കാവിരാഷ്ട്രീയം പടിയിറക്കത്തില്‍

വര്‍ഗീയത വളര്‍ത്താനുള്ള ആര്‍എസ്എസിന്റെ കൈയിലെ ആയുധമാണ് പശു. ആ ’പാവം ഗോമാതാവിന്റെ’ പേരില്‍ എന്തെല്ലാം അക്രമവും കൊലപാതകങ്ങളുമാണ് സംഘപരിവാര്‍ നടത്തുന്നത്. അതിനെതിരെ ഗുജറാത്തിലടക്കം വിവിധ ഭാഗങ്ങളിലുയരുന്ന പ്രതിഷേധത്തിന് തടയിടാന്‍ ഗോരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി പ്രതികരിച്ചതുകൊണ്ട് കഴിയുന്നില്ല. മോഡിയുടേത് ഭംഗിവാക്കും തട്ടിപ്പുമാണെന്ന് എല്ലാവര്‍ക്കുമറിയാം. പശുവിന്റെ പേരില്‍ അന്യമതസ്ഥരെയും അവര്‍ണരെയും കൊല്ലാന്‍ ആഹ്വാനംചെയ്യുന്ന എത്രയെത്ര നേതാക്കന്മാരാണ് കോഴിക്കോട്ട് ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇത്തരക്കാരെ ബിജെപിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കോഴിക്കോട് സമ്മേളനത്തിന് കഴിയുമോ? വര്‍ഗീയതകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന, പശുവിന്റെ പേരില്‍ അഹിന്ദുക്കളെയും അവര്‍ണരെയും കശാപ്പുചെയ്യുന്ന അപമാനകൃത്യങ്ങള്‍ ഇനി സംഘപരിവാറിന്റെ നേതൃത്വത്തിലുണ്ടാകില്ലെന്ന് കോഴിക്കോട് സമ്മേളനം പ്രഖ്യാപിക്കുമോ?

ബിജെപി ദേശീയസമ്മേളനം അഥവാ ജനറല്‍ കൌണ്‍സില്‍ യോഗം കോഴിക്കോട്ട് നടക്കുകയാണല്ലോ. സമ്മേളനത്തോടെ ബിജെപി ദേശവ്യാപകമായും വിശിഷ്യാ കേരളത്തിലും വളര്‍ച്ചനേടുമെന്ന് അതിന്റെ സംഘാടകര്‍ സ്വപ്നംകാണുന്നു. യഥാര്‍ഥത്തില്‍ ദേശീയമായി ബിജെപി വേലിയിറക്കത്തിലാണ്. 31 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലാണ് കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ കാവിപക്ഷത്തിനനുകൂലമായ ഒരു വേലിയേറ്റമുണ്ടായിരുന്നു. എന്നാല്‍, കേന്ദ്രഭരണവും 13 സംസ്ഥാനങ്ങളില്‍ ഭരണവുമുണ്ടെങ്കിലും ആ കക്ഷിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടുവരികയാണ്.
ഗുജറാത്ത്, യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വരുന്നവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പാണ്. 2019ലാകട്ടെ ലോക്സഭാതെരഞ്ഞെടുപ്പും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ആ പാര്‍ടിക്ക് കടുത്ത പ്രതിസന്ധിയാണ്. ഇത് മറികടക്കാനുള്ള നേരായ വഴികളല്ല കുറുക്കുവഴിയാണ് കോഴിക്കോട് ദേശീയസമ്മേളനം പരിഗണിക്കുക. രണ്ട് കുരുട്ടുവിദ്യകള്‍ ആര്‍എസ്എസ് മെനയുന്നുണ്ട്. ഒന്ന് നാട്ടില്‍ വര്‍ഗീയക്കുഴപ്പവും ചേരിതിരിവും വ്യാപിപ്പിക്കുക. രണ്ട് കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെമേല്‍ പാകിസ്ഥാനുമായി യുദ്ധത്തിനുള്ള കളമൊരുക്കുക. പക്ഷേ, ഇതെല്ലാം പണ്ടേപ്പോലെ ഫലിക്കുന്നതല്ല.

വര്‍ഗീയത വളര്‍ത്താനുള്ള ആര്‍എസ്എസിന്റെ കൈയിലെ ആയുധമാണ് പശു. ആ ’പാവം ഗോമാതാവിന്റെ’ പേരില്‍ എന്തെല്ലാം അക്രമവും കൊലപാതകങ്ങളുമാണ് സംഘപരിവാര്‍ നടത്തുന്നത്. അതിനെതിരെ ഗുജറാത്തിലടക്കം വിവിധ ഭാഗങ്ങളിലുയരുന്ന പ്രതിഷേധത്തിന് തടയിടാന്‍ ഗോരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി പ്രതികരിച്ചതുകൊണ്ട് കഴിയുന്നില്ല. മോഡിയുടേത് ഭംഗിവാക്കും തട്ടിപ്പുമാണെന്ന് എല്ലാവര്‍ക്കുമറിയാം. പശുവിന്റെ പേരില്‍ അന്യമതസ്ഥരെയും അവര്‍ണരെയും കൊല്ലാന്‍ ആഹ്വാനംചെയ്യുന്ന എത്രയെത്ര നേതാക്കന്മാരാണ് കോഴിക്കോട്ട് ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇത്തരക്കാരെ ബിജെപിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കോഴിക്കോട് സമ്മേളനത്തിന് കഴിയുമോ? വര്‍ഗീയതകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന, പശുവിന്റെ പേരില്‍ അഹിന്ദുക്കളെയും അവര്‍ണരെയും കശാപ്പുചെയ്യുന്ന അപമാനകൃത്യങ്ങള്‍ ഇനി സംഘപരിവാറിന്റെ നേതൃത്വത്തിലുണ്ടാകില്ലെന്ന് കോഴിക്കോട് സമ്മേളനം പ്രഖ്യാപിക്കുമോ?

ബിജെപി ദേശീയസമ്മേളനം കോഴിക്കോട്ട് എന്തിന് നടത്തുന്നുവെന്നതിനെപ്പറ്റി ബിജെപി നേതാവായ അഡ്വ. ശ്രീധരന്‍പിള്ള വിശദീകരിച്ചത് ഏകാത്മക മാനവദര്‍ശനത്തിന് പ്രചാരം നല്‍കാനാണെന്നാണ്. എന്നാല്‍, കുമ്മനം രാജശേഖരനാകട്ടെ ’കോണ്‍ഗ്രസ് മുക്ത കമ്യൂണിസ്റ്റ് മുക്ത കേരളം’ സൃഷ്ടിക്കാന്‍വേണ്ടിയാണെന്നാണ് പറഞ്ഞത്. ഒന്ന് ഹിന്ദുത്വ ആശയവും മറ്റൊന്ന് അതുമായി ബന്ധപ്പെട്ട മലര്‍പ്പൊടിക്കാരന്റെ സ്വപ്നവുമാണ്. കമ്യൂണിസ്റ്റ് ശക്തിയായ സോവിയറ്റ് യൂണിയന്‍ 20–ാം നൂറ്റാണ്ടില്‍ തകര്‍ന്നപ്പോള്‍ ബദല്‍ ആശയമായി ഉയര്‍ന്നുനില്‍ക്കുന്നത് ഏകാത്മക മാനവദര്‍ശനമാണെന്നാണ് ശ്രീധരന്‍പിള്ളയുടെ അവകാശവാദം. കമ്പോളവ്യവസ്ഥിതിയിലധിഷ്ഠിതമായ ബ്രിട്ടന്റെ സാമ്രാജ്യവും തകര്‍ന്നപ്പോള്‍ ഉയര്‍ന്നുവന്ന ഇനിയെന്തെന്ന ചോദ്യത്തിനുത്തരവും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പരിചയപ്പെടുത്തിയ ഈ പുരാതന ഭാരതീയദര്‍ശനമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

യുപിയില്‍ ജനിച്ച ദീന്‍ദയാല്‍ 1942 മുതല്‍ ആര്‍എസ്എസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറിയ ബുദ്ധിജീവിയും സംഘാടകനുമാണ്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ 1951ല്‍ ഭാരതീയജനസംഘം രൂപീകരിച്ചപ്പോള്‍ ആ സംഘടനയില്‍ രണ്ടാമനായി ആര്‍എസ്എസ് നിയോഗിച്ചത് ദീന്‍ദയാലിനെയാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഏകാത്മകമാനവദര്‍ശനം ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്റെ സത്തയാണ്. ബ്രാഹ്മണമേധാവിത്വത്തിലധിഷ്ഠിതമായ സിദ്ധാന്തമാണിത്. ശരീരവും ബുദ്ധിയും മനസ്സുമെല്ലാം സമന്വയിക്കണം. പാശ്ചാത്യരുടെ സംഭാവനയായ ജനാധിപത്യം, സോഷ്യലിസം, കമ്യൂണിസം, മുതലാളിത്തം തുടങ്ങിയ വ്യവസ്ഥിതികള്‍ നമുക്കുവേണ്ട. ഇന്ത്യയുടെ പുരാണസംസ്കാരംമാത്രമാണ് നമുക്കാവശ്യമെന്നും ദീന്‍ദയാല്‍ ഉപാധ്യായയുടെ സിദ്ധാന്തം കല്‍പ്പിക്കുന്നു. അതായത്, ഒര്‍ജിനല്‍ ഭാരതീയത അഥവാ ഭാരതത്തനിമയാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

ഭാരതത്തനിമയ്ക്കടിസ്ഥാനമായ പുരാതന സംസ്കാരമെന്നത് വൈദികസംസ്കാരമാണ്. അത് ആര്യന്മാരുടെ സംസ്കാരമാണ്. ഇവിടെയാണ് ആര്യസംസ്കാരത്തിന്റെ ഭാരതീയത്തനിമ പൊളിയുന്നത്. ആര്യന്മാരുടെ വൈദികസംസ്കാരത്തേക്കാള്‍ പ്രാചീനവും പരിഷ്കൃതവുമായ സൈന്ധവസംസ്കാരം ഇന്ത്യക്കുണ്ടായിരുന്നു. ആര്യന്മാര്‍ ഇന്ത്യയില്‍ അനാദികാലംമുതല്‍ ജീവിച്ച സ്വദേശീയരല്ല.അന്യനാട്ടില്‍നിന്ന് ഇവിടേക്ക് കടന്നുവന്നവരാണ് അവര്‍. ആര്യഭാഷയായ സംസ്കൃതം സാഹിത്യരചനകള്‍ക്ക് ഉപയോഗിക്കുന്ന ഒരു ജനസമൂഹമായിരുന്നു. ആ ജനസമൂഹം പശ്ചിമേഷ്യയിലും യൂറോപ്പിലും കുടിയേറിപ്പാര്‍ത്തിരുന്നു. അതിലൊരു വിഭാഗമാണ് ഇന്ത്യയിലെത്തിയത്. അവര്‍ ഇന്ത്യയിലെ സ്വദേശീയരുമായി കുടുംബബന്ധങ്ങളിലടക്കം ഏര്‍പ്പെട്ടു. അങ്ങനെ ഇന്ത്യക്കാരായി സ്വയംമാറിയവരാണ്. അവരുടെ സംസ്കാരമാണ് ഋഗ്വേദാദി വൈദിക കൃതികളില്‍ കാണുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ആര്യന്മാര്‍ അന്യദേശക്കാരാണ്. ഈ ചരിത്രസത്യത്തെ അംഗീകരിക്കാന്‍ ആര്‍എസ്എസോ ദീന്‍ദയാലോ തയ്യാറായില്ല.

ആര്യന്മാരുടെ വരവിനുമുമ്പുതന്നെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍, അതായത് സൈന്ധവനദീതടത്തിനുസമീപം ഒരു പരിഷ്കൃതസമൂഹം ജീവിച്ചിരുന്നു. അക്കാര്യം ചരിത്രഗവേഷകര്‍ പൊതുവില്‍ അംഗീകരിക്കുന്ന കാര്യമാണ്. ഇന്ത്യയുടെ ഏറ്റവും പുരാതന തനിമയെന്ന് ആര്‍എസ്എസ് വിശേഷിപ്പിക്കുന്ന വൈദിക സംസ്കാരത്തിനേക്കാള്‍ പുരാതനവും വളര്‍ച്ചയെത്തിയതുമായ ഒരു ജനസമൂഹമായിരുന്നു സൈന്ധവരുടേത്. വിവിധ കാലഘട്ടങ്ങളിലെ എല്ലാവിഭാഗം ജനങ്ങളുടെയും സംസ്കാരത്തിലെ നല്ല വശങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. സൈന്ധവസംസ്കാരത്തെപ്പറ്റിയുള്ള ചരിത്രസത്യം കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദീന്‍ദയാല്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ അന്നുമുതലേ അതില്‍ രുചിക്കേട് കാട്ടി.

വൈദികസംസ്കാരത്തെ ആര്‍എസ്എസ് ഇഷ്ടപ്പെടുന്നത് അതില്‍ മനുസ്മൃതിചിന്തയും ചാതുര്‍വര്‍ണ്യസിദ്ധാന്തവും ഉള്ളതുകൊണ്ടാണ്. വൈദികസംസ്കാരത്തെ ആദരപൂര്‍വം സമീപിക്കുമ്പോള്‍ത്തന്നെ അതിലെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ് സ്വാമി വിവേകാനന്ദനുള്‍പ്പെടെയുള്ളവര്‍. കാലഹരണപ്പെട്ട ആശയങ്ങളെ തള്ളുകയും ആധുനികരീതിയില്‍ വേദാന്തത്തെ വ്യാഖ്യാനിക്കുകയുംചെയ്തു വിവേകാനന്ദന്‍. വേദാന്തത്തിന്റെ ലക്ഷ്യം മനുഷ്യന്റെ പൂര്‍ണതയാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനം സാധ്യമല്ലെങ്കില്‍ ദര്‍ശനങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം ശങ്കകൂടാതെ വ്യക്തമാക്കി. അക്കാരണത്താല്‍ ചാതുര്‍വര്‍ണ്യത്തെയും ജാതിവ്യത്യാസത്തെയും അദ്ദേഹം നിശിതമായി തള്ളി. വിവേകാനന്ദനുമുമ്പ് രാജാറാം മോഹന്‍റോയ്, കേശവചന്ദ്രസേനന്‍ തുടങ്ങിയവരും ഈ വിധത്തിലാണ് ചിന്തിച്ചത്. ദാര്‍ശനികവിപ്ളവകാരിയും അപാരജ്ഞാനിയുമായ ശ്രീനാരായണഗുരുവാകട്ടെ, ചാതുര്‍വര്‍ണ്യസിദ്ധാന്തത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ടാണ് അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. അതിലൂടെ ദൈവപ്രതിഷ്ഠ നടത്താന്‍ ബ്രാഹ്മണര്‍ക്കേ അവകാശമുള്ളൂ എന്ന സവര്‍ണഹിന്ദുവ്യവസ്ഥയ്ക്ക് പ്രഹരമേല്‍പ്പിച്ചു.

എന്നാല്‍, ഹിന്ദുത്വമെന്നാല്‍ അത് പുരാതന ഭാരതീയസംസ്കാരമാണെന്നും അതിലെ ചാതുര്‍വര്‍ണ്യത്തെ ചോദ്യംചെയ്യാന്‍ പാടില്ലെന്നുമുള്ള ആശയമാണ് ഏകാത്മക മാനവദര്‍ശനത്തിലൂടെ ദീന്‍ദയാല്‍ ഉപാധ്യായ നല്‍കുന്നത്. ’നമ്മുടെ വര്‍ണവ്യവസ്ഥയെ വിരാട് പുരുഷന്റെ നാലംഗങ്ങളായിട്ടാണ് കരുതുന്നത്. ശിരസ്സില്‍നിന്ന് ബ്രാഹ്മണനും ബാഹുക്കളില്‍നിന്ന് ക്ഷത്രിയനും ഊരുകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍നിന്ന് ശൂദ്രനും ഉല്‍ഭവിച്ചുവെന്നത് ചൂണ്ടിക്കാട്ടുന്ന ദീന്‍ദയാല്‍ വര്‍ഗവൈരുധ്യത്തെയും വര്‍ഗസമരത്തെയും തള്ളിപ്പറയുന്നു. വര്‍ണങ്ങള്‍ പരസ്പരപൂരകമാണെന്നും പരസ്പരവിരുദ്ധമായി ഏറ്റുമുട്ടിയാല്‍ അധഃപതനവും വ്യവസ്ഥയുടെ പതനവുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അതിലൂടെ ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കുകയും വര്‍ഗസമരം, അതായത് ഉള്ളവനും ഇല്ലാത്തവനും, വന്‍ മുതലാളിയും കഷ്ടപ്പെടുന്ന തൊഴിലാളിയും ഏറ്റുമുട്ടുന്നത് അധഃപതനമുണ്ടാക്കുമെന്നാണ്. ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് ഇന്ത്യയില്‍ കോട്ടംതട്ടുന്നതില്‍ ഖേദിക്കുന്നതാണ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ഏകാത്മക മാനവദര്‍ശനം. ഇത് പിന്തിരിപ്പനും കാലഹരണപ്പെട്ടതും തൊഴിലാളിവിരുദ്ധവുമാണ്.

മതനിരപേക്ഷ ഇന്ത്യയെന്ന ചരിത്രപരമായ സങ്കല്‍പ്പത്തെ തിരുത്തി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമമാണ് മോഡി ഭരണത്തില്‍ നടക്കുന്നത്. അതിനുവേണ്ടി സാമൂഹിക– സാമുദായികവൈര്യം സൃഷ്ടിക്കാന്‍ കാവിസംഘത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന നല്ല ആയുധമാണ് ദീന്‍ദയാലിന്റെ മാനവദര്‍ശനം. സോഷ്യലിസത്തെയും കമ്യൂണിസത്തെയും ലോകവും ഇന്ത്യയും തള്ളുകയല്ല കൊള്ളുകയാണ്. ചിലയിടങ്ങളില്‍ താല്‍ക്കാലിക തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഈ സിദ്ധാന്തം മുന്നേറും.

ബിജെപിയുടെ രണ്ടായിരത്തോളംപേര്‍ പങ്കെടുക്കുന്ന ദേശീയസമ്മേളനത്തിന് കോഴിക്കോടിനെ വേദിയായി മോഡിയും അമിത് ഷായും തെരഞ്ഞെടുത്തത് വെറുതെയല്ല. ഇന്ത്യയില്‍ തീവ്രവാദ ആക്രമണഭീഷണിയൊഴിഞ്ഞതും നല്ല ക്രമസമാധാനനിലയുള്ളതുമായ സംസ്ഥാനം പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് ഭരണമുള്ള കേരളമായതുകൊണ്ടാണ്. ബിജെപി സമ്മേളനം ഇവിടെ നടത്തുന്നതിലൂടെ മോഡിയും അമിത് ഷായുമെല്ലാം പരോക്ഷമായി ഇക്കാര്യം സമ്മതിക്കുകയാണ്. ഇത്തരമൊരു സമ്മേളനം നടത്തിയതുകൊണ്ട് ബിജെപി കേരളത്തില്‍ വലിയ വളര്‍ച്ചനേടുമെന്നത് വ്യാമോഹംമാത്രമാണ്. ദീന്‍ദയാല്‍ ഉപാധ്യായ നയിച്ച ജനസംഘത്തിന്റെ ദേശീയസമ്മേളനം 50 വര്‍ഷം മുമ്പ് കോഴിക്കോട് നടന്നില്ലേ. അതുകൊണ്ട് സംഘപരിവാര്‍ പാര്‍ടി എന്ത് വേരോട്ടം കേരളത്തിലുണ്ടാക്കി. ഇന്ത്യക്ക് രക്ഷ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയേ നേടാന്‍ കഴിയൂ