കോടിയേരി ബാലകൃഷ്ണൻ
കേരളത്തിനു വെളിയിലുള്ള പല സംസ്ഥാനങ്ങളിലും ഇവിടുത്തേതുപോലെ സമാധാനപരമായി ജീവിക്കാനാകില്ലെന്ന് സമീപകാല സംഭവവികാസങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പിന്നാക്ക, ദളിത് വിഭാഗക്കാര്‍ ആക്രമിക്കപ്പെടുന്നതിനൊപ്പം സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരെയും കൊന്നൊടുക്കുകയാണ്. കേരളത്തില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കാന്‍ സാധിക്കാത്തത് ഇടതുജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തമായ നിലപാടുമൂലമാണ്. ഏതുവിധത്തിലും അത് തകര്‍ക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായിട്ട് അവർ സാമുദായിക സംഘടനകളെ കൂട്ടുപിടിക്കുകയാണ്.
ബിഡിജെസ് എന്ന സംഘടനയെ ആര്‍എസ്എസ് ഇതിനായി ഉണ്ടാക്കിയെടുത്തതാണ്. അതിലേക്കു പോയവരൊക്കെ വൈകാതെ ആര്എസ്സുകാരായി മാറും. വെള്ളാപ്പള്ളി നടേശന്‍പോലും കാക്കിനിക്കറുമിട്ടു നില്‍ക്കുന്ന കാഴ്ച കാണാനാകും. ശ്രീനാരായണ ഗുരുവിന്റെ പുനരുത്ഥാന ആശയങ്ങളേയും ദര്‍ശനങ്ങളേയും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളാണ് ഏറ്റെടുത്തു നടപ്പാക്കിയത്. ഈഴവാദി പിന്നാക്കക്കാര്‍ക്കുള്ള സംവരണംപോലും എടുത്തുകളയണമെന്ന് പറയുന്ന ആര്‍എസ്എസുകാരുമായി എങ്ങിനെയാണ് ഇവര്‍ക്കു ബന്ധം സ്ഥാപിക്കാനാകുകയെന്നറിയില്ല. കേരളത്തില്‍ ബിഡിജെഎസിന് ഒരിടത്തും ജയിക്കാനാകില്ല. ഇടതുപക്ഷത്തിന്റെ വോട്ടുപിടിച്ചെടുത്ത് യുഡിഎഫിനെ വിജയിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ബിജെപിക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല. 1980ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ബിജെപി. കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് 82 മുതല്‍ അവര്‍ പറയുന്നതാണ്. കേന്ദ്രഭരണം ഉപയോഗിച്ച് കേരളം പിടിക്കാനാണ് അവരുടെ ഇപ്പോഴത്തെ ശ്രമം. അങ്ങിനെ സംഭവിച്ചാല്‍ കേരളത്തില്‍ സമാധാനപരമായി ജീവിക്കാനാകില്ല. അതുകൊണ്ടു കേരള ജനത ബിജെപിയെ തടുക്കുകതന്നെ ചെയ്യും.
യുഡിഎഫ് സര്‍ക്കാരും ഈ തിരഞ്ഞെടുപ്പില്‍ പുറത്താക്കപ്പെടും. കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്ന് വലിയ ബോര്‍ഡുകളില്‍ എഴുതിവച്ചിട്ടു കാര്യമില്ല. അവകാശവാദവും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇടതുസര്‍ക്കാരിന്റെ കാലത്ത് സൗമ്യ എന്ന പെണ്‍കുട്ടി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ 30 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായെങ്കില്‍ പെരുമ്പാവൂരിലെ ജിഷ കൊല്ലപ്പെട്ടിട്ട് ഒന്‍പതു ദിവസമായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ത്തതും മാവേലി സ്റ്റോറുകളിലുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതും റേഷന്‍ കടകളെ പൂട്ടലിന്‍റെ വക്കിലെത്തിച്ചതും യുഡിഎഫാണ്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ അഞ്ചു വര്‍ഷക്കാലം ഒരു രൂപപോലും വര്‍ധിപ്പിക്കാതെ മാവേലി സ്റ്റോറുകള്‍ വഴി അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അങ്ങിനെയാണ് ചെയ്തിരുന്നത്.