സമരവീര്യം കരുത്താക്കിയ സംഘാടകന്‍


അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സാമൂഹ്യ പരിഷ്കരണത്തിന്റെ ശബ്ദമുയര്‍ത്തിയാണ് സി എച്ച് പൊതുരംഗത്തേക്ക് കടന്നത്. മികച്ച കായികതാരവും സമര്‍ഥനായ വിദ്യാര്‍ഥിയുമായി  മെട്രിക്കുലേഷന്‍ പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായി.  ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാനാണ് സി എച്ച് സന്നദ്ധമായത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രസംഗിച്ചതിന്റെപേരില്‍ 1932ല്‍  അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. പിന്നീട് എലിമെന്ററി സ്കൂളില്‍ അധ്യാപകനായി ദേശീയപ്രസ്ഥാനത്തില്‍ സജീവമായി. ജയിലില്‍ വിപ്ളവകാരികളുമായി അടുത്ത് ഇടപഴകാനും അത്തരം രാഷ്ട്രീയത്തെ മനസ്സിലാക്കാനും സി എച്ചിന് കഴിഞ്ഞു. ഈ സാമീപ്യം സി എച്ചിന്റെ പില്‍ക്കാലചിന്തകളെ ഏറെ സ്വാധീനിച്ചു.

സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ ത്യാഗനിര്‍ഭരസമരങ്ങള്‍ക്ക് നേതൃത്വംനല്‍കിയ പോരാളിയായിരുന്നു സ. സി എച്ച് കണാരന്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജീവിതം മാറ്റിവച്ച ജനനേതാവായിരുന്ന സഖാവ് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് അന്തരിച്ചത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സാമൂഹ്യ പരിഷ്കരണത്തിന്റെ ശബ്ദമുയര്‍ത്തിയാണ് സി എച്ച് പൊതുരംഗത്തേക്ക് കടന്നത്. മികച്ച കായികതാരവും സമര്‍ഥനായ വിദ്യാര്‍ഥിയുമായി  മെട്രിക്കുലേഷന്‍ പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായി.  ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാനാണ് സി എച്ച് സന്നദ്ധമായത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രസംഗിച്ചതിന്റെപേരില്‍ 1932ല്‍  അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. പിന്നീട് എലിമെന്ററി സ്കൂളില്‍ അധ്യാപകനായി ദേശീയപ്രസ്ഥാനത്തില്‍ സജീവമായി. ജയിലില്‍ വിപ്ളവകാരികളുമായി അടുത്ത് ഇടപഴകാനും അത്തരം രാഷ്ട്രീയത്തെ മനസ്സിലാക്കാനും സി എച്ചിന് കഴിഞ്ഞു. ഈ സാമീപ്യം സി എച്ചിന്റെ പില്‍ക്കാലചിന്തകളെ ഏറെ സ്വാധീനിച്ചു.
ജാതി–മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന് കരുത്തുപകരാന്‍ ’കോട്ടയം താലൂക്ക് സ്വതന്ത്രചിന്താസമാജം’ എന്ന സംഘടന രൂപീകരിച്ചു.  ശ്രീനാരായണദര്‍ശനങ്ങള്‍ ഹൃദിസ്ഥമാക്കി, അത് പ്രചരിപ്പിക്കുകയും അതിലൂടെ സാമൂഹികപരിഷ്കരണ ശ്രമങ്ങളില്‍ സജീവമായി ഇടപെടുകയുംചെയ്തു. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് ആ സംഘടനയ്ക്കുതന്നെ ഗുരുവിന്റെ പേര് നല്‍കിയതിന് സി എച്ചിനെ പ്രേരിപ്പിച്ചത് ശ്രീനാരായണദര്‍ശനങ്ങളോടുള്ള അടുപ്പമാണ്്.  ബീഡിത്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട് 1939ല്‍ സി എച്ചിനെ ഒരുവര്‍ഷം തടവിലടച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിലായി  സഖാവിന്റെ സജീവ ശ്രദ്ധ.

1942ലെ ബോംബെ പാര്‍ടി പ്ളീനത്തില്‍ സി എച്ച് പങ്കെടുത്തു. 1952ലും 1957ലും നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1957ലെ ഭൂപരിഷ്കരണബില്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യശില്‍പ്പിയായി. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട ഇടത്– വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സഖാവ് സ്വീകരിച്ചു. മാഹി വിമോചനപ്രസ്ഥാനത്തെയും ഗോവ വിമോചനസമരത്തെയും സഹായിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു.

തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ കണ്ടിട്ടില്ലെന്നാണ് എ കെ ജി സി എച്ചിനെക്കുറിച്ച് അനുസ്മരിച്ചത്. കാര്‍ഷികമേഖലയില്‍ സി എച്ചും എ കെ ജിയും നേതൃത്വംനല്‍കി നടത്തിയ പ്രക്ഷോഭങ്ങള്‍ നിരവധിയാണ്. ആലപ്പുഴ സമരപ്രഖ്യാപനത്തെതുടര്‍ന്ന് നടന്ന മിച്ചഭൂമിസമരത്തിന് മികച്ച നേതൃത്വമായിരുന്നു സി എച്ചിന്റേത്. ഇ എം എസിന്റെ  വാക്കുകള്‍ അക്കാലത്തെ സി എച്ചിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നുണ്ട്: "ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാര്‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും.’’

സി എച്ചുമായി വളരെ കുറച്ചുകാലം നേരിട്ട് ബന്ധപ്പെടാനും അടുത്ത് പരിചയപ്പെടാനും ഈ ലേഖകനും കഴിഞ്ഞിട്ടുണ്ട്.  വിദ്യാര്‍ഥിപ്രവര്‍ത്തകരായ യുവസഖാക്കളുടെ കഴിവ് മനസ്സിലാക്കി ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍  സി എച്ച് ഏറെ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിയിലും പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാനുള്ള അസാധാരണ പാടവമായിരുന്നു സി എച്ചിന്. നിയമസഭാതെരഞ്ഞെടുപ്പുകളില്‍  സ്ഥാനാര്‍ഥിനിര്‍ണയത്തിലുണ്ടായ അസംതൃപ്തി പരിഹരിച്ച് ആവേശംപകര്‍ന്ന് പ്രവര്‍ത്തകരെ രംഗത്തിറക്കിയ അനുഭവങ്ങളുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന കാലത്താണ് ഈ ലേഖകന്‍ സി എച്ചിനെ പരിചയപ്പെട്ടത്.

ഗാന്ധിജിയുടെ മുദ്രാവാക്യംപോലും നടപ്പാക്കാന്‍  കഴിയാത്ത മുഖ്യമന്ത്രി(മദിരാശി)യാണ് പ്രകാശം എന്ന് പ്രഖ്യാപിച്ച് 1946ല്‍  തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് ജാഥയായി നീങ്ങിയ സംഭവം  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ സി എച്ചിന്റെ ഉറച്ച നിലപാട്  വെളിപ്പെടുത്തുന്നതായിരുന്നു. ജാഥാംഗങ്ങളില്‍ പലരും ക്ഷേത്രക്കുളത്തില്‍ കുളിക്കുകയും ചിലര്‍ ശാന്തിക്കാരന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം വാങ്ങുകയും ചെയ്തു. അങ്ങനെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് പ്രായോഗികമായി പ്രവേശനം ലഭിക്കുന്ന പ്രവര്‍ത്തനവും സഖാവ് സംഘടിപ്പിച്ചു. നവോത്ഥാനപ്രസ്ഥാനത്തിന്റെ ആശയങ്ങളെ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെ അത് വികസിപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സി എച്ചിനെപ്പോലെയുള്ള നേതാക്കള്‍ ചെയ്തത്.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാട് എല്ലാ മനുഷ്യരെയും ജാതിക്കും മതത്തിനും അതീതമായി കാണുക എന്നതായിരുന്നു. അത്തരം കാഴ്ചപ്പാടിന് തടസ്സമായിനില്‍ക്കുന്ന എല്ലാത്തരം ഉച്ചനീചത്വങ്ങളെയും തട്ടിമാറ്റുക എന്നതായിരുന്നു അതിന്റെ പൊതുസ്വഭാവം. ഇത്തരം സാമൂഹ്യമുന്നേറ്റത്തോടൊപ്പം സാമ്പത്തികമായ ആവശ്യങ്ങള്‍കൂടി മുന്നോട്ടുവച്ച് ഇടപെടുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. ആ ഇടപെടലിലൂടെയാണ്  ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടത്. 1957ലെ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമത്തിലൂടെ ജന്മിത്തത്തിന്റെ കടയ്ക്കല്‍ കത്തിവച്ച നിയമപരിഷ്കാരം ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഘട്ടത്തിലാകട്ടെ ഇത്തരം നിയമങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്തുകയുംചെയ്തു. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് രൂപപ്പെട്ടുവന്നത് ഇത്തരം നിരന്തര ഇടപെടലിന്റെ ഭാഗമായാണ്.

വര്‍ഗീയശക്തികള്‍ക്കും ജനവിരുദ്ധരാഷ്ട്രീയത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ്. പുനരുത്ഥാനശക്തികളെ തടഞ്ഞു നിര്‍ത്തി കേരളത്തെ മുന്നോട്ടുനയിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന ജനങ്ങളുടെ ബോധ്യമാണ് നിയമസഭാതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ഉജ്വലവിജയത്തില്‍ പ്രതിഫലിച്ചത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായുള്ള പ്രവര്‍ത്തനം ജനകീയ പങ്കാളിത്തത്തോടെ ആവിഷ്കരിച്ച് നടപ്പാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ സാര്‍വത്രികമായ അംഗീകാരംനേടി മുന്നോട്ടുപോകുകയാണ്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും അത് സമയബന്ധിതമായി യാഥാര്‍ഥ്യമാകേണ്ടതാണെന്നും ചുരുങ്ങിയ കാലയളവില്‍ത്തന്നെ പ്രവര്‍ത്തിച്ചുതെളിയിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.

കേരളം ഉയര്‍ത്തുന്നത് ജനവിരുദ്ധനയങ്ങള്‍ക്കുള്ള ദേശീയ ബദലിന്റെ മാതൃകയാണെന്നും കേരളീയര്‍ മുറുകെപ്പിടിക്കുന്നത് കറകളഞ്ഞ മതനിരപേക്ഷബോധമാണെന്നും മറ്റാരെക്കാളും സംഘപരിവാറിനറിയാം. പുതിയ സഖ്യങ്ങളുണ്ടാക്കിയും അവിശുദ്ധ രാഷ്ട്രീയനീക്കങ്ങളിലൂടെയും കേരളത്തില്‍ ഇടംനേടാനുള്ള ശ്രമങ്ങളുടെ പരാജയവും അവരെ നൈരാശ്യത്തിലാഴ്ത്തുന്നു. മറികടക്കാനുള്ള വഴിയായി അക്രമരാഷ്ട്രീയത്തെയും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രചാരണത്തെയും അവര്‍ ആശ്രയിക്കുകയാണ്്. മെയ് 19ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഗംഭീരവിജയത്തിന്റെ മുഹൂര്‍ത്തത്തില്‍ത്തന്നെ, ആഹ്ളാദപ്രകടനം നടത്തുകയായിരുന്ന കുട്ടികളടക്കമുള്ള ജനങ്ങള്‍ക്കുനേരെ പിണറായിയില്‍ ബോംബാക്രമണം നടത്തി അവര്‍ പ്രകടിപ്പിച്ചത് അസഹിഷ്ണുതയുടെയും ചോരക്കൊതിയുടെയും ഭ്രാന്തമായ മാനസികാവസ്ഥയാണ്. അന്ന് സി വി രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ കെലപ്പെടുത്തി ആര്‍എസ്എസ് പിണറായിയില്‍ തുടക്കമിട്ട കൊലപാതകരാഷ്ട്രീയമാണ് അസ്വസ്ഥത സൃഷ്ടിച്ച് തുടരുന്നത്.

ഒരുഭാഗത്ത് തുടരെത്തുടരെ കൊലപാതകവും അക്രമവും നടത്തുകയും മറുഭാഗത്ത് തങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് മുറവിളി കൂട്ടി ഇടതുപക്ഷത്തിനുനേരെ ആക്രമണോത്സുക രാഷ്ട്രീയനീക്കം നടത്തുകയുംചെയ്യുന്ന സംഘപരിവാറിന്റെ ഇരട്ടമുഖം കൂടുതല്‍ വെളിപ്പെടേണ്ടതുണ്ട്. അതോടൊപ്പംതന്നെ, അമ്പരപ്പിക്കുന്ന അഴിമതികള്‍ക്ക് നേതൃത്വംനല്‍കുകയും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷ മാനിക്കാതെ അര്‍ഥരഹിതമായ സമരങ്ങളും ജനാധിപത്യ വിരുദ്ധ നീക്കങ്ങളുമായി അപഹാസ്യരാകുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും തകര്‍ന്നുകൊണ്ടിരിക്കുന്ന യുഡിഎഫിന്റെയും പാപ്പരത്തം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുരോഗമനപരവും വികസനോന്മുഖവുമായ ഇടപെടലുകളും അവയുടെ ഫലപ്രാപ്തിയും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതും അനിവാര്യമാണ്. മതനിരപേക്ഷത ഇന്നും മരിച്ചിട്ടില്ലാത്ത,’യഥാര്‍ഥ ഇന്ത്യ’ എന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിശേഷിപ്പിച്ചത്  കേരളത്തെയാണ്്. വര്‍ഗീയതയുടെയും അക്രമരാഷ്ട്രീയത്തിന്റെയും വിഷബീജം പാകി മുളപ്പിച്ച് കേരളത്തില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ശക്തികളുടെ പ്രവൃത്തികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഭാഗംതന്നെയാണ്. ഈ കടമ നിര്‍വഹിക്കുന്നതിന്, ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ. സി എച്ചിന്റെ ഓര്‍മകള്‍ നമുക്ക് കരുത്തായിത്തീരും

20/09/2016