കോടിയേരി ബാലകൃഷ്ണന്‍
കേരളത്തിലെ സ്‌ത്രീകളുടെ ജീവിതം ഏറെ അരക്ഷിതമായിത്തീര്‍ന്നിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് വര്‍ക്കലയില്‍ നടന്ന പീഡന സംഭവം.
പെരുമ്പാവൂരില്‍ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വാര്‍ത്തകളുടെ ആഘാതത്തില്‍ കേരളം ഇനിയും മോചിതമായിട്ടില്ല. ആ ഘട്ടത്തിലാണ് വര്‍ക്കലയില്‍ മറ്റൊരു പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അത്യന്തം ഗൗരവകരമായ ഈ സംഭവം ഉണ്ടായിട്ടും ശക്തമായി ഇടപെടുന്നതില്‍ പോലീസ് വൈമുഖ്യം കാണിക്കുകയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട പ്രതികളെ ശിക്ഷിക്കുന്നതിന് കഴിയുന്ന തരത്തിലുള്ള ശക്തമായ നിയമനടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. അതിനായി ഈ കേസ് എ.ഡി.ജി.പി തലത്തിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കാന്‍ തയ്യാറാകണം.
പെരുമ്പാവൂരിലെ ജിഷയുടെ മരണം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ഗൗരവമായ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. അത്യന്തം ഹീനവും പൈശാചികവുമായ ജിഷയുടെ കൊല നടന്നിട്ടും ഗൗരവമായി പ്രശ്നങ്ങളെ കാണാന്‍ പോലീസ് തയ്യാറായതുമില്ല. മുന്‍വിധിയോടെയും അതീവ ലാഘവത്തോടെയുമാണ് പോലീസ് പ്രശ്നങ്ങളെ കണ്ടതെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പ്രതി മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന് അന്വേഷണത്തിനു മുമ്പു തന്നെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു എന്നതും അതീവ ഗൗരവമുള്ള കാര്യമാണ്. പോസ്റ്റുമോര്‍ട്ടം പോലും ഒരു പി.ജി വിദ്യാര്‍ത്ഥിയാണ് ചെയ്തത് എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നശേഷമാണ് പോലീസ് ഗൗരവമായി എന്തെങ്കിലും ചെയ്യുന്നുവെന്ന് വരുത്തികൂട്ടാനെങ്കിലും ശ്രമിച്ചത്.
ജിഷയുടെ ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ പ്രധാന പങ്ക് വഹിച്ച മാധ്യമങ്ങളുടെ പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ആക്രമണം നടന്നത് എന്നത് വ്യക്തമാണ്. ജനാധിപത്യസമൂഹത്തിന്റെ ശക്തമായ അടിത്തറയാണ് മാധ്യമ സ്വാതന്ത്ര്യം എന്നത്. എന്നിട്ടും ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ അനുചരന്മാര്‍ തയ്യാറായിട്ടുള്ളത്. വിവരാവകാശ നിയമത്തെ തന്നെ ഇല്ലാതാക്കി പൗരന്റെ അറിയാനുള്ള സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.
കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ഉന്നതമായ സംസ്കാരം തിരിച്ചുപിടിക്കാന്‍ കഴിയുന്ന വിധം ഇത്തരം പ്രശ്നങ്ങള്‍ക്കുനേരെ വമ്പിച്ച പ്രതിഷേധം ഉയര്‍ന്നു വരണം.