നന്മയുടെ മഹാമാതൃക

ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തെളിയുന്ന ഒരു പ്രധാന ചിത്രം വിമോചനരാഷ്ട്രീയം കാലഹരണപ്പെട്ടു എന്നതാണ്. ഒന്നാം ജനകീയസര്‍ക്കാരിന്റെ നേരവകാശികളായി, എല്‍ഡിഎഫ് മന്ത്രിസഭയെ അധികാരത്തിലേറ്റി 60-ാം വാര്‍ഷിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തിയ കേരളജനത ചരിത്രപരമായ നിയോഗമാണ് നിര്‍വഹിച്ചത്.
 

ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തെളിയുന്ന ഒരു പ്രധാന ചിത്രം വിമോചനരാഷ്ട്രീയം കാലഹരണപ്പെട്ടു എന്നതാണ്. ഒന്നാം ജനകീയസര്‍ക്കാരിന്റെ നേരവകാശികളായി, എല്‍ഡിഎഫ് മന്ത്രിസഭയെ അധികാരത്തിലേറ്റി 60-ാം വാര്‍ഷിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തിയ കേരളജനത ചരിത്രപരമായ നിയോഗമാണ് നിര്‍വഹിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ദേശാഭിമാനി കൊല്ലം എഡിഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ എത്തിയിരുന്നു. അവിടെ, കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ അറുപതാണ്ടിനു മുമ്പുള്ള സ്ഥിതിയുമായി താരതമ്യംചെയ്തു സംസാരിച്ചിരുന്നു.  ഇന്ന് പൊതുവില്‍ മനുഷ്യത്വപൂര്‍ണമായ അവസ്ഥയിലാണ് തൊഴിലാളികള്‍ ജീവിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടിയത്. 1930കളിലാണ് കശുവണ്ടി വ്യവസായം വ്യാപകമായത്. അന്നുമുതല്‍ പതിറ്റാണ്ടുകളോളം അടിമ സമാനമായിരുന്നു തൊഴിലിടങ്ങള്‍. ഇന്ന് കൊല്ലം കോര്‍പറേഷന്റെ ഭാഗമായ കിളികൊല്ലൂര്‍ അറിയപ്പെട്ടിരുന്നത് കശുവണ്ടി ഗ്രാമമായിട്ടാണ്. അവിടത്തെ ഒരു ഫാക്ടറിയില്‍ തൊഴിലാളിയായ സ്ത്രീ ഗര്‍ഭവതിയായിരിക്കെ അണ്ടിപ്പരിപ്പ് തരംതിരിക്കുന്നതിനിടെ ഒന്നെടുത്ത് കഴിച്ചു. അതുകണ്ട് തൊഴിലാളികളെ ശാസിച്ച് പണിയെടുപ്പിക്കുന്ന മുതലാളിയുടെ പ്രതിപുരുഷനായ മേസ്ത്രി ഓടിയടുത്തു. മുതലാളിക്ക് വില്‍ക്കാനുള്ള പതിനായിരക്കണക്കിന് അണ്ടിപ്പരിപ്പിലൊന്ന് കൊതിയൂറി കഴിച്ചുപോയതിന് ആ പാവം ഗര്‍ഭിണിയെ മറ്റു തൊഴിലാളികളില്‍നിന്നു മാറ്റിനിര്‍ത്തി. എന്നിട്ട് ഒരു സ്റ്റൂളിനു മുകളില്‍ നിര്‍ത്തി. ആ ശിക്ഷ ഫാക്ടറി പിരിയുന്ന വൈകുന്നേരംവരെ തുടര്‍ന്നു.  ഇത്തരം ക്രൂരമായ പരിതസ്ഥിതികള്‍ അവസാനിപ്പിച്ച്  തൊഴിലാളികള്‍ക്ക് അഭിമാനബോധത്തോടെ പണിയെടുക്കാനും ജീവിക്കാനും അവസരമുണ്ടാക്കിയത് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭസമരങ്ങളും അതിന്റെ ഫലമായി രൂപംകൊണ്ട ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഭരണനടപടികളുമാണ്.

മുതലാളിത്ത വ്യവസ്ഥയില്‍ സര്‍ക്കാര്‍ സംവിധാനവും പൊലീസും തൊഴിലാളികളെ മര്‍ദിക്കാനുള്ള മുതലാളിമാരുടെ കൈയിലെ ഉപകരണമാണ്. എന്നാല്‍, ആ വ്യവസ്ഥയ്ക്കുള്ളില്‍ അധികാരത്തില്‍വന്ന ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴിലാളി സമരങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന് പ്രഖ്യാപിക്കുകയും ആ നയം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ന്യായമായ സമരങ്ങള്‍ നടത്തുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഇ എം എസ് മന്ത്രിസഭ പ്രഖ്യാപിച്ചു. പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു ബഞ്ച് എല്ലാ സ്റ്റേഷനിലും ഇട്ട പരിഷ്കാരവും ഈ സര്‍ക്കാരിന്റേതായിരുന്നു. അതിനെ പരിഹസിച്ചുകൊണ്ടുവന്ന പ്രസംഗങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും കണക്കില്ല. കമ്യൂണിസ്റ്റുകാര്‍ പൊലീസിനെ നിര്‍വീര്യമാക്കുകയാണെന്നും സെല്‍ ഭരണവും കേഡര്‍രാജും അഴിച്ചുവിട്ടിരിക്കുകയാണെന്നും ആക്ഷേപമുയര്‍ത്തി. എന്നാല്‍, ഇത്തരം ആക്ഷേപങ്ങള്‍ക്കു മുന്നില്‍ കൂസാതെ ഇ എം എസ് അന്ന് വ്യക്തമാക്കിയത് ഇപ്രകാരമാണ് "ട്രേഡ് യൂണിയനുകളുടെയും കൃഷിക്കാരുടെയും മറ്റ് ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തലല്ല പൊലീസിന്റെ ജോലി. മറിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിടികൂടി ശിക്ഷിപ്പിക്കുകയെന്നതാണ്’’. ഈ നയം കേരളത്തിലെ സാമൂഹികജീവിതത്തില്‍ വരുത്തിയ ഗുണപരമായ പരിവര്‍ത്തനം ചെറുതല്ല.  ഇതിലൂടെ തൊഴിലാളിവര്‍ഗങ്ങളുടെ ജീവിതപരിതസ്ഥിതി മെച്ചപ്പെടുത്താന്‍ ഉതകുന്ന നയങ്ങള്‍ ആവിഷ്കരിക്കാനും നടപടികള്‍ കൈക്കൊള്ളാനും ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമാണെന്ന് ഒന്നാമത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തങ്ങളുടെ ഭരണനടപടികളിലൂടെ തെളിയിച്ചു. 18 വിഭാഗം തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മിനിമംകൂലി നടപ്പാക്കിയതിലൂടെ വലിയൊരളവില്‍ കൂലി കൂട്ടിക്കിട്ടി. പ്രസവാനുകൂല്യനിയമം നടപ്പാക്കിയതുവഴി സ്ത്രീത്തൊഴിലാളികളും ജീവനക്കാരും ദീര്‍ഘനാളായി ഉന്നയിച്ചിരുന്ന ആവശ്യത്തിന് അംഗീകാരമായി. ദേശീയ ആഘോഷ ഒഴിവുദിന നിയമം കൊണ്ടുവന്നതുകാരണം ഏഴു ദിവസത്തെ ഒഴിവ് തൊഴിലാളികള്‍ക്കു ലഭിച്ചു. മെയ്ദിനവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇവയ്ക്കുപുറമെ ക്ഷേമബോര്‍ഡുകളും രൂപീകരിച്ചു. ഇതിന്റെയെല്ലാം ഫലമായി സംസ്ഥാനത്ത് ആദ്യമായി സാമൂഹ്യക്ഷേമത്തിനുള്ള അടിത്തറ പാകി.

ദീര്‍ഘതലസ്പര്‍ശിയായ നിരവധി നിയമങ്ങള്‍ക്കാണ് ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപംനല്‍കിയത്. അധികാരവികേന്ദ്രീകരണ കാഴ്ചപ്പാട് ഇന്ത്യയ്ക്കുതന്നെ പ്രദാനംചെയ്ത പഞ്ചായത്ത് ബില്ലും ജില്ലാ കൌണ്‍സില്‍ ബില്ലും നിയമസഭയില്‍ കൊണ്ടുവന്നു. പാട്ടക്കൃഷിക്കാരെ ഒഴിപ്പിക്കുന്നതു തടയാനുള്ള ഓര്‍ഡിനന്‍സാണ് ആദ്യം കൊണ്ടുവന്നത്. കാര്‍ഷികബന്ധ ബില്‍ സാമൂഹ്യമാറ്റത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. സ്ത്രീധനനിരോധനനിയമം ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത് ഇ എം എസ് സര്‍ക്കാരാണ്. ആ നിയമത്തിനെതിരെ പള്ളിക്കാരും പട്ടക്കാരും സ്ത്രീകളെത്തന്നെ ഇളക്കിവിട്ട് ബഹളം കൂട്ടിച്ചിരുന്നു. സ്ത്രീധന നിരോധനം ഇപ്പോഴും ഏട്ടിലെ പശുവായി കഴിയുമ്പോള്‍ ഒന്നാം കമ്യൂണിസ്റ്റ്  സര്‍ക്കാരിന്റെ ഉള്‍ക്കാഴ്ച ഇന്നത്തെ തലമുറ ഓര്‍ക്കേണ്ടതാണ്. മലബാറില്‍ മുസ്ളിംപള്ളികള്‍ക്ക് കേടുപാട് തീര്‍ക്കണമെങ്കില്‍ കലക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്ന വിവേചനപരമായ നിയമം റദ്ദാക്കിയത് ഇ എം എസ് സര്‍ക്കാരാണ്.

കാര്‍ഷികബന്ധബില്‍, വിദ്യാഭ്യാസബില്‍ എന്നിവയെ കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരായ എതിര്‍പ്പ് ശക്തിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസും പിഎസ്പിയും കത്തോലിക്കാപള്ളിയും നായര്‍ സര്‍വീസ് സൊസൈറ്റിയും ഒക്കെച്ചേര്‍ന്നായിരുന്നു അത്. 1959 ജൂലൈയില്‍ മന്ത്രിസഭയെ പുറത്താക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി. 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി. കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പേരുപറഞ്ഞാണ് ഈ ജനാധിപത്യഹത്യ ഉണ്ടായത്. അങ്ങനെ പിരിച്ചുവിട്ടതുകൊണ്ട് കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന കോണ്‍ഗ്രസിന്റെയും വിമോചനസമര രാഷ്ട്രീയക്കാരുടെയും കണക്കുകൂട്ടലുകള്‍ തെറ്റി. 1957നുശേഷം അഞ്ചാംതവണയാണ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകള്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. 1957-59ല്‍ എല്ലാ ജാതിമതസംഘടനകളെ കൂട്ടിയും സിഐഎയുടെ പണംപറ്റിയും വിമോചനസമരം നടത്തിയ കോണ്‍ഗ്രസ് ഇന്ന് നട്ടെല്ലൊടിഞ്ഞു കിടക്കുകയാണ്.

ദുര്‍ബലമായ കോണ്‍ഗ്രസ് കരകയറാനാകാത്ത പ്രതിസന്ധിയിലാണ്. എന്നാല്‍, ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ ജനാധിപത്യം, മതനിരപേക്ഷത, ഹിന്ദുത്വ രാഷ്ട്രീയത്തോട് സന്ധിചെയ്യാതെയുള്ള നിലപാട് തുടങ്ങിയ നയസമീപനങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് ശക്തിനേടാനല്ല ഉദ്ദേശം. പകരം സ്വന്തം ദൌര്‍ബല്യത്തെ അവസരവാദ കൂട്ടുകെട്ടുണ്ടാക്കി മറികടക്കാനാണ് നോട്ടം. അതിനുവേണ്ടിയാണ്  എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ സമരത്തില്‍ സമാന മുദ്രാവാക്യവും സമാനവേദിയുമായി യുഡിഎഫും ബിജെപി-ആര്‍എസ്എസ് ശക്തികളും സഹകരിക്കുന്നത്. ഇതുവഴി ബിജെപി-ആര്‍എസ്എസ് കൈയിലെ കളിപ്പാവയായി കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും മാറിയിരിക്കുകയാണ്. ഇക്കൂട്ടരുടെയെല്ലാം ഉള്ളിന്റെയുള്ളില്‍ വിമോചനസമര രാഷ്ട്രീയം തികട്ടുന്നുണ്ട്. ഒന്നാം ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസും പിന്തിരിപ്പന്‍ ജാതിമതശക്തികളും വിജയിച്ചെങ്കിലും തോല്‍വിയുണ്ടായത് കേരളത്തിന്റെ പുരോഗതിക്കും സമ്പൂര്‍ണ മതനിരപേക്ഷ മുന്നേറ്റത്തിനുമാണ്. കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വനയത്തിന്റെ വിടവിലൂടെയാണ് ബിജെപിയും ആര്‍എസ്എസും ശക്തിപ്പെടുന്നത്. ഇത് മനസ്സിലാക്കുന്നതില്‍ മുസ്ളിംലീഗും പരാജയപ്പെട്ടു. അവരും കോണ്‍ഗ്രസുമായി തോളോടുതോള്‍ ചേര്‍ന്ന് വിനാശകരമായ മൃദുഹിന്ദുത്വനയംതന്നെയാണ് സ്വീകരിക്കുന്നത്്. ബിജെപി-ആര്‍എസ്എസ് ശക്തികളുമായി കൂട്ടുചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫ് നടത്തുന്ന രാഷ്ട്രീയം മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടും.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് 28 മാസക്കാലമേ ഭരിക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, ആ സര്‍ക്കാര്‍ ഭരണതലത്തിലൂടെ പ്രകടിപ്പിച്ച ഇച്ഛാശക്തിയും പാവങ്ങളോടുള്ള കൂറും വികസനത്തിലുള്ള ദിശാബോധവും കൂടുതല്‍ കരുത്തോടെ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുകയാണ്. നവകേരള സൃഷ്ടിക്കായി ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന- സാമൂഹ്യക്ഷേമ നടപടികള്‍ക്ക് കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായി പിന്തുണ നല്‍കുകയാണ് വേണ്ടത്.