കോടിയേരി ബാലകൃഷ്‌ണന്‍
കേരളത്തില്‍ ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ടി 2015 ഡിസംബര്‍ 5-ാം തീയതി രൂപീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷതയുടെ ആണിക്കല്ല് ഇളക്കിയ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ട ദിവസത്തിന്റെ തലേന്നാണ് സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ സംഘടന രൂപീകരിച്ചിട്ടുള്ളത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ രാഷ്ട്രീയ പാര്‍ടിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേന്‍ രാഷ്ട്രീയ സംഘടന രൂപീകരിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. അത് ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്ന കാര്യം ആര്‍.എസ്.എസിന്റെ അജണ്ടകളുമായി യാതൊരു വ്യത്യാസവും ഇത് പുലര്‍ത്തുന്നില്ല എന്നതാണ്. ഹിന്ദു ഐക്യം എന്ന ആര്‍.എസ്.എസിന്റെ മുദ്രാവാക്യം അതേപോലെ പകര്‍ത്തിയെഴുതുകയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം അജണ്ടകളുടെ കാര്യത്തില്‍ താനൊരു ഹിന്ദുത്വ തീവ്രവാദിയാണ് എന്ന് ജനങ്ങളെ ആകെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ തിരുവനന്തപുരത്ത് എത്തിയത്. കോഴിക്കോട്ട് മാന്‍ഹോളില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മനുഷ്യത്വത്തിന്റെ മഹത്തായ ആശയം ഉയര്‍ത്തിപ്പിടിച്ച് അവരെ രക്ഷിക്കാന്‍ ഇറങ്ങിയ നൗഷാദ് എന്ന ചെറുപ്പക്കാരന്‍ നമ്മെയെല്ലാം ദുഃഖത്തിലാഴ്‌ത്തി മരണപ്പെടുകയുണ്ടായി. കേരളത്തിലെ മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തം മാത്രമായിരുന്നില്ല അത്. കേരളജനത ഊട്ടിയുറപ്പിച്ച സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടന്ന ആത്മസമര്‍പ്പണം കൂടിയായിരുന്നു അത്.
കേരളത്തിന്റെ മനസ്സ് നൗഷാദിനൊപ്പം ഐക്യദാര്‍ഢ്യവുമായി നിന്നു. അവരുടെ കുടുംബത്തെ സംരക്ഷിക്കുക എന്നത് കേരളത്തിന്റെ ഉത്തരവാദിത്വമാണ് എന്ന ബോധം കേരളത്തില്‍ അലയടിച്ചു. അതിന്റെ പശ്ചാത്തലത്തില്‍ നൗഷാദിന്റെ കുടുംബത്തിന് സഹായധനവും ആശ്രിതര്‍ക്ക് ജോലിയും നല്‍കുമെന്ന പ്രഖ്യാപനമുണ്ടായി. കേരളജനത ഈ പ്രഖ്യാപനത്തില്‍ ആശ്വാസംകൊണ്ടു. എന്നാല്‍, ആ വികാരങ്ങളെയാകെ കാറ്റില്‍പറത്തി വര്‍ഗീയ ഭ്രാന്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പരസ്യമായി കേരളീയ മനസ്സിനെ വെല്ലുവിളിക്കുകയായിരുന്നു വെള്ളാപ്പള്ളി ചെയ്തത്. ഇതിലൂടെ കേരളത്തില്‍ ത്യാഗനിര്‍ഭരമായ ഇടപെടലുകളിലൂടെ നാം വളര്‍ത്തിയെടുത്ത പൊതുവായ മാനുഷികബോധത്തിനും മതനിരപേക്ഷമായ കാഴ്ചപ്പാടില്‍നിന്നും ഏറെ പുറകിലാണ് താനെന്ന് കേരളീയര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. കേരളത്തിലെ അഭിനവ ബാല്‍താക്കറെ ആക്കി വെള്ളാപ്പള്ളിയെ മാറ്റിയെടുക്കുന്നതിന് സംഘപരിവാര്‍ വിജയിച്ചിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
എസ്.എന്‍.ഡി.പി എന്ന സംഘടന രൂപീകരിക്കപ്പെടുന്നത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച ആശയങ്ങള്‍ `ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടുള്ളതായിരുന്നു. `പലമതസാരവുമേകം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന കാഴ്ചപ്പാടോടെ സര്‍വ്വമത സമ്മേളനം തന്നെ ശ്രീനാരായണ ഗുരു ആലുവയില്‍ സംഘടിപ്പിച്ചത്. മാത്രമല്ല, എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കാനുള്ള പാഠശാല തന്നെ ആരംഭിക്കണം എന്ന കാഴ്ചപ്പാടും ഈ സമ്മേളനത്തില്‍ മുന്നോട്ടുവച്ചു. എന്നാല്‍, ഇത്തരം ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നതിനു പകരം ജനങ്ങളെ പരസ്‌പരം ഏറ്റുമുട്ടിക്കുന്ന സംഘപരിവാര്‍ ആശയങ്ങളുടെ വക്താവായി വെള്ളാപ്പള്ളി നടേശന്‍ സ്വയം മാറിയിരിക്കുകയാണ്.
സമാപന സമ്മേളനത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് മുന്നോട്ടുവയ്‌ക്കുന്നത് എന്ന ബി.ജെ.പിയുടെ പല്ലവി ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. ഈ അടുത്തകാലത്തുതന്നെ ഉണ്ടായ സംഭവം ആരെല്ലാം തമ്മിലാണ് അഡ്‌ജസ്റ്റ്‌മെന്റ് നടക്കുന്നതെന്ന് വ്യക്തമായിട്ടുള്ളതാണ്. ബാര്‍ കോഴക്കേസില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രക്ഷോഭത്തിന്റെയും കോടതിയുടെ ഇടപെടലിന്റെയും ഫലമായി ധനമന്ത്രി കെ.എം. മാണിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് രാജിവച്ച കെ.എം. മാണിയുമായി സഖ്യമുണ്ടാക്കാമെന്ന് ഉടന്‍ തന്നെ പ്രഖ്യാപിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുരളീധരനാണ്. അഡ്‌ജസ്റ്റ്‌മെന്റുകള്‍ ആരൊക്കെ തമ്മിലാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണല്ലോ. അഴിമതിക്കെതിരെ വെളിച്ചപ്പാടായവര്‍ മിണ്ടാതെ പോകുന്നതും കേരളജനത കണ്ടിട്ടുള്ളതാണ്.
പാവപ്പെട്ട ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം ഇടപെടുന്നില്ലെന്നുള്ള വിമര്‍ശനം ഉന്നയിച്ചുകണ്ടു. കേരളത്തിന്റെ സാമൂഹ്യമാറ്റം എങ്ങനെ ഉണ്ടായി എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചുകൊണ്ടുള്ള സംഘപരിവാറിന്റെ ജല്‍പ്പനമാണ് ഇവിടെ വെള്ളാപ്പള്ളി നടത്തിയത്. ഇടതുപക്ഷത്തെ തള്ളിപ്പറയുന്ന വെള്ളാപ്പള്ളി പുതിയ കൂട്ടുകാരായെത്തിയ സംഘപരിവാര്‍ കേരളത്തിന്റെ സാമൂഹ്യ വികാസത്തിന് എന്തു സംഭാവനയാണ് നല്‍കിയത് എന്ന് വ്യക്തമാക്കുക കൂടി ചെയ്യേണ്ടതാണ്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഇടപെടലുകളാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത് എന്ന് ആര്‍ക്കും അറിയാവുന്നതാണ്. ദളിത്-പിന്നോക്ക വിഭാഗങ്ങളുടേത് ഉള്‍പ്പെടെ ജീവിതനിലവാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയരുന്നതിന് ഇടയാക്കിയത് ഇടതുപക്ഷത്തിന്റെ ഇടപെടലാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്നല്ല. പുതിയ കാലത്ത് ഉയര്‍ന്നുവരുന്ന പുതിയ പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോവുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് അജണ്ടയാണ് പുതിയ പാര്‍ടിക്കുള്ളത് എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. അല്ലാതെ ഭള്ള് പറയുകയല്ല വേണ്ടത്. കേരളത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ടും കോട്ടങ്ങള്‍ പരിഹരിച്ചുകൊണ്ടും മുന്നോട്ടുപോകുന്നതിനുള്ള വികസന പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനുള്ള അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പരിപാടികളുമായി സി.പി.ഐ (എം) മുന്നോട്ടുപോവുകയാണ്. ആ ഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാന്‍ ജനങ്ങളെ സജ്ജരാക്കാനുള്ള പ്രവര്‍ത്തനമാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാന്‍ ശക്തമായ പരിശ്രമമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുതകുന്ന പദ്ധതികള്‍ സംഘപരിവാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം പാസ്സാക്കിയ പ്രമേയം ഇത്തരം ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനുവേണ്ടിയായിരുന്നു. കേരളത്തില്‍ ഗുജറാത്ത് മോഡല്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതിന് കളമൊരുക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യം വച്ചത്. കണ്ണൂരില്‍ ആര്‍.എസ്.എസിന്റെ സര്‍സംഘ ചാലക് മോഹന്‍ ഭഗവത് പങ്കെടുത്തുകൊണ്ട് നടന്ന യോഗത്തില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള പദ്ധതികളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട മേഖലയും ഹിന്ദു വിശ്വാസികളുടെ മാത്രം കൈകളിലേക്ക് കൊണ്ടുവരിക എന്ന കാഴ്ചപ്പാട് അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അതിന് ഉതകുന്ന വിധം ഇടപെടുക എന്നതാണ് അവര്‍ സ്വീകരിച്ചിരിക്കുന്ന ഒരു നയം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരവേല സംഘടിപ്പിക്കുക എന്നതും അവരുടെ പ്രധാനപ്പെട്ട കാഴ്ചപ്പാടായി മാറിയിട്ടുണ്ട്.
കേരളത്തിലെ കടലോരമേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് സംഘപരിവാര്‍ നിശ്ചയിച്ചിരിക്കുന്നത്. കടലോരമേഖലയ്‌ക്കുള്ള പ്രാധാന്യം അത് സെന്‍സിറ്റീവ് ആയ ഒരു പ്രദേശമാണ് എന്നതാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഇടപഴകി നില്‍ക്കുന്ന ഈ മേഖലയില്‍ വര്‍ഗീയമായ സംഘര്‍ഷങ്ങളുണ്ടാക്കി അതിലൂടെ മതധ്രുവീകരണം സൃഷ്‌ടിക്കാമെന്നും അതിലൂടെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം സംഘപരിവാര്‍ ആക്രമണത്തിന് പശ്ചാത്തലമൊരുക്കുന്ന പ്രവര്‍ത്തനമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുന്നത്.
വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാന്‍ എല്ലാ കള്ളക്കഥകളും പ്രചരിപ്പിക്കുക എന്നതും സംഘപരിവാറിന്റെ പദ്ധതിയുടെ ഭാഗമാണ്. ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം മുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുപോവുകയാണെന്നും അങ്ങനെ ഹിന്ദുക്കളെ മുഴുവന്‍ കൊള്ളയടിക്കുന്നതാണ് സര്‍ക്കാര്‍ നയങ്ങളുമെന്നായിരുന്നു അവരുടെ പ്രചാരവേല. ഈ പ്രചാരവേലയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് ശക്തമായ ക്യാമ്പയിനാണ് സി.പി.ഐ (എം) ഉം വര്‍ഗ-ബഹുജനസംഘടനകളും സംഘടിപ്പിച്ചത്. എന്നാല്‍, ആ ഘട്ടത്തില്‍ പോലും സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ തുകയുടെ കണക്ക് കൈവശമുണ്ടായിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വേണ്ടി തയ്യാറായില്ല എന്നത് സംഘപരിവാറിനെ സംരക്ഷിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് കാണേണ്ടതുണ്ട്. നേരത്തെ തന്നെ ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിച്ചുകൊണ്ട് അവരെ സഹായിച്ച സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് ഉണ്ടായ പുതിയ വെളിപാടാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും വ്യക്തമാകുന്നതാണ്.
വെള്ളാപ്പള്ളി നടേശന്റെ പുതിയ രാഷ്ട്രീയ സംഘടന വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. രാജ്യത്തെ സംവരണ വ്യവസ്ഥ തന്നെ അട്ടിമറിക്കണം എന്നതാണ് ആര്‍.എസ്.എസിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് വ്യക്തമാക്കിയിട്ടുള്ളത്. അതു സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ നിലപാട് എന്തെന്ന് ഈ ജാഥയിലൊന്നും പറയാതെ പോയത് താന്‍ സംഘപരിവാറിന്റെ വിനീതദാസനാണെന്ന് കേരളീയരെ ബോധ്യപ്പെടുത്തിയിരിക്കുകകയാണ്. പൊതുമേഖലയെ തകര്‍ക്കുന്നതിലൂടെ സംവരണത്തിനുള്ള സാധ്യതകളാണ് ഇല്ലാതായിത്തീരുന്നത്. അതു സംബന്ധിച്ച് ഒരക്ഷരം പോലും ഉരിയാടാതെ സംഘപരിവാറിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണയ്‌ക്കുക കൂടിയായിരുന്നു ഈ ജാഥയിലൂടെ വെള്ളാപ്പള്ളി ചെയ്തത്.
കേരളത്തിലെ പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമായിട്ടുള്ള കാര്യമാണ് പൊതുവിദ്യാഭ്യാസത്തിന്റേയും പൊതു ആരോഗ്യ സംവിധാനത്തിന്റെയും സംരക്ഷണം എന്നുള്ളത്. വിലക്കയറ്റം, റബ്ബറിന്റെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങള്‍ കേരളജനത അഭിമുഖീകരിക്കുകയാണ്. ജനങ്ങളുടെ അത്തരം പ്രശ്നങ്ങളെ സംബന്ധിച്ച് ഒരക്ഷരം പോലും ഈ ജാഥയില്‍ ഉന്നയിക്കപ്പെടാതിരിക്കുകയും വര്‍ഗീയവിഷം ചീറ്റുന്ന പ്രചരണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ട് സംഘപരിവാറിനെ തൃപ്‌തിപ്പെടുത്തുകയായിരുന്നു ഈ ജാഥയിലുടനീളം വെള്ളാപ്പള്ളി ചെയ്തത്.
സംഘപരിവാറിന്റെ തിരക്കഥയ്‌ക്കനുസരിച്ചാണ് ഈ യാത്ര വെള്ളാപ്പള്ളി നടേശന്‍ നടത്തിയിരിക്കുന്നത്. ഈ ജാഥയ്‌ക്ക് അനുഗ്രഹാശംസകളുമായി എത്തിയ ശ്രീ വിശ്വേശര തീര്‍ത്ഥ സ്വാമിയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടാന്‍ ശ്രീനാരായണ ദര്‍ശനം മുറുകെപ്പിടിക്കുന്ന ഏതെങ്കിലും വ്യക്തിക്ക് കഴിയുമോ? അവിടെ ഹിന്ദുമതത്തിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയിലുള്ള പരിഗണന നല്‍കണമെന്ന് വാദിക്കുന്ന വ്യക്തിക്കു മുന്നില്‍ അടിയറ പറയുകയാണ് മഹത്തായ പാരമ്പര്യമുള്ള എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി ചെയ്തത്.
ശ്രീനാരായണ ദര്‍ശനങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് സംഘപരിവാറിന്റെ ആശയങ്ങള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ട് എസ്.എന്‍.ഡി.പി പ്രസ്ഥാനത്തെ നയിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്. സംവരണം ഉള്‍പ്പെടെയുള്ള പിന്നോക്ക-ദളിത് ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ തകര്‍ക്കുന്ന നയങ്ങളുമായി സന്ധി ചെയ്യാനാണ് വെള്ളാപ്പള്ളി പരിശ്രമിക്കുന്നത്. അതോടൊപ്പം, പാവപ്പെട്ടവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളുമായി സന്ധി ചെയ്യുകയുമാണ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം മുന്നോട്ടുവയ്‌ക്കുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം അടിയന്തരമായി രാജിവച്ച് ആര്‍.എസ്.എസ് പ്രചാരകനാവുക എന്ന കാര്യം കൂടി ഈ രാഷ്ട്രീയപാര്‍ടി രൂപീകരണത്തോടൊപ്പം വെള്ളാപ്പള്ളി നടത്തി താന്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തോട് നീതി പുലര്‍ത്തുകയാണ് അടുത്തതായി വെള്ളാപ്പള്ളി ചെയ്യേണ്ടത്.
സാമുദായിക സംഘടനകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ രൂപീകരിക്കുക എന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ഇത്തരം സംഘടനകള്‍ സ്വയം പിരിഞ്ഞുപോയ അനുഭവമാണ് കേരളത്തിലുണ്ടായത്. നടേശന്റെ പാര്‍ടിയുടെ ഗതിയും അതായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ടതില്ല.