മഹാനായ സഖാവ് പി കൃഷ്ണപിള്ളയെ കാണാന്‍ അവസരം ലഭിക്കാത്തവരാണ് ഇന്നത്തെ കേരളീയരില്‍ ബഹുഭൂരിപക്ഷവും. പക്ഷേ, ആദരവോടെയും വിപ്ളവാവേശത്തോടെയും മലയാളികള്‍, വിശേഷിച്ചും പുരോഗമനവാദികള്‍ സദാ ഓര്‍ക്കുന്ന പേരാണത്. ഈ നേതാവിനെ നേരില്‍ കാണാന്‍ ഇന്നത്തെ ജനതയ്ക്ക് പൊതുവില്‍ അവസരമുണ്ടാകാതെ പോയത് അദ്ദേഹത്തിന്റെ അകാലമരണത്താലാണ്. ഇന്നേക്ക് 68 വര്‍ഷംമുമ്പ്, 1948ലെ ഇതേദിവസം ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് അന്ത്യം. വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്യ്രംകാരണം പ്രാഥമികവിദ്യാഭ്യാസംമാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16–ാം വയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലിചെയ്തു. 1927ല്‍ ബനാറസിലെത്തി. അവിടെ രണ്ടുവര്‍ഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയില്‍ ഹിന്ദി പ്രചാരകനായി ജോലിയില്‍ പ്രവേശിച്ചു. ഉത്തരേന്ത്യന്‍ വാസത്തിനിടയില്‍ത്തന്നെ സ്വാതന്ത്യ്രസമര പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണം വിട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പൂര്‍ണമായി മുഴുകി. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് , കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടുപതിറ്റാണ്ടോളം കേരളരാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.
കമ്യൂണിസ്റ്റുകാര്‍ പരസ്പരം സംബോധനചെയ്യുന്ന സൌഹാര്‍ദ നാമമാണ് സഖാവ്. പേരിനുമുന്നില്‍ സഖാവ് കൂട്ടിച്ചേര്‍ത്താണ് ഓരോ കമ്യൂണിസ്റ്റുകാരെയും സംബോധന ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്യാറുള്ളത്. എന്നാല്‍, സഖാവ് എന്നുമാത്രം വിളിച്ചാല്‍ ഉദ്ദേശിക്കുന്നത് പി കൃഷ്ണപിള്ളയെയാണ്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തെപ്പറ്റി പറയുമ്പോഴോ സംബോധനചെയ്യുമ്പോഴോ പേര് ചേര്‍ക്കാറില്ല. 42 വയസ്സുവരെമാത്രം ജീവിച്ച ആ മഹനീയവ്യക്തിത്വത്തിന്റെ ജീവിതവും പോരാട്ടവും ഇന്ത്യയിലെ വിപ്ളവപ്രസ്ഥാനത്തിന് മഹത്തായ പാഠപുസ്തകമാണ്.
1930 മുതല്‍ 1948 വരെ കേരളത്തിലെ പൊതുപ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്, ഇടതുപക്ഷരാഷ്ട്രീയത്തിന്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളര്‍ച്ചയില്‍ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. തെക്ക്, വടക്ക് എന്ന വ്യത്യാസമെന്യേ കേരളത്തിലാകെ രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിച്ച അസാധാരണ സംഘാടകനും വിപ്ളവകാരിയുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താന്‍ പ്രവര്‍ത്തകരെ കണ്ടുപിടിക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും കഴിവും കുറവും തിരിച്ചറിഞ്ഞ് ഓരോരുത്തര്‍ക്കും പ്രവര്‍ത്തി നല്‍കുന്നതിലും അതീവ സാമര്‍ഥ്യമുണ്ടായിരുന്നു. 1932 ജനുവരിയില്‍ കോഴിക്കോട് സബ്ജയിലില്‍വച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളര്‍ത്തിയത് സഖാവാണെന്ന് ഇ എം എസുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാര്ടിയില്ത്തന്
കൃഷ്ണപിള്ള പ്രായോഗികബുദ്ധിയുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു. സിദ്ധാന്തങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ പ്രായോഗികനിലപാടുകള്‍ സ്വീകരിച്ചു. പ്രാദേശികംമാത്രമല്ല, ദേശീയ– സാര്‍വദേശീയ സ്ഥിതിഗതികള്‍ക്കനുസരിച്ച് സമരതന്ത്രവും കൂട്ടുകെട്ടുമുണ്ടാക്കാന്‍ നേതൃത്വം നല്‍കി. അങ്ങനെയാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ ജര്‍മന്‍–ജപ്പാന്‍ കൂട്ടുകെട്ട് ആക്രമിച്ചതിനെത്തുടര്‍ന്നുള്ള പുതിയ പരിതഃസ്ഥിതിയില്‍ ഇന്ത്യയിലെ സ്വാതന്ത്യ്രസമരക്കളങ്ങളില്‍ ജാപ് വിരുദ്ധ മേളകള്‍ സംഘടിപ്പിക്കുന്നതിന് കൃഷ്ണപിള്ളയടക്കമുള്ള നേതാക്കള്‍ നേതൃത്വം നല്‍കിയത്. ചില ഘട്ടങ്ങളില്‍ ഒഴിക്കിനെതിരെ നീന്താന്‍ കമ്യൂണിസ്റ്റുകാര്‍ നിര്‍ബന്ധിതമാകും എന്നതാണ് ഈ ചരിത്രസംഭവം അടിവരയിടുന്നത്.
സംഘടന കെട്ടിപ്പടുക്കുന്നതിലും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും എതിരാളികളെ നേരിടുന്നതിലും സഖാവ് കാട്ടിയ വഴി നാട് ഓര്‍ക്കേണ്ടതാണ്. തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിലെ വിപ്ളവകല ഒന്നു വേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം എന്നിവയിലെ പരിതാപകരമായ അവസ്ഥ മാറ്റാന്‍ ചൂഷണത്തിനും മര്‍ദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്യ്രസമരത്തില്‍ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. ഇങ്ങനെ സാമ്പത്തികസമരത്തെ എങ്ങനെ രാഷ്ട്രീയസമരമാക്കി വളര്‍ത്താമെന്ന് തെളിയിച്ചു.
അതുപോലെ എല്ലാവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളില്‍ ഇടപെടാനും അതിന്റെ തുടര്‍ച്ചയില്‍ വര്‍ഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ 1931ല്‍ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടര്‍ന്ന് ഭീകരമര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തില്‍ എ കെ ജിയായിരുന്നു വളന്റിയര്‍ ക്യാപ്റ്റന്‍. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക–ദളിത് വിഭാഗങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്യ്രം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികള്‍ക്കും നേതൃത്വംനല്‍കി.
നവഉദാരവല്‍ക്കരണത്തിനും വര്‍ഗീയഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തില്‍ തൊഴിലാളി കര്‍ഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോള്‍ കൃഷ്ണപിള്ളയെപ്പോലെയുള്ള നേതാക്കള്‍ നയിച്ച പാത സ്മരിക്കാം.
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ ചേരിയും ദേശീയമായി വെല്ലുവിളികളെയും മര്‍ദനങ്ങളെയും നേരിടുന്നുണ്ട്. ഇതിനെ അഭിമുഖീകരിക്കാന്‍ കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനശൈലി നമുക്ക് പ്രചോദനമാണ്. 1930കളുടെ അവസാനകാലത്ത് ഉത്തരവാദഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കുസമരത്തെ നേരിടാന്‍ സര്‍ സി പിയുടെ പൊലീസും പട്ടാളവും ആലപ്പുഴ പട്ടണത്തില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോള്‍ ഒരു നാരങ്ങാക്കച്ചവടക്കരന്റെ വേഷത്തില്‍ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നല്‍കി. 1946ല്‍ മലബാറില്‍ നടന്ന തെരഞ്ഞെടുപ്പുകാലത്ത് കമ്യൂണിസ്റ്റുപാര്‍ടിയുടെ പൊതുയോഗം കലക്കാന്‍ കോണ്‍ഗ്രസുകാരന്റെ ഗുണ്ടായിസമുണ്ടായി. കല്ലേറില്‍ ഒരു പൊതുയോഗം കലങ്ങി. എന്നാല്‍, അടുത്തൊരു ദിവസം സഖാവ് ഇടപെട്ട് വീണ്ടും പൊതുയോഗം സംഘടിപ്പിച്ചു. പക്ഷേ, അന്നും വേദിയില്‍ കല്ലുവന്നുവീണു. ആ കല്ല് സഖാവ് ഉയര്‍ത്തിക്കാട്ടി. എന്നിട്ട് ആ കല്ല് യോഗത്തില്‍ ലേലം ചെയ്തു. അരയണ, ഒരണ, രണ്ടണ, മൂന്നണ അങ്ങനെ ലേലം വാശിയിലായി. അന്നത്തെ നിലയില്‍ വലിയൊരു വിലയ്ക്ക് കല്ല് ലേലം ചെയ്യപ്പെട്ടു. ആ സംഖ്യ കമ്യൂണിസ്റ്റുപാര്‍ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കി. കോണ്‍ഗ്രസുകാരുടെ കല്ലേറാക്രമണം കാരണം അണികള്‍ക്കിടയിലുണ്ടായ പിന്നോട്ടടി നീക്കാനും അവരെ ഉന്മേഷത്തിലാക്കാനും ഈ തന്ത്രം ഉപകരിച്ചു.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളില്‍ സജീവമായിരുന്ന കൃഷ്ണപിള്ള ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവര്‍ണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനില്‍പ്പ് ഉജ്വല അധ്യായമാണ്. മര്‍ദനമേറ്റ് സഖാവ് ബോധംകെട്ട് വീണു. മര്‍ദനവും ജയില്‍വാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജയില്‍മോചിതനായശേഷം ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. 1934ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായി. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി–നെയ്ത്ത് തൊഴിലാളികളെയും ആറോണ്‍ മില്‍ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിണറായി–പാറപ്പുറം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ കേരളഘടകം സെക്രട്ടറിയാവുകയുംചെയ്തു.
1940 സെപ്തംബര്‍ 15ന് ഒളിവിലിരുന്ന് മലബാറിലെ മര്‍ദന പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പിന്നീട് അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 46 മുതല്‍ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര– വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. കേരളചരിത്രത്തിലെ വിപ്ളവ ഇതിഹാസാധ്യായമാണ് പുന്നപ്ര– വയലാര്‍ സമരം. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയില്‍ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവര്‍ത്തകരോടും സംസാരിച്ചു. പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട ഒരു മെലിഞ്ഞ മനുഷ്യനെ തൊഴിലാളികള്‍ കണ്ടു. തൊഴിലാളിവര്‍ഗം സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവരോട് സന്ദേശം നല്‍കിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര– വയലാര്‍ സമരശേഷം ബഹുജനനേതാക്കളെ കൂട്ടത്തോടെ സര്‍ സിപിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാര്‍ടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് ശരിയായ നേതൃത്വം നല്‍കാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോള്‍ അദ്ദേഹം നോട്ടുബുക്കില്‍ കുറിച്ചു. "എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്’’ മാര്‍ക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളര്‍ത്തിയ കമ്യൂണിസ്റ്റ് പാര്‍ടി ബഹുജന വിപ്ളവപാര്‍ടിയായി ഇനിയും കൂടുതല്‍ വളരും