കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരായ ദേശീയ പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിലൂടെ പിന്തുണച്ചത് മഹാപാതകം എന്ന നിലയിലാണ് ഒരുപറ്റം ആളുകള്‍ ചിത്രീകരിച്ചത്. എന്നാല്‍, അദ്ദേഹം ചെയ്തത് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ പ്രത്യയശാസ്ത്ര ധീരതയാണ്. മുമ്പ് കമ്പിത്തപാല്‍ ജീവനക്കാരുടെ പണിമുടക്ക് അടിച്ചമര്‍ത്താനുള്ള കേന്ദ്രസേനയെ തമ്പുകളില്‍നിന്ന് പുറത്തിറക്കില്ലെന്ന് 1967–69ലെ സര്‍ക്കാരിനെ നയിച്ച ഇ എം എസ് പ്രഖ്യാപിച്ചിരുന്നു. ആ പാരമ്പര്യമാണ് പിണറായി ഉയര്‍ത്തിപ്പിടിച്ചത്.ഇന്ത്യയില്‍ പരിമിത അധികാരമുള്ള ഒരു സംസ്ഥാന സര്‍ക്കാരിനു മാത്രമായി, പൂര്‍ണമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതല്ല വിലക്കയറ്റം. നിത്യോപയോഗ സാധനവിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രസര്‍ക്കാര്‍നയമാണ്. കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് കീഴടങ്ങി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ് വിലക്കയറ്റത്തിന് അടിസ്ഥാനം.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരായ ദേശീയ പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിലൂടെ പിന്തുണച്ചത് മഹാപാതകം എന്ന നിലയിലാണ് ഒരുപറ്റം ആളുകള്‍ ചിത്രീകരിച്ചത്. എന്നാല്‍, അദ്ദേഹം ചെയ്തത് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ പ്രത്യയശാസ്ത്ര ധീരതയാണ്. മുമ്പ് കമ്പിത്തപാല്‍ ജീവനക്കാരുടെ പണിമുടക്ക് അടിച്ചമര്‍ത്താനുള്ള കേന്ദ്രസേനയെ തമ്പുകളില്‍നിന്ന് പുറത്തിറക്കില്ലെന്ന് 1967–69ലെ സര്‍ക്കാരിനെ നയിച്ച ഇ എം എസ് പ്രഖ്യാപിച്ചിരുന്നു. ആ പാരമ്പര്യമാണ് പിണറായി ഉയര്‍ത്തിപ്പിടിച്ചത്. ഇതിന് പുരോഗമന ചിന്താഗതിക്കാരില്‍മാത്രമല്ല അധ്വാനിക്കുന്നവരിലും കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങളിലും വലിയ മതിപ്പാണ് സൃഷ്ടിച്ചത്. നൂറുദിനം പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനഹൃദയങ്ങളുടെ സ്പന്ദനം ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിലവകാശ സംരക്ഷണം, മെച്ചപ്പെട്ട സേവന–വേതന വ്യവസ്ഥ എന്നിവ അടക്കമുള്ള വിഷയങ്ങളാണ്് ദേശീയ പണിമുടക്കിന് ആധാരം. അതില്‍ ഉള്‍ക്കൊള്ളുന്ന വിലക്കയറ്റം കേരളത്തിലും അനുഭവപ്പെടുന്നതിനാല്‍ പണിമുടക്കിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതില്‍ പൊരുത്തക്കേടില്ലേ എന്ന വിമര്‍ശം രാഷ്ടീയ ഉദ്ദേശ്യത്തോടെ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ പരിമിത അധികാരമുള്ള ഒരു സംസ്ഥാന സര്‍ക്കാരിനു മാത്രമായി, പൂര്‍ണമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതല്ല വിലക്കയറ്റം. നിത്യോപയോഗ സാധനവിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രസര്‍ക്കാര്‍നയമാണ്. കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് കീഴടങ്ങി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ് വിലക്കയറ്റത്തിന് അടിസ്ഥാനം. അന്താരാഷ്ട്രകമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞിട്ടും പെട്രോള്‍–ഡീസല്‍ വില കുറയ്ക്കാത്തത് അടക്കം മോഡി സര്‍ക്കാര്‍നയം ജനദ്രോഹമാണെന്നും അത് തിരുത്തണമെന്നുമാണ് തൊഴിലാളികള്‍ രാഷ്ട്രീയഭേദമെന്യേ വിളിച്ചറിയിക്കുന്നത്. തൊഴിലാളിവിരുദ്ധനിയമം പാടില്ലെന്നും ആവശ്യപ്പെടുന്നു. പൂഴ്ത്തിവയ്പുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും ജനങ്ങളെ കൊള്ളയടിക്കാനുള്ള ഓപ്പണ്‍മാര്‍ക്കറ്റ് സംവിധാനമാണ് കേന്ദ്രം നല്‍കുന്നത്്. വിലക്കയറ്റത്തിന്റെ തീരാദുരിതത്തില്‍ പൂഴ്ത്തിവയ്പിന് സൌകര്യംനല്‍കുന്ന കേന്ദ്രം ആര്‍ക്കുവേണ്ടി ഭരിക്കുന്നുവെന്ന് സ്പഷ്ടം. എന്നാല്‍, രാജ്യമാകെ ആഞ്ഞടിക്കുന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ഫലപ്രദ ഇടപെടല്‍നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില കുറഞ്ഞു.
നിയമപരമായ ബാധ്യതയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരുന്ന ധാന്യങ്ങള്‍ പൊതുവിതരണസംവിധാനത്തിലൂടെ ചോര്‍ച്ചയില്ലാതെ ഏറ്റവും നന്നായി വിതരണംചെയ്യുന്നു. കരുത്തുറ്റ പൊതുവിതരണ സംവിധാനത്തിലൂടെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത റേഷന്‍സമ്പ്രദായത്തെ പുതുക്കിപ്പണിയാനുള്ള ഉത്തരവാദിത്തവും നിറവേറ്റുകയാണ്. അരിക്കു പുറമെ മറ്റ് അവശ്യസാധനങ്ങളും ന്യായവിലയ്ക്ക് ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി കമ്പോളത്തില്‍ ഇടപെടുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണ്. പയര്‍, പഞ്ചസാര, പലവ്യഞ്ജനം തുടങ്ങി 14 ഇനം സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 40 മുതല്‍ 70 ശതമാനംവരെ വിലകുറച്ചു വില്‍ക്കുന്നു. ഇത് ജനങ്ങള്‍ക്ക് ആശ്വാസംപകരുന്നതാണ്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിത്തന്നെ ബിജെപി–കോണ്‍ഗ്രസാദി ബൂര്‍ഷ്വാ പാര്‍ടികളുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ വിലക്കയറ്റം, തൊഴിലില്ലായ്മ, കൂലി–ജോലി സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചുനടത്തുന്ന ദേശീയ തൊഴിലാളി പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചതില്‍ ഒരു പൊരുത്തക്കേടും ഇരട്ടത്താപ്പും ഇല്ല.
ഇന്നത്തെ ദേശീയ പണിമുടക്ക് മാര്‍ക്സിസം–ലെനിനിസത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ആഹ്ളാദിപ്പിക്കുന്നതാണ്. പുതിയ നൂറ്റാണ്ടില്‍ മുതലാളിത്തത്തിനുകീഴില്‍ പണിമുടക്ക് അപ്രസക്തവും അപ്രായോഗികവുമാണെന്ന വാദം തകര്‍ന്നിരിക്കുന്നു. വിവിധ രീതിയിലുള്ള പ്രതിരോധ–പ്രക്ഷോഭ സമരങ്ങള്‍ യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമടക്കം ലോകവ്യാപകമായി നടക്കുന്നു. ഐഎംഎഫും ലോകബാങ്കും ലക്ഷ്യമിട്ടിരിക്കുന്ന ’ഉയര്‍ന്ന വലിയ മാര്‍ക്കറ്റുകളില്‍’ ഒന്നായ ഇന്ത്യയിലാകട്ടെ 1991നുശേഷം 17 വലിയ ദേശീയ പണിമുടക്ക് നടന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടി നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പാത പിന്തുടരുകയും പ്രയോഗതലത്തില്‍ തീവ്രത കാട്ടുകയും ചെയ്യുകയാണ് ബിജെപിസര്‍ക്കാര്‍. മോഡിഭരണത്തില്‍ രണ്ടാമത്തെ ദേശീയ പണിമുടക്കാണ്. സംഘപരിവാര്‍ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ കൈകോര്‍ത്തെങ്കിലും രണ്ടുദിവസംമുമ്പ് നേതൃത്വത്തെക്കൊണ്ട് പിന്മാറ്റ പ്രസ്താവന ഇറക്കി. രാഷ്ട്രീയസമ്മര്‍ദംകൊണ്ട് അങ്ങനെ ഉണ്ടായെങ്കിലും ബിഎംഎസിലെ സാധാരണ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം സമരത്തില്‍ ആവേശത്തോടെ അണിചേര്‍ന്നു. പണിമുടക്ക് മോഡി സര്‍ക്കാരിന്റെ രാജിക്കുവേണ്ടിയല്ലെങ്കിലും, ആ സമരത്തിന്റെ ഭാവിരാഷ്ട്രീയം മോഡിഭരണത്തിന് എതിരായ ജനവികാരമായി ചുറ്റിയടിക്കുമെന്നു കണ്ടാണ് സംഘപരിവാര്‍ ബിഎംഎസ് നേതൃത്വത്തെ കരിങ്കാലികളാക്കിയത്. 15 കോടിയിലധികം തൊഴിലാളികളും മറ്റധ്വാനിക്കുന്ന ജനവിഭാഗവും പ്രക്ഷോഭസമരത്തിന് എത്തി എന്നത് മോഡിസര്‍ക്കാര്‍ ഒറ്റപ്പെടുന്നു എന്നതിന് തെളിവാണ്.
സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഭാര്യയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് തോളിലേറ്റി മകളോടൊപ്പം കിലോമീറ്ററുകള്‍ നടന്നുപോകുന്ന കലഹന്ദിയിലെ ഗ്രാമീണന്‍, അമ്മയുടെ ജഡം വെട്ടിമുറിച്ച് ചാക്കില്‍കെട്ടി മുളങ്കൊമ്പില്‍ കെട്ടിത്തൂക്കി ചുമക്കുന്ന രണ്ട് ഒഡിഷ്യ പൌരന്മാര്‍, കാണ്‍പുരില്‍ പനിപിടിച്ച് വിറച്ച പന്ത്രണ്ടുകാരന്‍ ചികത്സകിട്ടാതെ അച്ഛന്റെ തോളില്‍കിടന്ന് മരിച്ച സംഭവം– ഈ ഹൃദയഭേദക ചിത്രങ്ങള്‍ ഒറ്റപ്പെട്ടതല്ല. മുമ്പ് വാജ്പേയിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സ്വാതന്ത്യ്രദിന പ്രസംഗത്തിനു പിന്നാലെയുണ്ടായ ഒരു സംഭവം ഓര്‍മിക്കുന്നു. അന്ന് വാജ്പേയിയുടെ സ്വാതന്ത്യ്രദിന വാഗ്ദാന പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത സ്റ്റാര്‍ ടിവി അടുത്ത വാര്‍ത്തയായി സംപ്രഷണംചെയ്തത് ഛത്തീസ്ഗഡ് സംസ്ഥാനത്ത് പത്തുദിവസംമുമ്പ് ചത്ത് മണ്ണടിഞ്ഞ ഒരു കാളയുടെ ചീഞ്ഞളിഞ്ഞ മാംസം വിശപ്പടക്കാന്‍ ഭക്ഷിച്ച 12 ഗ്രാമീണര്‍ മരിച്ച ദയനീയ സംഭവമാണ്. ഇപ്പോഴാകട്ടെ മോഡിയുടെ സ്വാതന്ത്യ്രദിന പ്രസംഗത്തിനു പിന്നാലെയാണ് മനുഷ്യത്വത്തെ ഞെട്ടിപ്പിക്കുന്ന ഈ സംഭവങ്ങള്‍. മോഡിഭരണത്തില്‍ ഇന്ത്യയിലെ പാവപ്പെട്ടവരുടെയും പണിയെടുക്കുന്നവരുടെയും ജീവിതം കുതിക്കുകയല്ല, കിതയ്ക്കുകയാണ്. ഇതിനാലാണ് ഇന്ന് ദേശീയ പണിമുടക്കിന് തൊഴിലാളികള്‍ നിര്‍ബന്ധിതമായത്.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി ദരിദ്രവിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ പൊതുവില്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാന്‍ കേരളത്തിനു കഴിഞ്ഞു. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ സമരങ്ങളും അവരുടെ ഭരണപങ്കാളിത്തവും ഏറെ പ്രയോജനംചെയ്തു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍മാത്രമല്ല, ജനജീവിതവുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയത്തിലും നവ ഉദാരവല്‍ക്കരണത്തില്‍നിന്ന് വ്യത്യസ്തമായ പാതയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍നയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ദരിദ്രവിഭാഗങ്ങള്‍ക്കും പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ക്കും ആശ്വാസം എത്തിച്ചു. 11 മാസമായി അടഞ്ഞുകിടന്ന പൊതുമേഖലാ കശുവണ്ടിഫാക്ടറികള്‍ തുറന്നു. മിനിമംകൂലി 500 രൂപയാക്കുകയും അത് സര്‍ക്കാരിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിക്കുന്ന താല്‍ക്കാലികക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും അനുവദിക്കുകയുംചെയ്തു.
തോട്ടംമേഖലയിലും പരമ്പരാഗത വ്യവസായമേഖലയിലും പണിയെടുക്കുന്നവര്‍ക്ക് പ്രതിദിനം കുറഞ്ഞത് 500 രൂപ ലഭിക്കത്തക്കവിധം, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും ആധുനികവല്‍ക്കരണ നടപടി സ്വീകരിച്ചും സേവന–വേതന ഘടനയില്‍ മാറ്റംവരുത്തേണ്ടതുണ്ട്. 3200 കോടി രൂപ ക്ഷേമപെന്‍ഷനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചു. അത് 37.12 ലക്ഷം വീടുകളില്‍ എത്തിക്കുകയാണ്. ക്ഷേമപെന്‍ഷന്‍ കുറഞ്ഞത് 1000 രൂപയാക്കി. സാമ്പത്തികപ്രതിസന്ധിക്കിടയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പാവങ്ങളുടെ കണ്ണീരൊപ്പുന്നു. അടിയന്തരാശ്വാസം നല്‍കുക എന്നതില്‍മാത്രമായി ഒതുങ്ങിനില്‍ക്കാതെ അതിനേക്കാള്‍ സാരവത്തായ വികസനമടക്കമുള്ള പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുകയോ അതിനുള്ള തയ്യാറെടുപ്പിലോ ആണ് പിണറായി സര്‍ക്കാര്‍. പശ്ചാത്തലസൌകര്യം ഒരുക്കുന്നതില്‍ ഉള്‍പ്പെടെ വന്‍ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ്സ്വീകരിക്കുന്നത്. ഈ വിധം മുന്നോട്ടുപോകുമ്പോള്‍ അഞ്ചാണ്ടിനുള്ളില്‍ കേരളത്തിന്റെ മുഖഛായതന്നെ മാറും. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സമീപനവും കരുത്തായിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണനയങ്ങളെയും വര്‍ഗീയനയങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടുതന്നെ, ജനങ്ങള്‍ക്ക് അനുകൂലവും സന്തുലിതവുമായ വികസനം ഉറപ്പുവരുത്തുന്ന നയവും പരിപാടിയും പദ്ധതിയും നടപ്പാക്കാന്‍ പോവുകയാണ്. ഇടതുപക്ഷ ജനാധിപത്യബദലിലൂടെ കേരളഭരണം ഇന്ത്യക്ക് മാതൃകയായി മാറുകയാണ്.
മോഡി സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ–സ്വകാര്യവല്‍ക്കരണ–ഉദാരവല്‍ക്കരണ നയങ്ങളെ അവസാനിപ്പിക്കാനോ തടയാനോ ഉള്ള പ്രക്രിയയാണ് ദേശീയ പണിമുടക്ക്. ഇതിനിടെ ചില ആനൂകുല്യങ്ങള്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത് സമരത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. ബിഎംഎസിനെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനുവേണ്ടി പൊള്ളയായ ചില പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍തലത്തില്‍ നയംമാറ്റം വരുത്തിക്കാനുള്ള ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങളില്‍ കേരളത്തിലെ ജനങ്ങളും എല്‍ഡിഎഫും ഇനിയും ശക്തമായി പങ്കാളിയാകും