര്‍ദനം സഖാവിന് ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തില്‍ വളന്റിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചത് എ കെ ജിയായിരുന്നു. 1937ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. 1939 ആകുമ്പോഴേക്കും പാര്‍ടിയുടെ സംസ്ഥാനഘടകം രൂപീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടി നവോത്ഥാനപ്രസ്ഥാനങ്ങളോട് ക്രിയാത്മക സമീപനമാണ് സ്വീകരിച്ചത്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ പാര്‍ടി സജീവമായി. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരായ പോരാട്ടങ്ങള്‍ സംസ്ഥാനത്തെമ്പാടും സംഘടിപ്പിച്ചു. ക്ഷേത്രക്കുളങ്ങളില്‍ പ്രവേശനമില്ലാതിരുന്ന പിന്നോക്ക- ദളിത് വിഭാഗങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ക്ഷേത്രക്കുളങ്ങളില്‍ കുളിക്കുന്ന സമരപരിപാടി ആരംഭിച്ചു.
 
ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പാര്‍ടി പിന്തുണ നല്‍കി. അതോടൊപ്പം, തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിനും ഈ വര്‍ഗനിലപാടില്‍നിന്ന് അനാചാരങ്ങള്‍ക്കെതിരായും ജാതീയ അവശതകള്‍ക്കെതിരായും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിനും പാര്‍ടി യത്നിക്കുകയും ചെയ്തു. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതുമ്പോള്‍ തന്നെ കൂലിവര്‍ധനയ്ക്കുള്ള പ്രക്ഷോഭവും പാര്‍ടി സംഘടിപ്പിച്ചു. 1946ല്‍ നടന്ന പുന്നപ്ര- വയലാര്‍ സമരം തൊഴിലാളികളുടെ ജീവിതാവശ്യങ്ങളും അതോടൊപ്പം ഐക്യകേരളമെന്ന കാഴ്ചപ്പാട് സ്ഥാപിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു. സാമൂഹ്യപ്രശ്നങ്ങള്‍, സാമ്പത്തികപ്രശ്നങ്ങള്‍, രാഷ്ട്രീയപ്രശ്നങ്ങള്‍ എന്നിങ്ങനെ ജനങ്ങളുടെ ജീവിതത്തെയും പൊതുവായ മുന്നേറ്റത്തെയും ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കി. കൂലിക്കൂടുതല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തികപ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ടി മുന്നോട്ടുവന്നപ്പോള്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന സമ്പന്നവിഭാഗങ്ങള്‍ക്ക് അത് അംഗീകരിക്കാനായില്ല. ഇത്തരം പ്രസ്ഥാനങ്ങളുടെ നേതൃത്വവുമായി കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറ്റുമുട്ടേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. പുന്നപ്ര- വയലാര്‍ സമരത്തില്‍ എസ്എന്‍ഡിപിയുമായി ഇടയേണ്ടിവന്നത് ഈ സാഹചര്യത്തിണ്.
 
സാമ്പത്തിക ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. അത്തരം പ്രക്ഷോഭത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാലിയം സമരം. പാലിയം ക്ഷേത്രത്തിലും അതിനു ചുറ്റുമുള്ള വഴികളിലും അധഃസ്ഥിതവിഭാഗത്തിന് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭപരിപാടിയായിരുന്നു ഇത്. കൊച്ചിയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളെയും ചേര്‍ത്താണ് പ്രക്ഷോഭം ആരംഭിച്ചത്. 1947 ഡിസംബര്‍ 4ന് ആരംഭിച്ച പ്രക്ഷോഭത്തിനുനേരെ ശക്തമായ മര്‍ദനം അക്കാലത്ത് അഴിച്ചുവിട്ടു. മര്‍ദനം മുറുകിയപ്പോള്‍ പ്രജാമണ്ഡലം, സോഷ്യലിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വരാതായി. അവിടത്തെ എസ്എന്‍ഡിപിപോലും സമരത്തിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ശാഖകളിലെ സാധാരണപ്രവര്‍ത്തകര്‍ സമരത്തോടൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസാകട്ടെ, ശക്തമായി സമരത്തെ എതിര്‍ത്തു. ഇതിനിടയില്‍ കൊച്ചി സര്‍ക്കാര്‍ സമരത്തെ നിരോധിച്ചു.
 
പാലിയത്തെ ഈ സമരത്തെ മറ്റു പലരും കൈയൊഴിഞ്ഞപ്പോഴും കമ്യൂണിസ്റ്റ് പാര്‍ടി പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോയി. എ കെ ജി ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഇതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോവിലകങ്ങളില്‍നിന്നുള്ള സ്ത്രീകളെ വരെ ഈ പ്രക്ഷോഭത്തില്‍ പാര്‍ടി അണിനിരത്തി. ആര്യ പള്ളം, ഐ സി പ്രിയദത്ത, ഇ എസ് സരസ്വതി എന്നിവര്‍ സമരത്തില്‍ പങ്കെടുത്ത് മര്‍ദനം സഹിച്ചു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീകളും സമരത്തില്‍ പങ്കെടുത്തു. 1948 മാര്‍ച്ച് 9ന് മൂന്ന് ഭാഗത്തുനിന്നും ജാഥ പാലിയത്തേക്ക് മാര്‍ച്ച് ചെയ്തു. സായുധ പൊലീസും ഗുണ്ടകളും ചേര്‍ന്ന് സമരത്തെ ആക്രമിച്ചു. ഉത്സവത്തിന് കൊണ്ടുവന്ന ആനകളെ ചങ്ങല അഴിച്ചുവിട്ടു. ഈ പ്രക്ഷോഭത്തിലാണ് സ. എ ജി വേലായുധന്‍ രക്തസാക്ഷിയായത്. കേരളത്തിലെ അയിത്തവിരുദ്ധസമരത്തില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരനാണ് സഖാവ്. നിരവധി സഖാക്കള്‍ക്ക് അതിക്രൂര മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നു.
 
കേരളത്തിലെ പ്രസിദ്ധമായ അയിത്തവിരുദ്ധ പോരാട്ടങ്ങളില്‍ വൈക്കത്തും ഗുരുവായൂരിലും കൃഷ്ണപിള്ളയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെയാണ് പാലിയം സത്യഗ്രഹം ആരംഭിച്ചത്. പാലിയം സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് 1948ലെ ദേശാഭിമാനി വിശേഷാല്‍പ്രതിയില്‍ കൃഷ്ണപിള്ള സൂചിപ്പിക്കുന്നുണ്ട്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും ദേശീയപ്രസ്ഥാനത്തെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകളുമായി രാഷ്ട്രീയമായും കൂട്ടിയിണക്കി എന്നതാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അടിസ്ഥാന സംഭാവനകളിലൊന്ന്. ഇത്തരത്തിലുള്ള യോജിപ്പിക്കലിന് കൃഷ്ണപിള്ള നേതൃപരമായ പങ്കുവഹിച്ചു. മറ്റു പല സംസ്ഥാനങ്ങളിലും ശക്തമായ നവോത്ഥാനം ഉണ്ടായപ്പോഴും ഉച്ചനീചത്വങ്ങള്‍ തകരാതിരുന്നപ്പോള്‍, ഈ നയസമീപനം സ്വീകരിച്ചതുകൊണ്ടാണ് കേരളത്തില്‍ അത് തകര്‍ക്കാനായത്. സാമൂഹ്യമായ അവശതകളെ കൃത്യമായി മനസ്സിലാക്കി തകര്‍ക്കാനുള്ള ഇടപെടലാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. എന്നാല്‍, അത്തരത്തില്‍ ഒരു ഇടപെടലും നടത്താതെ ജന്മിത്വത്തിന്റെ സംരക്ഷകരായി നിലകൊണ്ട സംഘപരിവാറുമായി ചേര്‍ന്ന് സാമൂഹ്യമാറ്റം ഉണ്ടാക്കാം എന്നാണ് നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ചിലര്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഇത്തരം പ്രചാരവേലകളെ അതിജീവിച്ച് കേരളത്തിന്റെ മഹത്തായ ജനാധിപത്യസംസ്കാരം സംരക്ഷിക്കുന്നതിന് കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.
 
***