തങ്ങളുടെ കണ്‍കണ്ട ദൈവമായ ഗുര്‍മീതിനോട് അവര്‍ വിധേയത്വം കാട്ടാതിരിക്കുന്നതെങ്ങനെ. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ഇടയ്ക്കിടെ തന്നെ വന്ന് കണ്ട് വണങ്ങണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്രേ! തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും ഗുര്‍മീത് ഇടപെട്ടു. 1948ല്‍ മസ്താന ബലൂചിസ്ഥാനി സ്ഥാപിച്ച സംഘടനയാണ് ദേര സച്ചാ സൌദ. ലൈംഗികത്തൊഴിലാളികളുടെ വിവാഹംപോലുള്ള സാമൂഹ്യസേവന, പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധനേടി. ഷാ സത്നം സിങ് എന്നയാള്‍ പിന്നീട് സംഘടനാനേതൃത്വത്തിലെത്തി. ഇദ്ദേഹത്തിനുശേഷം 1990ല്‍ 23-ാംവയസ്സിലാണ് ഗുര്‍മീത് ദേര സച്ചാ സൌദ തലവനായത്. അന്നുമുതല്‍ സംഘടന വഴിവിട്ട പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങി. അനധികൃത സ്വത്തുസമ്പാദ്യവും ലൈംഗികവൈകൃതങ്ങളും ഇയാളുടെ പേരില്‍ മുമ്പും ആരോപിക്കപ്പെട്ടിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍, ദേരയിലെ ബലാത്സംഗക്കഥകള്‍ കണ്ണീരോടെ വിവരിച്ച്, ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടി അദ്ദേഹത്തിന് അയച്ച കത്ത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഗുര്‍മീത് 20 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട കേസിനുതന്നെ ഒന്നരദശാബ്ദം പഴക്കമുണ്ട്.
ഇതുകൂടാതെ രണ്ട് കൊലപാതകങ്ങളിലും ഇയാള്‍ പ്രതിയാണ്. അതായത് ഗുര്‍മീതിന്റെ കാല്‍ക്കല്‍ അനുഗ്രഹം തേടി കിടന്ന ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇയാളുടെ കൊടും കുറ്റകൃത്യങ്ങളെക്കുറിച്ച് തീര്‍ച്ചയായും അറിവുണ്ടായിരുന്നുവെന്ന് ചുരുക്കം. 2014ല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദേര പിന്തുണ പ്രഖ്യാപിച്ചു. 2015ല്‍ ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ ഇത് ആവര്‍ത്തിച്ചു. ബിഹാറില്‍ ദേരയുടെ പ്രവര്‍ത്തകരാണ് ബിജെപി തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മുഖ്യചുമതല നിര്‍വഹിച്ചത്. തരംതാണ വിധേയത്വം ഇയാളോട് സംഘപരിവാര്‍ പുലര്‍ത്തുന്നതിന് പ്രധാന കാരണം ഇതുതന്നെയാണ്. അതിന് പ്രത്യുപകാരമായി ഗുര്‍മീത് സിങ്ങിന് സര്‍ക്കാര്‍ പണം ലോഭമില്ലാതെ സംഭാവന നല്‍കിയതിന്റെ കണക്കുകള്‍ പുറത്തുവന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ചശേഷം ഗുര്‍മീദിനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ പെട്ടിചുമക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുരുദാസ് സിങ്ങിനെ! ജയിലില്‍ കുടിക്കാന്‍ മിനറല്‍ വാട്ടര്‍, പ്രത്യേക കിടക്ക, സഹായികള്‍!! അംഗരക്ഷകരായി നിയോഗിച്ച പൊലീസുകാര്‍ കോടതി ഇയാളെ ശിക്ഷിച്ച സന്ദര്‍ഭത്തില്‍ ജയിലില്‍നിന്ന് പുറത്തുകൊണ്ടുപോയി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. കോടതിയുടെ ഇടപെടല്‍കൊണ്ടുമാത്രമാണ് രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസുകാരെ അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്.
അക്രമികളെ തടയാന്‍ കഴിയാത്ത ഹരിയാന സര്‍ക്കാരിനെ തൂവല്‍കൊണ്ട് തഴുകുന്ന കേന്ദ്രം, കേരളത്തോട് അടുത്തകാലത്ത് സ്വീകരിച്ച നിലപാടുകള്‍ വിചിത്രമാണ്. തികച്ചും രാഷ്ട്രീയേതര കാരണങ്ങളാല്‍ തിരുവനന്തപുരത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ എത്ര തരംതാണ കളിയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും നടത്തിയത്. കേരളത്തില്‍ ക്രമസമാധാനം അമ്പേ തകര്‍ന്നു എന്ന പ്രചാരണം ദേശീയതലത്തില്‍ അഴിച്ചുവിട്ടു. ഇവിടത്തെ മാധ്യമങ്ങളിലൊന്നും വരാത്ത കണ്ടുപിടിത്തങ്ങള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വന്നു. കേരളത്തില്‍ ആര്‍എസ്എസുകാരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു എന്നതരത്തിലുള്ള നുണക്കഥകള്‍ പെയ്ഡ് ന്യൂസായി പ്രചരിപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രിതന്നെ പ്രത്യേക വിമാനത്തില്‍ മാധ്യമപ്പടയുമായി വന്നിറങ്ങി. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ആര്‍എസ്എസ് ആക്രമണങ്ങളില്‍ പരിക്കേറ്റ മറ്റുള്ളവരെ കാണാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ മന്ത്രിയുടെ സന്ദര്‍ശനോദ്ദേശ്യം വ്യക്തമായല്ലോ. ഭരണഘടനയുടെ 356-ാംവകുപ്പ് പ്രയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആര്‍എസ്എസ് ദേശീയ ജോയിന്റ് സെക്രട്ടറി ആവശ്യപ്പെടുകപോലുമുണ്ടായി. ജനഹൃദയങ്ങളില്‍ ഇടംനേടിയ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി അട്ടിമറിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും.
ഒരു കൊലപാതകം നടന്ന കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു. പക്ഷേ, 33 പേര്‍ കൊല്ലപ്പെട്ട ഹരിയാനയില്‍ എല്ലാം ഭദ്രം. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമൊന്നും മിണ്ടാട്ടമില്ല. ഇതൊക്കെ നിസ്സാരം. രണ്ടായിരത്തോളം മുസ്ളിങ്ങളുടെ ചോരയിലാണല്ലോ ഗുജറാത്തില്‍ 2002ല്‍ തന്റെ അധികാരം ഉറപ്പിച്ചെടുത്തത് എന്നാകും നരേന്ദ്ര മോഡി ചിന്തിക്കുന്നത്. അക്രമം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ’ട്വിറ്ററി’ലൂടെ ആഹ്വാനം നടത്തി. പക്ഷേ, ഹരിയാനയില്‍ തലേദിവസംതന്നെ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്വര്‍ക്കുമൊക്കെ ലഭ്യമല്ലാതായിട്ടുണ്ടായിരുന്നു!
കേരളത്തില്‍ ബിജെപി ക്രമസമാധാനത്തകര്‍ച്ചയെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ടതിന് ഒരു പശ്ചാത്തലമുണ്ട്. മെഡിക്കല്‍ കോളേജിന്റെ പേരില്‍ നടന്ന കോടികളുടെ കോഴക്കഥ ബിജെപിക്കാര്‍തന്നെ പുറത്തുവിട്ടതോടെ അര്‍ധരാത്രിക്ക് സൂര്യനുദിച്ച സ്ഥിതിയിലായിരുന്നു ബിജെപി. അഴിമതിവിരുദ്ധത പ്രസംഗിച്ചുനടന്നവരില്‍ അഴിമതിക്കാരല്ലാതെ ആരെങ്കിലുമുണ്ടോ എന്നായി സംശയം. ഇത് ഇന്ത്യയിലെമ്പാടും ചര്‍ച്ചയായപ്പോഴാണല്ലോ കേരളത്തില്‍ ക്രമസമാധാനത്തകര്‍ച്ചയെന്ന ഉമ്മാക്കിയുമായി അരുണ്‍ ജെയ്റ്റ്ലി പറന്നിറങ്ങിയത്.
തീവ്രവാദത്തെയും ദേശീയതയെയും കുറിച്ചൊക്കെ സംഘപരിവാറുകള്‍ വല്ലാതെ വാചകമടിക്കാറുണ്ടല്ലോ. എന്താണ് തീവ്രവാദം? ഇന്ത്യന്‍ ഭരണഘടനെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുക എന്നതാണ് അതെങ്കില്‍ ദേര സച്ച അനുകൂലികള്‍ ദേശവിരുദ്ധ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. അതിനെയാണ് ബിജെപി സര്‍ക്കാര്‍ പിന്തുണച്ചിരിക്കുന്നത്. ഇതുമാത്രമല്ല, സ്ത്രീസമൂഹത്തോടും സ്ത്രീസുരക്ഷസംബന്ധിച്ചും സംഘപരിവാറിന്റെ വികലമായ കാഴ്ചപ്പാടുതന്നെ ഇവിടെ വെളിപ്പെട്ടിരിക്കുന്നു. സ്ത്രീപീഡകനായ അസാറാം ബാപ്പുമുതല്‍ ബിജെപിക്ക് പ്രിയങ്കരരായ പലരുമുണ്ട്. അസാറാം ബാപ്പുവിന്റെ കേസില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി കടുത്ത ഭാഷയില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.
ഇന്ത്യാരാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളായി നമ്മുടെ രാജ്യത്ത് ആള്‍ദൈവങ്ങളുടെയും കപടസന്യാസിമാരുടെയും സിദ്ധന്മാരുടെയും എണ്ണം വല്ലാതെ പെരുകി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സന്യാസചര്യകളുടെ രാജ്യമാണ് ഇന്ത്യ. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉത്തമമാതൃകകളായിരുന്നു അവര്‍. കബീറിനെയും തുളസീദാസിനെയും ഭക്തമീരയെയുംപോലുള്ള സര്‍വസംഗപരിത്യാഗികളും ഏഷ്യയുടെ വെളിച്ചമെന്ന് വിശേഷിപ്പിക്കുന്ന ഗൌതമബുദ്ധന്റെയുമൊക്കെ നാടാണിത്. അതിനുമപ്പുറം ശ്രീനാരായണഗുരുവിനെയും മഹാത്മാ ജ്യോതിഫൂലെയുംപോലെ സാമൂഹ്യപരിഷ്കരണത്തിന്റെ ഊര്‍ജമായി മാറിയവരുമുണ്ട്. ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ അവകാശികളായി കാണേണ്ടത് ഇവരെയാണ്.
എന്നാല്‍, ഇത്തരം മാതൃകാവ്യക്തിത്വങ്ങളേക്കാള്‍, മാജിക്കും പൊടിവിദ്യകളുംകൊണ്ട് ആളുകളെ കപടഭക്തിയുടെ ലഹരിയില്‍പ്പെടുത്തി മാനസിക അടിമകളാക്കുകയും അവരെ മറയാക്കി കോടികളുടെ വ്യവസായസാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുകയും ചെയ്ത ’ആത്മീയ വ്യാപാരികള്‍’ അടുത്തകാലത്ത് വളര്‍ന്നുവരികയുണ്ടായി. ഈ സാമൂഹ്യവിരുദ്ധശക്തികളെ വളര്‍ത്തുന്നതില്‍ ഭരണവര്‍ഗത്തിന്റെ പങ്ക് വിസ്മരിച്ചുകൂടാ. വലതുപക്ഷ ബൂര്‍ഷ്വാഭരണകൂടം അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി മതത്തെ ഉപയോഗപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ചന്ദ്രസ്വാമിയെപ്പോലുള്ളവര്‍ എത്ര ശക്തരായിരുന്നു! യുപിഎ ഭരണകാലത്ത് ഗുര്‍മീത് സിങ്ങിന് കോണ്‍ഗ്രസുകാരുമായിട്ടായിരുന്നു ബന്ധം. കേരളത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിതന്നെ ഇയാള്‍ക്ക് പ്രത്യേക ആദരവ് നല്‍കി.
ബിജെപിക്കാകട്ടെ, മതഭ്രാന്തും അന്ധവിശ്വാസങ്ങളും പ്രത്യയശാസ്ത്ര ഘടകങ്ങള്‍തന്നെയാണ്. വര്‍ഗീയകലാപങ്ങളാകട്ടെ പ്രവര്‍ത്തനശൈലിയും. എല്ലാ കപടസന്യാസിമാരെയും പ്രോത്സാഹിപ്പിക്കുന്ന ബിജെപി അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ശാസ്ത്രത്തെയും വ്യക്തിചിന്തയെയും നിരാകരിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങളുടെ ഇരുട്ടില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍, ഡോ. ഗോവിന്ദ പന്‍സാരെ, ഡോ. എം എം കലബുര്‍ഗി തുടങ്ങിയ പുരോഗമനകാരികളെ അവര്‍ കൊലപ്പെടുത്തി. പൊതുസമൂഹത്തെ മതത്തിന്റെ ശരിയായ ദര്‍ശനങ്ങളിലൂടെ പോകാന്‍ അനുവദിച്ചാല്‍ ജനങ്ങള്‍ ആത്മീയവാദികളായിക്കൊണ്ടുതന്നെ സഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും വഴികള്‍ സ്വീകരിക്കും. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മതവിശ്വാസികളെ ദുരുപയോഗം ചെയ്യുന്നതിന് ഇത് വിഘാതമാകും. അതുകൊണ്ടാണ് ആള്‍ദൈവപ്രോത്സാഹനപദ്ധതി സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്നത്.
സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് വിത്തുവിതയ്ക്കാന്‍ പറ്റിയ മണ്ണ് ആഗോളവല്‍ക്കരണാനന്തര ഇന്ത്യയില്‍ സജ്ജമായി. കമ്പോളത്തിന് എല്ലാ സാധ്യതകളും തുറന്നിട്ടുകൊടുത്ത് കോര്‍പറേറ്റ് ശക്തികള്‍ക്ക് ജനങ്ങളെ പരിധിയില്ലാതെ ചൂഷണം ചെയ്യാന്‍ ആഗോളവല്‍ക്കരണനയങ്ങള്‍ സഹായിച്ചു. എല്ലാ തൊഴില്‍മേഖലയിലും അരക്ഷിതബോധം കൂടുന്നു. ഉള്ള തൊഴിലും വരുമാനവും ഏതുനിമിഷവും ഇല്ലാതായേക്കാമെന്ന ഭീതിയിലാണ് തൊഴിലാളികളും മധ്യവര്‍ഗവും. ഇത്തരം ആശങ്കകള്‍ മുതലെടുത്ത് അസാറാം ബാപ്പുമാരും ബാബാ രാംദേവുമാരും ഗുര്‍മീത് സിങ്ങുമാരും തങ്ങളുടെ വിഷലിപ്തവേരുപടലങ്ങള്‍ സമൂഹത്തിലാകമാനം പടര്‍ത്തുന്നു.
അടുത്തകാലത്ത് പുറത്തിറങ്ങിയ ഒരു പുസ്തകത്തില്‍ ആഗോളവല്‍ക്കരണവും ആത്മീയ വ്യാപാരവും തമ്മിലുള്ള ബന്ധം വിശദമായി പരിശോധിക്കുന്നു. മീരാനന്ദ എഴുതിയ ’ദ ഗോഡ് മാര്‍ക്കറ്റ്’ എന്ന പുസ്തകമാണത്. സാമ്പത്തികവിഷയങ്ങളില്‍ സ്റ്റേറ്റിന്റെ പങ്ക് പരമാവധി ചുരുക്കുകയും ഹിന്ദുപ്രചാരണത്തില്‍ അത് പരമാവധി വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ആയുധവ്യാപാരത്തിനായി കെട്ടിപ്പടുത്ത മിലിട്ടറി- ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സിനെപ്പറ്റി ലോകം ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ സ്റ്റേറ്റ്- ടെമ്പിള്‍- കോര്‍പറേറ്റ് കോംപ്ളക്സ് എന്ന തരത്തിലുള്ള പരസ്പരസഹായസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മീരാനന്ദ വിമര്‍ശനാത്മകമായി പരിശോധിക്കുന്നു.
കേരളത്തില്‍ ആത്മീയത്തട്ടിപ്പുകാര്‍ക്കെതിരായ കടുത്ത നിലപാടുകള്‍ എക്കാലവും ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതുപക്ഷമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ കള്ളസന്യാസിമാരെയും സിദ്ധന്മാരെയും ഇരുമ്പഴിക്കുള്ളിലാക്കി. ഒരു സാമ്പത്തികത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സന്തോഷ് മാധവന്‍ എന്ന കപടസന്യാസി പൊലീസിന്റെ ശ്രദ്ധയില്‍ വന്നത്. ആ കേസ് കേവലം സാമ്പത്തികത്തട്ടിപ്പിനുമപ്പുറം സമൂഹത്തെ ദോഷമായി സ്വാധീനിക്കുന്ന ഒരു കൊടുംകുറ്റവാളിയെ വെളിച്ചത്ത് കൊണ്ടുവരുംവിധം കൈകാര്യം ചെയ്തു. അയാളുടെ എല്ലാത്തരം നിയമവിരുദ്ധപ്രവൃത്തികളിലേക്കും അന്വേഷണം നീണ്ടു. എന്നുമാത്രമല്ല, അയാളെപ്പോലെ സമാനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്ന വലിയ സംഘം ആളുകള്‍ നിയമത്തിന്റെ പിടിയിലായി. സമൂഹത്തിന് മൊത്തമായി ഇക്കാര്യത്തില്‍ തിരിച്ചറിവുണ്ടാക്കാന്‍ പൊലീസ് നടപടികള്‍ സഹായിച്ചു. എന്നാല്‍, വലതുപക്ഷസര്‍ക്കാരുകള്‍ ഇത്തരം നടപടികളെ മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറായില്ല. മതത്തെമാത്രമല്ല, മതം ദുരുപയോഗം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെയും കൂട്ടിയോജിപ്പിച്ച് കമ്യൂണിസ്റ്റുവിരുദ്ധ മുന്നണി കെട്ടിപ്പടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനെതിരെ പുരോഗമനമനസ്സുള്ള കേരളം കൈകോര്‍ക്കും