രാജ്യരക്ഷയ്ക്ക് കൈകോര്‍ക്കാം

ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയസമരത്തിന്റെ മുന്നണിയിലേക്കുവരികയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല. ഇന്ദിര ഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ ’അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം ഇ എം എസ് ആദ്യമുയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണവിപ്ളവവും സഹകരിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. അതുപോലെ ഇന്ത്യയെയാകെ ഉണര്‍ത്തുന്ന ഒരു ചുവടുവയ്പാണ് മനുഷ്യച്ചങ്ങല.
 

നോട്ട് അസാധുവാക്കി ജനജീവിതം നരകതുല്യമാക്കിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ കേരളം വ്യാഴാഴ്ച മനുഷ്യച്ചങ്ങല തീര്‍ക്കുകയാണ്. ഇന്ത്യയുടെയാകെ ജനവികാരമായിരിക്കും കേരളമണ്ണില്‍ പ്രകടമാകുക. രാജ്യരക്ഷയ്ക്കായുള്ള ഈ മുന്നേറ്റം സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി രേഖപ്പെടുത്തും. ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടത്തില്‍ കേരളജനത ഒരു മനസ്സോടെ കൈകോര്‍ക്കും. കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ, 700 കിലോമീറ്റര്‍ നീളത്തിലാണ് പ്രതിഷേധച്ചങ്ങല തീര്‍ക്കുന്നത്.

ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയസമരത്തിന്റെ മുന്നണിയിലേക്കുവരികയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല. ഇന്ദിര ഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ ’അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം ഇ എം എസ് ആദ്യമുയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണവിപ്ളവവും സഹകരിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. അതുപോലെ ഇന്ത്യയെയാകെ ഉണര്‍ത്തുന്ന ഒരു ചുവടുവയ്പാണ് മനുഷ്യച്ചങ്ങല.

കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്. കേരളം ഈ സമരവുമായി പരിചയപ്പെടുന്നത് 1987 ആഗസ്ത് 15ന് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. പിന്നീട് പലകുറി ഈ സമരരൂപം ആവര്‍ത്തിച്ചു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയവിപത്ത് എന്നീ വിഷയങ്ങളിലധിഷ്ഠിതമായാണ് മുമ്പ് കേരളമാകെ വ്യാപിച്ച മനുഷ്യച്ചങ്ങല രൂപംകൊണ്ടത്. ഇത്തവണയാകട്ടെ നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണമേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമ്പോള്‍ അത് ഇന്ത്യയിലെ എല്ലാവിഭാഗം സാധാരണ മനുഷ്യരുടെയും സമ്പദ്ഘടനയുടെയും രക്ഷയ്ക്കുവേണ്ടിയാണ്. സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത് എല്‍ഡിഎഫാണ്. എന്നാല്‍, ഘടക കക്ഷികളല്ലെങ്കിലും മുന്നണിയോട് സഹകരിക്കുന്ന ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍ ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ടികള്‍ മാത്രമല്ല ഒരു പാര്‍ടിയില്‍പെടാത്തവരും പ്രതിപക്ഷത്തോട് ആഭിമുഖ്യമുള്ളവരുമടക്കം വലിയ വിഭാഗം പങ്കെടുക്കുമെന്ന് ഉറപ്പാണ്.

നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കി പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റിനെ അറിയിക്കാതെ നിയമവ്യവസ്ഥകള്‍ പാലിക്കാതെ സ്വേച്ഛാപരമായ പ്രഖ്യാപനം. അഴിമതി തടയും, കള്ളപ്പണം ഇല്ലാതാക്കും, തീവ്രവാദത്തിന്റെ വേരറുക്കും എന്നെല്ലാമായിരുന്നു വാഗ്ദാനം. ആറുദിവസത്തിനകം, പൊരിവെയിലത്ത് ക്യൂ നിന്നും മറ്റും 25 പേര്‍ നോട്ട് ദുരന്തത്താല്‍ മരിച്ചു. ഈ സാഹചര്യത്തില്‍ മോഡി രാഷ്ട്രത്തിന് മുന്നില്‍ ഒരു പ്രഖ്യാപനം നടത്തി. 50 ദിവസത്തിനകം എല്ലാം ശരിയായില്ലെങ്കില്‍ എന്നെ നിങ്ങള്‍ക്ക് ജീവനോടെ ചുട്ടുകൊല്ലാമെന്നായിരുന്നു പ്രഖ്യാപനം. 50 ദിവസം കഴിയുമ്പോഴും ജനജീവിതവും സമ്പദ്ഘടനയും താറുമാറായിരിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്കിനെ റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ചീത്തപ്പേരിനിരയാക്കിയിരിക്കുന്നുവെന്നതാണ് നോട്ട് പിന്‍വലിക്കലിനുശേഷമുള്ള 50 ദിവസത്തെ മോഡി ഭരണത്തിന്റെ സംഭാവന. ആര്‍ബിഐ ചട്ടം അടിക്കടി ഭേദഗതിചെയ്യുന്നു. ഇതിനകംതന്നെ നൂറോളം ചട്ടങ്ങള്‍ മാറ്റി. ജനങ്ങളുടെ കഷ്ടപ്പാട് മൂര്‍ച്ഛിപ്പിക്കുന്നതാണ് ഈ നടപടി. നോട്ട് പ്രതിസന്ധിയുടെ ദുരന്തത്തിനിരയായി ഇതേവരെ 150ലധികം പേര്‍മരിച്ചെന്നാണ് കണക്ക്. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ വിവിധ രീതിയില്‍ ജീവന്‍പൊലിഞ്ഞവരാണിവര്‍. ഇവരില്‍ ചികിത്സ കിട്ടാതെ മരിച്ച നവജാതശിശുക്കളുമുണ്ട്. റേഷന്‍ വാങ്ങാന്‍ നോട്ടില്ലാത്തതിനാല്‍ മോഡിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അമ്പതുകാരിയായ വീട്ടമ്മ ജീവനൊടുക്കി. മുംബൈ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം നവജാതശിശുക്കളുടെ മരണം നോട്ട് പ്രതിസന്ധിമൂലം സംഭവിച്ചു.

പിന്‍വലിച്ച 1000, 500 രൂപ നോട്ടുകളുടെ 90 ശതമാനവും ഡിസംബര്‍ 15നകം തിരിച്ചെത്തി. ഇത് വ്യക്തമാക്കുന്നത് കറന്‍സിയായാണ് കള്ളപ്പണം സൂക്ഷിക്കുന്നത് എന്ന കേന്ദ്രസര്‍ക്കാരിന്റെ അനുമാനം പാളി എന്നതാണ്. പണം പലരൂപത്തിലുണ്ട്. നാണയം, നോട്ട്, ബാങ്ക് നിക്ഷേപം, ഡിജിറ്റല്‍ കറന്‍സി ഇപ്രകാരമാണ് പണത്തിന്റെ പരിണാമം. നവംബര്‍ ആദ്യംവരെ ഇതിന് പ്രതിബന്ധമുണ്ടായില്ല. എന്നാല്‍, മോഡിയുടെ പരിഷ്കാരം കാരണം പണം നോട്ടിന്റെ രൂപത്തില്‍ നല്‍കുന്നത് ഇല്ലാതെവന്നു. ഇതിന്റെ ദുരിതം മുഖ്യമായി പേറുന്നത് അത്താഴപ്പട്ടിണിക്കാരും നിര്‍ധനരും നിരക്ഷരരും ഭൂരഹിതരും അടക്കമുള്ളവരാണ്. സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധിയിലായി.

കേരളസമ്പദ്ഘടനയുടെ ജീവനാഡിയാണ് സഹകരണപ്രസ്ഥാനം. സാധാരണ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന പ്രസ്ഥാനമാണിത്. പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതില്‍നിന്ന് സഹകരണ ബാങ്കുകളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിനാശകരമാണ്. സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേരളത്തിലെ ബിജെപി ഘടകവും കേന്ദ്രത്തിലെ ചില തല്‍പ്പരകക്ഷികളുംചേര്‍ന്ന് വന്‍ഗൂഢനീക്കമാണ് നടത്തിയത്. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കൂടാരമാണെന്ന ബിജെപി പ്രചാരണം നട്ടാല്‍കുരുക്കാത്ത നുണയാണ്. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ധനസ്ഥാപനങ്ങളാണിവ. ദേശസാല്‍കൃത ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ ബാങ്കുകള്‍ക്കുമായി കേരളത്തില്‍ 6213 ബ്രാഞ്ചാണുള്ളത്. എന്നാല്‍, ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാകട്ടെ നാലായിരത്തോളം ബ്രാഞ്ചുണ്ട്. ഇവയില്‍ ഉള്‍ഗ്രാമങ്ങളില്‍വരെ എത്തുന്ന സഹകരണപ്രസ്ഥാനത്തെ മുഖവിലയ്ക്കെടുത്ത് നോട്ട് പ്രതിസന്ധി സൃഷ്ടിച്ച അരാജകത്വം മറികടക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഇതിനുവേണ്ടിയുള്ള ജനശബ്ദമാണ് മനുഷ്യച്ചങ്ങലയില്‍ ഉയരുക.

നോട്ട് നിരോധനം കേരളത്തെ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ റേഷന്‍ മുടങ്ങിയതിന്റെ മറപിടിച്ച് കേരളസര്‍ക്കാരിനെതിരെ ബിജെപി കുപ്രചാരണം നടത്തുന്നുണ്ട്. ആറുപതിറ്റാണ്ടായി തുടര്‍ന്നുവന്ന സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തെ അട്ടിമറിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന്റെ കുഴപ്പമാണ് പലയിടത്തും റേഷന്‍ മുടങ്ങാന്‍ കാരണമായത്.

റേഷന്‍ വാങ്ങാന്‍ പാവപ്പെട്ടവന്റെ കൈയില്‍ നോട്ടില്ലാത്ത സ്ഥിതി മോഡി സര്‍ക്കാര്‍ സൃഷ്ടിച്ചു. സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെപോലും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സമ്പദ്ഘടനയെ ഏറ്റവും ദോഷകരമായി നോട്ട് പരിഷ്കാരം ബാധിച്ചു. സാമ്പത്തിക അരാജകത്വത്തില്‍നിന്ന് കേരളത്തെയും ഇന്ത്യയെയും രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഐതിഹാസികസമരമാണ് ഇന്നത്തെ മനുഷ്യച്ചങ്ങല *

29/12/2016