കോടിയേരി ബാലകൃഷ്ണൻ
ആര്‍എസ്എസ് പണ്ഡിതനായ പി പരമേശ്വരന്റെ നവതിയാഘോഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ കഴിഞ്ഞയാഴ്ച നടന്നു. ഭാരതചരിത്രത്തെയും ദര്‍ശനത്തെയും ആസ്പദമാക്കി ചര്‍ച്ചചെയ്യപ്പെടേണ്ട പല വാദഗതികളും അവിടെ ഉയര്‍ന്നു. മോഡിഭരണത്തണലില്‍ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ സംഘപരിവാര്‍ ഉത്സാഹിക്കുമ്പോള്‍ അതിന് ആശയപരമായ അടിത്തറപാകുകയാണ് നവതിയാഘോഷപരിപാടി ചെയ്തത്. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികപ്രമുഖന്‍ എസ് ഗുരുമൂര്‍ത്തി ഇടതുപക്ഷത്തിനും മാര്‍ക്സിനുമെതിരെ നിറയൊഴിച്ചു. ഉണ്ടയില്ലാവെടികളാണെങ്കിലും വാദഗതികളിലെ പ്രധാനപ്പെട്ട ഏതാനും ഇനങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്നുകരുതുന്നു.
7/4/2017
ആര്‍എസ്എസ് പണ്ഡിതനായ പി പരമേശ്വരന്റെ നവതിയാഘോഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ കഴിഞ്ഞയാഴ്ച നടന്നു. ഭാരതചരിത്രത്തെയും ദര്‍ശനത്തെയും ആസ്പദമാക്കി ചര്‍ച്ചചെയ്യപ്പെടേണ്ട പല വാദഗതികളും അവിടെ ഉയര്‍ന്നു. മോഡിഭരണത്തണലില്‍ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ സംഘപരിവാര്‍ ഉത്സാഹിക്കുമ്പോള്‍ അതിന് ആശയപരമായ അടിത്തറപാകുകയാണ് നവതിയാഘോഷപരിപാടി ചെയ്തത്. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികപ്രമുഖന്‍ എസ് ഗുരുമൂര്‍ത്തി ഇടതുപക്ഷത്തിനും മാര്‍ക്സിനുമെതിരെ നിറയൊഴിച്ചു. ഉണ്ടയില്ലാവെടികളാണെങ്കിലും വാദഗതികളിലെ പ്രധാനപ്പെട്ട ഏതാനും ഇനങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്നുകരുതുന്നു.
ഒന്നാമത്തെ വാദമുഖം ഇതാണ്: ’മുതലാളിത്തവും കമ്യൂണിസവും ഒന്നുതന്നെയാണ്. രണ്ടുകൂട്ടരും ഭാരതത്തെ ദുര്‍വ്യാഖ്യാനിച്ചു. കാള്‍മാര്‍ക്സ് 1853ല്‍ കോളനിവല്‍ക്കരണത്തെപ്പറ്റി എഴുതുകയും ബ്രിട്ടീഷ്വാഴ്ചയെ അനുകൂലിക്കുകയുംചെയ്തു. ഇന്ത്യന്‍ ദേശീയത ഹിന്ദുദേശീയതയാണെന്ന് മാര്‍ക്സ് എഴുതി’. മാര്‍ക്സിസത്തോട് വിരോധമുള്ള ഒരാളാണ് ഗുരുമൂര്‍ത്തി. തന്റെ മമതയില്ലായ്മയോ വിരോധമോ, മാര്‍ക്സിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള അവകാശമായി മാറാന്‍ പാടില്ല. മുതലാളിത്തവും കമ്യൂണിസവും ഏതര്‍ഥത്തിലാണെങ്കിലും ഒന്നാണെന്ന് അഭിപ്രായപ്പെടുന്നത് സാമ്പത്തിക- സാമൂഹിക- ചരിത്ര ശാസ്ത്രങ്ങളോടുള്ള പൊറുക്കാനാകാത്ത അനീതിയാണ്. സ്വത്ത് പങ്കുവയ്ക്കുന്ന രീതിയില്‍ മാത്രമാണ് രണ്ട് വ്യവസ്ഥയും തമ്മില്‍ തര്‍ക്കമെന്നും സ്വത്ത് വ്യക്തിക്ക് വേണമെന്ന് മുതലാളിത്തവും സമൂഹത്തിന് വേണമെന്ന് കമ്യൂണിസവും പറയുന്നുവെന്ന് ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടതായി കാണുന്നു. അതുതന്നെ മൌലികമായ വേര്‍തിരിവല്ലേ. 2016ലെ ഗ്ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക അസമത്വത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതിസമ്പന്നരായ ഒരു ശതമാനം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58.4 ശതമാനം കൈയടക്കിയിരിക്കുന്നു. 2014ല്‍ ഇത് 48 ശതമാനമായിരുന്നു. മോഡിഭരണത്തിന്റെ രണ്ടുവര്‍ഷംകൊണ്ട് അതിസമ്പന്നരുടെ സ്വത്ത് പത്തുശതമാനം വളര്‍ന്നു. ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുടരുന്ന കോര്‍പറേറ്റ്- ഉദാരവല്‍ക്കരണനയം മോഡിസര്‍ക്കാര്‍ തീവ്രമായി തുടരുമ്പോള്‍, ആ ഭരണത്തിന്റെ വക്താവായ ഗുരുമൂര്‍ത്തി സോഷ്യലിസ്റ്റ് സാമൂഹ്യക്രമം മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തപ്പെട്ടതാണെന്ന ചരിത്രസത്യം മറച്ചുവയ്ക്കുന്നത് ജനങ്ങളുടെ കണ്ണുകെട്ടുന്നതിനുവേണ്ടിയാണ്. ഏതാനും വ്യക്തികള്‍ക്ക് സ്വത്ത് കൂട്ടാനും ബഹുഭൂരിപക്ഷം വറുതിയിലും അനാരോഗ്യത്തിലും കഴിയുന്നതാണ് മുതലാളിത്തവ്യവസ്ഥ. മുതലാളിത്തമോ സോഷ്യലിസമോ നല്ലതെന്ന ചോദ്യത്തിന് മുന്‍ സോവിയറ്റ് യൂണിയനിലെ അടക്കം മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ നല്‍കുന്ന ഉത്തരം ഈ വേളയില്‍ കേള്‍ക്കേണ്ടതാണ്. തങ്ങള്‍ ജീവിച്ച പഴയ നല്ല നാളുകളെപ്പറ്റി മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ ആദരപൂര്‍വമാണ് അനുസ്മരിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യാത്ത, രാജ്യം രാജ്യത്തെ ചൂഷണംചെയ്യാത്ത സാമൂഹ്യക്രമമാണ് സോഷ്യലിസം.
ബ്രിട്ടീഷ് ഇന്ത്യയുടെ അവസ്ഥയെപ്പറ്റി കാള്‍മാര്‍ക്സ് നടത്തിയ നിരീക്ഷണത്തെ ആര്‍എസ്എസ് നേതാവ് പഴിക്കുന്നത് ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വാദമുഖങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ്. മാര്‍ക്സിന്റെ നിരീക്ഷണങ്ങളെ ആനയെക്കണ്ട കുരുടനെപ്പോലെ വിലയിരുത്തുകയാണ് അദ്ദേഹം. ദീര്‍ഘകാലത്തെ ചരിത്രപുരോഗതിയിലൂടെ രൂപംപ്രാപിച്ച ഇന്ത്യന്‍ ജാതിയധിഷ്ഠിത സാമൂഹ്യവ്യവസ്ഥയില്‍ അന്തര്‍ലീനമായ ദൌര്‍ബല്യങ്ങളാണ് വിദേശമേധാവിത്വത്തിന് ഇന്ത്യയുടെ മണ്ണില്‍ വേരോടാന്‍ വഴിയൊരുക്കിയതെന്നാണ് മാര്‍ക്സ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാചീന-മധ്യകാലങ്ങളിലെ അടിത്തറകളെ ഭാഗികമായി തകര്‍ത്തെങ്കിലും പുതിയൊരടിസ്ഥാനത്തില്‍ ആ സമൂഹത്തെ നവീകരിക്കാന്‍ വിദേശമേധാവിത്വത്തിന് കഴിഞ്ഞില്ലെന്നും മാര്‍ക്സ് വ്യക്തമാക്കി. ഇന്ത്യയെ ദൂരെനിന്ന് നോക്കി മാര്‍ക്സ് നടത്തിയ നിരീക്ഷണത്തിന്റെ ബൌദ്ധികമായ നിലവാരത്തെ മാനിക്കുകയാണ്ചരിത്രത്തെ ഗൌരവത്തോടെ സമീപിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്. ബ്രിട്ടീഷുകാരുടെ ആധിപത്യത്തെ പിന്തുണച്ചെന്നും വാഴ്ത്തിയെന്നുമുള്ള ഗുരുമൂര്‍ത്തിയുടെ നിഗമനം വസ്തുതാവിരുദ്ധവും അസംബന്ധവുമാണ്. മതപരമായ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയില്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പിന്നീടാകട്ടെ, സ്വാതന്ത്യ്രസമരത്തില്‍ വിള്ളല്‍വീഴ്ത്താന്‍ ജാതിമതാദി ചിന്തകളെ ആസ്പദമാക്കിയുള്ള വിഭാഗീയരാഷ്ട്രീയം വളര്‍ത്താനും വിദേശഭരണാധികാരികള്‍ക്ക് കഴിഞ്ഞു.
മാര്‍ക്സും എംഗല്‍സും എഴുതിയ ബൃഹദ്ഗ്രന്ഥങ്ങള്‍മുതല്‍ ഏറ്റവും ചെറിയ കത്തുകള്‍വരെ എല്ലാത്തിലും ചരിത്രപരമായ ഭൌതികവീക്ഷണമുണ്ട്. എന്നാല്‍, തങ്ങള്‍ക്കുചുറ്റും അനവരതം നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുകയും അതിനൊത്ത പുത്തന്‍ നിഗമനങ്ങളില്‍ ചെന്നെത്തുകയാണ് ചെയ്തത്. അതുപ്രകാരമാണ് പരമ്പരാഗതസാമൂഹ്യവ്യവസ്ഥയുടെ കടയ്ക്ക് കത്തിവയ്ക്കുന്ന ജോലിയേറ്റെടുത്ത വിദേശമേധാവിത്വം ഇന്ത്യയിലൊരു സാമൂഹ്യവിപ്ളവത്തിന് അടിത്തറയിട്ടെന്ന് കാള്‍മാര്‍ക്സ് ചൂണ്ടിക്കാട്ടിയത്.
റെയില്‍വേമുതലായ ആധുനിക ഗതാഗതമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയും ഗ്രാമീണ സാമൂഹ്യവ്യവസ്ഥയെ ലോകകമ്പോളവുമായി ബന്ധപ്പെടുത്തിയും ഇന്ത്യക്കൊരു കേന്ദ്രീകൃത ഭരണവ്യവസ്ഥ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തി. അതിനൊപ്പം സാമൂഹ്യനവീകരണത്തിന്റെ ചില വിത്തുകളും ബ്രിട്ടീഷുകാര്‍ വിതറി. വ്യാപാര പണമിടപാട് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂലധനത്തിലൊരു ചെറിയ പങ്ക് വ്യവസായ ഉല്‍പ്പാദനത്തിലും മുടക്കാന്‍ ഇത് സഹായിച്ചു. ബ്രിട്ടീഷുകാര്‍ തുടങ്ങിയ വ്യവസായശാലകളുടെ മാതൃകയില്‍ ഇന്ത്യക്കാരായ ചിലരും വ്യവസായശാലകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഇതെല്ലാം വിലയിരുത്തിയാണ് മാര്‍ക്സ് ബ്രിട്ടീഷ് ഇന്ത്യയെ വിലയിരുത്തിയത്. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത് ഇന്ത്യ ഹിന്ദുക്കളുടെമാത്രം രാഷ്ട്രമാണെന്ന് മാര്‍ക്സ് കണ്ടതുകൊണ്ടാണെന്ന അഭിപ്രായം ചരിത്രനിഷേധമാണ്. ഇന്ത്യക്കാരുടെ മതം ഹിന്ദുമതമാണെന്ന് മഹാഭാരതത്തിലോ രാമായണത്തിലോ വേദങ്ങളിലോ വേദാന്തഗ്രന്ഥങ്ങളിലോ പറഞ്ഞിട്ടില്ല. അതിലൊന്നും ഹിന്ദു എന്ന പദംപോലുമില്ല. എഡി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ശങ്കരാചാര്യരോ എഡി പത്താം നൂറ്റാണ്ടില്‍ ജീവിച്ച രാമാനുജാചാര്യരോ ഹിന്ദുമതത്തെപ്പറ്റി പറയുന്നില്ല. ഹിന്ദുത്വം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തിയത് ആര്‍എസ്എസ് സ്ഥാപക നേതാവായ ഹെഡ്ഗെവാറാണ്. ആര്‍എസ്എസിന്റെ ഹിന്ദുത്വം എന്ന ആശയം വര്‍ഗീയ ആശയമാണ്. അത് അവരുടെ സ്വന്തമാണ്.
ഇടതുപക്ഷം ഒരു ശോഷിച്ച വിഭാഗമാണെന്നും പക്ഷേ, സര്‍വകലാശാലകള്‍ ഭരിക്കുന്നത് അവരാണെന്നും പുസ്തകങ്ങള്‍ രചിക്കുന്നത് അവരാണെന്നും സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് അവരാണെന്നും ഗുരുമൂര്‍ത്തി തികഞ്ഞ അസഹിഷ്ണുതയോടെ പറഞ്ഞു.’ഇടതന്മാരും ലിബറലുകളുമടങ്ങുന്ന ചെറുവിഭാഗം രാജ്യത്തെ തെറ്റായ വഴിക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യസാമ്പത്തിക വികസന കാഴ്ചപ്പാടും ഇടതുകാഴ്ചപ്പാടും മാറ്റിവച്ച് ഭാരതീയ വികസന സമീപനം സ്വീകരിക്കണം’ എന്നാണ് ഗുരുമൂര്‍ത്തിയുടെ നിര്‍ദേശം. മാര്‍ക്സിസം ലെനിനിസം ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും മാത്രമല്ല, ഗണിതശാസ്ത്രത്തിലും ഭൌതികശാസ്ത്രത്തിലും എല്ലാം മൌലികസംഭാവനകള്‍ നല്‍കാന്‍ വഴികാട്ടുന്ന വിജ്ഞാനശാഖയാണ്. അതുകൊണ്ട് വര്‍ത്തമാനകാലത്തും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റ് ആചാര്യന്മാരുമാണ്. മാര്‍ക്സ്എഴുതിയ മൂലധനംതന്നെ പുതിയ വ്യാഖ്യാനത്തോടെ ഇംഗ്ളീഷില്‍ പാശ്ചാത്യരാജ്യങ്ങളിലിപ്പോള്‍ പുനഃപ്രസിദ്ധീകരിക്കുകയും റെക്കോഡ് വില്‍പ്പനയുണ്ടായിരിക്കുകയുമാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിലെ ചരിത്രഗവേഷണ കൌണ്‍സിലിന്റെ അധ്യക്ഷനായിരുന്ന എംജിഎസ് നാരായണന്‍പോലും ചരിത്രരചനയ്ക്ക് മാര്‍ക്സിസ്റ്റ് പഠനശൈലി കുറെയൊക്കെ സ്വീകരിച്ചിരുന്നു.
ഇന്ത്യാചരിത്രത്തിന്റെ കെട്ടുംമട്ടും കഴിഞ്ഞ എഴുപതാണ്ടിനുള്ളില്‍ മാറിപ്പോയിട്ടുണ്ട്. ഈ വമ്പിച്ച വൈജ്ഞാനിക സ്ഫോടനത്തിന് വഴിവച്ചവരില്‍ പലരും മാര്‍ക്സിസ്റ്റുകാരോ അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരെന്ന് സ്വയം അവകാശപ്പെടുന്നില്ലെങ്കിലും മാര്‍ക്സിസ്റ്റ് ശാസ്ത്രോപകരണങ്ങള്‍ പഠനത്തില്‍ ഉപയോഗിച്ചവരോ ആണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങള്‍ ചരിത്രത്തില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞവരില്‍ സ്വാതന്ത്യ്രസമരസേനാനികളും സാമൂഹ്യരാഷ്ട്രീയ വിപ്ളവകാരികളുമുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്റെ സഹോദരനും ലെനിന്റെ സുഹൃത്തുമായിരുന്ന ഭുവനേന്ദ്രനാഥ് ദത്ത ഇക്കൂട്ടത്തിലൊരാളാണ്. പിന്നീട് എം എന്‍ റോയ്, കെ എം അഷ്റഫ്, രജനിപാമിദത്, ഇ എം എസ്, എസ് എ ഡാങ്കെ, കെ ദാമോദരന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ നല്‍കിയ സംഭാവനയും പ്രധാനമാണ്. സ്വാതന്ത്യ്രാനന്തരകാലത്ത് മാര്‍ക്സിസത്തിന്റെ സ്വാധീനം സര്‍വകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും വലിയതോതില്‍ വ്യാപിച്ചത് ആ സ്ഥാപനങ്ങളുടെ അക്കാദമിക് മഹിമ ഉയര്‍ത്തുകയാണ് ചെയ്തത്. ദേബീപ്രസാദ് ചതോപാധ്യായ, ഡിസി കോസാംബി, ദേവരാജ് ഝനാന, വിപന്‍ ചന്ദ്ര, ഇര്‍ഫാന്‍ ഹബീബ്, റൊമീലാ ഥാപ്പര്‍, ഡോ. കെ എന്‍ പണിക്കര്‍, സുശോഭന്‍ സര്‍ക്കാര്‍, കെ കൈലാസപതി തുടങ്ങി നിരവധി പ്രൊഫസര്‍മാര്‍ മടികൂടാതെ തങ്ങളുടെ ചരിത്രരചനയില്‍ മാര്‍ക്സിസ്റ്റ് ദര്‍ശനം സഹായം നല്‍കുന്നത് സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും തങ്ങള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന് അവകാശപ്പെടുന്നവരുമല്ല. ഇന്ത്യാചരിത്രപഠനരംഗത്ത് ഇവര്‍ നടത്തിയ ഇടപെടല്‍കൊണ്ട് നവോത്ഥാനപ്രക്രിയയെ ഉത്തേജിപ്പിച്ചിട്ടുണ്ട്.
സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണക്രമങ്ങള്‍ തകര്‍ന്നെങ്കിലും ശാസ്ത്രീയ സോഷ്യലിസവും മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളും കാലഹരണപ്പെട്ടിട്ടില്ല. ലോകത്തിന്റെ മോചനം മാര്‍ക്സിസത്തിലൂടെയേ ഉണ്ടാകൂ. അതുകൊണ്ടാണ് ഇന്നും ലോകജനസംഖ്യയുടെ മൂന്നിലൊന്നിലധികം ചെങ്കൊടി പ്രസ്ഥാനത്തിന്റെ തണലില്‍ കഴിയുന്നത്. അതിനുപുറമെ നൂറ്ററുപതോളം രാജ്യങ്ങളില്‍ വ്യത്യസ്ത പേരുകളിലാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊന്നും കാണാതെ കിണറ്റിലകപ്പെട്ട തവളക്കുഞ്ഞിനെപ്പോലെയാണ് ഗുരുമൂര്‍ത്തി ശബ്ദിക്കുന്നത്.
പി പരമേശ്വരന്റെ നവതിസമ്മേളനത്തിലുയര്‍ന്ന ആശയങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ഇന്ത്യയുടെ ശരിയായ സ്വദേശി സംസ്കാരം വേദാധിഷ്ഠിതമാണെന്നതാണ്. ഇത് ചരിത്രനിഷേധമാണ്. രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ ഏകത്വം നിലനിര്‍ത്തുന്നത് അതിന്റെ നാനാത്വത്തിലാണ്. സാംസ്കാരികമായും സാമൂഹ്യമായും മതപരമായും നരവംശശാസ്ത്രപരമായും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വൈവിധ്യമുണ്ട്. ആ വൈവിധ്യത്തിലൂടെയാണ് ഇന്ത്യന്‍ജനത വളര്‍ന്നത്. ഇന്ത്യ വേദങ്ങളുടെ നാടാണ് എന്നത് ശരിതന്നെ. ഋഗ്വേദത്തിനുശേഷം മറ്റ് വേദങ്ങളുണ്ടായി. പിന്നീട് ഉപനിഷത്തുക്കളും. ഇതടങ്ങുന്ന വൈദികസംസ്കാരത്തിന് പിറവി നല്‍കിയ സമൂഹം ഗോത്രവ്യവസ്ഥയില്‍നിന്ന് വര്‍ണവ്യവസ്ഥയിലേക്ക് മാറി. വര്‍ണവ്യവസ്ഥയ്ക്കെതിരായി ലോകായതം, സാഖ്യം, ഇതരഭൌതികവാദങ്ങള്‍ എന്നിവയുണ്ടായി.
ബ്രാഹ്മണാധിപത്യമുള്ള ജാതിവ്യവസ്ഥയ്ക്കെതിരായി ബുദ്ധ-ജൈനമത സാമൂഹ്യപ്രസ്ഥാനങ്ങളുടെ വികാസവും സംഭവിച്ചു. കൂട്ടത്തിലേക്ക് വിദേശത്തുനിന്ന് പുത്തന്‍ ആശയഗതിക്കാര്‍ എത്തി. അവരുമായി ചിലപ്പോള്‍ സംഘട്ടനവും സംഘര്‍വുമുണ്ടായെങ്കിലും പഴയതും പുതിയതും അലിഞ്ഞുചേര്‍ന്നുകഴിഞ്ഞു. ക്രിസ്ത്യാനികള്‍, മുസ്ളിങ്ങള്‍, ജൂതന്മാര്‍, പാഴ്സികള്‍ തുടങ്ങിയ മതസ്ഥരും വൈദികമതക്കാരും അന്യോന്യം ഇടപഴകുകയും ഒപ്പം സ്വന്തം സംസ്കാരം മുറുകെപ്പിടിക്കുകയും ചെയ്തു. ഇതെല്ലാം വിസ്മരിച്ചുള്ള,ഇന്ത്യയെന്നാല്‍ ഹിന്ദുക്കളുടെമാത്രം രാഷ്ട്രമാണെന്നും അതിനുവേണ്ടി ഹിംസാത്മകമായി പ്രവര്‍ത്തിക്കുമെന്നുമുള്ള ആര്‍എസ്്എസിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും സംഘടിതമായ ഗോഗ്വാവിളിയെ നേരിടേണ്ടത് മനുഷ്യത്വമുള്ള എല്ലാവരുടെയും ആവശ്യമാണ്. പാകിസ്ഥാനിലേതിനേക്കാള്‍ കൂടുതല്‍ മുസ്ളിങ്ങളും വത്തിക്കാനിലേതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളും ജീവിക്കുന്ന നാടാണ് ഇന്ത്യ. പല ജാതിമത വിഭാഗത്തില്‍പെട്ടവര്‍ ഒരുമയോടെ കഴിയുന്ന രാജ്യമായി ഇന്ത്യയെ സംരക്ഷിക്കാന്‍ സംഘപരിവാറിന്റെ വേദാധിഷ്ഠിത സ്വദേശിസംസ്കാരത്തെ തുറന്നുകാട്ടുകതന്നെ വേണം