അധികാരവികേന്ദ്രീകരണവും മുന്നണികളുടെ നിലപാടും
കോടിയേരി ബാലകൃഷ്ണൻ
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നവംബര്‍ 2, 5 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഭരണഘടനാപ്രകാരം നവംബര്‍ ഒന്നിന് തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ ചുമതലയേല്‍ക്കേണ്ടതായിരുന്നു. ആ ബാധ്യത നിറവേറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ത്തന്നെ തെരഞ്ഞെടുപ്പ് നടക്കാനിടയായത് ശക്തമായ പ്രക്ഷോഭത്തിന്റെയും കോടതി ഇടപെടലിന്റെയും ഫലമായാണ്. ഇത്തരമൊരു സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ടായത് യാദൃച്ഛികമല്ലെന്ന് അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
അധികാരവികേന്ദ്രീകരണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് സ്വാതന്ത്ര്യസമരകാലത്തുതന്നെ ഗാന്ധിജി ശക്തമായി വാദിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മറ്റു പല കാഴ്ചപ്പാടുകളും എന്നപോലെ ഇതും തള്ളപ്പെടുകയായിരുന്നു. ഭരണഘടനയില്‍ നിര്‍ദേശകതത്വങ്ങള്‍ എന്നനിലയില്‍ മാത്രമാണ് ഇത് സ്ഥാനംപിടിച്ചത്. പില്‍ക്കാലത്ത് ബല്‍വന്ത് റായ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. 1977ല്‍ രൂപീകരിക്കപ്പെട്ട അശോക്മേത്ത കമീഷന്‍ ഇക്കാര്യത്തില്‍ വന്ന പോരായ്മകളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും ഗൗരവകരമായ സമീപനം സ്വീകരിച്ചില്ല.
രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജിന്റെ കരടുബില്ലിലാകട്ടെ, തദ്ദേശസ്ഥാപനങ്ങളെ നേരിട്ട് കേന്ദ്രം നിയന്ത്രിക്കുന്ന സംവിധാനമാണ് വിഭാവനംചെയ്തത്- സംസ്ഥാനങ്ങളുടെ അധികാരം താഴേത്തട്ടിലേക്ക് നല്‍കുകയും സംസ്ഥാനത്തെ മറികടന്ന് അവയെ നേരിട്ട് കേന്ദ്രം നിയന്ത്രിക്കുകയും ചെയ്യുന്ന രീതി. അധികാരം കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഈ സമീപനത്തിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷം മുന്നോട്ടുവച്ചു. ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷം നടത്തിയ ശക്തമായ ഇടപെടലാണ് അധികാരവികേന്ദ്രീകരണത്തെ ഇന്നത്തെ നിലയിലെങ്കിലും എത്തിച്ചത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൊണ്ടുവന്ന അധികാരവികേന്ദ്രീകരണ നയങ്ങളെക്കാള്‍ പിറകിലായിരുന്നു പഞ്ചായത്തീരാജ് നിയമത്തിലെ വ്യവസ്ഥകള്‍.
കേരളത്തിലും അധികാരവികേന്ദ്രീകരണത്തോട് വലതുപക്ഷശക്തികള്‍ പുറംതിരിഞ്ഞുനിന്നു. 1960കളില്‍ ഇവര്‍ അധികാരത്തിലെത്തിയ ഘട്ടങ്ങളിലൊന്നും അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചില്ല. 1984ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി പിരിച്ചുവിട്ട് മൂന്നുവര്‍ഷത്തേക്ക് ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തി. 1987ലെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ജില്ലാ കൗണ്‍സില്‍ 1991ല്‍ അധികാരത്തില്‍വന്നശേഷം യുഡിഎഫ് അട്ടിമറിച്ചു. ഭരണസമിതികളെത്തന്നെ പിരിച്ചുവിടുന്ന സ്ഥിതിയുമുണ്ടായി. 73, 74 ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളും പുതിയ നിയമങ്ങള്‍ പാസാക്കി. എന്നാല്‍, ഈ നിയമം ഏറ്റവുമവസാനം പാസാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു യുഡിഎഫിന്റെ കാലത്തെ കേരളം.
1996ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൊണ്ടുവന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തെ അതിന്റെ തുടര്‍ച്ചയില്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാന്‍ യുഡിഎഫ് സന്നദ്ധമായില്ല. 2001ല്‍ യുഡിഎഫ് അധികാരത്തില്‍വന്നപ്പോള്‍ ജനകീയാസൂത്രണത്തിനുപകരം കൊണ്ടുവന്ന കേരള വികസന പദ്ധതി, ജനകീയാസൂത്രണം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പിന്തുടരുന്നതോ ശക്തിപ്പെടുത്തുന്നതോ ആയിരുന്നില്ല.
ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരാകട്ടെ, അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്തയെത്തന്നെ തകര്‍ക്കുകയാണ്. അധികാരമേറ്റ ഉടന്‍ തദ്ദേശവകുപ്പിനെ രാഷ്ട്രീയത്തര്‍ക്കത്തിന്റെപേരില്‍ മൂന്നാക്കി വിഭജിച്ചു. ഇതിനാല്‍ വകുപ്പുകളുടെ ഏകോപനം അസാധ്യമായി. ഡിപിസിയെ നോക്കുകുത്തിയാക്കുന്ന നടപടി സ്വീകരിച്ചു. കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ ഉല്‍പ്പാദനമേഖലകളെ വികസിപ്പിക്കുന്നതിന് നല്‍കിയ ഊന്നല്‍ ഇല്ലാതാക്കി. തികഞ്ഞ അവഗണനയാണ് ഈ മേഖലയോട് കാണിച്ചത്. പദ്ധതിയുടെ 30 ശതമാനത്തിനുപകരം 20 ശതമാനമേ നല്‍കൂ എന്ന നിലപാട് സ്വീകരിച്ചു. 12 ഗഡുക്കളായി പണം നല്‍കാന്‍ തയ്യാറായതുമില്ല. പദ്ധതി നടപ്പാക്കി ട്രഷറിയില്‍നിന്ന് ബില്ലുമാറി പണം പിന്‍വലിക്കുന്ന സംവിധാനം ഉണ്ടാക്കി. ട്രഷറി നിയന്ത്രണങ്ങളും വന്നതോടെ പദ്ധതികള്‍ നടപ്പാക്കാനാകാത്ത സ്ഥിതിയുണ്ടായി. ജനകീയമായ പ്രവര്‍ത്തനത്തെ തകര്‍ത്ത് നിയന്ത്രണം മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്തയെ തകര്‍ത്തു. ഗ്രാമസഭയെ നോക്കുകുത്തിയാക്കി. കുടുംബശ്രീയെ തകര്‍ത്ത് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമപദ്ധതികളെ തകര്‍ക്കുന്ന നിലപാടെടുത്തു. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകുകമാത്രമല്ല ആ സംവിധാനത്തെതന്നെ തകര്‍ക്കുക എന്നതാണ് യുഡിഎഫ് നയം എന്ന് ഇതില്‍നിന്ന് വ്യക്തം.
അധികാരവികേന്ദ്രീകരണ പ്രക്രിയയെ വാക്കുകൊണ്ടുപോലും പിന്തുണയ്ക്കുന്നവരല്ല ബിജെപി. അവരെ നയിക്കുന്നത് ആര്‍എസ്എസാണ്. കേന്ദ്രീകൃത ഭരണസംവിധാനം എന്നതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറല്ല. ഇന്ത്യന്‍ ജനതയുടെ പൊതുവികാരമായി ഉയര്‍ന്നുവന്ന ഭാഷാ സംസ്ഥാന രൂപീകരണത്തെപ്പോലും ആര്‍എസ്എസ് എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിചാരധാരയില്‍, ഒരുതരത്തിലുമുള്ള അധികാരവികേന്ദ്രീകരണ പ്രക്രിയയും ഇല്ലാത്ത ഒരു ഭരണസംവിധാനം ഉണ്ടാകണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചത്. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ അധികാരവികേന്ദ്രീകരണം സ്ഥാനംപിടിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ എന്ന നിലയിലുള്ള അധികാരത്തെക്കുറിച്ചും അതില്‍ വിഭാവനം ചെയ്യുന്നു. ഇത്തരം കാഴ്ചപ്പാടുപോലും അംഗീകരിക്കാത്തതുകൊണ്ട് ഭരണഘടനതന്നെ മാറ്റിയെഴുതണം എന്നാണ് അവരുടെ അഭിപ്രായം. പാര്‍ലമെന്റിനെ പിരിച്ചുവിട്ട് പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരണം എന്ന സമീപനം ഇതിന്റെ തുടര്‍ച്ചയാണ്. പാര്‍ലമെന്ററി സംവിധാനത്തിന് എന്ത് പരിമിതികളുണ്ടെങ്കിലും അതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് വിവിധ പ്രദേശങ്ങളിലെ പ്രാതിനിധ്യം ഉറപ്പുവരുത്തി രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ്. ഇത് ഇല്ലാതാക്കണം എന്നതാണ് സംഘപരിവാര്‍ അജന്‍ഡ. ഏകഘടനയിലുള്ള ഭരണസംവിധാനത്തെയാണ് അവര്‍ വിഭാവനംചെയ്യുന്നത്. അതുകൊണ്ട് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഇങ്ങനെ പറയുന്നു- ഈ ഏകഘടക ഭരണകൂടം സ്ഥാപിക്കാന്‍ തക്കവണ്ണം ഭരണഘടനയെ വീണ്ടുമൊന്ന് പരിശോധനാവിധേയമാക്കി പുതുക്കിയെഴുതട്ടെ.
ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍പോലും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടുള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ എന്ന വാക്കുതന്നെ പരിഗണനയിലില്ലാത്തത് സ്വാഭാവികം. ആര്‍എസ്എസിന്റെ ഈ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന നയം ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മോഡിസര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുംവിധം ആസൂത്രണ കമീഷനെ പിരിച്ചുവിടാന്‍ തയ്യാറായത് ഇതിന്റെ ഭാഗമാണ്. പ്രായപൂര്‍ത്തി വോട്ടവകാശം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. നിശ്ചിതവയസ്സ് കഴിഞ്ഞവര്‍ക്ക് മത്സരിക്കാനുള്ള ഭരണഘടനാപരമായ അവകാശവുമുണ്ട്. എന്നാല്‍, പൗരാവകാശങ്ങള്‍പോലും ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയുണ്ടായി. ഹരിയാന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പുരുഷന്മാര്‍ എസ്എസ്എല്‍സി പാസാകണമെന്നും സ്ത്രീകള്‍ എട്ടാംക്ലാസ് പാസാകണമെന്നുമുള്ള നിബന്ധന വച്ചു. ഇതിന്റെ ഫലമായി 80 ശതമാനം വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുന്ന സ്ഥിതിയുണ്ടായി. ഈ നിയമം കോടതിക്ക് റദ്ദാക്കേണ്ടിവന്നു.
കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായി അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഇടതുപക്ഷത്തിന്റേത്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനും അധികാരവികേന്ദ്രീകരണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇടപെട്ടത് ഇതിന്റെ തെളിവാണ്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ ഈ രംഗത്ത് നടത്തിയ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്.കേരളത്തിലെ അധികാരവികേന്ദ്രീകരണപ്രക്രിയ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയാണ് ഇടതുപക്ഷം എന്നും സ്വീകരിച്ചത്. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അധികാരവികേന്ദ്രീകരണം എന്നത് സുപ്രധാന അജന്‍ഡയായി മുന്നോട്ടുവച്ചു. ഭരണപരിഷ്കാര കമീഷനെ നിയോഗിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിന്റെ പൊതു കാഴ്ചപ്പാടില്‍ ഇങ്ങനെ പറഞ്ഞു- "കാര്യക്ഷമമായ ഭരണസംവിധാനത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യം താഴെ തലത്തിലേക്ക് അധികാരം വിന്യസിക്കുകയാണ്. വികേന്ദ്രീകരണത്തിന്റെ അവശ്യപൂരകമാണ് ജനാധിപത്യവല്‍ക്കരണം.
അങ്ങനെ സംസ്ഥാനത്ത് അധികാരം കിട്ടിയ ഉടന്‍തന്നെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും കൊണ്ടുവന്നതിനൊപ്പം അധികാരവികേന്ദ്രീകരണ പ്രക്രിയയ്ക്കും ഈ സര്‍ക്കാര്‍ നേതൃത്വംനല്‍കി. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തുന്ന ഘട്ടങ്ങളിലാണ് കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് എന്ന് ചരിത്രം വ്യക്തമാക്കുന്നു.1980ല്‍ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ജില്ലാ കൗണ്‍സില്‍ നിയമം പാസാക്കാനുള്ള നടപടി സ്വീകരിച്ചു. എന്നാല്‍, അന്നത്തെ ആന്റണി കോണ്‍ഗ്രസിന്റെയും മറ്റും എതിര്‍പ്പുമൂലം അത് നടന്നില്ല. 1990ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. പ്ലാന്‍ ഫണ്ടില്‍നിന്ന് 200 കോടി രൂപ ഇതിനായി മാറ്റിവച്ച് പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. പ്രാദേശിക സര്‍ക്കാരുകളാക്കി തദ്ദേശസ്ഥാപനങ്ങളെ വികസിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയസമീപനം. അതിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയുള്ള കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്.
1996 ലാകട്ടെ ലോകശ്രദ്ധ നേടിയ ജനകീയാസൂത്രണ പ്രസ്ഥാനം നടപ്പാക്കി ഈ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരും ഈ പാത പിന്തുടര്‍ന്നു.കേന്ദ്രത്തിന്റെ അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയും സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ പലതും തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയും അവയെ പ്രാദേശിക സര്‍ക്കാരുകളാക്കി ഉയര്‍ത്താനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്ന നിലപാട് എല്ലാ ഘട്ടങ്ങളിലും സ്വീകരിച്ചത്. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം- ഈ തെരഞ്ഞെടുപ്പ് അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷവും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും അധികാരവികേന്ദ്രീകരണത്തെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്ത ബിജെപിയും തമ്മിലുള്ളതാണ്. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടപ്പാക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ പ്രകടനപത്രിക തയ്യാറാക്കാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്തതും ഈ സമീപനത്തിന്റെ തുടര്‍ച്ചയാണ്.
***