നരേന്ദ്രമോഡിയുടെ പ്രസ്താവനകൾക്ക് സംഘപരിവാര്‍ പ്രചാരകന്റെ നിലവാരം

കോടിയേരി ബാലകൃഷ്ണൻ

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആകുന്നതിനു മുമ്പ്‌ ആര്‍.എസ്‌.എസ്‌ പ്രചാരകനായിരുന്നു നരേന്ദ്രമോഡി. ആ തലത്തില്‍ നിന്നുകൊണ്ടുള്ള പ്രസ്താവനകളാണ്‌ അദ്ദേഹത്തില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം അക്രമത്തിന്റെ പാതയിലാണ്‌ എന്നാണ്‌ നരേന്ദ്രമോഡി പ്രസ്താവിച്ചത്‌. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന്‌ വിശേഷിപ്പിച്ച കേരളം ലോകം മുഴുവന്‍ ശ്രദ്ധ നേടുന്ന സംസ്ഥാനമായി വളര്‍ത്തിയെടുത്തത്‌ ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ്‌. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന്‌ യാതൊരു പങ്കും നല്‍കാത്തവരാണ്‌ ആര്‍.എസ്‌.എസ്‌. സംസ്ഥാനത്തെ മതനിരപേക്ഷ ജീവിതത്തെ തകര്‍ക്കാന്‍ ഉതകുന്നവിധം വര്‍ഗീയ സംഘര്‍ഷങ്ങളും പ്രചരണങ്ങളും അഴിച്ചുവിടുകയല്ലാതെ ജനകീയ പ്രശ്നങ്ങളില്‍ ആര്‍.എസ്‌.എസ്‌ എവിടെയും ഉണ്ടായിരുന്നില്ല. ആര്‍.എസ്‌.എസിന്‌ സ്വാധീനമുള്ള ഉത്തരേന്ത്യന്‍ മേഖലയിലെ ജനങ്ങളുടെ ജീവിതവുമായി കേരളത്തിലെ ജനതയുടെ ജീവിതനിലവാരം താരതമ്യപഠനം നടത്തിയാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമെന്താണെന്ന്‌ വ്യക്തമാണ്‌.

അക്രമം രാജ്യത്താകമാനം കുത്തിപ്പൊക്കിയിട്ടുള്ളത്‌ നരേന്ദ്രമോഡിയുടെ സംഘപരിവാറാണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. ഇന്ത്യയില്‍ ഏറ്റവുമധികം ജനങ്ങളെ വിവിധ രീതിയില്‍ കശാപ്പ്‌ ചെയ്‌ത സംഘടനയാണ്‌ ആര്‍.എസ്‌.എസ്‌. മലേഗാവ്‌ ഉള്‍പ്പെടെയുള്ള നിരവധി സ്ഫോടന പരമ്പരകള്‍ സൃഷ്ടിച്ച പാരമ്പര്യവും ആര്‍.എസ്‌.എസിന്‌ അവകാശപ്പെട്ടതാണ്‌. രാഷ്ട്രപിതാവായ ഗാന്ധിജിയെ പോലും വെടിവച്ചു കൊന്നവര്‍ ഇപ്പോള്‍ മാലാഖ ചമയുന്നത്‌ ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. വന്ദ്യവയോധികരായ സാംസ്കാരിക നായകരേയും ന്യൂനപക്ഷ ദളിത്‌ വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവരേയും രാജ്യവ്യാപകമായി കൊന്നൊടുക്കുന്നവര്‍ സമാധാനത്തിന്റെ മേലങ്കി അണിയുന്നത്‌ കാണുമ്പോള്‍ ജനം പുച്ഛിച്ചുതള്ളും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 18 എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരെയാണ്‌ ആര്‍.എസ്‌.എസുകാര്‍ കേരളത്തില്‍ അരുംകൊല ചെയ്‌തത്‌. 1970നുശേഷം 220 എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരെയാണ്‌ ആര്‍.എസ്‌.എസുകാര്‍ കേരളത്തില്‍ കൊലപ്പെടുത്തിയത്‌. അവരാണ്‌ ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത്‌ കൈകളില്‍ ചോരക്കറ പുരണ്ട വ്യക്തിയാണ്‌ നരേന്ദ്രമോഡി. ഗുജറാത്ത്‌ വംശഹത്യയില്‍ 3000ത്തോളം പേരാണ്‌ കൊല്ലപ്പെട്ടത്‌. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോട്‌നാനി നരോദാപാട്യ കൊലപാതക പരമ്പര നടത്തിയതിന്‌ ഇപ്പോള്‍ ജയിലിലാണ്‌. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്‌ ഷായാവട്ടെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ പ്രതിയായി കോടതി കയറി ഇറങ്ങുകയാണ്‌. രാജ്യത്ത്‌ വംശഹത്യ നടത്തിയതിന്റെ പേരില്‍ പല വിദേശരാജ്യങ്ങളും സന്ദര്‍ശനാനുമതി നിഷേധിച്ച ആളാണ്‌ നരേന്ദ്രമോഡി എന്ന്‌ കേരളജനത മറന്നിട്ടില്ല. ഗൂഗിളില്‍ തിരഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 10 ക്രിമിനലുകളില്‍ ഒരാളായി നരേന്ദ്രമോഡി എണ്ണപ്പെടുന്നുണ്ടെന്ന കാര്യവും വിസ്മരിച്ചുകൂടാ.

ധര്‍മ്മടത്ത്‌ മത്സരിക്കുന്ന എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ കൊലപാതകക്കേസിലെ പ്രതിയാണെന്ന തരത്തില്‍ മോഡി നടത്തിയിട്ടുള്ള പ്രസ്താവന വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്‌. എന്തു നുണയും വിളിച്ചു പറയാം എന്നതിന്റെ പര്യായമായി നരേന്ദ്രമോഡി മാറിയിരിക്കുകയാണ്‌. പ്രധാനമന്ത്രിസ്ഥാനത്തിനു തന്നെ അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനയായി ഈ നുണപ്രചരണം മാറിയിരിക്കുകയാണ്‌.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം ഉണ്ടാകരുത്‌ എന്ന്‌ നരേന്ദ്രമോഡി പ്രസ്താവിച്ചത്‌ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തമാശയായാണ്‌ ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്‌. രാജ്യത്ത്‌ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന്‌ മറ്റു മതവിശ്വാസികളേയും ജനാധിപത്യവാദികളേയും കശാപ്പ്‌ ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അക്രമോത്സുക വര്‍ഗീയതയുടെ വക്താക്കള്‍ ഇത്തരം വാദമുയര്‍ത്തിക്കൊണ്ട്‌ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌. പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം ഒരു കോമഡി ഷോ ആയി മാറിയിരിക്കുകയാണ്.