പോരാട്ടഭൂവിലെ നിറസാന്നിധ്യം

കോടിയേരി ബാലകൃഷ്ണൻ

സ. സുശീല ഗോപാലന്റെയും സ. എ കണാരന്റെയും ചരമവാര്‍ഷികദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന രണ്ടുപേരും തൊഴിലാളിവര്‍ഗ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. സുശീല ഗോപാലന്‍ അന്തരിച്ചിട്ട് 14 വര്‍ഷം പിന്നിടുകയാണ്. എ കണാരന്‍ വിട്ടുപിരിഞ്ഞിട്ട് 11 വര്‍ഷവും. പുന്നപ്ര– വയലാറിന്റെ സമരപാരമ്പര്യം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കുവന്ന സുശീല 18–ാം വയസ്സില്‍ പാര്‍ടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കെയാണ് രോഗംബാധിച്ച് മരണമടഞ്ഞത്. 1952 ലായിരുന്നു സ. എ കെ ജിയെ വിവാഹംചെയ്തത്. എ കെ ജിയോടൊപ്പം രാജ്യത്താകെ സഞ്ചരിച്ച സഖാവ്, ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്തറിയുകയും പാവപ്പെട്ടവരോടൊപ്പം പോരാടുകയും ചെയ്തു.

സുശീല ഗോപാലന്‍ തൊഴിലാളി– മഹിളാ രംഗങ്ങളിലാണ് സജീവ ശ്രദ്ധചെലുത്തിയത്. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് അവ പരിഹരിക്കുന്നതിനായി അവിശ്രമം പൊരുതിയ സഖാവിനെ ഒരിക്കലും മറക്കാത്ത നേതാവായാണ് കയര്‍ത്തൊഴിലാളികള്‍ നെഞ്ചേറ്റുന്നത്. 1971ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിച്ചതുമുതല്‍ അതിന്റെ പ്രസിഡന്റായിരുന്നു. മരണംവരെ ആ പദവിയില്‍ തുടര്‍ന്നു. കടന്നുചെല്ലുന്ന മേഖലകളില്‍ തനതായ ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു സുശീലയുടേത്. ദീര്‍ഘകാലം ലോക്സഭാംഗമായ അവര്‍ രാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചു. അവയുടെ പരിഹാരത്തിന് പാര്‍ലമെന്റിനെ ഉപയോഗപ്പെടുത്തി. കേരളത്തില്‍ മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷം തൊഴിലാളികള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാനാകും എന്നാണ് ചിന്തിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെ കെടുതികളില്‍ ശ്വാസംമുട്ടുന്ന കേരളത്തിന്റെ പരമ്പരാഗത വ്യവസായമേഖലയെ കൈപിടിച്ചുയര്‍ത്താനും തൊഴിലാളികള്‍ക്ക് സാധാരണ മനുഷ്യരായി ജീവിക്കാനുള്ള അവസരം ഉറപ്പിക്കാനും സുശീല ഭരണാധികാരിയായും തൊഴിലാളിനേതാവായും നല്‍കിയ സംഭാവന അമൂല്യമാണ്. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ നേതൃത്വത്തിലിരുന്ന അവര്‍ കശ്മീര്‍മുതല്‍ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശങ്ങളിലും മഹിളാപ്രവര്‍ത്തകരുമായി വ്യക്തിപരമായ അടുപ്പംതന്നെ കാത്തുസൂക്ഷിച്ചു. 

മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയര്‍ന്ന കമ്യൂണിസ്റ്റാണ് എ കണാരന്‍. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് സഖാവ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. സഖാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശക്തമായ സാന്നിധ്യമായിരുന്നു സഖാവിന്റേത്. നിയമസഭയില്‍ അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച ഇടപെടലുകള്‍ സഖാവിന്റെ ഭാഗത്തുനിന്നുണ്ടായി. നിയമസഭാംഗമെന്ന നിലയില്‍ എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.

ഔപചാരികതകളില്ലാതെ എല്ലാവരോടും സൌഹൃദത്തോടെ പെരുമാറാറുള്ള കണാരന്‍ അനീതിക്കെതിരെ അനന്യമായ കാര്‍ക്കശ്യവും പുലര്‍ത്തി. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തില്‍. അടിമതുല്യമായ ചുറ്റുപാടില്‍ ഉഴറിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭപരമ്പരകളാണ് സഖാവ് നയിച്ചത്. പൊതുപ്രവര്‍ത്തനത്തിനിടയില്‍ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കൊല്ലണമെന്നു തീരുമാനിച്ചുതന്നെ എതിരാളികള്‍ സഖാവിനെ ആക്രമിച്ചു. അത്ഭുതകരമായാണ് അന്ന് സഖാവ് രക്ഷപ്പെട്ടത്. സമരപോരാട്ടങ്ങളുടെ ഭാഗമായി ദീര്‍ഘകാലം ജയിലില്‍കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളില്‍ ആവേശംവിതച്ച സഖാവിന്റെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. 

ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകള്‍ക്കും സാംസ്കാരികരൂപങ്ങള്‍ക്കും എതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരന്‍ നയിച്ചത്. ചെക്കന്‍ വിളിക്കും പെണ്‍വിളിക്കും എതിരായി നടന്ന സമരങ്ങള്‍ കേരളത്തിലെ സമരചരിത്രത്തില്‍ത്തന്നെ ഉജ്വല അധ്യായമായി തീര്‍ന്നവയാണ്. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അര്‍പ്പണബോധം പുത്തന്‍ തലമുറയ്ക്ക് വലിയ പാഠംതന്നെ. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് നിവര്‍ന്നുനിന്ന് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജവും ആവേശവും പകര്‍ന്ന എ കണാരന്‍ അടിസ്ഥാനജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു. സഖാവിന്റെ നിഷ്കളങ്കമായ ചിരി പരിചയപ്പെട്ട ആരുടെയും മനസ്സില്‍ എന്നും മായാതെനില്‍ക്കും.

കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളോടൊപ്പം വര്‍ഗീയവിപത്തുകൂടി അഭിമുഖീകരിക്കുകയാണ് രാജ്യം ഇന്ന്. യുപിഎയും ബിജെപിയും കോര്‍പറേറ്റ് നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും അവരില്‍ ആര് അധികാരത്തില്‍വന്നാലും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നുമാണ്  ഇടതുപക്ഷം പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ബിജെപി എന്നത് ആര്‍എസ്എസ് നിയന്ത്രിക്കുന്ന പാര്‍ടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ അധികാരത്തില്‍വന്നാല്‍ രാജ്യത്ത് വര്‍ഗീയവല്‍ക്കരണം ശക്തിപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി. ആ മുന്നറിയിപ്പുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്ന അനുഭവമാണ് ഇന്ന് നമുക്കുമുന്നില്‍.

നരേന്ദ്ര മോഡി അധികാരത്തില്‍വന്ന് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവച്ച ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളില്‍നിന്ന് ഒരടിപോലും പിന്നോട്ടുപോയില്ലെന്നു കാണാനാകും. അവ കൂടുതല്‍ തീവ്രമായി വിവിധ മേഖലകളില്‍ നടപ്പാക്കുകയുമാണ്. ബിജെപി അധികാരമേറ്റശേഷം ഏഴുതവണയാണ് പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടിയത്. ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന്റെ എക്സൈസ് തീരുവ 9.45 രൂപയായിരുന്നു. അതിപ്പോള്‍ 19.36 രൂപയായി. 3.65 രൂപയുണ്ടായിരുന്ന ഡീസലിന്റെ തീരുവ 11.83 രൂപയായി. ഇതുവഴി ഈ സാമ്പത്തികവര്‍ഷംമാത്രം 30,000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. രാജ്യാന്തരവിപണിയില്‍ ക്രൂഡ്ഓയില്‍ വില വന്‍തോതില്‍ കുറയുമ്പോള്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കുന്നതിനുപകരം കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  റിലയന്‍സ്, ടാറ്റ, എസ്സാര്‍, കെയ്ണ്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ലാഭം കുന്നുകൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ നയം സ്വീകരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറയുന്ന സാഹചര്യം ഉണ്ടായാല്‍ രൂക്ഷമായ വിലക്കയറ്റം തടയാമെന്നിരിക്കെ അതൊന്നും പരിഗണിക്കാതെ മുന്നോട്ടുപോവുകയാണ്  കേന്ദ്രസര്‍ക്കാര്‍.

അഴിമതിയും വിലക്കയറ്റവുമാണ് മോഡി യുപിഎ സര്‍ക്കാരിനെതിരെ ആയുധമാക്കിയത്. കേന്ദ്രമന്ത്രിസഭയിലെ പ്രധാനിയായ അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഉയര്‍ന്ന ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി, അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമല്ല ബിജെപി എന്ന വസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നു. വിലക്കയറ്റത്തെക്കുറിച്ച് പറഞ്ഞാണ് അധികാരത്തില്‍ വന്നതെങ്കിലും അത് തടഞ്ഞുനിര്‍ത്താനുള്ള ഒരു പദ്ധതിയും മോഡിക്കില്ല. പൊതുമേഖല വിറ്റുതുലയ്ക്കുക എന്ന നയം കൂടുതല്‍ തീവ്രമായി മുന്നോട്ടുവയ്ക്കുന്നു. രാജ്യത്ത് അസഹിഷ്ണുത കൊടികുത്തിവാഴുന്നു. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും കലാകാരന്മാരും സ്വയം സന്നദ്ധരായി അസഹിഷ്ണുതയ്ക്കെതിരായ പ്രതിഷേധത്തില്‍ അണിചേരുന്നു. 

കേന്ദ്ര ബിജെപി സര്‍ക്കാരിന്റേതില്‍നിന്ന് വ്യത്യസ്തമല്ല കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍. റബര്‍വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണിന്ന്. റബര്‍കര്‍ഷകരെ രക്ഷിക്കാന്‍ ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ ഒന്നുംചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ല. ശക്തമായ നടപടി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാനും സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്നില്ല. വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ച് മുന്നേറുന്നു. ബാര്‍കോഴക്കേസില്‍ സംസ്ഥാനത്തെ സീനിയര്‍ മന്ത്രികൂടിയായ കെ എം മാണിക്ക് രാജിവയ്ക്കേണ്ടിവന്നു. എക്സൈസ് മന്ത്രി കെ ബാബു നിയമത്തെ മറികടന്നും ജനങ്ങളെ കബളിപ്പിച്ചും കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എല്ലാ അഴിമതി– തട്ടിപ്പ് കേസുകളിലും ഉയരുന്നു. സോളാര്‍ കേസിന്റെ നായകന്‍തന്നെ മുഖ്യമന്ത്രിയാണെന്ന് അസന്നിഗ്ധമായി തെളിഞ്ഞു. സംസ്ഥാന ആഭ്യന്തരമന്തിതന്നെ ഭരണപരാജയവും മുഖ്യമന്ത്രിയുടെ അഴിമതിയടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായാണ് ഒടുവിലത്തെ വാര്‍ത്ത. ആഭ്യന്തരമന്ത്രിക്കുപോലും വിശ്വാസമില്ല മുഖ്യമന്ത്രിയെ.

സംസ്ഥാനത്ത് വര്‍ഗീയതയുടെയും മത– ജാതി സ്പര്‍ധയുടെയും വേലിയേറ്റം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് ആര്‍എസ്എസ് ശക്തമായി ശ്രമിക്കുന്ന ഘട്ടവുമാണിത്.  അതിന്റെ ആയുധമായി വെള്ളാപ്പള്ളി നടേശന്‍ മാറി. തീവ്ര നിലപാടുകള്‍ ഉയര്‍ത്തിയും സംഘര്‍ഷം സൃഷ്ടിച്ചും പണവും അധികാരവും ഉപയോഗിച്ചും കേരളത്തില്‍ വിലാസമുണ്ടാക്കാനുള്ള സംഘപരിവാര്‍ പദ്ധതിയാണ് നവംബറില്‍ കണ്ണൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് ബൈഠക്കില്‍ രൂപപ്പെടുത്തിയത്. അത്തരം ശ്രമങ്ങളില്‍ ശ്രീനാരായണീയ പ്രസ്ഥാനത്തെ അണിനിരത്താനുള്ള നീക്കമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിട്ടുള്ളത്.  മതനിരപേക്ഷതയും മാനവികതയും തകര്‍ക്കാനുള്ള ഈ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് ഓരോ കേരളീയന്റെയും കടമയാണ്. 

രാജ്യവും സംസ്ഥാനവും കൈവരിച്ച എല്ലാ നേട്ടങ്ങളെയും തകര്‍ക്കുംവിധമാണ് കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ഇവയ്ക്കെതിരായി ഇടതുപക്ഷശക്തികളുടെ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യശക്തികളെക്കൂടി അണിചേര്‍ത്തുള്ള ബഹുജനപ്രസ്ഥാനം വളര്‍ന്നുവരേണ്ടതുണ്ട്. അത്തരം പോരാട്ടത്തിന് ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാക്കളായ സുശീല ഗോപാലന്റെയും എ കണാരന്റെയും ഓര്‍മകള്‍ കരുത്താകും.