സോളാര്‍ കേസിലെ വസ്തുതകള്‍ പുറത്തുവന്നതോടെ അപമാനഭാരത്താല്‍ കേരളത്തിന്റെ ശിരസ്സ് പാതാളത്തോളം താണു. ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ചതോടെ, യുഡിഎഫ് ഭരണം എത്രമാത്രം അഴിമതി നിറഞ്ഞതും സദാചാരവിരുദ്ധവുമായിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നത്.
ആരോഗ്യപരിരക്ഷയില്‍ ലോകത്തിന് മാതൃകയായ കേരളത്തെ അപഹസിച്ചാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചുപോയത്. ഒരു കുഞ്ഞുപോലും മരിക്കുകയെന്നത് സങ്കടമാണ്. എന്നാല്‍, ഓക്സിജന്‍ കിട്ടാതെ നൂറിലധികം കുഞ്ഞുങ്ങള്‍ മരിച്ച ആദിത്യനാഥിന്റെ ലോകസ്ഭാ മണ്ഡലത്തിലെ സംഭവത്തിനു പിന്നാലെ മസ്തിഷ്കജ്വരം ബാധിച്ച് 16 കുഞ്ഞുങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ട ദുഃഖവാര്‍ത്തയും കേള്‍ക്കേണ്ടിവന്നു. ഒരുലക്ഷം പ്രസവം നടക്കുമ്പോള്‍ കേരളത്തില്‍ 61 അമ്മമാരാണ് മരണപ്പെടുന്നതെങ്കില്‍ യുപിയില്‍ മരിക്കുന്നത് 282 പേരാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളീയര്‍ യുപിക്കാരേക്കാള് ശരാശരി 10 വര്‍ഷം അധികം ജീവിക്കുന്നു. ശിശുമരണനിരക്കിലും യുപിയുടെ സ്ഥാനം മോശമാണ്. സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറിലേറെ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ച നടുക്കം മാറുന്നതിനുമുമ്പാണ് ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയായ കേരളത്തെ യുപി മുഖ്യമന്ത്രി പരിഹസിച്ചത്.
ഇതുമാത്രമല്ല, ലൌ ജിഹാദികളുടെ താവളമാണ് കേരളമെന്ന ആക്ഷേപവും യുപി മുഖ്യമന്ത്രി ഉന്നയിച്ചു. പ്രണയവും സ്നേഹവും സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഊര്‍ജവും ആരോഗ്യവുമാണ്. എന്നാല്‍, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ പവിത്രതയെ മലീമസമാക്കാന്‍ അവിടേക്ക് വര്‍ഗീയ വിദ്വേഷത്തിന്റെയും മതസ്പര്‍ധയുടെയും വിഷം വമിപ്പിക്കുകയാണ് യോഗി ചെയ്തത്. ഇത് കേരളത്തില്‍ വന്നപ്പോള്‍ പൊടുന്നനവേയുണ്ടായ വെളിപാടല്ല, അടിസ്ഥാന രാഷ്ട്രീയ സമീപനമാണെന്ന് യുപിയിലെ അഭിമാന സ്മാരകമായ താജ്മഹലിനോടുള്ള അസഹിഷ്ണുത വിളിച്ചറിയിക്കുന്നു. ടൂറിസംഭൂപടത്തില്നിന്ന് താജ്മഹലിനെ നീക്കാനും ഷാജഹാന്-മുംതാസ് പ്രണയകഥ ഗൈഡുകള്‍ വിവരിക്കുന്നത് നിര്‍ത്താനും യുപി സര്‍ക്കാര്‍ നടപടിയെടുത്തുവെന്നത് ആശ്ചര്യകരവും അപമാനകരവുമാണ്.
ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെപ്പറ്റി സ്കൂള്ക്ളാസുകളില് കുട്ടികളെ പഠിപ്പിക്കുന്ന നാടാണ് ഇന്ത്യ. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന് തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണയ്ക്കായി ആഗ്രയില്‍ യമുനാ നദീതീരത്ത് പണികഴിപ്പിച്ച ശവകുടീരമാണ് താജ്മഹല്‍. അത് പഠിച്ച് വളര്‍ന്നവരുടെ വ്യത്യസ്ത തലമുറകള്‍ പാര്‍ക്കുന്ന രാജ്യമാണിത്. ഷാജഹാന് പ്രിയപ്പെട്ടവളായ മുംതാസ് 1631ല്‍ മരിച്ചതിനെത്തുടര്‍ന്ന് 1632ല്‍ ഷാജഹാന് ഇതിന്റെ നിര്‍മാണം ആരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമാത്രമല്ല, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നെല്ലാം ശില്‍പ്പകലാ വിദഗ്ധരെ പങ്കാളികളാക്കി. 1648ല്‍ പണി പൂര്‍ത്തിയാക്കി. ഇത് പൂര്‍ണമായി വെണ്ണക്കല്ലില്‍ തീര്‍ത്തതാണ്. മരണശേഷം ഷാജഹാന്റെ ഭൌതികാവശിഷ്ടം ഇവിടെ അടക്കം ചെയ്തു. വെണ്ണക്കല്ലില്‍ വിരചിതമായ പ്രേമകാവ്യം’എന്ന് സഞ്ചാരികള്‍ താജ്മഹലിനെ വാഴ്ത്തി.
സഞ്ചാരികളുടെ കണ്ണുകള്‍ കവരുന്ന ലോകാത്ഭുതമായ താജ്മഹലിനെ അവഗണിക്കുന്ന യോഗി സര്‍ക്കാരിന്റെ നയത്തെ എന്ത് പേരിട്ട് വിളിക്കണം! നിര്‍മിച്ചത് മുഗള്‍ ചക്രവര്ത്തിയായതുകൊണ്ടാണോ, അതോ ഭാര്യയോടുള്ള പ്രണയം നിര്‍മാണത്തിന് പ്രേരണയായതുകൊണ്ടാണോ താജ്മഹലിനെ ടൂറിസംഭൂപടത്തില്നിന്ന് നീക്കുന്നത്. എന്തായാലും ഇത് ചരിത്രനിഷേധവും വിവേകശൂന്യതയുമാണ്. ഇത്തരം സമീപനം മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന ദേശീയവിപത്താണ്. ഇപ്രകാരമുള്ള അരുതായ്മകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ്, മതാന്ധത പടരുന്ന ഇന്ത്യയില്‍ മതസൌഹാര്‍ദത്തിന്റെ തുരുത്തായി വര്‍ത്തിക്കുന്ന കേരളത്തില്‍ വന്ന് വിദ്വേഷപ്രസംഗം നടത്തുന്നത്. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് നയിക്കുന്ന ബിജെപി യാത്ര വര്‍ഗീയക്കുഴപ്പം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണെന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ലൌ ജിഹാദികളുടെ താവളമാണ് കേരളമെന്ന യോഗിയുടെ ആക്ഷേപം പിന്നീട് ഇവിടേക്കെത്തിയ ബിജെപിക്കാരായ കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും ആവര്‍ത്തിച്ചു. ഇത് തെളിയിക്കാന്‍ ബിജെപി- ആര്‍എസ്എസ് നേതാക്കളെ ഞാന്‍ വെല്ലുവിളിച്ചിരുന്നു. പക്ഷേ, അത് ഏറ്റെടുക്കാനുള്ള തന്റേടം അവരില്‍ കാണുന്നില്ല. അതിനുകാരണം, ആക്ഷേപം അടിസ്ഥാനരഹിതമായതുകൊണ്ടാണ്. പ്രണയവിവാഹങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങളും നൂറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലാണ് മഹാകവി കുമാരനാശാന് ദുരവസ്ഥ’എഴുതിയത്. അതില്‍ സാവിത്രി അന്തര്‍ജനവും ചാത്തന് പുലയനും തമ്മിലുള്ള പരിണയം കഥാവൃത്തമാണ്. രണ്ട് സമുദായങ്ങളിലെയോ, രണ്ട് മതങ്ങളിലെയോ ആളുകള്‍ തമ്മിലുള്ള വിവാഹത്തെ ശ്രീനാരായണഗുരു അനുകൂലിച്ചിരുന്നു. പള്ളത്ത് രാമന് രചിച്ച ഒരു സാഹിത്യകൃതിയില്‍ ക്രിസ്ത്യന്‍- ഹിന്ദു സമുദായങ്ങളിലുള്ള പ്രണയവിവാഹം കഥാതന്തുവാണ്. ആ കൃതി വായിച്ചിട്ട് കപ്പയും മീന്‍കറിയും നല്ല രുചിയും കൂട്ടുമാണല്ലോയെന്ന് ശ്രീനാരായണഗുരു പ്രതികരിച്ചു. അത്തരം മതനിരപേക്ഷ ആശയത്തിന് അടിയുറപ്പുള്ള മണ്ണാണ് കേരളക്കര.
ഇവിടെ ഹിന്ദു- മുസ്ളിം- ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ തമ്മിലോ, ഹിന്ദു സമുദായത്തിലെതന്നെ വ്യത്യസ്ത ജാതികളിലുള്ളവര്‍ തമ്മിലോ പ്രണയിച്ച് വിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ, ആര്‍എസ്എസ് ഉള്‍പ്പെടെ മതങ്ങളുടെ പേരിലുള്ള തീവ്രവാദി സംഘടനകളുടെ വഴിപിഴച്ച പ്രവര്‍ത്തനംമൂലം സാധാരണ പ്രണയവിവാഹങ്ങളെപ്പോലും വിവാദവിഷയങ്ങളാക്കി മാറ്റുന്നു. ഇതൊരു ദുഃസ്ഥിതിയാണ്. ഹിന്ദു-മുസ്ളിം വിവാഹങ്ങളില്‍ ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ ഉള്‍പ്രേരണകള്‍ ആരോപിക്കപ്പെടുന്നു. സത്യവും മിഥ്യയും തമ്മിലുള്ള അതിരുകള്‍ നേര്‍ത്തതാണെന്ന് തോന്നുംമട്ടിലുള്ള പ്രചാരണങ്ങളില്‍ മാതാപിതാക്കളും ബന്ധുക്കളുംപോലും വീണുപോകുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്ന ഹാദിയ/അഖില കേസുള്പ്പെടെയുള്ളവയെ കാണാന്‍.
പ്രണയം നടിച്ച് മതംമാറ്റി ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ആളെ കൂട്ടിക്കൊടുക്കുന്നുവെന്ന ആക്ഷേപമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്. എല്ലാ പ്രണയവിവാഹങ്ങളെയും ഇതിന്റെ ഭാഗമായി“’ലൌ ജിഹാദ്’ എന്ന സംജ്ഞയില്‍ ഉള്‍പ്പെടുത്തി. മുസ്ളിം സമുദായത്തിനെതിരെ വിദ്വേഷമുയര്ത്താനുള്ള ആസൂത്രിതമായ ദുഷ്പ്രചാരണമായിരുന്നു ഇത് എന്നിടത്തേക്കാണ് സംഭവഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകുന്നത്. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ പ്രണയിച്ച് വിവാഹം കഴിക്കുമ്പോള്‍ എന്തിന് ഒരാള്‍ മറ്റൊരാളിന്റെ മതത്തിലേക്ക് മാറണം, എന്തിന് അതുവരെ വിളിച്ച പേര് ഉപേക്ഷിച്ച് പുതിയ പേര് സ്വീകരിക്കണം- ഇത്തരം ചോദ്യങ്ങള്‍ സമൂഹത്തില്‍ ഉയരുന്നുണ്ട്. അതില്‍ ന്യായമുണ്ട്. എങ്കിലും, അത് പ്രണയജോടികള്‍ പരസ്പരം തീര്‍പ്പാക്കേണ്ട കാര്യമാണ്. ഇസ്ളാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രചാരണം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. മുസ്ളിം ഭീകരവാദികളെ സിപിഐ എം പ്രോത്സാഹിപ്പിക്കുന്നുവെന്ന ദുഷ്പ്രചാരണത്തിനും അടിസ്ഥാനമില്ല.
വര്‍ഗീയത ഇളക്കുന്ന ആര്‍എസ്എസിനെ എതിര്‍ക്കുന്നതില്‍ വിട്ടുവീഴ്ച കാട്ടാത്ത സിപിഐ എം നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന ഏത് മതത്തിന്റെ പേരിലെ തീവ്രവാദി സംഘടനകളുടെ വഴിപിഴച്ച പോക്കിനെയും എതിര്‍ക്കുന്നു. ഇത്തരം ശക്തികള്‍ക്കുനേരെ എല്‍ഡിഎഫ് സര്‍ക്കാരും കണ്ണടയ്ക്കുന്നില്ല. ഇതെല്ലാം വിസ്മരിച്ച് കേരളം ജിഹാദികളുടെ താവളമായി എന്ന കുപ്രചാരണം ബിജെപിയുടെ ദേശീയ നേതാക്കളും ഭരണാധികാരികളും നടത്തുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. കേരളത്തില്‍ സിപിഐ എം അക്രമം നടത്തുകയും ബിജെപിക്കാരെ കൂട്ടത്തോടെ വകവരുത്തുകയും ചെയ്യുന്നുവെന്നത് കല്ലുവച്ച മറ്റൊരു നുണയാണ്. ഇത് ആര്‍എസ്എസിന്റെ കൊലയാളിമുഖത്തിന് മറയിടാനാണ്. നുണകള്‍ പ്രചരിപ്പിച്ച് ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഒക്ടോബര്‍ 17 വരെ രണ്ടാഴ്ച തുടരുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപനം.
മറ്റ് സംസ്ഥാനങ്ങളിലെ സിപിഐ എം ഓഫീസുകളുടെ മുന്നിലേക്കും ബിജെപി പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഇതൊന്നും ഇതുവരെ രാജ്യം കാണാത്ത സംഭവങ്ങളാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പക്ഷേ, ഇനിയുമൊരു വിമോചനസമരം തട്ടിക്കൂട്ടി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ പിണറായി വിജയന് സര്‍ക്കാരിനെ ഗളഹസ്തം ചെയ്യാമെന്ന സംഘപരിവാര്‍ നേതാക്കളുടെ മോഹം പൂവണിയാന്‍ പോകുന്നില്ല. അതിനെ ചെറുക്കാനുള്ള ജനകീയശക്തി ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിനുണ്ട്