തൊഴിലാളിവര്‍ഗത്തിന്റെ ഹൃദയംതൊട്ട നേതാവ്

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അതുല്യനായ നേതാവായിരുന്നു സ. ഇ ബാലാനന്ദന്‍. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ദേശീയ സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിന്റെ നാളുകളില്‍ പൊതുപ്രവര്‍ത്തനത്തിന്റെ പാതയില്‍ സഞ്ചരിച്ച വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം ജയിലിലും നാലരവര്‍ഷം ഒളിവിലുമായി സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതിക്രൂരമായ പൊലീസ് മര്‍ദനത്തിന് നിരവധിതവണ വിധേയനാകേണ്ടിവന്നു. എന്നാലതൊന്നും അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സിനെ ദുര്‍ബലപ്പെടുത്തിയില്ല. ഒരു തവണ ലോക്സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. കേരള നിയമസഭയിലും രണ്ടുതവണ അംഗമായ അദ്ദേഹം പാര്‍ലമെന്ററിവേദികളെയും എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് കാണിച്ചുതന്നു.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അതുല്യനായ നേതാവായിരുന്നു സ. ഇ ബാലാനന്ദന്‍. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ദേശീയ സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിന്റെ നാളുകളില്‍ പൊതുപ്രവര്‍ത്തനത്തിന്റെ പാതയില്‍ സഞ്ചരിച്ച വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം ജയിലിലും നാലരവര്‍ഷം ഒളിവിലുമായി സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതിക്രൂരമായ പൊലീസ് മര്‍ദനത്തിന് നിരവധിതവണ വിധേയനാകേണ്ടിവന്നു. എന്നാലതൊന്നും അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സിനെ ദുര്‍ബലപ്പെടുത്തിയില്ല. ഒരു തവണ ലോക്സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. കേരള നിയമസഭയിലും രണ്ടുതവണ അംഗമായ അദ്ദേഹം പാര്‍ലമെന്ററിവേദികളെയും എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് കാണിച്ചുതന്നു.

1941ല്‍ കമ്പനി ജീവനക്കാരനായി തിരൂരില്‍ പ്രവര്‍ത്തിക്കവെ അവിടെ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറാമത്തെ യൂണിയനായ അലൂമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിച്ചു.  ആദ്യത്തെ സെക്രട്ടറിയായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടുകയുംചെയ്തു. അതിന്റെ ഫലമായി കമ്പനി മാനേജര്‍ അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീട് മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. തൊഴിലാളിസംഘടനാ രംഗത്ത് എക്കാലത്തും ഇ ബാലാനന്ദന്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് 1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ അതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. സിഐടിയുവിനെ ശക്തിപ്പെടുത്തുന്നതിന് ബാലാനന്ദന്‍ വലിയ സംഭാവനയാണ് നല്‍കിയത്. അഖിലേന്ത്യാ ട്രഷററായിരുന്നു. നവഉദാരവല്‍ക്കരണ സാമ്പത്തികനയം നടപ്പാക്കുന്ന ആരംഭദശയിലാണ് അദ്ദേഹം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 1990മുതല്‍ 2002വരെയുള്ള കാലഘട്ടം സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയത്തിനെതിരെ തൊഴിലാളി വര്‍ഗഐക്യം എന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടുവയ്ക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഇതര ട്രേഡ് യൂണിയനുകളുമായി സൌഹാര്‍ദവും ക്രിയാത്മകവുമായ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രസമീപനത്തെ അടിസ്ഥാനപ്പെടുത്തി വിഷയം വിശകലനംചെയ്യാനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. തനതായ ശൈലിയിലൂടെ വിഷയങ്ങള്‍ സാധാരണജനങ്ങളില്‍ ഫലപ്രദമായി എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിജ്ഞാനസമ്പാദനത്തിന് ഔപചാരികവിദ്യാഭ്യാസത്തിലെ കുറവ് തടസ്സമേ അല്ലെന്ന് ജീവിതത്തിലൂടെ കാണിച്ചുതന്നു. തൊഴില്‍പരമായ പ്രശ്നങ്ങളും വ്യവസായത്തിലെ പ്രശ്നങ്ങളും മാത്രമല്ല എല്ലാ വിഷയവും വ്യക്തതയോടെ അദ്ദേഹം കൈകാര്യംചെയ്തു. അതാകട്ടെ ആരുടെയും ആദരവ് പിടിച്ചുപറ്റുന്നതുമാണ്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്‍ 1943ല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ബാലാനന്ദനും അതില്‍ അംഗമായിരുന്നു. അവിഭക്ത പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സിപിഐ എം രൂപീകരണത്തോടെ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയറ്റിലും അംഗമായി. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസിലാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 27 വര്‍ഷം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.

സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് എടുത്തെറിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ സ്റ്റാറ്റിറ്റ്യൂട്ടറി റേഷന്‍സംവിധാനം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയാണ്. ഉദാരവല്‍ക്കരണ സാമ്പത്തികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് ആദ്യം ഇതിന് നേതൃത്വം കൊടുത്തത്. റേഷന്‍സാധനങ്ങള്‍ വാങ്ങുന്നവരെ എപിഎല്‍ എന്നും ബിപിഎല്‍ എന്നും വേര്‍തിരിച്ച് വലിയൊരു വിഭാഗത്തിന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് അന്ന് തുടക്കംകുറിച്ച നയങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബിജെപിയാകട്ടെ കോണ്‍ഗ്രസിനെക്കാള്‍ ശക്തമായി ഇതേനയംതന്നെയാണ് നടപ്പാക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിനാവശ്യമായ ഭക്ഷ്യധാന്യം തടഞ്ഞുവച്ചിരിക്കുന്നു എന്നുള്ളത് ഗുരുതരമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. എപിഎല്‍, ബിപിഎല്‍ വേര്‍തിരിവില്ലാതെ മുഴുവനാളുകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിരുന്ന ഒരു സംസ്ഥാനത്തെയാണ് ഈ നിലയില്‍ മാറ്റിയത്.

കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരുദാഹരണമാണ് 500ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി. ബിജെപി നേതാക്കളും അദാനിയും അംബാനിയുമുള്‍പ്പെടുന്ന വന്‍മുതലാളിമാരും മുന്‍കൂട്ടി അറിഞ്ഞുകൊണ്ടാണ് നോട്ട് പിന്‍വലിച്ചത് എന്ന് ബിജെപി നേതാക്കള്‍തന്നെയാണ് വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുകയാണ്. പ്രസ്തുതവിഷയം ഉയര്‍ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവിടെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കേണ്ടി വന്നു. രാജ്യത്തിന്റെ സാമ്പത്തികനിലയെത്തന്നെ അപകടപ്പെടുത്തുന്ന നടപടി ആയിരുന്നു അത് എന്ന് നിരവധി സാമ്പത്തിക ശാസ്ത്രകാരന്മാര്‍ വിളിച്ചുപറയുകയുണ്ടായി. എന്നാല്‍, ഇന്ത്യയിലെ കുത്തകമുതലാളിമാരുടെ താല്‍പ്പര്യസംരക്ഷണംമാത്രം ലക്ഷ്യം വയ്ക്കുന്ന മോഡിയും ബിജെപിയും അതിനെ അവഗണിക്കുകയായിരുന്നു. രാജ്യത്തെ തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായ ഭരണനയത്തിനെതിരെ വലിയനിലയില്‍ തൊഴിലാളി കര്‍ഷകസമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതിനെ തകര്‍ക്കാന്‍ ഭരണകൂടസംവിധാനങ്ങളാകെ ഉപയോഗിക്കുന്നുണ്ട്. ബഹുജനൈക്യം ശിഥിലമാക്കാന്‍ ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയവും പ്രയോഗിക്കുന്നു.

മതനിരപേക്ഷവാദികള്‍ക്കെതിരെ കടുത്ത അക്രമണങ്ങളാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ രാജ്യത്ത് എമ്പാടും നടക്കുന്നത്. അതിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ലഭിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിലും പൊലീസിലും ഇന്റലിജന്‍സ് വിങ്ങിലുമെല്ലാം കേന്ദ്രഭരണസ്വാധീനമുപയോഗിച്ച് ആര്‍എസ്എസുകാരെ തെറ്റായ വഴികളിലൂടെ തിരുകിക്കയറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മതനിരപേക്ഷവാദികളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തുന്നതിലേക്ക് അവര്‍ മാറി. സമീപദിവസങ്ങളില്‍ രാജ്യമാദരിക്കുന്ന സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ക്കെതിരെയും ചലച്ചിത്രപ്രതിഭയായ കമലുള്‍പ്പെടെയുള്ള സാംസ്കാരികനായകര്‍ക്കുമെതിരെ വ്യാപകമായ കൊലഭീഷണിയാണ് ഉയര്‍ത്തിയത്. ആര്‍എസ്എസിനും ബിജെപിക്കും അവരുടെ വര്‍ഗീയഭ്രാന്തിനും എതിരെ പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ആക്രോശമാണ് കേള്‍ക്കുന്നത്. ഇവര്‍ ഉയര്‍ത്തുന്ന മതഭീകരതയുടെ രാഷ്ട്രീയത്തെ മതനിരപേക്ഷമൂല്യങ്ങളുയര്‍ത്തി പ്രതിരോധിക്കേണ്ടതുണ്ട്. സ. ബാലാനന്ദന്റെ സ്മരണ അതിന് കരുത്തായിമാറും