കോടിയേരി ബാലകൃഷ്ണന്‍
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് തികഞ്ഞ ചട്ടലംഘനമാണ്. കണ്ണൂര്‍ ജില്ലാ കളക്റ്റര്‍ ജില്ലയിലെ സഹകരണ സംഘങ്ങളില്‍നിന്ന് 2500 രൂപ വീതം പിരിച്ചെടുത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് കിറ്റ് നല്‍കുവാന്‍ എടുത്ത തീരുമാനം സംബന്ധിച്ചും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി വന്‍തോതില്‍ ഇടതുപക്ഷ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ നടക്കുന്ന കുത്സിത ശ്രമം സംബന്ധിച്ചും നടപടികള്‍ കൈക്കൊള്ളണം.
പോലീസ് അധികാരികളെ ഉപയോഗിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ കള്ളക്കേസുകള്‍ ഉണ്ടാക്കി വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ശ്രമം നടത്തുകയാണ്. രോഗികളെപ്പോലും ഫോട്ടോ, ഐ.ഡി കാര്‍ഡ് എന്നിവയുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കുന്നു. 107-ാം വകുപ്പ് പ്രകാരവും കാപ്പ, യു.എ.പി.എ എന്നിവ ഉപയോഗിച്ചും ജില്ലയില്‍ നിരവധി സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്.
മാനന്തവാടി നിയോജമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്‌മിക്കെതിരെ ഉയര്‍ന്നുവന്ന പരാതി തീര്‍പ്പാക്കാതെ അവര്‍ക്കനുകൂലമായ നിലപാടാണ് റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിക്കുന്നത്. വോട്ടെണ്ണല്‍ ദിവസം 8 മണിവരെ പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുന്ന സമ്പ്രദായം ഒഴിവാക്കി തപാല്‍ വഴി തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്റ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകരെ ഉപയോഗിച്ച് യു.ഡി.എഫിന് അനുകൂലമായി വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റല്‍ നടത്താനുള്ള ശ്രമവും തിരുവനന്തപുരം ജില്ലയില്‍ നടക്കുന്നു. കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തുകയാണ്.
മലപ്പുറം ജില്ലയില്‍ താനൂര്‍ നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. അബ്ദുറഹ്മാനെ യു.ഡി.എഫുകാര്‍ അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും വാട്സ്‌ആപ്പ് വഴി വധഭീഷണി മുഴക്കി വ്യാപകമായ അക്രമം അഴിച്ചുവിടാനുള്ള ശ്രമവും നടത്തുന്നു.
കൊല്ലം ജില്ലയില്‍ ചവറ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയന്‍ പിള്ളയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ മൃഗീയമായി ആക്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിലെല്ലാം ഫലപ്രദമായ ഇടപെടല്‍ നടത്തി നീതിപൂര്‍വ്വകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് കേരളത്തില്‍ പൂര്‍ത്തീകരിക്കാനാവശ്യമായ തരത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇടപെടണം.