ഇരുണ്ട ആകാശത്തിലെ ശുക്രനക്ഷത്രം

രാണ്ട് പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടുന്ന പ്രക്രിയയിലാണ് വിവിധ മാധ്യമങ്ങള്‍. എല്‍ഡിഎഫിനോട് തെല്ലും മമതയില്ലാത്തവരും ശത്രുതയുള്ളവരുമടക്കം നല്‍കിയ മാര്‍ക്ക് നോക്കിയാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ശരാശരിക്കുമുകളില്‍ സ്ഥാനമുണ്ട്. യഥാര്‍ഥത്തില്‍, ജനങ്ങളുടെ ഇച്ഛയുമായി ബന്ധപ്പെടുത്തിയാല്‍ സര്‍ക്കാരിന് ലഭിക്കുന്ന മാര്‍ക്കും ഇടവും ഉയര്‍ന്നതാണ്. ’എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുദ്രാവാക്യം യുഡിഎഫ് സര്‍ക്കാരിന്റെയും ബിജെപി ഭരണത്തിന്റെയും കെടുതികളില്‍നിന്ന് കേരളസമൂഹത്തെ രക്ഷിക്കുന്നതിനുള്ളതായിരുന്നു. ആ മുദ്രാവാക്യത്തോട് നീതിപുലര്‍ത്തുന്ന ഭരണമാണ് ഒരുവര്‍ഷം നാട് കണ്ടത്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ ഒന്നും ശരിയാകുന്നില്ലെന്നും എല്ലാം തകരാറിലാകുന്നുവെന്നുമാണ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ തുടങ്ങിയവരുടെ അഭിപ്രായം. കേരളത്തെ പുതുക്കിപ്പണിയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.  മാറ്റം കാണാനാകാത്തത് കണ്ണ് മൂടിക്കെട്ടിയവര്‍ക്കുമാത്രമാണ്.

ഒരാണ്ട് പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടുന്ന പ്രക്രിയയിലാണ് വിവിധ മാധ്യമങ്ങള്‍. എല്‍ഡിഎഫിനോട് തെല്ലും മമതയില്ലാത്തവരും ശത്രുതയുള്ളവരുമടക്കം നല്‍കിയ മാര്‍ക്ക് നോക്കിയാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ശരാശരിക്കുമുകളില്‍ സ്ഥാനമുണ്ട്. യഥാര്‍ഥത്തില്‍, ജനങ്ങളുടെ ഇച്ഛയുമായി ബന്ധപ്പെടുത്തിയാല്‍ സര്‍ക്കാരിന് ലഭിക്കുന്ന മാര്‍ക്കും ഇടവും ഉയര്‍ന്നതാണ്. ’എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുദ്രാവാക്യം യുഡിഎഫ് സര്‍ക്കാരിന്റെയും ബിജെപി ഭരണത്തിന്റെയും കെടുതികളില്‍നിന്ന് കേരളസമൂഹത്തെ രക്ഷിക്കുന്നതിനുള്ളതായിരുന്നു. ആ മുദ്രാവാക്യത്തോട് നീതിപുലര്‍ത്തുന്ന ഭരണമാണ് ഒരുവര്‍ഷം നാട് കണ്ടത്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ ഒന്നും ശരിയാകുന്നില്ലെന്നും എല്ലാം തകരാറിലാകുന്നുവെന്നുമാണ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ തുടങ്ങിയവരുടെ അഭിപ്രായം. കേരളത്തെ പുതുക്കിപ്പണിയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.  മാറ്റം കാണാനാകാത്തത് കണ്ണ് മൂടിക്കെട്ടിയവര്‍ക്കുമാത്രമാണ്.

ഇന്നത്തെ സങ്കീര്‍ണവും ആപല്‍ക്കരവുമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്ഥാനം എവിടെ എന്നതാണ് പ്രധാനം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം, മതനിരപേക്ഷ ഇന്ത്യയെന്ന മഹത്തായ സങ്കല്‍പ്പത്തെയും യാഥാര്‍ഥ്യത്തെയും ഇല്ലാതാക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അതുപോലെ നവഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണനയം നടപ്പാക്കുന്നതില്‍ മന്‍മോഹന്‍സര്‍ക്കാരിനേക്കാള്‍ വേഗമുള്ളതാണെന്നും തെളിയിക്കുന്നു. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയകക്ഷിയാണ് ബിജെപി. അതൊരു വലതുപക്ഷപാര്‍ടിമാത്രമല്ല, പിന്തിരിപ്പന്‍ വര്‍ഗീയപരിപാടിയുള്ള കക്ഷിയുമാണ്. അതിനാല്‍ സാധാരണ വലതുപക്ഷ യാഥാസ്ഥിതികപാര്‍ടികളില്‍നിന്ന് വ്യത്യസ്തവുമാണ്. ഇങ്ങനെയുള്ള ബിജെപിയുടെ ഭരണത്തിന്റെ ചുക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ കരങ്ങളിലാണ്.

ബിജെപി നടപ്പാക്കേണ്ട പരിപാടികള്‍ എന്തെല്ലാമെന്ന് നിര്‍ണയിക്കുന്നത് നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രമാണ്. അതിനാലാണ് യുപിയില്‍ ബിജെപി വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആര്‍എസ്എസിന്റെ ഉത്തമ പ്രതിനിധി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്. യോഗി മുഖ്യമന്ത്രിയായശേഷമാകട്ടെ, ആര്‍എസ്എസ് അജന്‍ഡ നഗ്നമായി നടപ്പാക്കാന്‍ കുശാഗ്രമായി പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് തന്റെ ലോക്സഭാ മണ്ഡലത്തില്‍ പശുയിറച്ചിമാത്രമല്ല, മീന്‍ വില്‍ക്കുന്നതുപോലും നിരോധിച്ചത്. ബീഫ് തടയാനെന്നപേരില്‍ അറവുശാലകള്‍ പൂട്ടിയപ്പോള്‍ 25 ലക്ഷംപേരുടെ ഉപജീവനമാണ് ഇല്ലാതായത്. അയോധ്യയില്‍ പള്ളി പൊളിച്ചിടത്ത് അമ്പലം പണിയുക എന്നത് യുപിയിലെ മുഖ്യ അജന്‍ഡയായി സംഘപരിവാര്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. മോഡിഭരണത്തിന്റെ മൂന്നുവര്‍ഷത്തില്‍ ഇന്ത്യയില്‍ മതപരവും ജാതീയവുമായ സംഘര്‍ഷവും സംഘട്ടനവും വളരുകയും വംശീയ വിദ്വേഷം വളരുകയും അഹിന്ദുക്കള്‍ക്കെതിരായ അസഹിഷ്ണുത അപകടകരമായി വര്‍ധിക്കുകയും ചെയ്തു. 

ഉദാരവല്‍ക്കരണത്തെയും സ്വകാര്യവല്‍ക്കരണത്തെയും പുണര്‍ന്നുകൊണ്ടുള്ള സാമ്പത്തികനയത്തില്‍ കോണ്‍ഗ്രസിനെപ്പോലെതന്നെയാണ് ബിജെപിയും. പിന്തിരിപ്പന്‍ വന്‍കിട ബൂര്‍ഷ്വാ- ഭൂപ്രഭു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നതും സാമ്രാജ്യത്വത്തോട് വിധേയത്വമുള്ളതുമായ വലതുപക്ഷകക്ഷിയാണ് ബിജെപി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ മുതലാളിത്ത പുനഃസ്ഥാപനവും അന്താരാഷ്ട്ര ശാക്തികബന്ധങ്ങളില്‍ നാടകീയ മാറ്റങ്ങള്‍ വരുത്തി. അതിനാല്‍ മൂന്നാംലോകരാജ്യങ്ങളില്‍ മതമൌലികവാദം ശക്തിപ്പെട്ടു. ഈ ഘടകം ഉപയോഗപ്പെടുത്തി ഇന്നത്തെ ബിജെപിഭരണം മുന്‍കാല ബിജെപി ഭരണങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുത്വതീവ്രതയുള്ളതാക്കി മാറ്റി. ഇത്തരം അപകടകരമായ പരിതസ്ഥിതിയില്‍ ഇരുള്‍ മൂടിയ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആകാശത്ത് പ്രതീക്ഷയുടെ ശുക്രനക്ഷത്രമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.

മോഡിഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷ അടിത്തറയും ഫെഡറല്‍സത്തയും തകരുകയും ജനങ്ങളുടെ ഒരുമയ്ക്ക് ഭീഷണി ഉയരുകയും ചെയ്യുന്നു. ഈ ദേശീയാന്തരീക്ഷത്തില്‍ മതനിരപേക്ഷതയും ഫെഡറലിസവും മാനവികതയും സംരക്ഷിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത്  ഈ സര്‍ക്കാരിനെ വിലയിരുത്തുന്ന പല പണ്ഡിതന്മാരും മനഃപൂര്‍വം അവഗണിക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്നു. കേരളത്തിലും ത്രിപുരയിലുമുള്ള ഇടതുപക്ഷനേതൃസര്‍ക്കാരുകള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങളില്‍നിന്ന് വ്യത്യസ്തമായ നയം പിന്തുടരുന്നു. മോഡിസര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കും അതിന്റെ കെടുതികള്‍ക്കുമെതിരായ ഒരു ദേശീയബദലാണ് കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍. ബിജെപി അധികാരത്തില്‍വന്നാല്‍ പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വാഗ്ദാനത്തിന്റെ അരികില്‍പ്പോലും എത്താന്‍ മോഡിക്കായില്ല.

എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ഓരോ ഇനവും നടപ്പാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. അതിനൊപ്പം ജനങ്ങളെ ജാതിമതഭേദമില്ലാതെ ഒരു ചരടില്‍ കോര്‍ത്ത മുത്തുമാലപോലെ ഒന്നിച്ചുകൊണ്ടുപോകുന്നു. ഒപ്പം അവരുടെ ജീവിതം മെച്ചമാക്കാന്‍ ഇടപെടുകയും ചെയ്യുന്നു. അത് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം അവരുടെ ജീവിതാനുഭവങ്ങളില്‍നിന്ന് ബോധ്യമാകുന്നുണ്ട്. എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന നാടായി കേരളം മാറാന്‍ പോകുന്നു. മണ്ണെണ്ണവിളക്കിന്റെ അരണ്ടവെട്ടത്തിലിരുന്ന് കുട്ടികള്‍ പഠിച്ചിരുന്ന കാലം ഓര്‍മയാകാന്‍ പോകുന്നു. പൂട്ടിക്കിടന്ന കശുവണ്ടിഫാക്ടറികള്‍ തുറന്നത് ഈ സര്‍ക്കാരാണ്. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. അടച്ചുപൂട്ടലിലായിരുന്ന കണ്‍സ്യൂമര്‍ഫെഡിനെ രക്ഷപ്പെടുത്തി. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ ഇടപെടല്‍ വന്നു. ക്ഷേമപ്രവര്‍ത്തനം തന്നെ തൊഴില്‍സംരക്ഷണ പദ്ധതിയാക്കി മാറ്റുന്നതിനുള്ള സാമര്‍ഥ്യവും ഈ സര്‍ക്കാര്‍ കാട്ടി. അതാണ് സ്കൂള്‍കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി. കൈത്തറിത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനം നല്‍കുന്ന പദ്ധതികൂടിയായി ഇത് മാറി. കേരളത്തിന്റെ അടിസ്ഥാനസൌകര്യവികസനത്തിന് ഒന്നാംവര്‍ഷത്തില്‍തന്നെ സമഗ്രകാഴ്ചപ്പാട് അവതരിപ്പിക്കുകയും അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി നീക്കുകയും ചെയ്തു. ഇതിന്റെ ഗുണഫലം വരുംവര്‍ഷങ്ങളില്‍ കേരളത്തിന് ലഭിക്കും.ഇന്ത്യയിലെ ആദ്യത്തെ വെളിയിടവിസര്‍ജനമുക്ത സംസ്ഥാനമെന്ന അംഗീകാരം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആദ്യം ലഭിച്ചത് കേരളത്തിനാണ്.

മതേതരത്വം പ്രസംഗിക്കുന്ന പിണറായിയുടെ സര്‍ക്കാര്‍ വര്‍ഗീയതയ്ക്കെതിരെ ശബ്ദകോലാഹലമുണ്ടാക്കി ഏറ്റവും വലിയ വര്‍ഗീയത വളര്‍ത്തുന്നുവെന്ന ആശയമാണ് സര്‍ക്കാരിനെ വിലയിരുത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ നടത്തിയത്. മതനിരപേക്ഷത പ്രസംഗിക്കുകമാത്രമല്ല, അതിലൂന്നി കേരളസമൂഹത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടാണ് ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സര്‍ക്കാര്‍ നേതൃത്വത്തില്‍ ആഘോഷിച്ചത്. അപ്പോള്‍ സംഘപരിവാര്‍ പ്രചരിപ്പിച്ചത്, ശ്രീനാരായണഗുരു ജാതിക്കുവേണ്ടി നിലകൊണ്ട ആത്മീയാചാര്യനാണെന്നും ’നമുക്ക് ജാതിയില്ല’ എന്ന പ്രചാരണം ഗുരുവിന്റെ പേരില്‍ നടത്തുന്നത് തെറ്റിദ്ധാരണാജനകവുമാണെന്നാണ്. അപ്പോള്‍ സര്‍ക്കാര്‍ ചെയ്തതാകട്ടെ ഗുരുവിന്റെ കൈയൊപ്പുള്ള വിളംബരം കലണ്ടറായി പ്രസിദ്ധീകരിച്ച് മറുപടി നല്‍കുകയായിരുന്നു.

കപടമതേതരത്വവും ന്യൂനപക്ഷപ്രീണനവും എല്‍ഡിഎഫിനുനേരെ ആരോപിക്കുന്ന ബിജെപി- ആര്‍എസ്എസ് സമീപനത്തിന്റെ ഭാഗമാണ് രാജഗോപാലിന്റെ ആക്ഷേപം. ബിജെപിയുടെ ഹിന്ദുത്വത്തോടും ഭൂരിപക്ഷവര്‍ഗീയതയോടും സന്ധിചെയ്യുകയായിരുന്നു മുന്‍ യുഡിഎഫ് ഭരണം. അതുകൊണ്ടാണ് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഡല്‍ഹിയിലോ ഇതരസംസ്ഥാനങ്ങളിലോ തടയാന്‍ ആര്‍എസ്എസ് ഇറങ്ങാതിരുന്നത്. എന്നാല്‍,മുഖ്യമന്ത്രി പിണറായി വിജയനെ ഡല്‍ഹി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ അക്രമാസക്തമായി തടയാന്‍ സംഘപരിവാര്‍ ഇറങ്ങി. മോഡിഭരണത്തണലില്‍ രാജ്യത്ത് ന്യൂനപക്ഷവിരോധവും കപടദേശീയസ്നേഹവും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നു. ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്താന്‍വേണ്ടി ഇന്ത്യന്‍ ജനതയെ വിഭജിക്കാനുള്ള വിപല്‍പരിശ്രമമാണിത്. ഇതിന്റെ ഭാഗമായാണ് മുസ്ളിം വിരോധവും പാക്വിരുദ്ധ രാഷ്ട്രീയവും ശക്തിപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുത്വശക്തികള്‍ക്കെതിരെ യുക്തിഭദ്രമോ യുക്തിവാദപരമോ ആയ നിലപാടെടുത്ത നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി എന്നിവരെ വെടിവച്ചുകൊന്നു. ബീഫിന്റെ പേരില്‍ അഖ്ലാക് എന്ന കര്‍ഷകനെ കൊന്നു. ഏറ്റവും ഒടുവില്‍ ’വിശുദ്ധ പശു’വിന്റെ പേരില്‍ രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ആര്‍എസ്എസുകാര്‍ വകവരുത്തി. പെഹ്ലുഖാനെ കൊന്ന കൊലയാളികളെ ഇതുവരെ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യസര്‍ക്കാര്‍ പിടികൂടിയിട്ടില്ല.

രാജ്യത്ത് ഹിന്ദുത്വവര്‍ഗീയതയുടെ അപകടകരമായ പ്രവണതയെ തടഞ്ഞുനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നവകേരളം കെട്ടിപ്പടുക്കാനുള്ളതാണ്. ഇതിന്റെ ഭാഗമായാണ് നാടിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നാലു മിഷനുകള്‍ പ്രാവര്‍ത്തികമാക്കുന്നത്. ഹരിതകേരളത്തിനും എല്ലാവര്‍ക്കും വീടും ആരോഗ്യവും ചികിത്സയും  ഗുണനിലവാരമുള്ള നല്ല വിദ്യാഭ്യാസവും ഉറപ്പാക്കുന്നതാണ് നവകേരള മിഷന്‍. ഇത് വിജയമാക്കാന്‍ കക്ഷിഭേദമെന്യേ ഓരോ കേരളീയനും അണിചേരേണ്ട സന്ദര്‍ഭമാണിത്. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അപവാദപ്രചാരണങ്ങളല്ല വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കുന്നതിനുപകരം അവയില്‍ പലതിന്റെയും പിതൃത്വം തങ്ങള്‍ക്കാണെന്ന എട്ടുകാലി മമ്മൂഞ്ഞിന്റേതുപോലുള്ള അവകാശവാദവും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഒ രാജഗോപാല്‍ തുടങ്ങിയവര്‍ നടത്തുന്നുണ്ട്. ഇത്തരം അവകാശവാദത്തിന്റെ വേദിയായി കൊച്ചി മെട്രോയെ മാറ്റി. ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഇടപെടലും പ്രവര്‍ത്തനവുംകൊണ്ടാണ്. അത് വിസ്മരിച്ചുള്ള അവകാശവാദം അര്‍ഥശൂന്യമാണ്. എല്‍ഡിഎഫ് ഭരണത്തിനെതിരെ ഒരുതരത്തിലുള്ള അഴിമതിയാക്ഷേപവും വന്നില്ലെന്നുള്ളത് ചെറിയ കാര്യമല്ല. ഈ സവിശേഷതയെ, മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയാക്ഷേപപ്രളയവുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോള്‍ കൂടുതല്‍ വ്യക്തമാകും.

കേരളത്തെ കൂടുതല്‍ പുരോഗമനവും ഐശ്വര്യപൂര്‍ണവുമായ പാതയിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നയിക്കുകയാണ്. അത് മനസ്സിലാക്കിത്തന്നെ ഈ സര്‍ക്കാരിനുമുന്നില്‍ വിലങ്ങുതടി തീര്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ കാവിശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും. രണ്ടു കൂട്ടരും ’മാര്‍ക്സിസ്റ്റ് വിരോധ’ത്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള കൂട്ടുകെട്ടിലാണ്. സിപിഐ എമ്മിനെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപകടം ബോധ്യപ്പെടുത്താനിറങ്ങിയിരിക്കുന്ന എ കെ ആന്റണി ആദ്യം ചെയ്യേണ്ടത്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരളത്തിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയായ യുഡിഎഫിനെ പിരിച്ചുവിടുകയാണ്. മതനിരപേക്ഷത തകര്‍ക്കുന്ന കേന്ദ്രഭരണത്തിന് വെല്ലുവിളിയായി നിലകൊള്ളുന്ന കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയെന്നത് രാജ്യത്താകെയുള്ള മതനിരപേക്ഷവിശ്വാസികളുടെ കടമയാണ്. ഈ സര്‍ക്കാര്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അതിന് ശക്തിയായി മുന്നോട്ടുപോകാനുള്ള ജനപിന്തുണയും പങ്കാളിത്തവും ഉറപ്പാക്കാനുള്ള രാഷ്ട്രീയദൌത്യം, കമ്യൂണിസ്റ്റുകാരും അനുഭാവികളും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഐക്യത്തോടെ ഏറ്റെടുക്കണം