കോടിയേരി ബാലകൃഷ്ണൻ
2016 ഏപ്രിൽ 08ലെ പത്രത്തില്‍ കണ്ട പ്രധാനപ്പെട്ട ഒരു വാര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതമൂലം കൊപ്ര സംഭരണം തടസപ്പെട്ടു എന്നതാണ്. കൊപ്ര സംഭരിക്കാന്‍ നാഫെഡിന് വിപണിയില്‍ ഇറങ്ങണമെങ്കില്‍ സംസ്ഥാനം കൃത്യമായ നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ മാത്രമേ പറ്റൂ. എന്നാല്‍ ഇത് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ ഫലമായി കൊപ്ര സംഭരണം പ്രതിസന്ധിയിലാരിക്കുകയാണ്.
കേരളത്തിന്റെ കാര്‍ഷികമേഖലയോട് തികഞ്ഞ ഉദാസീന സമീപനം കാണിക്കുന്ന യു.ഡി.എഫ് നയത്തിന്റെ തുടര്‍ച്ചയാണ് ഇത്. ഇത്തരം നയത്തിന്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ച 4.67 ശതമാനം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 67 കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്‌തത്. റബ്ബര്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത കേരളത്തില്‍ ഉണ്ടായിരുന്നില്ല. അതിനും കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വന്നില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഘട്ടത്തില്‍ റബ്ബറിന്റെ വില കിലോവിന് 248 രൂപയായിരുന്നു. ഇന്നിപ്പോള്‍ അതിന്റെ പകുതി വില പോലും ലഭിക്കുന്നില്ല. എല്ലാ കാര്‍ഷികോല്‍പന്നങ്ങളുടേയും അവസ്ഥ ഇത് തന്നെയാണ്.
ആസിയാന്‍ കരാര്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ ഒപ്പിടുന്ന ഘട്ടത്തില്‍ തന്നെ കേരളത്തിന്റെ കാര്‍ഷികമേഖല കുത്തുപാളയെടുക്കുമെന്ന് ഇടതുപക്ഷം അന്നേ ഓര്‍മ്മിപ്പിച്ചിരുന്നു. വലിയ പ്രക്ഷോഭങ്ങള്‍ ഇടതുപക്ഷം സംഘടിപ്പിച്ചു. എന്നാല്‍ ഈ കരാര്‍ കൊണ്ട് ഒരു കുഴപ്പവുമില്ല എന്നായിരുന്നു യു.ഡി.എഫ് നിലപാട്. നാടിന്റെ താല്‍പര്യത്തിന് ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സാഹചര്യം പോലും യു.ഡി.എഫ് നയംമൂലം ഉണ്ടായില്ല.
കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കുക എന്നത് നാടിന്റെ വികസനത്തിന് പ്രധാനമാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്താന്‍ പൊരുതുമ്പോള്‍ തന്നെ സംസ്ഥാനസര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാനും കഴിയണം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിയില്‍ ഉണ്ടാകും. വരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അത് നടപ്പിലാക്കുകയും ചെയ്യും.