പ്രസക്തി നഷ്ടപ്പെട്ട് ബിഡിജെഎസ്

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ കേരളത്തിലെ ഘടകകക്ഷിയാണ് ബിഡിജെഎസ്. പിന്നോക്കക്കാരന്റെ അവകാശം നേടാന്‍ നിലകൊള്ളുന്നുവെന്ന പേരില്‍ രൂപീകൃതമായ കക്ഷി പിന്നീട് ’നായാടിമുതല്‍ നമ്പൂതിരി’വരെയുള്ളവരുടെ പാര്‍ടിയാണെന്ന് അവകാശപ്പെട്ടു. ബിഡിജെഎസിന്റെ ഒന്നാംവാര്‍ഷികം അങ്കമാലിയില്‍ കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. ഈ സാഹചര്യത്തില്‍, ഇതുവരെയുള്ള പ്രവര്‍ത്തനവും നേട്ടവും കോട്ടവും ആത്മാര്‍ഥമായി സ്വയംവിമര്‍ശത്തോടെ വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വിലയിരുത്തിയാല്‍ എത്രയുംവേഗം ഈ കക്ഷിയെ പിരിച്ചുവിടുന്നോ അത്രയും നാടിന് നന്ന് എന്ന് ബോധ്യമാകും. എന്നാല്‍, നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ ഭരിക്കുന്നതിനാല്‍ ബിഡിജെഎസ് ഒരു കക്ഷിയായി തുടരുകയാണ്.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ കേരളത്തിലെ ഘടകകക്ഷിയാണ് ബിഡിജെഎസ്. പിന്നോക്കക്കാരന്റെ അവകാശം നേടാന്‍ നിലകൊള്ളുന്നുവെന്ന പേരില്‍ രൂപീകൃതമായ കക്ഷി പിന്നീട് ’നായാടിമുതല്‍ നമ്പൂതിരി’വരെയുള്ളവരുടെ പാര്‍ടിയാണെന്ന് അവകാശപ്പെട്ടു. ബിഡിജെഎസിന്റെ ഒന്നാംവാര്‍ഷികം അങ്കമാലിയില്‍ കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. ഈ സാഹചര്യത്തില്‍, ഇതുവരെയുള്ള പ്രവര്‍ത്തനവും നേട്ടവും കോട്ടവും ആത്മാര്‍ഥമായി സ്വയംവിമര്‍ശത്തോടെ വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വിലയിരുത്തിയാല്‍ എത്രയുംവേഗം ഈ കക്ഷിയെ പിരിച്ചുവിടുന്നോ അത്രയും നാടിന് നന്ന് എന്ന് ബോധ്യമാകും. എന്നാല്‍, നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ ഭരിക്കുന്നതിനാല്‍ ബിഡിജെഎസ് ഒരു കക്ഷിയായി തുടരുകയാണ്.

വാര്‍ഷികാഘോഷത്തില്‍ മുഖ്യകാര്‍മികന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു. കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരെയെല്ലാം വേദിയില്‍ കണ്ടെങ്കിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടില്ല. ഈ വിട്ടുനില്‍ക്കലിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ എന്ന് അദ്ദേഹംതന്നെയാണ് വ്യക്തമാക്കേണ്ടത്. എങ്കിലും പുതിയ രാഷ്ട്രീയകക്ഷിക്ക് രൂപംനല്‍കുമ്പോള്‍ കാട്ടിയ ഉത്സാഹവും ആവേശവും വെള്ളാപ്പള്ളി നടേശനില്‍നിന്ന് ഇപ്പോഴുണ്ടാകുന്നില്ല എന്നത് ശ്രദ്ധേയം

അമിത് ഷായുടെ ഉദ്ഘാടന പ്രസംഗം സ്വതേയുള്ള അസഹിഷ്ണുതയുടെ ശൈലിയില്‍ത്തന്നെയായിരുന്നു. ദേശീയതലത്തില്‍ സംഭവിക്കുന്ന മുന്നേറ്റവും വളര്‍ച്ചയും കേരളത്തിലും സാധ്യമാക്കണമെന്നും അതിന് സംസ്ഥാനത്ത് എന്‍ഡിഎ അധികാരത്തില്‍ വരണമെന്നുമാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനവിരുദ്ധ- വര്‍ഗീയ ഭരണനയങ്ങളെ അതിശക്തമായി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ക്കും നാടിനും പ്രയോജനകരമാകുന്ന ഏതെങ്കിലും പരിപാടിയോ പദ്ധതിയോ കേന്ദ്രം അംഗീകരിക്കുന്നതോ മുന്നോട്ടുവയ്ക്കുന്നതോ ആയതുകൊണ്ട് അവ നിരാകരിക്കുന്നില്ല. സ്വഛ്ഭാരതിനുവേണ്ടി മോഡി പ്രസംഗിക്കുന്നതിനാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അതിനോട് മുഖംതിരിഞ്ഞുനില്‍ക്കുന്നില്ല. മാലിന്യമുക്തകേരളം എന്നത് എല്‍ഡിഎഫ് വര്‍ഷങ്ങള്‍ക്കുമുമ്പേ ഉയര്‍ത്തിയ ആശയമാണ്. സ്വഛ്ഭാരത് ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ ആദ്യസംസ്ഥാനം കേരളമാണ്. 90 ശതമാനത്തിനുമേല്‍ വീടുകളിലും ശുചിമുറി ഉണ്ടാക്കി. ഇതിനുവേണ്ടി മാസങ്ങള്‍ക്കുള്ളില്‍ 360 കോടി രൂപ ഫലപ്രദമായി ചെലവഴിച്ച് രണ്ടരലക്ഷം വീടുകളില്‍ പുതുതായി ശുചിമുറി കെട്ടി. ഇപ്പോഴും മോഡിയുടെയും അമിത് ഷായുടെയും ഗുജറാത്ത് സമ്പൂര്‍ണ ശുചിമുറി സംസ്ഥാനമായില്ലെന്നതു കാണണം.

ദേശീയ തൊഴിലുറപ്പു പദ്ധതി ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്നത് കേരളമാണ്. ഇത്തരം കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വിപ്രതിപത്തിയില്ല.   കേരളത്തില്‍നിന്ന് വ്യത്യസ്തമായി ഗുജറാത്ത് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റും ദൃശ്യമാകുന്നത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും അസഹിഷ്ണുതയും ദളിത്വേട്ടയും ന്യൂനപക്ഷ ആക്രമണവുമാണ്. ഇതാണ് അമിത് ഷായുടെയും കൂട്ടരുടെയും ഇഷ്ട ’വികസനം’. വികസനത്തിലല്ല അക്രമത്തിലാണ് മുഖ്യമന്ത്രിക്കും മറ്റും താല്‍പ്പര്യമെന്ന അമിത് ഷായുടെ അഭിപ്രായം തരംതാണ രാഷ്ട്രീയപ്രചാരണമാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആര്‍എസ്എസ്- ബിജെപി ശക്തികള്‍ സംസ്ഥാനത്ത് കെട്ടഴിച്ചുവിട്ട അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പട്ടിക ഞങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ ഇതിനകം നിരത്തിയിട്ടുണ്ട്. ബിഡിജെഎസിന്റെ സമ്മേളനവേദി ആര്‍എസ്എസ് പ്രചാരണവേദിയായി അധഃപതിച്ചു.

എന്നിട്ടാണ്, ശ്രീനാരായണഗുരുവിനെയും ശിവഗിരിമഠം സന്ദര്‍ശിച്ച മഹാകവി രവീന്ദ്രനാഥ ടാഗോറിനെയും മഹാത്മാഗാന്ധിയെയും പ്രശംസിക്കാന്‍ ബിജെപി നേതാവ് ചങ്കൂറ്റംകാട്ടിയത്. ഈ മഹാന്മാരെല്ലാം മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്വത്തില്‍ വിശ്വസിച്ചവരാണ്. ഇവരുടെയെല്ലാം ജീവിതദര്‍ശനത്തിന്റെ കാതല്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തരംതിരിവുകളെ തിരസ്കരിക്കുന്നതാണ്. എന്നാല്‍, അതിന് നേര്‍വിപരീതമായ തത്വശാസ്ത്രമാണ് ആര്‍എസ്എസിന്റെ ഹിന്ദുത്വം. അത് മറച്ചുവച്ചാണ് ആ മഹാന്മാരുടെ പേരുകള്‍ ഉരുവിട്ടത്.

’ജാതി ചോദിക്കരുത്, വിചാരിക്കരുത്, പറയരുത്’ എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ’മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നതാണ് ഗുരുധര്‍മം. ’ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന നാട്’ ആയിരുന്നു ഗുരു ലക്ഷ്യമിട്ടത്. അതിന് ഘടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ന്യൂനപക്ഷങ്ങള്‍, പിന്നോക്കക്കാര്‍, ദളിതര്‍ എന്നിവരെ രണ്ടാംതരം പൌരന്മാരാക്കി മാറ്റുകയുംചെയ്യുന്ന ഇന്ത്യയെ വാര്‍ത്തെടുക്കാനാണ് ആര്‍എസ്എസ് നയിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  മോഡിയുടെ വലംകൈയായ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ജനാധിപത്യത്തോട് അശേഷം കൂറില്ലാത്തതുകൊണ്ടാണ് കേരളത്തിലെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് എന്‍ഡിഎ ഭരണം വരണമെന്ന് അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍വന്നിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നാലരവര്‍ഷം കഴിഞ്ഞിട്ടാണ്. എന്നിട്ടാണ് നിയമസഭയില്‍ ഒരു സീറ്റുമാത്രമുള്ള ഒരു കക്ഷിയുടെ നേതാവ് കേരളത്തില്‍ എന്‍ഡിഎ ഭരണം സ്ഥാപിക്കുന്നതിനെപ്പറ്റി കിനാവ് കാണുന്നത്.

കേരളത്തെപ്പറ്റി ആര്‍എസ്എസിന് ഒരു അജന്‍ഡയുണ്ട്. അത് നടപ്പാക്കുന്നതിന് പലവഴികളും തേടിയിട്ടുണ്ട്. അതിന് തടസ്സം സിപിഐ എമ്മിന്റെ കരുത്തും സ്വാധീനവുമാണ്. എല്ലാ ജാതിമതവിഭാഗത്തില്‍പ്പെട്ടവരുടെയും വിശ്വാസമാര്‍ജിച്ചിട്ടുള്ള പ്രസ്ഥാനമാണ് സിപിഐ എം. ഈ പ്രസ്ഥാനത്തെ ദുര്‍ബലമാക്കിയാല്‍ ഇടതുപക്ഷത്തെയും എല്‍ഡിഎഫിനെയും ക്ഷീണിപ്പിക്കാനാകും. അതിനുവേണ്ടി ചില കോടാലിക്കൈകളെ സൃഷ്ടിച്ചെടുക്കാന്‍ ആര്‍എസ്എസ് പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. എസ്എന്‍ഡിപി യോഗത്തെമാത്രമല്ല എന്‍എസ്എസിനെപ്പോലുള്ള സംഘടനകളെയും കുടുക്കിലാക്കാന്‍ സംഘപരിവാര്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍, ഇവരുടെ കുരുക്കില്‍ വീണാല്‍ എന്‍എസ്എസിന്റെ ഉയിരുപോകുമെന്ന് തിരിച്ചറിയാനുള്ള വിവേകം ആ സംഘടനയുടെ നേതൃത്വത്തിനുണ്ടായി. എന്നാല്‍, എസ്എന്‍ഡിപി യോഗത്തിനാകട്ടെ ആ ബുദ്ധി ഉണ്ടായില്ല. വച്ചുനീട്ടിയ മധുരം കണ്ട് കൊതിയൂറിയാണ് എസ്എന്‍ഡിപി യോഗനേതൃത്വം സംഘപരിവാറിന്റെ കെണിയില്‍ വീഴുകയും ബിഡിജെഎസ് എന്ന കക്ഷിക്ക് പിറവികൊടുക്കുകയും ചെയ്തത്.

ബിജെപിയുമായി കൂട്ടുകൂടിയതിലൂടെ ബിഡിജെഎസിന് എന്ത്നേട്ടമുണ്ടായി എന്ന് നേതൃത്വം ആത്മപരിശോധന നടത്തുമോ? അതുപോലെ ആ കക്ഷി പ്രതിനിധാനം ചെയ്യുന്നുവെന്ന് അവര്‍ അവകാശപ്പെടുന്ന പിന്നോക്കസമുദായത്തിന് എന്ത് ഗുണമുണ്ടായി എന്നും പരിശോധിക്കുമോ?  പ്രാദേശിക തെരഞ്ഞെടുപ്പ്, നിയമസഭാതെരഞ്ഞെടുപ്പ്- ഇവയിലെല്ലാം ബിഡിജെഎസിന്റെ പേരില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാവിസംഘത്തിന് കടന്നുചെല്ലാന്‍ കഴിയാത്ത ചില പോക്കറ്റുകളില്‍ പുതിയ കക്ഷിയുടെ മേല്‍വിലാസമുപയോഗിച്ച്  പ്രവേശനം  കിട്ടി. ഈ പാപത്തിന് എന്ത് പ്രതിഫലം കിട്ടിയെന്നത് മറ്റൊരു പരിശോധനാവിഷയമാണ്. എങ്കിലും ഈ ദല്ലാള്‍പണിക്കുവേണ്ടി ശ്രീനാരായണഗുരുവും ഡോക്ടര്‍ പല്‍പ്പുവും കുമാരനാശാനുമെല്ലാം നട്ടുവളര്‍ത്തിയ എസ്എന്‍ഡിപിയോഗത്തിന്റെ പേരും വസ്തുവകകളും ദുരുപയോഗപ്പെടുത്തിയത് ചരിത്രപരമായ അപരാധമാണ്. ഇത് ബിഡിജെഎസിനെ പിന്തുണച്ചവരില്‍ മോശമല്ലാത്ത ഒരു പങ്ക് തിരിച്ചറിയുന്നുണ്ട്