സ:ചടയനെ സ്മരിക്കുമ്പോള്‍

കോടിയേരി ബാലകൃഷ്ണൻ

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയന്‍ ഗോവിന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 17 വര്‍ഷം പൂര്‍ത്തിയാകുന്നു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന സഖാവ് നമുക്കാകെ മാതൃകയാകുന്ന ത്യാഗപൂര്‍ണമായ ജീവിതമാണ് നയിച്ചത്. സംസ്ഥാനത്ത് തൊഴിലാളിവര്‍ഗ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് സഖാവ് നല്‍കിയ സംഭാവന നിസ്തുലമാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീട്ടില്‍ നെയ്ത്ത് തുടങ്ങിയ ചടയന്‍ ഗോവിന്ദന്‍ കമ്പില്‍ ഷണ്മുഖവിലാസം കമ്പനിയില്‍ നെയ്ത്തുകാരനായി ജോലിചെയ്തു. സിദ്ധസമാജത്തിന്റെ ആശയങ്ങളിലും ആദര്‍ശങ്ങളിലും ആകര്‍ഷിക്കപ്പെട്ടു. പില്‍ക്കാലത്ത് ഈ സിദ്ധസമാജത്തിന്റെ പ്രവര്‍ത്തകര്‍ ചടയനെപ്പോലെതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരായി മാറി. കൈത്തറി തൊഴിലാളിയായിരുന്ന സഖാവ് പിന്നീട് അവരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പഴയ ചിറയ്ക്കല്‍ താലൂക്കില്‍ നെയ്ത്തുതൊഴിലാളികളുടെ പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ മുഴുകി. പൊലീസ്- ഗുണ്ടാ തേര്‍വാഴ്ചയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് പ്രവര്‍ത്തിച്ചിരുന്നത്. ആ ഘട്ടത്തില്‍ തുടങ്ങിയ പാര്‍ടി വളന്റിയര്‍ കോറിലും അംഗമായി. 1948ല്‍ കമ്പില്‍ അങ്ങാടിയില്‍ വളന്റിയര്‍മാരെ സംഘടിപ്പിച്ച് ഗുണ്ടകളെ നേരിടാന്‍ പാര്‍ടി തീരുമാനിച്ചപ്പോള്‍ ചടയന്‍ മുന്‍നിര പങ്കാളിയായി. 1964ല്‍ ഡല്‍ഹിയില്‍ പോയ സിപിഐ(എം) കേരള വളന്റിയര്‍ ടീമിലും അംഗമായിരുന്നു.

കടുത്ത പൊലീസ് മര്‍ദനത്തിനും സഖാവ് ഇരയായി. പാര്‍ടി നിരോധിക്കപ്പെട്ട ഘട്ടത്തില്‍ കയരളം പൊലീസ് ക്യാമ്പില്‍ പൂര്‍ണനഗ്നനാക്കി ദിവസങ്ങളോളം സഖാവിനെ മര്‍ദിച്ചു. മൂത്രദ്വാരത്തില്‍ പച്ചഈര്‍ക്കില്‍ കയറ്റല്‍പോലുള്ള ക്രൂരപീഡനങ്ങള്‍ക്ക് വിധേയനായി. ചടയന്‍ മരിച്ചു എന്ന വാര്‍ത്തപോലും പ്രചരിച്ചു. ഐക്യകേരള പ്രസ്ഥാനത്തിലും സജീവമായി ഇടപെട്ടു. 1970 കളില്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായുണ്ടായ പൊലീസ്- ഗുണ്ടാമര്‍ദനത്തെ ചെറുക്കുന്നതില്‍ നേതൃത്വപരമായ പങ്കാണ് സഖാവ് നിര്‍വഹിച്ചത്. ചേലേരിയിലെ അനന്തന്‍ നമ്പ്യാര്‍ പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് വിതരണംചെയ്യുന്ന പ്രവര്‍ത്തനത്തിലും സഖാവുണ്ടായി. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സഖാവിന് കൊടുങ്കാട്ടില്‍ ദിവസങ്ങളോളം കഴിയേണ്ട സാഹചര്യമുണ്ടായത്. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട ചടയന് എംഎസ്പിക്കാരുടെ പൈശാചിക മര്‍ദനമാണേറ്റത്. സഖാവിന്റെ വീട് എംഎസ്പിക്കാരും ഗുണ്ടകളും ചേര്‍ന്ന് മറ്റൊരു ഘട്ടത്തില്‍ നശിപ്പിച്ചു. വിരാജ്പേട്ടയിലേക്ക് നാടുവിടേണ്ടിവന്ന സഖാവ് അവിടെ മൂന്നുമാസത്തോളം കട്ടനിര്‍മാണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചു.

കല-സാംസ്കാരിക രംഗങ്ങളില്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് സഖാവ് പ്രവര്‍ത്തിച്ചു. കലാസമിതികളും വായനശാലകളും സംഘടിപ്പിക്കുന്നതിലും വ്യാപൃതനായി. നിരവധി നാടകങ്ങളില്‍ പ്രധാന നടനായി പ്രത്യക്ഷപ്പെട്ടു. പിന്നീട് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായശേഷമാണ് ഈ രംഗത്തുനിന്ന് പിന്മാറിയത്. സഖാവിന്റെ ഈ മുഖം ഏറെപേര്‍ക്ക് അറിയുന്നതല്ല.

1948ലാണ് സഖാവ് പാര്‍ടി സെല്ലില്‍ അംഗമാകുന്നത്. 1952ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1962ല്‍ അവിഭക്ത പാര്‍ടിയുടെ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി സെക്രട്ടറിയായി. 1964ല്‍ സിപിഐ(എം) നിലവില്‍ വന്നപ്പോള്‍ ജില്ലാകമ്മിറ്റി അംഗമായി. 1979ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. ഇടക്കാലത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ് മുതല്‍ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പാര്‍ലമെന്ററിരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

നിസ്വാര്‍ഥമായ പ്രവര്‍ത്തനവും ആത്മാര്‍ഥതയും പ്രതിബദ്ധതയും ലാളിത്യവും പാര്‍ടിക്കൂറും ഒത്തുചേര്‍ന്ന വിപ്ലവകാരിയായിരുന്നു സ. ചടയന്‍ ഗോവിന്ദന്‍. ഈ സവിശേഷതയാണ് എളിയതും ദുസ്സഹവുമായ ജീവിതസാഹചര്യത്തില്‍നിന്ന് ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്ക് ഉയരുന്നതിന് ചടയനെ സഹായിച്ചത്. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും സഖാവിന് സാധിച്ചു. ഏത് പ്രതിസന്ധിഘട്ടത്തെയും ധീരമായി നേരിടുന്ന സമീപനമായിരുന്നു സഖാവിന്റേത്. യാതനാനിര്‍ഭരമായ ആ ജീവിതത്തില്‍നിന്ന് പുതിയ തലമുറയ്ക്ക് ഏറെ പഠിക്കാനുണ്ട്. പാര്‍ടിയായിരുന്നു സഖാവിനെല്ലാം.

പാര്‍ടി ശക്തിപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞുവച്ച സഖാവിന്റെ ചരമദിനം ആചരിക്കുന്ന ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കി നാടിനെ വര്‍ഗീയമായി ധ്രൂവീകരിക്കുന്നതിനും അതിലൂടെ നേട്ടംകൊയ്യുന്നതിനും സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. സംഘപരിവാറിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനാകെ ഭീഷണിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കി ആയിരങ്ങളെ കൊലപ്പെടുത്തിയ ചരിത്രമാണ് സംഘപരിവാറിന്റേത്.

ജനാധിപത്യപരമായി അഭിപ്രായം പറയുന്നതിനുള്ള സാഹചര്യത്തെപ്പോലും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വര്‍ഗീയശക്തികള്‍ വ്യാപൃതരായിരിക്കുന്നത്. ജനകീയതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച വന്ദ്യവയോധികരായ മനുഷ്യസ്നേഹികളെ ഉള്‍പ്പെടെ ഒന്നിനുപുറകെ ഒന്നായി ഇവര്‍ കശാപ്പ് ചെയ്യുകയാണ്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പ്രവര്‍ത്തിച്ച ധബോല്‍ക്കറെ കൊലപ്പെടുത്തി. അതിന്റെ തുടര്‍ച്ചയിലാണ് മഹാരാഷ്ട്രയില്‍ ഇടതുപക്ഷരാഷ്ട്രീയം മുറുകെപ്പിടിച്ച് അനീതിക്കെതിരായി പോരാടിയ ഗോവിന്ദ് പന്‍സാരയെയും കൊലപ്പെടുത്തിയത്. നവോത്ഥാനരാഷ്ട്രീയം മുറുകെപ്പിടിച്ച കര്‍ണാടകത്തിലെ കലബുര്‍ഗിയെ വെടിവച്ചുകൊന്നത് ഈ അടുത്ത ദിവസമാണ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്താന്‍ കഴിയാതെ പോകുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി ഒരു ജനാധിപത്യ സംസ്കാരം ഇവിടെ വികസിച്ചിട്ടുണ്ട് എന്നതിനാലാണ്. അതുകൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം ഇവര്‍ നടത്തുന്നത്. ഒപ്പം, ഇത്തരം രീതികള്‍ കേരളത്തില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമുണ്ട്. മലയാളത്തിലെ പ്രശസ്ത നിരൂപകന്‍ ഡോ. എം എം ബഷീര്‍ മാതൃഭൂമിയില്‍ രാമായണത്തെക്കുറിച്ച് പരമ്പര എഴുതിയപ്പോള്‍ ശക്തമായ ഭീഷണിയുമായി സംഘപരിവാര്‍ ശക്തികള്‍ രംഗത്തുവന്നതും ഇടയ്ക്കുവച്ച് ആ പരമ്പര നിര്‍ത്തേണ്ടിവന്നതും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിനുനേരെപോലും ആക്രമണം സംഘടിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറായി. പാര്‍ടി പിബി അംഗം പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ പരിപാടി അലങ്കോലപ്പെടുത്താനുള്ള ഇടപെടലുണ്ടായതും അതീവ ഗൗരവകരമാണ്. കേരളജനത പൊതുവെ ആദരിക്കുന്ന സ്ഥാപനമാണ് ശിവഗിരി മഠം. ആ മഠത്തിന്റെ ഭരണസമിതി അംഗമായ ശുഭാംഗാനന്ദ കോട്ടയത്ത് സെമിനാറില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനു നേരെ കല്ലേറ് നടത്തിയതും സംഘപരിവാറാണ്. ഇത് സംഘപരിവാറിന്റെ ഭീകരമുഖം കേരളത്തിലും സ്ഥാപിക്കുന്നതിനുള്ള നീക്കമാണെന്ന് നാം തിരിച്ചറിയണം. ഇത്തരം പ്രവണതകള്‍ക്കെതിരെ തികഞ്ഞ ആത്മസംയമനത്തോടെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ കഴിയണം.

കേരളത്തില്‍ സംഘപരിവാറിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് യുഡിഎഫും ചില പിന്നോക്ക ദളിത് സംഘടനകളും നടത്തുന്നത്. മഹാരാഷ്ട്രയില്‍ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനായി ശിവസേനയെ വളര്‍ത്തിയ കോണ്‍ഗ്രസ് ഇടപെടല്‍ കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ഉണരേണ്ടതുണ്ട്. തലശേരിയില്‍ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗനാഥക്ഷേത്രത്തിനു സമീപമുള്ള ഗുരുവിന്റെ പ്രതിമ തകര്‍ത്തത് സംഘര്‍ഷമുണ്ടാക്കി ലാഭംകൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതീവഗൗരവതരമായ ഈ പ്രശ്നത്തെ അപലപിക്കാന്‍പോലും കോണ്‍ഗ്രസും ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാര്‍ എന്ന് വാദിക്കുന്ന എസ്എന്‍ഡിപി നേതൃത്വവും തയ്യാറാകുന്നില്ല എന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് പരവതാനി വിരിക്കാനുള്ള ഇവരുടെ നീക്കങ്ങള്‍ വെളിപ്പെടുത്തുന്നു.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കേരളത്തില്‍ സിപിഐ എമ്മിനെതിരെ സംഘടിതമായ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നത്. കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പല സംഭവങ്ങളും ഉയര്‍ന്നുവരികയാണ്. ആര്‍എസ്എസും ക്രിമിനലുകളും ചേര്‍ന്ന് രണ്ട് പാര്‍ടി സഖാക്കളെയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കൊലപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമപരമ്പരതന്നെ ഇവര്‍ അഴിച്ചുവിട്ടു. ഗര്‍ഭിണിയെ വീട്ടില്‍കയറി ആക്രമിച്ചു എന്നു മാത്രമല്ല, അവരുടെ നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി. നിരവധി വീടുകളും പാര്‍ടി ഓഫീസുകളും വായനശാലകളും വാഹനങ്ങളും തകര്‍ത്തു. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം സംഘടിതമായ ആക്രമണമാണ് ആര്‍എസ്എസ് നടത്തിയത്. എന്നിട്ട് മാര്‍ക്സിസ്റ്റ് അക്രമം എന്ന് പ്രചരിപ്പിച്ച് യുഡിഎഫ്-ബിജെപി ബാന്ധവത്തിന് പശ്ചാത്തലമൊരുക്കാനുള്ള വഴിയാണ് ഇവര്‍ തുറക്കുന്നത്. ആര്‍എസ്എസുകാര്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതും നെഹ്റുവിനെപ്പോലുള്ള ദേശീയനേതാക്കളെ ഹീനമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും കോണ്‍ഗ്രസുകാര്‍ മിണ്ടാതിരിക്കുന്നതും ഇത്തരമൊരു ബാന്ധവത്തിന് ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയ്യാറാകും എന്നതിന്റെ ഉദാഹരണമാണ്.

കേരളത്തിലെ ജനതയുടെ ജീവിതപ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനമാണ് സ. ചടയന്‍ തന്റെ ജീവിതംകൊണ്ട് നിര്‍വഹിച്ചത്. ഇത്തരം നിസ്വാര്‍ഥ ജനസേവകരുടെ ഓര്‍മകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് നമുക്ക് കരുത്ത് പകരും. ഒപ്പം, മഹത്തായ നവോത്ഥാന സംസ്കാരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവുമാകും.

***