കോടിയേരി ബാലകൃഷ്ണൻ
ഇന്ത്യയിലെ ജനങ്ങളെത്തന്നെ വ്യത്യസ്ത തട്ടുകളാക്കി തിരിച്ച്, ചിലരെ മനുഷ്യരായിപ്പോലും അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം. രാജ്യത്തിന്റെ ശത്രുക്കളായി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും അവര്‍ കാണുന്നു. എന്നാല്‍, അതില്‍നിന്ന് തികച്ചും വ്യത്യസ്തമായി, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നതാണ് ശ്രീനാരായണഗുരുവിന്റെ ദര്‍ശനം. 1888ല്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോള്‍ ഗുരു കുറിച്ച വാക്കുകള്‍ ഈ സമീപനം വ്യക്തമാക്കുന്നുണ്ട്.
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്"
ജാതിക്കും മതത്തിനും അതീതമായി ജനങ്ങള്‍ ആകമാനം ഒന്നിച്ചുനില്‍ക്കുക- ""പല മതസാരവുമേകം എന്ന സിദ്ധാന്തമാണ് ഗുരുവിന്റേത്. 1924ല്‍ വൈക്കം സത്യഗ്രഹം നടന്ന അതേ വര്‍ഷംതന്നെ ആലുവയില്‍ ശ്രീനാരായണഗുരു വിളിച്ചുചേര്‍ത്ത സര്‍വമതസമ്മേളനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആ സമ്മേളനത്തിന്റെ കവാടത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ""വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്. മതങ്ങളെ പരസ്പരം മനസ്സിലാക്കുക എന്ന കാഴ്ചപ്പാടാണ് ഇതിലൂടെ അവതരിപ്പിച്ചത്.
ശ്രീനാരായണഗുരു ഈ സമ്മേളനത്തില്‍ നല്‍കിയ സന്ദേശം ഇപ്രകാരമായിരുന്നു: ""സര്‍വ്വമത സമ്മേളന സന്ദേശം എല്ലാ മതങ്ങളുടേയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികളും തമ്മില്‍ കലഹിച്ചിട്ട് ആവശ്യമില്ലെന്നും ഈ മതമഹാസമ്മേളനത്തില്‍ നടന്നിരുന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കാന്‍ വിചാരിക്കുന്ന മഹാപാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളുംകൂടി ഉണ്ടാവണമെന്ന് വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ തൃപ്തികരമായ നടത്തിപ്പിന് അഞ്ചുലക്ഷം രൂപ ബഹുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് പഠിപ്പിക്കുന്നതിന് മുന്‍കൈ എടുക്കണമെന്നായിരുന്നു ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടെന്ന് ഇത് വ്യക്തമാക്കുന്നു.
1920ല്‍ സമസ്ത കേരള സഹോദര സമ്മേളനത്തില്‍ ശ്രീനാരായണഗുരു പറഞ്ഞ കാര്യവും ഇതോടൊപ്പം വായിക്കേണ്ടതാണ്. ""മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായിരുന്നതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ മറികടന്ന് വിവാഹവും ആചാരങ്ങളിലുള്ള യോജിപ്പുകളുമെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതസങ്കല്‍പ്പമായിരുന്നു ശ്രീനാരായണഗുരുവിന്റേത് എന്നര്‍ഥം. ശ്രീനാരായണദര്‍ശനം പ്രചരിപ്പിക്കുന്നതിനാണ് എസ്എന്‍ഡിപി രൂപീകരിക്കപ്പെട്ടത്. അങ്ങനെയെങ്കില്‍ ജാതീയമായ വിഭജനങ്ങള്‍ക്കും മതപരമായ വിദ്വേഷങ്ങള്‍ക്കും പകരം മനുഷ്യനെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മുഴുകാനുള്ള ഉത്തരവാദിത്തമാണ് ആ പ്രസ്ഥാനം ഏറ്റെടുക്കേണ്ടത്.
നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദു ഐക്യത്തെപ്പറ്റിയാണ് ഇപ്പോള്‍ എസ്എന്‍ഡിപി നേതൃത്വത്തിലെ ചിലര്‍ സംസാരിക്കുന്നത്. എന്നാല്‍, മനുഷ്യരെ ആകമാനം യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ശ്രീനാരായണഗുരു വിഭാവനംചെയ്തതെന്ന് ഇവര്‍ മറക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡയാണ് ശ്രീനാരായണശിഷ്യരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജാതീയമായി പിളര്‍ത്തി മതപരമായി കൂട്ടിയോജിപ്പിച്ച് ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കുക എന്ന ആര്‍എസ്എസിന്റെ കാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്.
നിരവധി പോരാട്ടങ്ങളിലൂടെ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങളും മറ്റു വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും ലഭിച്ച നേട്ടങ്ങളും നഷ്ടപ്പെടുന്ന വിധത്തിലുള്ളവയാണ് മോഡിസര്‍ക്കാരിന്റെ നയങ്ങള്‍. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് വന്‍തോതില്‍ പണം വാരിക്കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മോഡി പ്രഖ്യാപിച്ചിരിക്കുന്നത്. 70,000 കോടി രൂപ ഈ ഇനത്തില്‍ ഉണ്ടാക്കുമെന്നാണ് കേന്ദ്രബജറ്റ് പ്രഖ്യാപനം.പൊതുമേഖലാസ്ഥാപനം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും തകര്‍ക്കപ്പെടുന്നു എന്നുമാത്രമല്ല പിന്നോക്ക ദളിത് ജനവിഭാഗങ്ങള്‍ക്കും മുന്നോക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും അവസരം നഷ്ടപ്പെടുകയുമാണ്. 100 ഉദ്യോഗാര്‍ഥികളെ നിയമിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തില്‍ സംവരണവിഭാഗങ്ങള്‍ക്ക് ചുരുങ്ങിയത് 50 നിയമനങ്ങളെങ്കിലും നിലവില്‍ ലഭിക്കും. മറ്റു വിഭാഗങ്ങളിലെ മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് പണമോ സ്വാധീനമോ ഇല്ലാതെ ഇത് തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്നു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ സംവരണം നഷ്ടമാകുന്നു. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാന്‍ പിന്നോക്കവിഭാഗത്തിന്റെയും ദളിത് വിഭാഗത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്നു പറയുന്നവര്‍ തയ്യാറാകുന്നില്ല. കാരണം,ജാതിസംഘടനകളുടെ പലതിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ പ്രശ്നമല്ല മറിച്ച് അവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളും വ്യക്തിപരമായ നേട്ടങ്ങളുമാണ് പ്രധാനം. എന്നാല്‍,സിപിഐ എം പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുന്ന നയത്തിനെതിരെ ശക്തമായി പൊരുതിക്കൊണ്ട് ഇത്തരം വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ജനങ്ങളെ അണിനിരത്തുകയാണ്.
പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കും മറ്റ് ജനവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും പഠിക്കാനും ആരോഗ്യം നിലനിര്‍ത്താനും അത്യന്താപേക്ഷിതമാണ് ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ പൊതുസ്ഥാപനങ്ങള്‍. പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവന്റെ പഠനാവസരമാണ് നഷ്ടപ്പെടുന്നത്. എല്ലാ പാവപ്പെട്ട ജനവിഭാഗത്തിനും ഇത് ബാധകമാണ്. പൊതുആരോഗ്യസംവിധാനത്തിന്റെ തകര്‍ച്ചയും സാമൂഹ്യക്ഷേമപദ്ധതികളുടെ തകര്‍ച്ചയും ഈ വിഭാഗത്തെതന്നെയാണ് ബാധിക്കുന്നത്. പിന്നോക്കവിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം നയങ്ങള്‍ക്കെതിരെ ശബ്ദിക്കാത്തത്?
കേരളത്തിലെ പരമ്പരാഗതവ്യവസായങ്ങളാണ് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഈറ്റ, പനമ്പ്, ചെത്ത് തുടങ്ങിയവ. ഈ മേഖലയിലെ തൊഴിലാളികള്‍ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ മേഖലയില്‍ പണിയെടുക്കുന്നത് ബഹുഭൂരിപക്ഷവും പിന്നോക്ക- ദളിത് വിഭാഗത്തില്‍പെട്ടവരാണ്. ഈ പരമ്പരാഗതമേഖലയുടെ തകര്‍ച്ച പരിഹരിക്കാനും തൊഴിലാളികളെ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ചെത്ത് മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി പോരാടാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് മുമ്പന്തിയിലുള്ളത്. 1967ല്‍ ഇ എം എസ് സര്‍ക്കാര്‍ ബീഡിത്തൊഴിലാളികള്‍ക്ക് മിനിമംവേതനം പ്രഖ്യാപിച്ചതിനെതിരെ ബീഡിക്കമ്പനികള്‍ പൂട്ടിയിട്ടു. അമ്പതിനായിരത്തിലേറെ ബീഡിത്തൊഴിലാളികള്‍ തൊഴില്‍രഹിതരായപ്പോള്‍ ഈ തൊഴിലാളികള്‍ക്കുവേണ്ടി പോരാടിയത് എ കെ ജിയും കമ്യൂണിസ്റ്റ് പാര്‍ടിയുമാണ്. വിശക്കുന്നവര്‍ക്ക് വേദാന്തമല്ല ഭക്ഷണമാണ് വേണ്ടതെന്ന വിവേകാനന്ദന്റെ ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും കമ്യൂണിസ്റ്റുകാരാണ്. ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി പിന്നോക്ക- ദളിത് ജനവിഭാഗങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി തീരുമ്പോള്‍ എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കള്‍ പിന്നോക്കത്തിന്റെ താല്‍പ്പര്യമായി പറയുന്നതെന്താണ്?
ചില വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലഭിക്കണം എന്നതാണ്. നേതൃത്വത്തിലുള്ള ചിലരെ അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടുമുണ്ടായാല്‍ പിന്നോക്കവിഭാഗത്തിലെ പാവങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാകാന്‍പോകുന്നത്? ഇത്തരത്തിലുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാവപ്പെട്ട പിന്നോക്കക്കാര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടോ? അധ്യാപക- അനധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്നുണ്ടോ? അതേ അവസരത്തില്‍ ഒരു സര്‍ക്കാര്‍സ്ഥാപനമാകുമ്പോള്‍ ഇത്തരം വിഭാഗങ്ങള്‍ക്കെല്ലാം പ്രവേശനം ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
മൈക്രോഫിനാന്‍സിന്റെ കാര്യങ്ങള്‍ പറഞ്ഞ് മേനിനടിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. രണ്ടു ശതമാനവും നാലുശതമാനവും പലിശയ്ക്ക് ലഭിക്കുന്ന പണം 12 ശതമാനംവരെ പലിശയ്ക്ക് നാട്ടുകാര്‍ക്ക് നല്‍കി അതുവഴി വന്‍തോതില്‍ ലാഭംകൊയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന അതേ പലിശനിരക്കില്‍ മൈക്രോഫിനാന്‍സ് ഇടപാടുകള്‍ക്ക് പണം നല്‍കാന്‍ ഇത് നടത്തുന്നവര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തത്? പാവപ്പെട്ട സ്ത്രീകളെ കടക്കെണിയില്‍പ്പെടുത്തി തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുക എന്ന ഉദ്ദേശ്യമാണ് ഇതിന്റെ പിന്നിലുള്ളത്. പല പിന്നോക്ക സംഘടനയുടെ വക്താക്കളും സംഘപരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അവര്‍ പിന്നോക്കജനവിഭാഗത്തിലെ പാവപ്പെട്ടവരെ ബാധിക്കുന്ന ഇത്തരം നയങ്ങളെപ്പറ്റി എന്തെങ്കിലും പറയാന്‍ തയ്യാറായതായി കണ്ടിട്ടുമില്ല. ചുരുക്കത്തില്‍ പിന്നോക്കജനവിഭാഗത്തിലെ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് പാവപ്പെട്ടവര്‍ തിരിച്ചറിയുകതന്നെചെയ്യും.
ദളിതരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്ന ചിലരും സംഘപരിവാറുമായി ചര്‍ച്ചചെയ്തതിന്റെയും പിന്തുണവാഗ്ദാനംചെയ്തതിന്റെയും വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ദളിത് വിഭാഗങ്ങളുടെ സംവരണപ്രശ്നം ഗൗരവമായി രാജ്യത്ത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം എന്ന കാര്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ഇത്തരം സംഘടനകള്‍ ഉന്നയിക്കുന്നുണ്ടോ? എസ്സി- എസ്ടി മേഖലയ്ക്ക് ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 12,000 കോടി രൂപ ബിജെപി സര്‍ക്കാര്‍ വെട്ടിക്കുറച്ച കാര്യം ചോദ്യംചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞോ?
പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത പികെഎസിന്റെ സെക്രട്ടറിയറ്റ് മാര്‍ച്ച് ഗൗരവകരമായ ഈ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്സി- എസ്ടി സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് ബിജെപി എതിരാണ്. സംഘപരിവാര്‍ നേതാക്കളെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നവര്‍ ഇത്തരം കാര്യങ്ങള്‍ അവരുടെമുമ്പാകെ ഉന്നയിക്കാതെപോകുന്നത് എന്തുകൊണ്ടാണ്. ഒരുകാലത്ത് കേരളത്തിന്റെ സാമൂഹ്യപരിഷ്കരണരംഗത്ത് ഉജ്വലമായ സംഭാവനചെയ്ത പ്രസ്ഥാനങ്ങളായിരുന്നു ഇവയെല്ലാം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹ്യപരിഷ്കരണത്തിനായി ജീവിതം നീക്കിവയ്ക്കുകയും അത്തരം ചിന്തകള്‍ കൈമുതലാകുകയും ചെയ്തവരായിരുന്നു ഇതിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. ഇത്തരം പോരാട്ടങ്ങളുമായി കണ്ണിചേര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍. ആ മാറ്റമാണ് കേരളത്തിലെ ഇന്നത്തെ പുരോഗതിക്ക് നിദാനം. ഈ മാറ്റത്തിന് സംഘപരിവാറിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിലെ ജന്മിത്വത്തിന്റെ ഗുണ്ടാപ്പടയായി പ്രവര്‍ത്തിക്കുകയായിരുന്നു ഈ ശക്തികള്‍. ജനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോവുക എന്ന നവോത്ഥാന കാഴ്ചപ്പാടുകള്‍ക്കു പകരം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനുള്ള അജന്‍ഡകള്‍ നടപ്പാക്കിയ ചരിത്രംമാത്രമാണ് കേരളത്തിലും സംഘപരിവാറിനുമുള്ളത്. നിലയ്ക്കല്‍ സംഭവം, തലശേരിയിലെ വര്‍ഗീയകലാപം, കേരളത്തിന്റെ വിവിധമേഖലകളില്‍ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ കുത്തിപ്പൊക്കുന്നതിനുള്ള ഇടപെടലുകള്‍ ഇവ മാത്രമാണ് സംഘപരിവാറിന്റെ കൈമുതല്‍. അവരുമായി നവോത്ഥാനപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിലെ നവോത്ഥാന ആശയങ്ങളെ പിന്‍പറ്റുന്നവര്‍ ചെറുത്തുനില്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഏത് മതമായിക്കൊള്ളട്ടെ ജാതിയായിക്കൊള്ളട്ടെ അവരെല്ലാം വര്‍ഗപരമായി കര്‍ഷകരും തൊഴിലാളികളും ഇടത്തരക്കാരുമൊക്കെയാണ്. ഇവരുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുകയും അതില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ എടുത്തുകൊണ്ടുമാണ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ട് പോകുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ ഇടപെടലാണ് കേരളത്തിന്റെ ഉജ്വലമായ മതേതര പാരമ്പര്യത്തിന്റെയും ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പ്പിന്റെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ ഇത് തകര്‍ക്കുന്നതിന് എല്ലാ ഘട്ടത്തിലും പിന്തിരിപ്പന്‍ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളെ തുറന്നുകാട്ടി മുന്നോട്ടുകൊണ്ടുപോവുക എന്നത് കേരളസമൂഹത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് പരമപ്രധാനമാണ്.
***