ചരല്‍ക്കുന്നിനുശേഷം

ഇന്ത്യയില്‍ രാഷ്ട്രീയ ഭരണ സാംസ്കാരിക രംഗങ്ങളില്‍ ഹിന്ദുത്വ വര്‍ഗീയത പിടിമുറുക്കുന്നതില്‍ മതനിരപേക്ഷ ചിന്താഗതിക്കാരും ന്യൂനപക്ഷവിഭാഗവും പൊതുവെ ഉല്‍ക്കണ്ഠയിലാണ്. കേരളത്തില്‍ എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷത്തില്‍ അധികാരം നല്‍കുന്നതിന് ഈ സാഹചര്യവും ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ എല്ലാ ജാതി–മത വിഭാഗങ്ങളില്‍പ്പെട്ട ദരിദ്രജനതയും ഇടത്തരക്കാരും മാത്രമല്ല, സന്യാസിമാരും പുരോഹിതരും മൌലവിമാരും ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ഇടതുപക്ഷ– പുരോഗമന ചേരിയോടൊപ്പം വന്നു.

യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എം നിയമസഭയില്‍ സ്വതന്ത്ര ബ്ളോക്കായി മാറുമെന്നത് അപ്രധാനമല്ലാത്ത പ്രഖ്യാപനമാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മൂന്നരപ്പതിറ്റാണ്ടുമുമ്പ് രൂപംകൊണ്ട കമ്യൂണിസ്റ്റുവിരുദ്ധ മുന്നണിയുടെ തകര്‍ച്ചയുടെ വിളംബരമാണ് ഉണ്ടായത്. 47 അംഗ യുഡിഎഫ് സഭയില്‍ നാല്‍പ്പത്തൊന്നായി ചുരുങ്ങി. അംഗസംഖ്യയിലെ കുറവില്‍മാത്രമായി ഇത് പരിമിതപ്പെടുന്നില്ല. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്– യുഡിഎഫ് മുന്നണികള്‍ തമ്മിലെ വോട്ടുവ്യത്യാസം നാലരശതമാനമാണ്. കേരള കോണ്‍ഗ്രസ് എം വിടുന്നതോടെ ഏകദേശം നാലുശതമാനം വോട്ടുകൂടി യുഡിഎഫിന് കുറയും. അതിനേക്കാള്‍ കൂടുതല്‍ ജനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് മുന്നണി ഒറ്റപ്പെടും. ഈ സ്ഥിതിവിശേഷത്തില്‍ രാഷ്ട്രീയമായി പൊരുത്തമില്ലാത്തതെങ്കിലും അവരുടേതായ പ്രത്യേക കാരണങ്ങളാല്‍ യുഡിഎഫില്‍ അകപ്പെട്ടപോയ ജെഡിയു, ആര്‍എസ്പി തുടങ്ങിയ കക്ഷികളും ആത്മപരിശോധന നടത്തി ശരിയായ രാഷ്ട്രീയപാത സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും.

ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ തൊഴുത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ കെട്ടാന്‍ പോകുന്നു എന്നാണ് ചരല്‍ക്കുന്ന് തീരുമാനത്തെതുടര്‍ന്ന് പ്രചരിക്കുന്ന ഒരു വാര്‍ത്ത. ഇങ്ങനെ ഉണ്ടായാല്‍, അതിനുള്ള കൂലിയായി മാണിക്കും മകന്‍ ജോസ് കെ മാണിക്കും കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിന്റെ പങ്ക് നല്‍കുമെന്നാണ് കേള്‍ക്കുന്നത്. വാസ്തവം എത്രത്തോളമെന്നത് തെളിയാനിരിക്കുന്നതേയുള്ളൂ. 2019 മെയ്വരെ കാലാവധിയുള്ള മോഡിസര്‍ക്കാരിന് തുടര്‍ഭരണം നല്‍കാന്‍ ഇന്ത്യന്‍ജനത തയ്യാറാകില്ലെന്നത് ഉറപ്പാണ്. രണ്ടേമുക്കാല്‍ വര്‍ഷത്തേക്കായി ചില അധികാരസ്ഥാനങ്ങള്‍ വച്ചുനീട്ടി കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ടിയെ പാട്ടിലാക്കാന്‍ മോഡി– അമിത്ഷാ കൂട്ടുകെട്ടിനും ആര്‍എസ്എസിനും അമിതതാല്‍പ്പര്യമുണ്ടാകും. പക്ഷേ, കേരള കോണ്‍ഗ്രസ് എം പ്രതിനിധാനംചെയ്യുന്നു എന്ന് അവകാശപ്പെടുന്ന കര്‍ഷകാദി അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും താല്‍പ്പര്യം നോക്കിയാല്‍ ഐക്യത്തിന് സാധ്യത കുറവാണ്. ആര്‍എസ്എസ് താവളത്തില്‍ പാര്‍ടിയെ കെട്ടുന്നതില്‍ യോജിപ്പില്ലാത്ത നേതാക്കളുടെയും അണികളുടെയും വലിയ നിര ആ പാര്‍ടിയിലുണ്ട്.

ഇന്ത്യയില്‍ രാഷ്ട്രീയ ഭരണ സാംസ്കാരിക രംഗങ്ങളില്‍ ഹിന്ദുത്വ വര്‍ഗീയത പിടിമുറുക്കുന്നതില്‍ മതനിരപേക്ഷ ചിന്താഗതിക്കാരും ന്യൂനപക്ഷവിഭാഗവും പൊതുവെ ഉല്‍ക്കണ്ഠയിലാണ്. കേരളത്തില്‍ എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷത്തില്‍ അധികാരം നല്‍കുന്നതിന് ഈ സാഹചര്യവും ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ എല്ലാ ജാതി–മത വിഭാഗങ്ങളില്‍പ്പെട്ട ദരിദ്രജനതയും ഇടത്തരക്കാരും മാത്രമല്ല, സന്യാസിമാരും പുരോഹിതരും മൌലവിമാരും ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ഇടതുപക്ഷ– പുരോഗമന ചേരിയോടൊപ്പം വന്നു. ഇവരില്‍ പ്രതീക്ഷ വളര്‍ത്തുന്നതാണ് പിണറായി വിജയന്‍ നയിക്കുന്ന, രണ്ടരമാസം പിന്നിടുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പിണറായി സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ടുപോയാല്‍ ഔപചാരികമായി പിരിച്ചുവിട്ടില്ലെങ്കിലും യുഡിഎഫ് തകരുമെന്ന യാഥാര്‍ഥ്യം പകല്‍പോലെ വ്യക്തമാണ്. ഇത്തരം ഒരു സംസ്ഥാന ഭരണാന്തരീക്ഷം യുഡിഎഫ് വിടാനുള്ള മാണി– ജോസഫ് കൂട്ടരുടെ തീരുമാനത്തിന് സ്വാഭാവിക പ്രേരണയായിട്ടുണ്ട്. ഇതുകൂടി കണ്ട് ന്യൂനപക്ഷവിഭാഗങ്ങളില്‍ കാവി പടര്‍ത്താനുള്ള ഗൂഢോദ്ദേശ്യത്തോടെ, കേരള കോണ്‍ഗ്രസ് എമ്മിനെ ഒന്നായോ അല്ലെങ്കില്‍ ഒരു വിഭാഗത്തെയോ റാഞ്ചാന്‍ ബിജെപി– ആര്‍എസ്എസ് ശക്തികള്‍ ഇടപെടുന്നുണ്ട്.

ഇതെല്ലാം അടങ്ങുന്ന സാഹചര്യത്തില്‍ വിപ്ളവ തൊഴിലാളിവര്‍ഗത്തിന് പരസ്പരപൂരകമായ രണ്ട് കടമകള്‍ നിറവേറ്റാനുണ്ട്. ഒരുവശത്ത് മാണി കേരള കോണ്‍ഗ്രസിന്റെ ദൌര്‍ബല്യവും രാഷ്ട്രീയചാഞ്ചാട്ടവും യുഡിഎഫ് ഭരണപങ്കാളി എന്ന നിലയിലെ അഴിമതിയും തുറന്നുകാട്ടുക. മറുവശത്ത് മോഡി പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ പ്രകടമായ ഹിന്ദുത്വ അഴിഞ്ഞാട്ടത്തിനെതിരെ ദേശവ്യാപകമായി വളര്‍ന്നുവരുന്ന ജനകീയവികാരത്തെ വളര്‍ത്താനും കര്‍ഷകരുടെ അടക്കം അവകാശങ്ങള്‍ നേടാനുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താനും യുഡിഎഫിന്റെ തകര്‍ച്ചക്കായുള്ള ചുവടുവെപ്പിനെ പ്രോത്സാഹിപ്പിക്കാനും കേരളകോണ്‍ഗ്രസ് എമ്മിനെ പ്രേരിപ്പിക്കുക. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിതൊഴിലില്ലായ്മ, നിത്യോപയോഗസാധന വിലക്കയറ്റം, കാര്‍ഷികോല്‍പ്പന്ന വിലയിടിവ് തുടങ്ങിയ സാമ്പത്തികപ്രശ്നങ്ങളും വര്‍ഗീയത, അഴിമതി തുടങ്ങിയ രാഷ്ട്രീയപ്രശ്നങ്ങളും സങ്കീര്‍ണമായി. ഇതിനെതിരെ സമരരംഗത്ത് ജാതി–മത ഭേദമെന്യേ ജനം അണിനിരക്കുകയാണ്. ഈ സ്ഥിതിയില്‍ ന്യൂനപക്ഷസമുദായത്തില്‍ ഒരു വിഭാഗത്തിലെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കോടാലിക്കൈയായി കേരള കോണ്‍ഗ്രസ് എമ്മിനെ മാറ്റിയെടുക്കാനുള്ള വ്യഗ്രത ആര്‍എസ്എസ്– ബിജെപി ശക്തികള്‍ക്കുണ്ട്. അതിനാണ് മാണിക്കും മകനും കേന്ദ്ര സര്‍ക്കാര്‍ തണലില്‍ പദവി വാഗ്ദാനം ചെയ്തുള്ള വിലപേശല്‍. ഇത്തരം കച്ചവടരാഷ്ട്രീയത്തിന് കേരള കോണ്‍ഗ്രസ് എം അടിപ്പെട്ടാല്‍ അത് ആ കക്ഷിയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കാകും വഴിതെളിക്കുക.

യുഡിഎഫ് വിട്ട് സഭയില്‍ സ്വതന്ത്ര ബ്ളോക്കാകുന്നതിനുള്ള ചരല്‍ക്കുന്ന് തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നിവയോട് ഇനി സമദൂരമെന്നത് യുക്തിരഹിതമായ നിലപാടാണ്. അതുപോലെ പ്രാദേശിക സ്വയംഭരണ– സഹകരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് സഹകരണം തുടരാനുള്ള തീരുമാനവും. സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കേറാനുള്ള സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റെ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ല. സംഘപരിവാറിന്റെ ഘര്‍ വാപസി മുഖ്യമായി ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയാണ്. പള്ളി കത്തിക്കല്‍, കന്യാസ്ത്രീ മാനഭംഗം, ആരാധനാലയങ്ങളിലെ വീഞ്ഞുവിതരണത്തിനെതിരെയുള്ള ഇണ്ടാസുകള്‍, ജീവകാരുണ്യ പ്രവര്‍ത്തകരെ ചുട്ടുകൊല്ലല്‍, ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തത്–  ഇത്തരം സംഭവങ്ങളൊന്നും പഴങ്കഥകളല്ല. ഇത് മറന്ന് മാണിയും കൂട്ടരും നിലപാടെടുത്താല്‍ അവര്‍ ചെന്നെത്തുക മഹാവിപത്തിലാകും.

കേരള കോണ്‍ഗ്രസ് എന്നത് ഇന്ന് ഒറ്റ പാര്‍ടിയല്ലെന്ന് ആര്‍ക്കും അറിയാം. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയകക്ഷികളോ ഗ്രൂപ്പുകളോ ഈ കുടുംബത്തില്‍പ്പെടുന്നു. മാണി, പി ജെ ജോസഫ് എന്നീ നേതാക്കള്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ ചേര്‍ന്നതാണ് കേരള കോണ്‍ഗ്രസ് എം എന്ന കക്ഷിതന്നെ. കോണ്‍ഗ്രസിനോട് കലഹിച്ചും കോണ്‍ഗ്രസിന്റെ ഭരണനയങ്ങളില്‍വിയോജിച്ചും കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചുമാണ് 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചതുപോലും. അതുകൊണ്ടാണ് 1965ല്‍ തൂക്കുനിയമസഭ ഉണ്ടായപ്പോള്‍, ഒറ്റയ്ക്ക് നിയമസഭയില്‍ മത്സരിച്ച്്് 23 സീറ്റ് നേടിയ കേരള കോണ്‍ഗ്രസുമായി സഹകരിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ കെ എം ജോര്‍ജുമായി ഇ എം എസ് ചര്‍ച്ച നടത്തിയത്. പക്ഷേ, അന്നത് ഫലപ്രാപ്തിയില്‍ എത്തിയില്ല. പിന്നീട് 1980ല്‍ എല്‍ഡിഎഫിന്റെ ഭാഗമായി ഭരണപങ്കാളിയാവുകയും കുറച്ചുകഴിഞ്ഞ് മറുകണ്ടം ചാടിയ ചരിത്രവും ഇവര്‍ക്കുണ്ട്. ഇതൊന്നും വിസ്മരിക്കാവുന്നതല്ല. യുഡിഎഫ് ഭരണപങ്കാളിത്ത കറ കഴുകിക്കളഞ്ഞിട്ടുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് യുഡിഎഫ് വിട്ടെങ്കിലും, ഒരു രാഷ്ട്രീയസഖ്യത്തിന് കേരള കോണ്‍ഗ്രസ് എമ്മുമായി ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്ന് മാധ്യമങ്ങളോട് ഞാന്‍ വ്യക്തമാക്കിയത്.

യുഡിഎഫ് വന്‍ തകര്‍ച്ചയിലെത്തിയെങ്കിലും കേരളരാഷ്ട്രീയത്തിലെ മുഖ്യ രാഷ്ട്രീയശക്തികള്‍ എല്‍ഡിഎഫും യുഡിഎഫുമാണ്. എന്‍ഡിഎയായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി സംസ്ഥാനരാഷ്ട്രീയത്തില്‍ ഒരിടം നേടിയിട്ടുണ്ട്. ഈ ഘട്ടത്തില്‍  യുഡിഎഫ് തകര്‍ച്ചയുടെ ഗുണഭോക്താക്കളായി മാറാന്‍ ബിജെപിയെ അനുവദിച്ചുകൂടാ. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിപ്ളവ– ബഹുജന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഇതിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്നും സംസ്ഥാനത്തെ ഭൂരിപക്ഷത്തിന്റെ സ്ഥായിയായ പിന്തുണയുള്ള പ്രസ്ഥാനമായി മാറിയിട്ടില്ല. അതുകൊണ്ടാണ് അപൂര്‍വം ചില ഘട്ടങ്ങളിലൊഴികെ 50 ശതമാനത്തിനുമേല്‍ വോട്ട് നേടാന്‍ കഴിയാതിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റ് ലഭിച്ചെങ്കിലും, യുഡിഎഫിനേക്കാള്‍ നാലരശതമാനം വോട്ട് അധികം കിട്ടിയെങ്കിലും എല്‍ഡിഎഫിന് ലഭിച്ചത് 43.35 ശതമാനം വോട്ടാണ്. ഇതൊരു കുറവാണ്. ഇത് പരിഹരിച്ച് സിപിഐ എമ്മും എല്‍ഡിഎഫും ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയശക്തിയായി മാറണം. ഇതാണ് കേരളരാഷ്ട്രീയത്തില്‍ വരേണ്ട ഗുണപരമായ മാറ്റം. അത് കേവലം തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളെമാത്രം അടിസ്ഥാനമാക്കി ആര്‍ജിക്കേണ്ട ഒരു വഴിയല്ല. അതിന്, അപ്പുറത്തെ ചേരിയിലുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷികളുമായി അവസരവാദപരമായി കൂട്ടുകെട്ടുണ്ടാക്കുകയല്ല വേണ്ടത്. അപ്പുറത്തെ മുന്നണിയിലെ സാധാരണക്കാരായ ബഹുജനങ്ങളെ ഇപ്പുറത്തേക്ക് ആകര്‍ഷിക്കുകയെന്നതാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.

പക്ഷേ, യുഡിഎഫുമായി തെറ്റുന്ന കക്ഷികള്‍, സംഘപരിവാറിന്റെ തൊഴുത്തില്‍ ചെന്നുപെടുന്നതിനെതിരെ ജാഗ്രതാപൂര്‍വമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിനും കുത്തക മുതലാളിത്തത്തിനും വര്‍ഗീയവിപത്തിനും എതിരായ പ്രക്ഷോഭസമരങ്ങളിലൂടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനടപടികളിലൂടെയും ബഹുജനങ്ങളെ ഇടതുപക്ഷചേരിയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. എല്‍ഡിഎഫ് എന്നത് ഒരു തെരഞ്ഞെടുപ്പിലൂടെ മന്ത്രിസഭ ഉണ്ടാക്കുക എന്ന ഏക അജന്‍ഡയുമായി നീങ്ങുന്ന ഒരു രാഷ്ട്രീയസംവിധാനമല്ല. എതിര്‍ചേരിയിലെ, ബൂര്‍ഷ്വാനേതൃത്വത്തിലുണ്ടാകുന്ന പടലപ്പിണക്കവും കലാപവും ഉപയോഗപ്പെടുത്തി ബഹുജനങ്ങളെ കൂടുതല്‍ ഇടതുപക്ഷചേരിയിലേക്ക് അണിനിരത്താന്‍ ബാധ്യതയുള്ള വര്‍ഗരാഷ്ട്രീയ മുന്നണിയാണ്. എതിര്‍ചേരിയിലെ ഭിന്നതയും കലാപവും എത്രത്തോളം എങ്ങനെയെല്ലാം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് അനുഗുണമായി ഉപയോഗിക്കാമെന്ന് വിലയിരുത്തി, അതിന് അനുസരണമായ അടവും സമീപനവും സിപിഐ എമ്മും എല്‍ഡിഎഫും പൊതുവായി സ്വീകരിക്കും