ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ലാളിത്യത്തെ ജീവിതവ്രതംപോലെ കൊണ്ടുനടന്നു. പ്രക്ഷുബ്ധ അന്തരീക്ഷത്തിലും ശാന്തമായ സമീപനം കൈക്കൊള്ളാനും ദൃഢമായ തീരുമാനങ്ങളെടുക്കാനും അസാമാന്യ ശേഷിയുണ്ടായിരുന്നു, ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായ ത്യാഗപൂര്‍ണ ജീവിതം
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയന്‍ ഗോവിന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 18 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷപ്രസ്ഥാനവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം. വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യസാഹചര്യത്തില്‍നിന്നാണ് അദ്ദേഹം പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. ഏറ്റവും നിര്‍ധനരായ ജനവിഭാഗത്തെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്.
ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ലാളിത്യത്തെ ജീവിതവ്രതംപോലെ കൊണ്ടുനടന്നു. പ്രക്ഷുബ്ധ അന്തരീക്ഷത്തിലും ശാന്തമായ സമീപനം കൈക്കൊള്ളാനും ദൃഢമായ തീരുമാനങ്ങളെടുക്കാനും അസാമാന്യ ശേഷിയുണ്ടായിരുന്നു, ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായ ത്യാഗപൂര്‍ണ ജീവിതം.
ജീവിതസാഹചര്യത്താല്‍ ചെറുപ്രായത്തില്‍ തൊഴിലെടുക്കേണ്ടിവന്നയാളായിരുന്നു സ. ചടയന്‍. ഇത് ഉയര്‍ന്ന നിലയിലുള്ള ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അദ്ദേഹത്തിന് തടസ്സമായി. എന്നാല്‍, മറ്റു പലരേക്കാളും ഉയര്‍ന്ന രാഷ്ട്രീയവിദ്യാഭ്യാസം ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നെയ്ത്ത് വേലയില്‍ ഏര്‍പ്പെട്ട കാലത്തുതന്നെ സ. ചടയനിലെ രാഷ്ട്രീയവിദ്യാര്‍ഥി ഊര്‍ജസ്വലമായി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. കൂട്ടുകാരിലും സഹപ്രവര്‍ത്തകരിലും ചൂഷണത്തിനെതിരായ സന്ദേശം പ്രചരിപ്പിച്ചു. ഷണ്‍മുഖവിലാസം കമ്പനിയിലെ നെയ്ത്തുകാരനായുള്ള കാലത്തെ അനുഭവങ്ങള്‍ അത് ശരിവയ്ക്കുന്നു.
സിദ്ധസമാജത്തിന്റെ ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ആദ്യകാലത്ത് അതിന്റെ ഒരു പ്രധാന പ്രചാരകനായിരുന്നു. എന്നാല്‍, പിന്നീട് കമ്യൂണിസ്റ്റ് ആശയഗതിയിലേക്ക് മാറി. ഈ മാറ്റം സിദ്ധസമാജത്തിന്റെ പ്രവര്‍ത്തകരെ പൊതുവില്‍ സ്വാധീനിച്ചു. അതാണ് പില്‍ക്കാലത്ത് സമാജത്തിലുണ്ടായവര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തകരായി മാറാന്‍ ഇടയായത്.കൈത്തറി തൊഴിലാളികളെ സംഘടിപ്പിച്ചാണ് സ. ചടയന്‍ സജീവ സമര സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്ന നെയ്ത്തുതൊഴിലാളികളെ രാഷ്ട്രീയമായും സംഘടനാപരമായും ശാക്തീകരിക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുത്തു. പഴയ ചിറയ്ക്കല്‍ താലൂക്കിലെ നെയ്ത്തുതൊഴിലാളികളുടെ പ്രസ്ഥാനം രൂപീകരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിനും ചടയന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്്.
ജന്മിഭൂസ്വാമിമാരും അധികാരികളും കമ്യൂണിസ്റ്റ് പാര്‍ടിയെയും കര്‍ഷക–തൊഴിലാളി പ്രസ്ഥാനത്തെയും വേട്ടയാടുന്ന കാലത്താണ് സ. ചടയന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. തൊഴിലാളിപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ചത്. പൊലീസ്–ജന്മിഗുണ്ടാ വിളയാട്ടത്തെ ചെറുക്കാന്‍ സ. ചടയന്റെ നേതൃത്വം ആ പ്രദേശത്തിനാകെ കരുത്തായിമാറി.
അക്കാലത്തെ പാര്‍ടി വളന്റിയര്‍ കോറിന്റെ നേതൃത്വത്തിലും ചടയന്‍ ഉണ്ടായിരുന്നു. കരുത്തുറ്റതും ഉറച്ചതുമായ ശരീരഘടനയുള്ള അദ്ദേഹം വളന്റിയര്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിലും ശ്രദ്ധിച്ചു. കമ്പില്‍ അങ്ങാടിയില്‍ അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ ജനകീയമായി നേരിടാന്‍ പാര്‍ടി തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചടയന്‍കൂടിയായിരുന്നു. 1964ല്‍ ഡല്‍ഹിയില്‍ പോയ സിപിഐ എം കേരള വളന്റിയര്‍ ടീമിലും സഖാവ് അംഗമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച ഘട്ടത്തില്‍ വിവരണാതീതമായ മര്‍ദനമാണ് അനുഭവിക്കേണ്ടിവന്നത്. കയരളം പൊലീസ് ക്യാമ്പിലിട്ട് ദിവസങ്ങളോളം അദ്ദേഹത്തെ മര്‍ദിച്ചു. പൂര്‍ണ നഗ്നനാക്കി മൂത്രദ്വാരത്തില്‍ പച്ചഈര്‍ക്കില്‍ കയറ്റല്‍പോലുള്ള ക്രൂരപീഡനങ്ങള്‍ക്കും സഖാവ് വിധേയനായി. ചടയന്‍ മരിച്ചെന്ന വാര്‍ത്തപോലും പ്രചരിച്ചു.
കര്‍ഷകത്തൊഴിലാളികളുടെ നേതൃത്വത്തില്‍ മിച്ചഭൂമിക്കായി കേരളത്തില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ നേതൃനിരയിലും സഖാവിന്റെ സാന്നിധ്യമുണ്ടായി. പട്ടിണിയിലായ ജനങ്ങളെ സഹായിക്കുന്നതിലും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കി. പ്രക്ഷോഭങ്ങളുടെ ഭാഗമായി നിരവധിതവണ ഒളിവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ എംഎസ്പിക്കാര്‍ അറസ്റ്റുചെയ്ത് കൊടിയ മര്‍ദനത്തിന് വിധേയനാക്കി. അദ്ദേഹത്തിന്റെ വീട് എംഎസ്പിക്കാരും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചു. തുടര്‍ന്ന് നാടുവിട്ട് സംസ്ഥാനത്തിന് വെളിയിലേക്ക് പോകേണ്ടിവന്നു. ആ ഘട്ടത്തില്‍ മൂന്നുമാസത്തോളം കട്ടനിര്‍മാണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചു.
അക്കാലത്ത് ചടയനും സഹപ്രവര്‍ത്തകരും കല–സാംസ്കാരിക രംഗത്ത് സജീവമായി ഇടപെട്ടു. അദ്ദേഹം ഒരു മികച്ച നാടക അഭിനേതാവും സംഘാടകനും ആയിരുന്നുവെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആകുന്നതുവരെയും അഭിനയരംഗത്ത് സജീവമായിരുന്നു. മലബാറില്‍ അക്കാലത്ത് വ്യാപകമായ നിലയില്‍ വായനശാലയും കലാസമിതിയും രൂപംകൊണ്ടിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സ. ചടയനും മുന്‍കൈയെടുത്തു. ഐക്യകേരള പ്രസ്ഥാനത്തിന്റെയും പ്രധാന പ്രവര്‍ത്തകനായി സഖാവിന്റെ സാന്നിധ്യമുണ്ടായി.
1948ലാണ് സ. ചടയന്‍ പാര്‍ടി സെല്ലില്‍ അംഗമാകുന്നത്. 1952ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി അംഗമായി. 1962ല്‍ അവിഭക്ത പാര്‍ടിയുടെ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി സെക്രട്ടറിയായി ചുമതലയേറ്റു. 1964ല്‍ സിപിഐ എം നിലവില്‍ വന്നപ്പോള്‍ ജില്ലാകമ്മിറ്റി അംഗമായി. 1979ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. ഇടക്കാലത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും 1996 മെയ് മുതല്‍ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പാര്‍ലമെന്ററിരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള അചഞ്ചല കൂറാണ് കേരളത്തിലെ വിപ്ളവപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയരുന്നതിന് ചടയനെ സഹായിച്ചത്. പാര്‍ടിക്കകത്ത് രൂപപ്പെട്ട തീവ്ര ഇടത്–വലത് പ്രവണതകള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. നാടിനും ജനങ്ങള്‍ക്കുംവേണ്ടി സര്‍വതും സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സ. ചടയന്‍ ഉള്‍പ്പെടെയുള്ള തലമുറയില്‍നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകാരെയും വേട്ടയാടുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ സ. ചടയന്‍ ചരമദിനം ആചരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിന് അവസരം ഒരുക്കിക്കൊടുത്തും സാധാരണക്കാരന്റെ ജീവിതം ദുഃസഹമാക്കിയുമാണ് ഭരണം തുടരുന്നത്. വര്‍ഗീയസംഘര്‍ഷം ഇളക്കിവിട്ട് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആസൂത്രിതനീക്കവും ഇവര്‍ നടത്തുന്നുണ്ട്. കേരളത്തിലെ പ്രബല സമുദായസംഘടനകളെ സമ്പത്തും കേന്ദ്രഭരണസ്വാധീനവും ഉപയോഗിച്ച് വരുതിയില്‍നിര്‍ത്താനുള്ള ശ്രമവും നമ്മള്‍ കണ്ടു. ചിലരൊക്കെ അതില്‍ വീണുപോകുന്നുമുണ്ട്.
കേരളത്തില്‍ കലാപസമാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആസൂത്രിത പദ്ധതി ആര്‍എസ്എസ് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി വലിയ ആയുധശേഖരം പലയിടത്തും ശേഖരിച്ചുവച്ചിട്ടുണ്ട്. സിപിഐ എം പ്രവര്‍ത്തകരെയാണ് അവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ അവരുടെ രാഷ്ട്രീയതന്ത്രം വിജയിക്കാത്തതിന്റെ കാരണം കമ്യൂണിസ്റ്റ്പാര്‍ടിയുടെ സ്വാധീനമാണെന്ന് അവര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് നമ്മളെ അവര്‍ മുഖ്യശത്രുവായി കാണുന്നത്. അമ്പലങ്ങളെ പലയിടത്തും ആയുധപ്പുരകളാക്കി. ഇതൊക്കെ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ കഴിയണം.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ ഇത് ചര്‍ച്ചയാകരുതെന്ന് ആര്‍എസ്എസ്– ബിജെപി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസംമുതല്‍ ആര്‍എസ്എസിന്റെ അസഹിഷ്ണുത പ്രകടമാണ്.
ബിജെപിയുടെ അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറല്ല. അവരെ സംരക്ഷിച്ചും അവരുമായി യോജിപ്പിലെത്തിയുമാണ് കോണ്‍ഗ്രസ് കാര്യങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരായുള്ള ശക്തമായ നിലപാടുകള്‍ കോണ്‍ഗ്രസ് പാര്‍ടിയെ ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും അഴിമതിക്കേസുകളില്‍ അകപ്പെട്ടവരാണ്. അത്തരക്കാരുടെ സംരക്ഷണത്തിന് കേന്ദ്രഭരണകക്ഷിയുമായി സമരസപ്പെടുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതപ്രശ്നം ഏറ്റെടുത്ത് പോരാടുകയാണ് സ. ചടയന്‍ ജീവിതകാലംമുഴുവന്‍ ചെയ്തത്. സ്വാര്‍ഥതാല്‍പ്പര്യത്തിന്റെ കണികയേതുമില്ലാതെ പൊതുപ്രവര്‍ത്തകര്‍ക്കാകെ അദ്ദേഹം മാതൃകയായി. സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടത്തില്‍ സര്‍വവും സമൂഹത്തിനായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ജീവിതം നമുക്കാകെ ആവേശം നല്‍കുന്നതാണ്