വര്‍ണസമ്പ്രദായം മേന്മയേറിയതെന്നും ആര്യന്മാര്‍ ഉല്‍കൃഷ്ട തദ്ദേശീയ വംശവുമെന്നുമാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റിയ നുണകള്‍. ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെക്കുറിച്ചും ഗാന്ധിയെ വധിച്ച ഗോഡ്സെയെക്കുറിച്ചും മൌനമാണ് പാഠപുസ്തകങ്ങളില്‍. സമരം മോശമാണെന്നുവരെ പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെ പാഠ്യപദ്ധതികളില്‍ കുത്തിക്കയറ്റുന്നത് വര്‍ഗീയതയും ചരിത്രനിഷേധവുമാണ്.
വര്‍ണസമ്പ്രദായം മേന്മയേറിയതെന്നും ആര്യന്മാര്‍ ഉല്‍കൃഷ്ട തദ്ദേശീയ വംശവുമെന്നുമാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റിയ നുണകള്‍. ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെക്കുറിച്ചും ഗാന്ധിയെ വധിച്ച ഗോഡ്സെയെക്കുറിച്ചും മൌനമാണ് പാഠപുസ്തകങ്ങളില്‍. സമരം മോശമാണെന്നുവരെ പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെ പാഠ്യപദ്ധതികളില്‍ കുത്തിക്കയറ്റുന്നത് വര്‍ഗീയതയും ചരിത്രനിഷേധവുമാണ്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിപുതപ്പിക്കാനും അവിടെനിന്നുയരുന്ന ഭിന്നസ്വരങ്ങളെ നിശബ്ദമാക്കാനും തുടര്‍ച്ചയായ ശ്രമങ്ങളുണ്ടാകുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുല എന്ന ഗവേഷക വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് കേന്ദ്രത്തില്‍നിന്ന് നേരിട്ടുള്ള ഇടപെടലുകള്‍മൂലം ലഭിച്ച സസ്പെന്‍ഷനാണ്. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രശ്നങ്ങളും സംഘപരിവാറിന്റെ വിദ്യാര്‍ഥിസംഘടനയായ എബിവിപി കേന്ദ്രപിന്തുണയോടെ സൃഷ്ടിച്ചതാണ്.
ദളിതരും മതന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അവശവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം ദൈനംദിനം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷം വര്‍ഗീയസംഘര്‍ഷങ്ങളുടെ എണ്ണം വന്‍തോതില്‍വര്‍ധിച്ചു. 2014ല്‍ 644 വര്‍ഗീയസംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015ല്‍ അത് 751 ആയി വര്‍ധിച്ചു. 2014ല്‍ വിവിധ വര്‍ഗീയസംഘര്‍ഷങ്ങളില്‍ 1921 പേര്‍ക്ക് പരിക്കേല്‍ക്കുകയും 95 പേര്‍ മരിക്കുകയും ചെയ്തപ്പോള്‍, 2015ല്‍ 2746 പേര്‍ക്ക് പരിക്കേല്‍ക്കുകയും 97 പേര്‍ മരിക്കുകയും ചെയ്തു.
ഗോരക്ഷാസേനയെപ്പോലുള്ള ക്രിമിനല്‍സംഘം ദളിതര്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടുകയാണ്. ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയത് പശുമാംസം കഴിച്ചെന്ന് ആരോപിച്ചാണ്. രണ്ടു മുസ്ളിം യുവാക്കളെ പൊതു ഇടത്തില്‍ തൂക്കിക്കൊന്നത് ഇന്ത്യന്‍ മതേതര മൂല്യങ്ങള്‍ക്കേറ്റ കനത്ത ക്ഷതമാണ്. ഗുജറാത്തിലെ ഉനയില്‍ നാലു ദളിത് യുവാക്കളെ ഹിന്ദുത്വ തീവ്രവാദിസംഘം ആക്രമിച്ചത് ചത്ത പശുവിന്റെ തോലുരിച്ചതിനാണ്. ഹരിയാനയിലെ മേവാത്തില്‍ മുസ്ളിം സ്ത്രീകളെ ബക്രീദ് ദിവസം ഹിന്ദുത്വവാദികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ഗോമാംസം കൈവശം വച്ചെന്ന് ആരോപിച്ചാണ്. മിക്കസംഭവങ്ങളിലും പൊലീസും ഭരണസംവിധാനവും കാഴ്ചക്കാരായി നില്‍ക്കുകയോ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തു.
നുണപ്രചാരണത്തിലും ചരിത്രനിഷേധത്തിലും അധിഷ്ഠിതമായ ലൌ ജിഹാദ്, ഘര്‍ വാപസി തുടങ്ങിയ പരിപാടികളിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് തുടരുകയാണ് സംഘപരിവാര്‍. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ മൌനാനുവാദത്തോടെയാണ് ’പുതുക്കിപ്പണിയുക’ എന്ന പേരില്‍ മുംബൈ ദാദറിലെ അംബേദ്കര്‍ഭവന്‍ തകര്‍ത്തത്.
കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രത്യക്ഷോദാഹരണമാണ് കശ്മീരിലെ പുതിയ സംഭവവികാസം. ഒരിക്കല്‍പ്പോലും ഇന്ത്യാ ഗവണ്‍മെന്റും കശ്മീരിജനതയും തമ്മിലുള്ള അകല്‍ച്ച ഇത്രത്തോളമെത്തിയിട്ടില്ല. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനുശേഷമാണ് കശ്മീരിലെ പ്രതിഷേധം രൂക്ഷമായത്. രണ്ടുമാസം നീണ്ട കര്‍ഫ്യുവിനും പാര്‍ലമെന്റില്‍ മൂന്നുവട്ടം നടന്ന ചര്‍ച്ചയ്ക്കുംശേഷമാണ് രാഷ്ട്രീയസമ്മര്‍ദത്തെതുടര്‍ന്ന് സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ അയച്ചത്.
ഭരണഘടനയുടെ 370–ാം അനുച്ഛേദമനുസരിച്ച് കശ്മീരിന് അനുവദിച്ച പ്രത്യേകപദവിയും പരമാവധി സ്വയംഭരണാധികാരവും നിലനിര്‍ത്തണമെന്നാണ് സിപിഐ എം എക്കാലത്തും വാദിച്ചിട്ടുള്ളത്. കശ്മീരിജനതയില്‍ വിശ്വാസം സൃഷ്ടിക്കാനായി സര്‍വകക്ഷി സന്ദര്‍ശനവേളയില്‍ സിപിഐ എമ്മും സിപിഐയും കൂട്ടായി അഞ്ചു നടപടികള്‍ നിര്‍ദേശിച്ചു. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ തല്‍പ്പരകക്ഷികളുമായി രാഷ്ട്രീയചര്‍ച്ചയ്ക്ക് അടിയന്തരമായി മുന്‍കൈയെടുക്കണമെന്ന ഒരു പൊതുപ്രസ്താവന സര്‍വകക്ഷിസംഘം ഐകകണ്ഠ്യേന ഇറക്കാന്‍ തയ്യാറായെങ്കിലും ബിജെപി സര്‍ക്കാര്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കശ്മീരിലെ പ്രധാന പള്ളികളെല്ലാം ഈദ്ദിനത്തില്‍ അടച്ചിട്ടു. ഈദ് പ്രാര്‍ഥന നടത്താതെ ഈ പള്ളികള്‍ പൂട്ടിയിടുന്നത് ഇതാദ്യം. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അമ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദേശീയതലത്തില്‍ തുടരുന്ന ഈ സമീപനംതന്നെയാണ് കേരളത്തെ അസ്വസ്ഥമാക്കാനും സംഘപരിവാര്‍ ഉപയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140ല്‍ 91 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള സംസ്ഥാനമാണ് കേരളമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ കേരളത്തിലെ രാഷ്ട്രീയസംവിധാനത്തില്‍ കടന്നുകയറാനാണ് ആര്‍എസ്എസിന്റെ ആസൂത്രിതശ്രമം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ആര്‍എസ്എസിന് കേരളത്തില്‍ വേണ്ടത്ര ബഹുജന അടിത്തറയില്ല. ശാഖകളും സ്വയംസേവകരും ഉണ്ടെങ്കിലും അതിനനുസരിച്ച് സ്വാധീനം ഉറപ്പിക്കാനായിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയപാരമ്പര്യവും മതനിരപേക്ഷ അടിത്തറയും തകര്‍ത്താല്‍മാത്രമേ ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് മേധാവിത്വം സ്ഥാപിക്കാനാകൂ എന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു.
എല്ലാ ദേശാഭിമാനശക്തികളുമായും ഐക്യമുണ്ടാക്കി മുന്നോട്ടുപോകുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍മാത്രമേ ആര്‍എസ്എസിനെ ഫലപ്രദമായി ചെറുക്കാനാകൂ. സിപിഐ എം മുന്നോട്ടുവയ്ക്കുന്ന വര്‍ഗ പ്രത്യയശാസ്ത്രത്തിനുമാത്രമേ ബിജെപിയുടെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനാകൂ. സിപിഐ എമ്മിനെയാണ് ബിജെപി ശത്രുവായി കണക്കാക്കുന്നതെന്ന് കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൌണ്‍സില്‍ വ്യക്തമാക്കി.
ദളിത്–പിന്നോക്ക വിഭാഗങ്ങളെ ഹിന്ദുക്കളായിപ്പോലും പരിഗണിക്കാത്ത തത്വശാസ്ത്രമാണ് ആര്‍എസ്എസിന്റേത്. ന്യൂനപക്ഷങ്ങള്‍, ദളിത്– പിന്നോക്കാദി ജനവിഭാഗങ്ങള്‍, ചൂഷണത്തിന് വിധേയരാകുന്ന മറ്റു ജനവിഭാഗങ്ങള്‍, മതനിരപേക്ഷ ജനാധിപത്യ ചിന്താഗതിക്കാര്‍– ഇവരുടെയെല്ലാം പിന്തുണയോടെയാണ് ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി സിപിഐ എം പ്രതിജ്ഞാബദ്ധതയോടെ നേരിടുന്നത്്. കോണ്‍ഗ്രസ് തങ്ങള്‍ക്ക് ഒരു പ്രശ്നമല്ലെന്ന് ബിജെപി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസുകാരെ നാളെ ബിജെപിയാക്കാന്‍ കഴിയുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതാണ് കോണ്‍ഗ്രസുമായി കിട്ടാവുന്നിടത്തെല്ലാം ബിജെപി സഹകരിക്കുന്നത്. അന്ധമായ സിപിഐ എം വിരോധത്തിന്റെ പേരില്‍ ആര്‍എസ്എസ് വച്ച കെണിയില്‍ കോണ്‍ഗ്രസ് നേതൃത്വം അകപ്പെട്ടു. അതിന്റെ തെളിവാണ് നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പിലും ജില്ലാ ആസൂത്രണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രകടമായി.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം നാലുമാസത്തിനിടെ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയത്. മുപ്പത്തഞ്ചില്‍പ്പരം പാര്‍ടി ഓഫീസ് തകര്‍ത്തു. പാര്‍ടിപ്രവര്‍ത്തകരുടെ നൂറിലേറെ വീടുകള്‍ തകര്‍ത്തു. മുന്നൂറിലധികം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രവര്‍ത്തകരെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ആര്‍എസ്എസ് സമീപനം. സംസ്ഥാനത്ത് ഇതിനകം 650ല്‍പ്പരം സിപിഐ എം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ഇതില്‍ 200 പേരെ കൊന്നത് ആര്‍എസ്എസാണ്. 1971ലെ തലശേരിക്കലാപത്തില്‍ ആര്‍എസ്എസിനെതിരെ ധീരമായ നിലപാടെടുത്തത് സിപിഐ എമ്മാണ്. അന്ന് സ. യു കെ കുഞ്ഞിരാമനെ കൊന്നതുമുതല്‍ തുടരുന്ന കൊലപാതകപരമ്പരകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഏറ്റവും ഒടുവില്‍ പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ നിഷ്ഠുര കൊലപാതകം തെളിയിക്കുന്നത്. സിപിഐ എം മുന്‍ഗണന നല്‍കുന്നത് സമാധാനത്തിനാണ്. ജനാധിപത്യ ബഹുജനപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുത്ത് ബഹുജനസ്വാധീനം വിപുലീകരിക്കുകയാണ് പാര്‍ടിയുടെ ഉദ്ദേശ്യം. ബഹുജനങ്ങളെ അണിനിരത്തിയാണ് കടന്നാക്രമണങ്ങളെ ചെറുക്കുന്നത്.
കണ്ണൂര്‍ ജില്ലയെ ലക്ഷ്യംവച്ച് നേരത്തെ കേന്ദ്ര ആര്‍എസ്എസ് നേതൃത്വം പണവും ആയുധങ്ങളും ക്വട്ടേഷന്‍ സംഘങ്ങളെയും ഉപയോഗിച്ചു. തലശേരി താലൂക്കിലെ ആര്‍എസ്എസിനെ ഇങ്ങനെ ദത്തെടുത്തു. ആ ശ്രമം വിജയിച്ചില്ല. കേന്ദ്രഭരണം ഉപയോഗിച്ച് ഒരു പരീക്ഷണംകൂടി നടത്താനാണ് ശ്രമം. ഇതിനെ മഹാഭൂരിപക്ഷം ബഹുജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും സംഘടനാപരമായും ചെറുക്കണം. ആര്‍എസ്എസ് ഇവിടെ എന്ത് ചെയ്യുന്നുവെന്നും ബിജെപി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. സിപിഐ എം നടത്തുന്ന പ്രചാരണപരിപാടികളില്‍ ഇത്തരം വിഷയങ്ങളാണ് ജനങ്ങളോട് പറയുന്നത്
ഇടതുപക്ഷം ഉയര്‍ത്തുന്ന മതനിരപേക്ഷരാഷ്ട്രീയവും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍നയങ്ങളും കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ടേ വര്‍ഗീയ– ജനവിരുദ്ധ വിപത്തിനെ നേരിടാനാകൂ. ഇടതുപക്ഷത്തിനുപിന്നില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്താനാണ് ഈ പ്രചാരണപരിപാടിയിലൂടെ ശ്രമിക്കുന്നത്