തെരഞ്ഞെടുപ്പിനുശേഷം സിപിഐ എമ്മിന്റെ മുപ്പത്തഞ്ചിലധികം ഓഫീസുകള്‍ തകര്‍ത്തു. നാലുമാസത്തിനിടയില്‍ നാല് സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്– എന്തിനെന്ന് കേന്ദ്രസംഘം കേരളത്തിലെ സംഘനേതൃത്വത്തോട് ആരായണം. തെരഞ്ഞെടുപ്പിനുശേഷം മുന്നൂറിലേറെ സിപിഐ എം പ്രവര്‍ത്തകരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പാര്‍ടിപ്രവര്‍ത്തകരുടേതും അനുഭാവികളുടേതുമായി എണ്‍പതോളം വീടിനുനേരെ ആക്രമണം നടത്തി. ഇങ്ങനെ നിരന്തരം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസിനെ വെള്ളപൂശാന്‍ ഒരു കേന്ദ്രസംഘത്തിനും അവരുടെ അഭ്യാസങ്ങള്‍ക്കും കഴിയുമെന്ന് കരുതുന്നവരോട് സഹതാപമേയുള്ളൂ. ആ സംഘത്തിലെ ഒരംഗമായ ദക്ഷിണ കന്നട എംപി നളീന്‍കുമാര്‍ കട്ടീല്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലിഗയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനാണ്. മതവിദ്വേഷപ്രസംഗം, അധോലോകബന്ധം, കൊലപാതകം– ഇങ്ങനെയുള്ള അനേകം ആരോപണങ്ങളും കേസുകളും നേരിടുന്ന നളീന്‍കുമാര്‍ ഏതുതരം സമാധാനമാണ് സ്ഥാപിക്കുക
കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനെന്ന പേരില്‍ എത്തിയ ബിജെപി എംപിമാരുടെ സംഘം ’സിപിഐ എമ്മാണ് അക്രമകാരികള്‍’ എന്ന് വാര്‍ത്താസമ്മേളനം വിളിച്ച് സ്ഥാപിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെ, കണ്ണൂര്‍ ജില്ലയിലെതന്നെ കോടിയേരിയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത് ആര്‍എസ്എസ് ഉന്മാദനൃത്തം ചവിട്ടുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും അമിത് ഷായുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച എംപിമാരുടെ സംഘവുമാണ് ’വസ്തുതാന്വേഷണ’ത്തിന് കണ്ണൂര്‍ ജില്ലയില്‍ എത്തിയത്. അവര്‍ സന്ദര്‍ശനം നടത്തിയ സ്ഥലത്തിന് ഇരുനൂറുമീറ്റര്‍ അകലെയാണ് ശനിയാഴ്ച ആദ്യവീട് ആക്രമിച്ചത്. നഗരസഭാ കൌണ്‍സിലര്‍ എം കെ വിജയന്റേതുള്‍പ്പെടെ സിപിഐ എം പ്രവര്‍ത്തകരുടെ ഏഴ്് വീട് ആര്‍എസ്എസുകാര്‍ തകര്‍ത്തു. പിഞ്ചുകുട്ടികളെയും സ്ത്രീകളെയും പരിക്കേല്‍പ്പിച്ചു. പൊടുന്നനെയുണ്ടായ ഈ അക്രമം ശമിപ്പിക്കാന്‍ ശനിയാഴ്ചതന്നെ സമാധാനയോഗം ചേര്‍ന്നു. സമാധാനം പാലിക്കാമെന്ന് ആ യോഗത്തില്‍ ആര്‍എസ്എസ്– ബിജെപി പ്രതിനിധികള്‍ ഉറപ്പുനല്‍കി. എന്നാല്‍, തിരിച്ചുപോയ ആര്‍എസ്എസ് സമാധാനപ്രവര്‍ത്തനമല്ല നടത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കരയിലെ ചന്ദ്രോത്ത് സിപിഐ എം ഓഫീസായ മുല്ലോളി ഗോപാലന്‍ സ്മാരകവും പാര്‍ടി അംഗം സുബിന്റെ വീടും ആക്രമിച്ചു.
ആര്‍എസ്എസ് നടത്തുന്ന ഈ അക്രമങ്ങളെയെല്ലാം മൂടിവയ്ക്കാനാണ്, ’മാര്‍ക്സിസ്റ്റക്രമ’ മുറവിളിയും കേന്ദ്രഭരണത്തിന്റെ സൌകര്യമുപയോഗിച്ച് എന്തും ചെയ്യാന്‍ മടിക്കില്ലെന്ന ഭീഷണിയും. കണ്ണൂരിന്റെ നിയന്ത്രണം സൈന്യത്തിന് കൊടുക്കണമെന്നുവരെ ബിജെപി നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു. സിപിഐ എമ്മാണ് അക്രമങ്ങള്‍ക്കുപിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ പാര്‍ടിയുടെ കേന്ദ്ര ആസ്ഥാനത്ത് ആര്‍എസ്എസ് നടത്തിയ അക്രമപ്പേക്കൂത്ത് അതിന്റെ മറ്റൊരു ഭാഗമാണ്.
ആസൂത്രിതമായി സംഘര്‍ഷമുണ്ടാക്കുകയാണ് ആര്‍എസ്എസ്. കണ്ണൂര്‍ ജില്ലയില്‍ പുതിയ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് ജൂലൈ 11ന് രാത്രി സി വി ധനരാജിനെ കൊലപ്പെടുത്തി നടപ്പാക്കിയത്. ധനരാജിന്റെ സ്വദേശമായ കുന്നരുവിലോ പയ്യന്നൂരിലോ ഒരുവിധ സംഘര്‍ഷവും ഉണ്ടായിരുന്നില്ല. ഒരു ന്യായീകരണവും ഇല്ലാത്ത ആ കൊലപാതകം ചെയ്തത് തങ്ങളാണെന്ന് സ്ഥാപിക്കപ്പെടാതിരിക്കാന്‍ അനേകം നുണകള്‍ ആര്‍എസ്എസ് നേതൃത്വം പ്രചരിപ്പിച്ചു. പൊലീസ് അന്വേഷണത്തില്‍ ഈ കൊലയില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ പങ്ക് സംശയരഹിതമായി വ്യക്തമാക്കപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ പ്രചാരകനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മോഹന്‍ ഭാഗവത് പങ്കെടുത്ത കണ്ണൂര്‍ ബൈഠക്കില്‍ സിപിഐ എം സ്വാധീനകേന്ദ്രങ്ങളില്‍ അക്രമം നടത്താനുള്ള തീരുമാനമെടുത്ത വാര്‍ത്ത പുറത്തുവന്നതാണ്. ആ തീരുമാനമാണ് സംഘപരിവാര്‍ നടപ്പാക്കുന്നത്.
ആര്‍എസ്എസ് ആയുധം താഴെവച്ചാല്‍ കേരളത്തിലാകെയും കണ്ണൂര്‍ ജില്ലയില്‍ വിശേഷിച്ചും അക്രമരാഷ്ട്രീയം അവസാനിക്കും. എംപിമാരുടെ സംഘം തെരഞ്ഞെടുപ്പിനുശേഷം അക്രമങ്ങള്‍ക്കും കൊലപാതകത്തിനും തുടക്കമിട്ടത് ആരാണെന്ന് പരിശോധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആര്‍എസ്്്എസിനെതിരായ റിപ്പോര്‍ട്ടാണ് അവര്‍ ബിജെപി നേതൃത്വത്തിനും ഗവര്‍ണര്‍ക്കുമെല്ലാം കൊടുക്കേണ്ടിവരിക. പിണറായി വിജയന്റെ നിയമസഭാ മണ്ഡലത്തില്‍ സി വി രവീന്ദ്രന്‍ എന്ന തൊഴിലാളിയെ ആര്‍എസ്എസ് കൊന്നത് വോട്ടെണ്ണല്‍ദിവസമാണ്. എല്‍ഡിഎഫ് വിജയത്തില്‍ ആഹ്ളാദപ്രകടനം നടത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെയാണ് അന്ന് ആക്രമിച്ചത്. കാഞ്ഞങ്ങാട്ട് സിപിഐ നേതാവും ഇപ്പോള്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ വലതുകൈ പൊട്ടിച്ചതും മറ്റാരുമല്ല. ആര്‍എസ്എസ് അക്രമം കണ്ണൂര്‍ ജില്ലയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. കണ്ണൂര്‍ ജില്ലയ്ക്കു പുറത്ത്, ഏങ്ങണ്ടിയൂരിലെ ശശികുമാര്‍, കരമന സ്വദേശി ടി സുരേഷ്കുമാര്‍ എന്നീ സിപിഐ എം പ്രവര്‍ത്തകരെ കൊന്നത് ആര്‍എസ്്എസാണ്.
തെരഞ്ഞെടുപ്പിനുശേഷം സിപിഐ എമ്മിന്റെ മുപ്പത്തഞ്ചിലധികം ഓഫീസുകള്‍ തകര്‍ത്തു. നാലുമാസത്തിനിടയില്‍ നാല് സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്– എന്തിനെന്ന് കേന്ദ്രസംഘം കേരളത്തിലെ സംഘനേതൃത്വത്തോട് ആരായണം. തെരഞ്ഞെടുപ്പിനുശേഷം മുന്നൂറിലേറെ സിപിഐ എം പ്രവര്‍ത്തകരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പാര്‍ടിപ്രവര്‍ത്തകരുടേതും അനുഭാവികളുടേതുമായി എണ്‍പതോളം വീടിനുനേരെ ആക്രമണം നടത്തി. ഇങ്ങനെ നിരന്തരം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസിനെ വെള്ളപൂശാന്‍ ഒരു കേന്ദ്രസംഘത്തിനും അവരുടെ അഭ്യാസങ്ങള്‍ക്കും കഴിയുമെന്ന് കരുതുന്നവരോട് സഹതാപമേയുള്ളൂ. ആ സംഘത്തിലെ ഒരംഗമായ ദക്ഷിണ കന്നട എംപി നളീന്‍കുമാര്‍ കട്ടീല്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലിഗയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനാണ്. മതവിദ്വേഷപ്രസംഗം, അധോലോകബന്ധം, കൊലപാതകം– ഇങ്ങനെയുള്ള അനേകം ആരോപണങ്ങളും കേസുകളും നേരിടുന്ന നളീന്‍കുമാര്‍ ഏതുതരം സമാധാനമാണ് സ്ഥാപിക്കുക?
കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരി ആര്‍എസ്എസ് ശക്തികേന്ദ്രമായിരുന്നു. അവിടത്തെ പ്രധാന സംഘനേതാക്കളുള്‍പ്പെടെ സ്വയംസേവകര്‍ കൂട്ടത്തോടെ വര്‍ഗീയരാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐ എമ്മിനോടൊപ്പം എത്തി. അതോടെ സിപിഐ എമ്മിന് അവിടെ ഒരു ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യം ലഭിച്ചു. എന്നാല്‍, അത് സഹിക്കാതെ ആ ഓഫീസ് രണ്ടുവര്‍ഷത്തിനകം 30 തവണയാണ് ആര്‍എസ്എസ് ആക്രമിച്ചത്. ഓരോതവണ നന്നാക്കുമ്പോഴും അടുത്ത ആക്രമണം നടക്കും. ശാഖകളിലും ആര്‍എസ്എസ് കേന്ദ്രങ്ങളിലും വന്‍തോതില്‍ ബോംബുനിര്‍മാണവും ശേഖരണവും നടത്തുന്നതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ട്. ആഗസ്ത് 20ന് ദീക്ഷിത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബുനിര്‍മാണത്തിനിടെ കൊല്ലപ്പെട്ടശേഷം ആ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധശേഖരം പൊലീസ് കണ്ടെടുത്തിരുന്നു. പാനൂരിനടുത്ത് ചെണ്ടയാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി 10 വയസ്സുകാരന് സാരമായി പരിക്കേറ്റു. വന്‍ശേഷിയുള്ള പുതിയതരം ബോംബുകളാണ് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്നത്. അത് നിരന്തരം സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ പ്രയോഗിക്കുന്നു. പാലപ്പുഴയില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് അബ്ദുള്‍ റസാഖ് എന്നയാള്‍ക്ക് ആര്‍എസ്എസുകാര്‍ ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടി ഗുരുതര പരിക്കേറ്റത്. സിപിഐ എം പ്രവര്‍ത്തകനും ചെത്തുതൊഴിലാളിയുമായ ജിജോയെ സെപ്തംബര്‍ മൂന്നിന് രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്.
ധര്‍മടം പഞ്ചായത്തിലെ വെള്ളൊഴുക്കില്‍ സിപിഐ എമ്മിന്റെ കൊടികള്‍ രാത്രികാലത്തും മറ്റും എടുത്തുകൊണ്ടുപോകുന്നത് ആര്‍എസ്എസ് പതിവാക്കിയിരുന്നു. വീണ്ടും കൊടികള്‍ സ്ഥാപിക്കുകയാണ് പാര്‍ടിപ്രവര്‍ത്തകര്‍ ചെയ്തത്. സെപ്തംബര്‍ 11ന് പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഐ എം പതാക പരസ്യമായി കത്തിച്ചു. ഈ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ആര്‍എസ്എസ് നേതൃത്വം ഇതേവരെ തയ്യാറായിട്ടില്ല. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വിളക്കോട്ടൂര്‍ പാലിയംകണ്ടിയില്‍ അവിടത്തെ സിപിഐ എം അനുഭാവി വിനോദിനെ ഭീഷണിപ്പെടുത്തി പാര്‍ടിബന്ധം ഉപേക്ഷിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. ആ നീക്കം പരാജയപ്പെട്ടതിനെതുടര്‍ന്ന് വീട്ടുകിണറ്റില്‍ മലം ഇട്ട് മലിനപ്പെടുത്തിയ ക്രൂരതയാണ് ആര്‍എസ്എസ് ചെയ്തത്. വിനോദിന്റെ ഭാര്യ വിചിത്രയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതാണ് ആര്‍എസ്എസ് പ്രതിനിധാനംചെയ്യുന്ന സംസ്കാരം. കേന്ദ്രസംഘം അതാണ് അന്വേഷിക്കേണ്ടത്. ആര്‍എസ്എസിന്റെ ഈ അപഥസഞ്ചാരം തിരുത്തിയാല്‍മാത്രമേ കണ്ണൂര്‍ ജില്ലയില്‍ ജനജീവിതം സ്വസ്ഥമാകൂ. നേതൃത്വത്തിലെ ചിലരുടെ ആശാസ്യമല്ലാത്ത നടപടികള്‍ ചോദ്യംചെയ്തതിന്റെയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെയും പേരിലാണ് ആര്‍എസ്എസ് നേതൃത്വം ഒ കെ വാസു മാസ്റ്റര്‍, അശോകന്‍ എന്നീ നേതാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഘപരിവാറിനകത്ത് തെറ്റിനെ ചോദ്യം ചെയ്യുന്നവരെയും ആക്രമണത്തിലൂടെ നേരിടുകയാണ് ആര്‍എസ്എസ് ശൈലി. അത് തിരിച്ചറിഞ്ഞാണ് വാസു മാസ്റ്ററും അശോകനും സുധീഷ് മിന്നിയുമടക്കമുള്ളവര്‍ കണ്ണൂര്‍ ജില്ലയില്‍ സംഘബന്ധം ഉപേക്ഷിച്ച് മതനിരപേക്ഷചേരിയില്‍ എത്തിയത്. അത്തരം കൊഴിഞ്ഞുപോക്കുകളിലെ പരിഭ്രാന്തിയും കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് മുറവിളികള്‍ക്കുപിന്നിലുണ്ട്. 1969 മാര്‍ച്ച് 17ന് ധര്‍മടം മേലൂരിലെ ദിനേശ് ബീഡിക്കമ്പനിക്കുനേരെ ആക്രമണം നടത്തി ആര്‍എസ്എസ് തുടക്കമിട്ടതാണ് കണ്ണൂര്‍ ജില്ലയിലെ അശാന്തി. ആര്‍എസ്എസ് ആസൂത്രണം ചെയ്ത തലശേരി വര്‍ഗീയകലാപത്തിനെതിരെ നിലകൊണ്ടത് കാരണമാണ് സിപിഐ എമ്മിനെതിരായ പക ഇരട്ടിച്ചത്. ആ പകയാണ് ആര്‍എസ്എസ് അന്നും ഇന്നും തുടരുന്നത്.
കേന്ദ്രഭരണം കൈയാളുന്നതിന്റെ ഗര്‍വാണ്, ദേശീയതലത്തില്‍ അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനും കരിനിയമങ്ങള്‍ കാട്ടി ഭീഷണിമുഴക്കാനും ഡല്‍ഹിയിലടക്കം സിപിഐ എമ്മിനുനേരെ ആക്രമണം നടത്താനും ആര്‍എസ്എസിന് പ്രചോദനമാകുന്നത്. അത്തരം ഗര്‍വിന്റെ ഭാഗമായിത്തന്നെയാണ്, ബോംബുനിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്വയംസേവകന്റെ വീട് സന്ദര്‍ശിച്ചശേഷം സിപിഐ എമ്മിനെതിരായ കൊലവിളിപ്രസംഗം. സംഘര്‍ഷം നിലനിര്‍ത്തുകയാണ് ആര്‍എസ്എസിന്റെ താല്‍പ്പര്യം. അതിനുവേണ്ടിയാണ് പുതിയ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. ജനാധിപത്യവ്യവസ്ഥയ്ക്ക് നിരക്കാത്ത ആര്‍എസ്എസ് ശൈലിയാണ് സംഘര്‍ഷങ്ങളുടെ യഥാര്‍ഥ കാരണം. ആ ശൈലി മാറ്റാന്‍ തയ്യാറുണ്ടോ എന്നാണ് കേന്ദ്രസംഘം പറയേണ്ടത്.
രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആര് മുന്‍കൈയെടുത്താലും സിപിഐ എം സര്‍വാത്മനാ സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്