സ. സുശീല ഗോപാലന്റെയും സ. എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന രണ്ടുപേരും തൊഴിലാളിവര്‍ഗ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. സുശീല ഗോപാലന്‍ അന്തരിച്ചിട്ട് 15 വര്‍ഷവും എ കണാരന്‍ വിട്ടുപിരിഞ്ഞിട്ട് 12 വര്‍ഷവുമാകുന്നു. ഇരുനേതാക്കളുടെയും ജീവിതം വരുംതലമുറയ്ക്ക് പാഠപുസ്തകമാണ്. പുന്നപ്ര- വയലാറിന്റെ സമരപാരമ്പര്യം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന സുശീല 18-ാംവയസ്സില്‍ പാര്‍ടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കെയാണ് രോഗംബാധിച്ച് മരിച്ചത്. 1952ല്‍ സ. എ കെ ജിയുമായുള്ള വിവാഹശേഷംരാജ്യത്താകെ സഞ്ചരിച്ച സുശീല, ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ അടുത്തറിയുകയും പാവപ്പെട്ടവരോടൊപ്പം പോരാടുകയും ചെയ്തു.
സ. സുശീല ഗോപാലന്റെയും സ. എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന രണ്ടുപേരും തൊഴിലാളിവര്‍ഗ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. സുശീല ഗോപാലന്‍ അന്തരിച്ചിട്ട് 15 വര്‍ഷവും എ കണാരന്‍ വിട്ടുപിരിഞ്ഞിട്ട് 12 വര്‍ഷവുമാകുന്നു. ഇരുനേതാക്കളുടെയും ജീവിതം വരുംതലമുറയ്ക്ക് പാഠപുസ്തകമാണ്. പുന്നപ്ര- വയലാറിന്റെ സമരപാരമ്പര്യം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന സുശീല 18-ാംവയസ്സില്‍ പാര്‍ടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കെയാണ് രോഗംബാധിച്ച് മരിച്ചത്. 1952ല്‍ സ. എ കെ ജിയുമായുള്ള വിവാഹശേഷംരാജ്യത്താകെ സഞ്ചരിച്ച സുശീല, ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ അടുത്തറിയുകയും പാവപ്പെട്ടവരോടൊപ്പം പോരാടുകയും ചെയ്തു.
പരമ്പരയായി രണധീരര്‍ക്ക് ജന്മംനല്‍കിയ തറവാടാണ് മുഹമ്മയിലെ ചീരപ്പന്‍ചിറ. അവിടെ, വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ട സികെ കുമാരപ്പണിക്കരുടെയും ചേര്‍ത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ് സി കെ കരുണാകരപ്പണിക്കരുടെയും പരിലാളനമേറ്റ്് വളര്‍ന്ന അനന്തരവള്‍ സുശീല ഐതിഹാസികമായ പുന്നപ്ര- വയലാറിന്റെ രണപടഹം സ്വന്തം ഹൃദയതാളമാക്കി. ദിവാന്‍ഭരണത്തിനെതിരായ സമരത്തിന്റെ ചൂടേറ്റ് വളര്‍ന്ന അവര്‍ 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. സമരനായകനായ എ കെ ജിയുമായി നന്നേ ചെറുപ്പത്തിലെ ഉണ്ടായ അടുപ്പം വിപ്ളവപ്രവര്‍ത്തനത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിച്ചു. തുടര്‍ന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളര്‍ത്തുകയും ചെയ്തു. സമരപഥങ്ങളില്‍ എ കെ ജിക്ക് എന്നും ശക്തിയും തണലുമായിരുന്നു സുശീല. അതേപ്പറ്റി ആത്മകഥയില്‍ വിശദമായി എ കെ ജി വിവരിച്ചിട്ടുണ്ട്.
അവശ ജനലക്ഷങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും മുന്‍കൈ പ്രവര്‍ത്തനങ്ങളും ദേശീയ ശ്രദ്ധതന്നെ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്ദവും അവരിലൂടെ പാര്‍ലമെന്റില്‍ പ്രതിധ്വനിച്ചു. സമരപഥങ്ങളില്‍ എന്നപോലെ ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. അധികാരികള്‍ക്ക് ധിക്കാരിയും ജനങ്ങള്‍ക്ക് പ്രിയങ്കരിയുമായ പൊതുപ്രവര്‍ത്തകയായിരുന്നു. സമരത്തിന്റെയും സഹനത്തിന്റെയും വഴിത്താരകളില്‍ അചഞ്ചലയായി നിലയുറപ്പിച്ച അവര്‍, അസാമാന്യമായ നേതൃപാടവം കാഴ്ചവച്ചു. ലോക്സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും തിളക്കമാര്‍ന്ന സംഭാവനയാണ് നല്‍കിയത്. പത്തുവര്‍ഷം ലോക്സഭാംഗമായിരുന്ന അവര്‍, ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കുന്നതില്‍ എന്നും മുന്നിലായിരുന്നു. 1996ലെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ സുശീല ഗോപാലന്‍ തൊഴിലാളി- മഹിളാ രംഗങ്ങളിലാണ് സജീവ ശ്രദ്ധചെലുത്തിയത്. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും അവിശ്രമം പൊരുതിയ സഖാവിനെ കയര്‍ത്തൊഴിലാളികള്‍ എക്കാലവും നെഞ്ചേറ്റുന്നു. 1971ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിച്ചതുമുതല്‍ മരണംവരെ പ്രസിഡന്റായിരുന്നു. കടന്നുചെല്ലുന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു സുശീലയുടേത്. ദീര്‍ഘകാലം ലോക്സഭാംഗമായ അവര്‍ രാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചു. അവയുടെ പരിഹാരത്തിന് പാര്‍ലമെന്റിനെ ഉപയോഗപ്പെടുത്തി. കേരളത്തില്‍ മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷം തൊഴിലാളികള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാനാകുമെന്നാണ് ചിന്തിച്ചത്. കേന്ദ്രം കേരളത്തിലെ വ്യവസായമേഖലയെ പരമ്പരാഗതമായി അവഗണിച്ച പ്രവണതയ്ക്കെതിരെ വ്യവസായമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയില്‍ അവര്‍ നടത്തിയ ഇടപെടലുകളിലൂടെ കേരളത്തിന് നേട്ടം സമ്പാദിക്കാന്‍ കഴിഞ്ഞു.
തൊണ്ടുതല്ലിന്റെ താളവും കയര്‍പിരി റാട്ടിന്റെ സംഗീതവും താരാട്ടുപാട്ടായി കേട്ടുവളര്‍ന്ന സുശീലയുടെ ഉള്ളില്‍, കയര്‍ത്തൊഴിലാളികളുടെ കദനകഥ എന്നുമൊരു നൊമ്പരമായിരുന്നു. അവരുടെ പ്രിയങ്കരിയായ നേതാവായി മാറിയ അവര്‍, മന്ത്രിയായിരിക്കെ കയര്‍വ്യവസായ പുനരുദ്ധാരണത്തിനായി പദ്ധതി നടപ്പാക്കി. പട്ടിണിമാത്രം കൈമുതലായ കശുവണ്ടിത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി.
ആഗോളവല്‍ക്കരണത്തിന്റെ കെടുതികളില്‍ ശ്വാസംമുട്ടുന്ന കേരളത്തിന്റെ പരമ്പരാഗതവ്യവസായ മേഖലയെ കൈപിടിച്ചുയര്‍ത്താനും തൊഴിലാളികള്‍ക്ക് സാധാരണമനുഷ്യരായി ജീവിക്കാനുള്ള അവസരം ഉറപ്പിക്കാനും സുശീല ഭരണാധികാരിയായും തൊഴിലാളിനേതാവായും നല്‍കിയ സംഭാവന അമൂല്യമാണ്. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ നേതൃത്വത്തിലിരുന്ന അവര്‍, കശ്മീര്‍മുതല്‍ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശങ്ങളിലും മഹിളാപ്രവര്‍ത്തകരുമായി വ്യക്തിപരമായ അടുപ്പംതന്നെ കാത്തുസൂക്ഷിച്ചു. സുശീല ഗോപാലന്‍ പതിപ്പിച്ച പാദമുദ്രകള്‍ കാലത്തിന്റെ കുത്തൊഴുക്കിലും മാഞ്ഞുപോകില്ല.
മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയര്‍ന്ന കമ്യൂണിസ്റ്റാണ് എ കണാരന്‍. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് സഖാവ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. സഖാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശക്തമായ സാന്നിധ്യമായിരുന്നു സഖാവിന്റേത്. നിയമസഭയില്‍ അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച ഇടപെടലുകള്‍ സഖാവിന്റെ ഭാഗത്തുനിന്നുണ്ടായി. നിയമസഭാംഗമെന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
ഔപചാരികതകളില്ലാതെ എല്ലാവരോടും സൌഹൃദത്തോടെ പെരുമാറാറുള്ള കണാരന്‍ അനീതിക്കെതിരെ അനന്യമായ കാര്‍ക്കശ്യവും പുലര്‍ത്തി. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തില്‍. അടിമതുല്യമായ ചുറ്റുപാടില്‍ ഉഴറിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭപരമ്പരകളാണ് സഖാവ് നയിച്ചത്. പൊതുപ്രവര്‍ത്തനത്തിനിടയില്‍ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കൊല്ലണമെന്ന് തീരുമാനിച്ചുതന്നെ എതിരാളികള്‍ സഖാവിനെ ആക്രമിച്ചു. അത്ഭുതകരമായാണ് അന്ന് സഖാവ് രക്ഷപ്പെട്ടത്. ദീര്‍ഘകാലം ജയിലിലും കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളില്‍ ആവേശം വിതച്ചു.
ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകള്‍ക്കും സാംസ്കാരികരൂപങ്ങള്‍ക്കും എതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരന്‍ നയിച്ചത്. അടിമതുല്യമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക്, മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. തമ്പുരാക്കന്മാരുടെ ആട്ടും തുപ്പും സഹിച്ച് പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരെന്ന് കരുതിയവരെ മോചിപ്പിക്കാന്‍ അവരുടെ വ്യക്തിത്വത്തിലെ അഭിമാനബോധം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. ജന്മികുടുംബങ്ങളിലെ കുട്ടികള്‍പോലും മണ്ണില്‍ പണിയെടുക്കുന്നവരെ ചെക്കന്‍ അല്ലെങ്കില്‍ പെണ്ണേ എന്നാണ് വിളിച്ചത്. ഇതിനെതിരെ നാദാപുരം, വാണിമേല്‍ മേഖലകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം വിജയിച്ചു. ചെക്കന്‍ വിളിക്കും പെണ്‍ വിളിക്കുമെതിരായി നടന്ന സമരങ്ങള്‍ കേരളത്തിന്റെ സമരചരിത്രത്തില്‍തന്നെ ഉജ്വല അധ്യായമായി. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അര്‍പ്പണബോധം പുത്തന്‍ തലമുറയ്ക്ക് വലിയ പാഠംതന്നെ. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് നിവര്‍ന്നുനിന്ന് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജവും ആവേശവും പകര്‍ന്ന എ കണാരന്‍ അടിസ്ഥാനജനവിഭാഗത്തിന്റെ വികാരംതന്നെയായിരുന്നു.
ഇന്ത്യയും കേരളവും പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വേളയിലാണ് സിപിഐ എമ്മിന്റെ രണ്ട് സമുന്നത നേതാക്കളുടെ സ്മരണ പുതുക്കുന്നത്. 60-ാംപിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തെ ഐശ്വര്യപൂര്‍ണമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ജാതി- മത- രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്. വീണ്ടുവിചാരവും ഉള്‍ക്കാഴ്ചയും ഇല്ലാതെ, ഏകാധിപത്യപരമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടുപരിഷ്കാരം രാജ്യത്തെ കൊടിയ ദുരിതത്തില്‍ അകപ്പെടുത്തിയിരിക്കയാണ്. ഈ ദുരന്തത്തില്‍ മരിച്ചവര്‍ നൂറിലധികമാണ്്. കേരളത്തിലാകട്ടെ, സംസ്ഥാനത്തിന്റെ സാമ്പത്തികജീവിതത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ ഉള്‍പ്പെടെ കശക്കിയെറിയാനുള്ള രൌദ്രഭാവത്തിലാണ് ആര്‍എസ്എസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഗൌരവം മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് പരാജയമാണ്. സംഘപരിവാറിനെ പിണക്കാത്ത സമരപരിപാടികളില്‍മാത്രമേ ഉണ്ടാകൂ എന്ന നിര്‍ബന്ധത്തിലാണ് യുഡിഎഫ്. മോഡിയുടെ കറന്‍സിക്കളി കാരണമുള്ള ദുരിതത്തിന് പരിഹാരം തേടി 29ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളം മനുഷ്യച്ചങ്ങല സൃഷ്ടിക്കുകയാണ്. ഇത് മഹത്തായ സമരമാക്കി കേന്ദ്ര സര്‍ക്കാരിന് താക്കീതേകാനും നയം തിരുത്തിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും കേരളീയരെ അണിനിരത്തണം. ഇതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തണലില്‍ വളര്‍ത്തുന്ന വര്‍ഗീയവിപത്തിനെതിരായ പോരാട്ടത്തിനും സുശീല ഗോപാലന്റെയും എ കണാരന്റെയും ഓര്‍മകള്‍ കരുത്താകും