ലിബിയയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാപ്പ്‌ പറയണം

കോടിയേരി ബാലകൃഷ്ണൻ

കലാപകലുഷിതമായ ലിബിയയില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാടിനോട്‌ മാപ്പ്‌ പറയണം.

ലിബിയയില്‍നിന്നും തിരിച്ചെത്തിയ ആറ്‌ മലയാളി കുടുംബങ്ങളുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരുകളുടെ അവകാശവാദത്തിനു വിരുദ്ധമാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ നടത്തിയ സഹായനടപടികളെ പറ്റിയുള്ള വിവരണം ജനങ്ങളെ കബളിപ്പിക്കാനായിരുന്നുവെന്ന്‌ വ്യക്തമായിരിക്കുകയാണ്‌.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നും 40 കിലോമീറ്റര്‍ അകലെ അല്‍ സാവിയ പട്ടണത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും മാര്‍ച്ച്‌ മാസം മുതല്‍ അവിടെ കുടുങ്ങിയിട്ട്‌ രക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ ഇരുസര്‍ക്കാരുകളും അലംഭാവം കാട്ടിയെന്നാണ്‌ ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞത്‌. കലാപകാരികളുടെ ആക്രമണത്തില്‍ കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ ഇത്രമാത്രം ഗുരുതരമായിരുന്നിട്ടും ലിബിയയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്കയും സഹായിച്ചില്ല എന്ന വേദനാജനകമായ അനുഭവമാണ്‌ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരിച്ചത്‌. ഇതാണ്‌ വസ്തുത എന്നിരിക്കെ സഹായത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന വാക്‌പയറ്റ്‌ ജനങ്ങളെ വിഡ്ഢികളാക്കാനുള്ളതാണ്‌.

കേരളത്തിലെ തെരഞ്ഞെടുപ്പുരംഗത്ത്‌ സജീവ ചര്‍ച്ചയായിരിക്കുന്ന മതനിരപേക്ഷത, അഴിമതി, വികസനം, സ്ത്രീസുരക്ഷ എന്നീ പ്രശ്നങ്ങളില്‍നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കമാണ്‌ ഇരുകൂട്ടര്‍ക്കുമുള്ളത്.