ജിഷയുടെ കൊലപാതകം - പൊലീസിന്റെ ഭാഗത്ത് ഗുരുതര അനാസ്ഥ

കോടിയേരി ബാലകൃഷ്ണൻ

പെരുമ്പാവൂരില്‍ ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പൊലീസുകാരെ കുറ്റവാളികളെന്ന നിലയില്‍ മുഖം മറച്ച്‌ കൊണ്ടുപോയി ചിത്രമെടുപ്പിച്ചത്‌ പൊലീസ്‌ സേനയ്ക്ക് കനത്ത അപമാനം സൃഷ്ടിച്ച സംഭവമാണ്.

ജിഷ കൊല്ലപ്പെട്ടശേഷം പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ അനാസ്ഥയാണ്‌ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയത്‌. ഈ അനാസ്ഥയ്‌ക്കെതിരെ കടുത്ത രോഷം മനുഷ്യസ്നേഹികളിലാകമാനം അലയടിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ പോലീസിന്റെ അനാസ്ഥ മറച്ചുവയ്ക്കാന്‍ പ്രതികളെ പിടിച്ചു എന്ന്‌ പ്രചരിപ്പിച്ചുകൊണ്ട്‌ കളമശേരി റിസര്‍വ്‌ ക്യാമ്പിലെ പൊലീസുകാരെ മുഖം മറച്ചുകൊണ്ട്‌ പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ഓഫീസിലേക്ക്‌ കൊണ്ടുപോയത്‌. ഇതിന്റെ ചിത്രം എടുത്ത്‌ പ്രചരിപ്പിക്കുന്നതിന്‌ പോലീസുകാര്‍ തന്നെ മാധ്യമങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുകയാണ്‌ ചെയ്തത്‌.

കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കിക്കൊണ്ട്‌ നടമാടിയ ഈ പ്രച്ഛന്നവേഷ നാടകം ആഭ്യന്തരവകുപ്പ്‌ അറിയാതെ ഒരു കാരണവശാലും നടക്കുകയില്ല. കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ സംഭവത്തിന്റെ പേരിലുണ്ടായ ഈ സംഭവം കേരളജനതയെ അപമാനിക്കുന്നതിന്‌ സമമാണ്‌. സിബിഐയേക്കാള്‍ കാര്യക്ഷമതയുള്ള കുറ്റാന്വേഷകരാണ്‌ കേരള പൊലീസ്‌ എന്ന്‌ ഡിജിപി അവകാശപ്പെടുമ്പോഴാണ്‌ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്‌ എന്നത്‌ എന്തൊക്കെയോ മറച്ചുപിടിക്കാനുള്ള ശ്രമമാണ്‌ ഇതിന്റെ പിന്നിലുള്ളതെന്ന്‌ വ്യക്തമാക്കുന്നതാണ്‌. പോലീസ്‌ സംവിധാത്തെ ഇത്രയേറെ അധഃപതിപ്പിച്ചതിന്‌ ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല.

ജിഷയുടെ മൃതദേഹം സംഭവദിവസം രാത്രി തന്നെ പൊലീസ്‌ ഇടപെട്ട്‌ തിടുക്കത്തില്‍ ദഹിപ്പിച്ചത്‌ എന്തിനായിരുന്നുവെന്ന്‌ ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കേണ്ടതുണ്ട്‌. ഇത്തരം അപൂര്‍വ്വം കേസുകളില്‍ സാധാരണയായി തെളിവെടുപ്പ്‌ പൂര്‍ത്തിയായ ശേഷം മൃതദേഹം കുഴിച്ചിടുകയാണ്‌ പതിവ്‌. റീപോസ്റ്റുമോര്‍ട്ടം വേണ്ടിവന്നാല്‍ അത്‌ നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ ഈ കേസില്‍ പൊലീസ്‌ തന്നെ മൃതദേഹം കത്തിച്ചുകളഞ്ഞു എന്നുള്ളത്‌ ഏറെ ദുരൂഹമാണ്‌.

ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്‌ ഒരു പിജി വിദ്യാര്‍ഥിയാണ്‌. ഈ വിവരം പുറത്തുവന്നപ്പോള്‍ ഒരു അസോസിയേറ്റ്‌ പ്രൊഫസര്‍ കൂടി അതില്‍ പങ്കാളിയായി എന്ന്‌ ഇപ്പോള്‍ കൃത്രിമമായി റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയതാണെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്‌. അതിനാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്തു എന്ന്‌ അവകാശപ്പെടുന്ന ഡോക്റ്റര്‍മാരുടെ മൊബൈല്‍ ടവര്‍ പരിശോധന നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിക്രൂരമായ കൊലപാതകക്കേസുകളില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ എടുക്കുക പതിവാണ്‌. എന്നാല്‍, അത്‌ നടന്നില്ലെന്നതും അത്യന്തം ഗൗരവമുള്ള കാര്യമാണ്‌.

ജിഷയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തത്‌. നിരാലംബരായ കുടുംബത്തിന്‌ ഇത്‌ തികച്ചും അപര്യാപ്തമാണ്‌. കൂടുതല്‍ ഉയര്‍ന്ന തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജിഷയുടെ അമ്മയ്ക്ക് പെന്‍ഷന്‍ അനുവദിക്കുകയും കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണം.

അത്യപൂര്‍വ്വവും അതീവ ദാരുണവുമായ ഒരു സംഭവമായിരുന്നിട്ടും അന്വേഷണം അടിയന്തരമായും കാര്യക്ഷമമായും നടത്താതിരിക്കുക, മൃതദേഹം ദഹിപ്പിച്ചുകളയുക, കുറ്റവാളികളെ കണ്ടെത്തി എന്ന്‌ പറഞ്ഞ്‌ പോലീസുകാരെ പ്രച്ഛന്നവേഷധാരികളായി അവതരിപ്പിക്കുക, പോസ്റ്റുമോര്‍ട്ടത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ മുഴുവന്‍ കാറ്റില്‍പറത്തുക എന്നിവയെല്ലാമാണ്‌ ഈ കേസില്‍ സംഭവിച്ചത്‌. ഒരു പാവപ്പെട്ട ദളിത്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലാണ്‌ ഇതുണ്ടായത്‌ എന്നതും അതീവ ഗൗരവകരമാണ്‌. അതുകൊണ്ടുതന്നെ ഈ വീഴ്ചകളെ സംബന്ധിച്ച്‌ മുഖ്യമന്ത്രി തന്നെ വിശദീകരിക്കേണ്ടതുണ്ട്.