സിബിഐ മോഡി സേനയോ

നമ്മുടെ ഭരണസംവിധാനത്തിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെയും നീതിന്യായസംവിധാനത്തിന്റെയും അഗാധമായ ജീര്‍ണതയും അധഃപതനവും പുറത്തുകൊണ്ടുവരുന്ന സംഭവമാണ് ഫസല്‍ വധക്കേസിലെ പുതിയ വഴിത്തിരിവ്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്നതിന് പൊലീസിന് തെളിവ് കിട്ടിയിരിക്കുന്നു. സിപിഐ എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ വധിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം സമ്മതിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊഴിയുടെ ശബ്ദരേഖയും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചതായും വാര്‍ത്തകളിലുണ്ട്. ഫസല്‍കേസ് അന്വേഷിച്ച സിബിഐയാകട്ടെ, സിപിഐ എം നേതാക്കളെയോ പ്രവര്‍ത്തകരെയോ ആണ് പ്രതികളായി ചേര്‍ത്തിട്ടുള്ളത്. ഇപ്രകാരം ഒരു കൊലക്കേസില്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കള്ളക്കഥ ചമച്ച്, നിരപരാധികളെ  അപരാധികളായി ചിത്രീകരിച്ച്, തുറുങ്കില്‍ അടയ്ക്കുകയും നാടുകടത്തല്‍ നടത്തുകയും ചെയ്തതിലൂടെ ഭരണസംവിധാനത്തിന്റെയും അന്വേഷണ ഏജന്‍സിയുടെയും വഴിതെറ്റലിന് കോണ്‍ഗ്രസും ബിജെപിയും മറുപടി പറയാന്‍ ബാധ്യസ്ഥമായിരിക്കുന്നു.

മ്മുടെ ഭരണസംവിധാനത്തിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെയും നീതിന്യായസംവിധാനത്തിന്റെയും അഗാധമായ ജീര്‍ണതയും അധഃപതനവും പുറത്തുകൊണ്ടുവരുന്ന സംഭവമാണ് ഫസല്‍ വധക്കേസിലെ പുതിയ വഴിത്തിരിവ്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്നതിന് പൊലീസിന് തെളിവ് കിട്ടിയിരിക്കുന്നു. സിപിഐ എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ വധിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം സമ്മതിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊഴിയുടെ ശബ്ദരേഖയും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചതായും വാര്‍ത്തകളിലുണ്ട്. ഫസല്‍കേസ് അന്വേഷിച്ച സിബിഐയാകട്ടെ, സിപിഐ എം നേതാക്കളെയോ പ്രവര്‍ത്തകരെയോ ആണ് പ്രതികളായി ചേര്‍ത്തിട്ടുള്ളത്. ഇപ്രകാരം ഒരു കൊലക്കേസില്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കള്ളക്കഥ ചമച്ച്, നിരപരാധികളെ  അപരാധികളായി ചിത്രീകരിച്ച്, തുറുങ്കില്‍ അടയ്ക്കുകയും നാടുകടത്തല്‍ നടത്തുകയും ചെയ്തതിലൂടെ ഭരണസംവിധാനത്തിന്റെയും അന്വേഷണ ഏജന്‍സിയുടെയും വഴിതെറ്റലിന് കോണ്‍ഗ്രസും ബിജെപിയും മറുപടി പറയാന്‍ ബാധ്യസ്ഥമായിരിക്കുന്നു.
ഫസല്‍ വെട്ടേറ്റ് മരിച്ചത് 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചയ്ക്ക് മൂന്നരയ്ക്ക് തലശേരി ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനു മുന്നിലായിരുന്നു. ആറുവര്‍ഷത്തിനുശേഷം സിപിഐ എമ്മിനെ  അപകീര്‍ത്തിപ്പെടുത്താനും നേതാക്കളെ വേട്ടയാടാനും കള്ളക്കേസ് ചമച്ചു. ഇതിനുവേണ്ടി ഒരുവിഭാഗം മാധ്യമങ്ങളിലൂടെ സിപിഐ എമ്മിനെതിരെ വ്യാജപ്രചാരണവുമുണ്ടായി. 2012 ജൂണ്‍ 12ന് പാര്‍ടി ജില്ല സെക്രട്ടറിയറ്റ് അംഗം കാരായി രാജനെയും ഏരിയ കമ്മിറ്റി അംഗം ചന്ദ്രശേഖരനെയും പ്രതിചേര്‍ത്തു. അവരെ 17 മാസം ജയിലില്‍ അടച്ചു. നിയമപോരാട്ടത്തിനുശേഷം ജാമ്യം കിട്ടിയെങ്കിലും 37 മാസമായി പിറന്ന നാട്ടിലും വീട്ടിലും കാലുകുത്താന്‍ കഴിയാതെ ജീവിക്കുകയാണ്. ഇങ്ങനെ പീഡനത്തിന്റെയും ദുരിതത്തിന്റെയും കയങ്ങളിലേക്ക് ഇവരെ വലിച്ചെറിഞ്ഞ സിബിഐയുടെയും ഭരണസംവിധാനത്തിന്റെയും കൊടുംപാതകത്തിന് ആര് സമാധാനം പറയും? ഭാര്യക്കും മക്കള്‍ക്കും തങ്ങളുടെ കുടുംബനാഥനുമായി കഴിയാനുള്ള സ്വാതന്ത്യ്രം ഇല്ലാതാക്കിയതിന് എന്ത് ഉത്തരം നല്‍കും? ജോലിചെയ്ത് ജീവിക്കുന്നതിന് ഒരു പൌരന്  ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്യ്രം ഇവര്‍ക്ക് നിഷേധിച്ചു. ഇങ്ങനെ സ്വാഭാവികനീതിയുടെ നിഷേധത്തിന് ആര് നഷ്ടപരിഹാരം നല്‍കും?

എന്‍ഡിഎഫിന്റെ പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസലുമായി സിപിഐ എമ്മിന് ഒരു ശത്രുതയും  ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം നടന്നശേഷമുള്ള ആദ്യഘട്ടത്തില്‍ ആര്‍എസ്എസ് പങ്ക് തീവ്രമായി എന്‍ഡിഎഫ് ഉന്നയിച്ചിരുന്നു. ബിജെപിയെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് സമാധാനസമ്മേളനത്തില്‍നിന്ന് ആ സംഘടനയുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോകുകപോലുംചെയ്തു. ആര്‍എസ്എസിനെ പിടിക്കുന്നതിനു പകരം സിപിഐ എം നേതാക്കളെ പ്രതികളാക്കിയ സിബിഐ നടപടിയില്‍ ഫസലിന്റെ മൂത്ത സഹോദരന്‍ അബ്ദുറഹ്മാന്‍ പരസ്യമായി വിയോജിച്ചിരുന്നു. കേരളത്തില്‍ അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃസര്‍ക്കാരും ചേര്‍ന്നാണ് നിയമത്തെ കുരിശിലേറ്റി നിരപാധികളെ രാഷ്ട്രീയമായി വേട്ടയാടിയത്. കേന്ദ്രത്തില്‍ ഭരണം മാറിയപ്പോഴാകട്ടെ, സിപിഐ എമ്മിനെ കടുത്ത രൂപത്തില്‍ വേട്ടയാടാനുള്ള ആര്‍എസ്എസിന്റെ കൈയിലെ രാഷ്ട്രീയ ആയുധമായി സിബിഐയെ ഉപയോഗിക്കുകയാണ്. ഇതിനു മധ്യേയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ പര്യാപ്തമായ യഥാര്‍ഥ വസ്തുതകളും തെളിവും പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇനി ഇക്കാര്യം കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരികയും  അനന്തര നടപടികള്‍ സ്വീകരിക്കുകയും വേണം. ഈ കേസില്‍ പുനരന്വേഷണം അനിവാര്യമാണ്.

ഫസല്‍വധത്തിനു സമാനമായ സംഭവം മുന്‍ യുഡിഎഫ് ഭരണകാലത്ത് സംഭവിച്ചിരുന്നു. അവിടെ ആര്‍എസ്എസുകാരന്‍ കൊലചെയ്യപ്പെട്ട കേസില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ യുഡിഎഫ് ഭരണകാലത്ത് പൊലീസ് തെറ്റായി പ്രതിചേര്‍ക്കുകയും കോടതി അവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, മതതീവ്രവാദികളാണ് കൊലയ്ക്കു പിന്നിലെന്ന് പിന്നീടാണ് വ്യക്തമായത്. അതിനിടെ, നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകര്‍ മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഹൈക്കോടതി ഇടപെട്ടാണ് നിരപരാധികളെ മോചിപ്പിച്ചത്. 

ഫസല്‍ വധത്തില്‍ തെളിയുന്ന കോണ്‍ഗ്രസ്- ആര്‍എസ്എസ് കൂട്ടുകെട്ട് നിര്‍ദോഷമല്ല. കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താന്‍ ആര്‍എസുഎസുമായി രഹസ്യവും പരസ്യവുമായ ചങ്ങാത്തത്തിന് മടിയില്ലാത്തവരാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്കു തണലായ സഹകരണപ്രസ്ഥാനത്തെ കുളംതോണ്ടുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന് എതിരെ എല്‍ഡിഎഫുമായോ അതിന്റെ സര്‍ക്കാരുമായോ യോജിച്ച പ്രക്ഷോഭത്തിനില്ലെന്നാണല്ലോ കമ്യൂണിസ്റ്റുകാരോട് അയിത്തംപുലര്‍ത്തുന്ന സുധീരാദികളുടെ നിലപാട്. പക്ഷേ, സിപിഐ എം നേതാക്കളെ വേട്ടയാടാന്‍ വ്യാജ കൊലക്കേസ് പ്രതിപ്പട്ടിക സിബിഐയെക്കൊണ്ട് സൃഷ്ടിക്കുന്നതിനും  ബിജെപി- ആര്‍എസ്എസ് ഛിദ്രശക്തികളുമായി കൂട്ടുകൂടുന്നതിനും ഒട്ടും അയിത്തം ഇല്ലതാനും. കമ്യൂണിസ്റ്റുകാരെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് കാവിസംഘവുമായുള്ള അണിയറച്ചങ്ങാത്തം ശക്തിപ്പെടുത്താനുള്ള ഹീനരാഷ്ട്രീയമാണ് സുധീരാദികള്‍ നടത്തുന്നത്.

ഉമ്മന്‍ചാണ്ടി ഭരണകാലത്ത് ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ യുഎപിഎ എന്ന കരിനിയമം ഉപയോഗിച്ചിരുന്നു. ദേശവിരുദ്ധര്‍ക്കും ഭീകരവാദികള്‍ക്കും എതിരെ ഉപയോഗിക്കുന്ന നിയമം കാരായി രാജനും ചന്ദ്രശേഖരനും എതിരെ യുഡിഎഫ് സര്‍ക്കാര്‍ ഉപയോഗിച്ചതിന്റെ യുക്തിരാഹിത്യവും പകപോക്കലും തെളിയുകയാണ്. കള്ളത്തെളിവുണ്ടാക്കി നിരപരാധികളെ പീഡിപ്പിച്ച അന്നത്തെ ഉമ്മന്‍ചാണ്ടി- ചെന്നിത്തല ഭരണക്കാര്‍ പരസ്യമായി ജനങ്ങളോട് മാപ്പ് ചോദിക്കണം. യുഡിഎഫ് ഭരണവും സിബിഐയും കമ്യൂണിസ്റ്റ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തടവറയില്‍ അടച്ചു. എന്നാല്‍, പ്രാദേശിക തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച്, ജനവിശ്വാസമുള്ള നേതാക്കളാണ് ഇവരെന്ന് ജനങ്ങള്‍ വിളിച്ചറിയിച്ചു. നിരപരാധികളെ പ്രതികളാക്കിയതിന് എതിരായ വികാരംകൂടി ജനങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു ജനവിധിയിലൂടെ. അധികാരം ദുരുപയോഗിച്ച് കള്ളക്കേസുണ്ടാക്കിയ കേസില്‍ യഥാര്‍ഥ പ്രതികളെ പിടിക്കുകയും നിരപരാധികളെ വിട്ടയക്കുകയും വേണം. ഈ സംഭവത്തില്‍ യുഡിഎഫിനും ബിജെപിക്കും അനുകൂലമായി വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. സിപിഐ എമ്മിനെ കൊലയാളി പാര്‍ടിയായി ചിത്രീകരിക്കുന്ന സമീപനം ഉപേക്ഷിക്കാന്‍ സത്യസന്ധത ശേഷിക്കുന്നെങ്കില്‍ ’നിഷ്പക്ഷത’യുടെ ആവരണമിടുന്ന ആ മാധ്യമങ്ങള്‍ സന്നദ്ധമാകും.  

സിബിഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ശരിവയ്ക്കുകയാണ് ഫസല്‍ കേസിലെ തുടര്‍ സംഭവങ്ങള്‍. കോണ്‍ഗ്രസിന്റെയും പിന്നീട് ബിജെപിയുടെയും രാഷ്ട്രീയ ദാസ്യവൃത്തി നടത്തിയതിലൂടെ സിബിഐയുടെ വികൃത മുഖം തുറന്നുകാട്ടിയിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തിരക്കഥ മെനയരുതെന്ന പാഠമാണ് നല്‍കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോള്‍ നേരിട്ട് ഇടപെട്ടാണ് സിബിഐയെക്കൊണ്ട് ചുടുചോറ് വാരിച്ചത്. കമ്യൂണിസ്റ്റ് വിരോധംകൊണ്ട് മോഡി ഭരണവും സിബിഐയെ സിപിഐ എമ്മിനെ വേട്ടയാടാനുള്ള ആയുധമായി ഉപയോഗിക്കുകയാണ്. ഇത് നിയമവ്യവസ്ഥയെ അപകടപ്പെടുത്തുന്നതാണ്. അക്കാര്യത്തിലുള്ള മുന്നറിയിപ്പാണ് ഫസല്‍ വധക്കേസിലെ പുതിയ തെളിവുകള്‍. ഇതില്‍നിന്ന് പാഠം പഠിക്കാനല്ല, ചെയ്ത അപരാധം മറച്ചുവയ്ക്കുന്നതിന് പുതിയ തെറ്റുകളിലേക്ക് പോകുകയാണ്. അതാണ് അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ കൊല്ലം ജില്ലയിലെ സിപിഐ എം നേതാക്കളെ പ്രതികളാക്കുന്ന സിബിഐ നടപടി. പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹനനെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്.

സാമൂഹ്യനീതിയും മനുഷ്യാവകാശവും സംരക്ഷിക്കുന്നതാകണം നമ്മുടെ ഭരണഘടന എന്ന സങ്കല്‍പ്പം ഭരണഘടനാ നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നു. ജനാധിപത്യവ്യവസ്ഥയുടെ നിലനില്‍പ്പുതന്നെ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. നിയമം പരിപാലിക്കപ്പെടുമ്പോഴാണ് അത് സാക്ഷാല്‍ക്കരിക്കുക. തെളിവില്ലാതെ, രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങി അന്വേഷണ ഏജന്‍സികള്‍ നിരപരാധികളെ പ്രതികളാക്കി പീഡിപ്പിച്ചാല്‍ അതില്‍ ഇടപെടാനുള്ള നിയമപരവും സാമൂഹ്യവുമായ അധികാരം ജുഡീഷ്യറിക്കുണ്ട്. എക്സിക്യൂട്ടീവ് വഴിതെറ്റിയാല്‍ ജുഡീഷ്യറി ഇടപെട്ട അനേകം അനുഭവങ്ങളുണ്ട്. ഭഗല്‍പുര്‍ ജയിലില്‍ തടവുകാരുടെ കണ്ണ് കുത്തിപ്പൊട്ടിക്കല്‍ അടക്കമുള്ള നീചകൃത്യങ്ങള്‍ തടയാന്‍ കോടതി ഇടപെടല്‍ ഉണ്ടായി. അധികാരം തെറ്റായി ഉപയോഗിച്ച് നിയമവ്യവസ്ഥിതിയെ ദുഷിപ്പിക്കുന്നവരെ പിടികൂടണം. അതിനുള്ള സന്ദര്‍ഭമായി ഫസല്‍ കേസിലെ വഴിത്തിരിവ് മാറട്ടെ. സിബിഐ നരേന്ദ്ര മോഡിക്ക് രാഷ്ട്രീയം കളിക്കാനുള്ള കളിപ്പാട്ടം ആകരുത്