പാർടി കോൺഗ്രസ് രണ്ടുദിവസം പിന്നിടുകയാണ്. ഉദ്ഘാടന ദിവസം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള പ്രതിനിധികളുടെ ചർച്ചയാണ് വ്യാഴാഴ്ച പ്രധാനമായും നടന്നത്. സമ്മേളന നടപടികളെക്കുറിച്ച് വലതുപക്ഷ മാധ്യമങ്ങൾ അത്ഭുതകരമായ കഥകളാണ് പ്രചരിപ്പിക്കുന്നത്. ഭാവനാസൃഷ്ടികളാണ് ഒട്ടുമിക്ക മാധ്യമങ്ങളിലും വായിക്കാൻ കഴിഞ്ഞത്. എന്താണ് പാർടി കോൺഗ്രസിൽ നടന്നതും നടക്കുന്നതെന്നും മനസ്സിലാക്കാതെയാകാം ഇത്. അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നതുമാകാം. സിപിഐ എമ്മിന്റെ സംഘടനാരീതിയെക്കുറിച്ച് തെല്ലെങ്കിലും ധാരണയില്ലാത്ത വിധത്തിലാണ് വാർത്തകളിലേറെയും. പാർടിയിൽ എന്തോ സംഭവിക്കാൻ പോകുന്നുവെന്നും പാർടിയാകെ ഇല്ലാതാകാൻ പോകുന്നുവെന്നുമൊക്കെയുള്ള മനക്കോട്ടകളിലൂന്നിയുള്ള ഇത്തരം വാർത്തകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോർപറേറ്റ് മൂലധനശക്തികളുടെ ഇംഗിതമാണ് ഇതിലാകെ മുഴച്ചുനിൽക്കുന്നത്.
രാജ്യത്ത് ഒരു രാഷ്ട്രീയപാർടിക്കും സ്വപ്നം കാണാൻപോലും പറ്റാത്ത ഉൾപ്പാർടി ജനാധിപത്യത്തിലൂടെയാണ് സമ്മേളനം പുരോഗമിക്കുന്നത്. അടുത്ത മൂന്നുവർഷം പാർടി സ്വീകരിക്കുന്ന രാഷ്ട്രീയ അടവുനയരേഖ അംഗീകരിക്കാനുള്ള ചർച്ചയാണിത്. ഇതു പറയുമ്പോൾ ബുധനാഴ്ച ഒരു പ്രമുഖ മലയാളപത്രം എഴുതിയതുകൂടി പരാമർശിക്കാതെ വയ്യ. കഴിഞ്ഞ കുറെമാസങ്ങളായി കരട് രാഷ്ട്രീയപ്രമേയത്തെക്കുറിച്ച് ചർച്ച ചെയ്ത് കാലം കഴിച്ചുകൂട്ടി എന്നൊക്കെയാണ് എഴുതിയിട്ടുള്ളത്. അതേപത്രത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ എണ്ണംവച്ച് ഓരോ സംസ്ഥാനത്തും ഓരോ പക്ഷത്തിനും കിട്ടുന്ന വോട്ടുകൂടി പ്രവചിച്ചിരിക്കുന്നു.
സിപിഐ എമ്മിൽ ഇത് ജയപരാജയങ്ങളുടെയോ തലയെണ്ണി വോട്ട് കണക്കാക്കലിന്റെയോ കാര്യമല്ല. പാർടിയെ പക്ഷങ്ങളായി തിരിച്ച് ഏതെങ്കിലും പക്ഷത്തിന്റെ ജയത്തിനോ ഏതെങ്കിലും പക്ഷത്തിന്റെ പരാജയത്തിനോ ഉള്ളതല്ല കരട് രാഷ്ട്രീയപ്രമേയ അവതരണവും ഭേദഗതിനിർദേശങ്ങളും ചർച്ചകളും തീരുമാനങ്ങളും. ഇന്നലെ സൂചിപ്പിച്ചപോലെ രണ്ടുമാസംമുമ്പ് പാർടി കേന്ദ്ര കമ്മിറ്റി കരട് രാഷ്ട്രീയപ്രമേയം തയ്യാറാക്കി. ബ്രാഞ്ചുതൊട്ട് സംസ്ഥാന കമ്മിറ്റികൾവരെ വിശദമായി ചർച്ച ചെയ്തു. അതിനെ അടിസ്ഥാനപ്പെടുത്തി ലഭിച്ച ഭേദഗതിനിർദേശങ്ങളോടുകൂടിയ കരട് രാഷ്ട്രീയപ്രമേയമാണ് പാർടി കോൺഗ്രസിൽ അവതരിപ്പിച്ചത്. ഇങ്ങനെ അവതരിപ്പിച്ചപ്പോൾത്തന്നെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു കാര്യംകൂടി വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷത്തിന് കരടുപ്രമേയത്തിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെന്ന്. അങ്ങനെയുള്ള വിയോജിപ്പും പ്രതിനിധികൾക്കുമുന്നിൽ അവതരിപ്പിച്ചു.
സമ്മേളനപ്രതിനിധികളോട് എല്ലാം തുറന്നുപറഞ്ഞുള്ള ചർച്ചയാണ് നടക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ഇത്രയും വിശാലമായ ഉൾപ്പാർടി ജനാധിപത്യരീതി വേറെ ഏത് പാർടിക്ക് അവകാശപ്പെടാൻ കഴിയും? ന്യൂനപക്ഷത്തിന് വിരുദ്ധ അഭിപ്രായമുണ്ടെന്ന് സമ്മേളന പ്രതിനിധികളെ അറിയിക്കുന്നതിലൂടെ ഒരു പ്രതിനിധിക്കുപോലും ഒരു മുൻധാരണയും വേണ്ടെന്ന വ്യക്തമായ ജനാധിപത്യരീതിയാണ് നടപ്പാക്കുന്നത്. കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ വെവ്വേറെ യോഗം ചേർന്ന് വീണ്ടും വിശദമായ ചർച്ചയാണ് നടത്തിയത്. ഇവിടെയും, കരടിലും ഭേദഗതികളിലും നിർദേശങ്ങളിലും ഊന്നിയുള്ള ചർച്ചയാണ് നടന്നത്.
ഈ ചർച്ചകൾക്കുശേഷം വ്യാഴാഴ്ച രാവിലെയാണ് വീണ്ടും പൊതുചർച്ച ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ അനുവദിക്കപ്പെട്ട സമയത്ത് ചർച്ചയിൽ പങ്കെടുക്കുന്നു. ചില സംസ്ഥാനങ്ങൾ അവരുടെ ഏകകണ്ഠമായ അഭിപ്രായങ്ങൾ അറിയിച്ചു. ചില സംസ്ഥാനങ്ങൾ അവർ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് എടുത്ത തീരുമാനങ്ങൾ രേഖപ്പെടുത്തി. മറ്റു ചില സംസ്ഥാനങ്ങളാകട്ടെ യോജിച്ചും വിയോജിച്ചും പ്രതിനിധികൾ നടത്തിയ അഭിപ്രായങ്ങൾ അറിയിച്ചു. ഈ ചർച്ച വെള്ളിയാഴ്ചയും തുടർന്നശേഷമാണ് കരട് രാഷ്ട്രീയപ്രമേയം അംഗീകരിച്ച് രാഷ്ട്രീയ നയരേഖ തയ്യാറാക്കുന്നത്. വിശാലമായ ജനാധിപത്യ കേന്ദ്രീകരണത്തിലൂടെ യോജിച്ച തീരുമാനമാണ് എടുക്കാൻ പോകുന്നത്. വർഗരാഷ്ട്രീയം ഉയർത്തിപ്പിടിച്ച പാർടി പരിപാടിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ് പാർടി കോൺഗ്രസിൽ ഉണ്ടാവുക.
ജസ്റ്റിസ് ലോയ കേസ് അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയ വിവരം അറിയുന്നത് സമ്മേളനനഗരിയിൽനിന്നാണ്. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഈ തീരുമാനം തികച്ചും നിർഭാഗ്യകരമാണ്. ഒട്ടേറെ സാഹചര്യത്തെളിവുകൾ ഉണ്ടായിരിക്കെയാണ് ഇങ്ങനെയൊരു വിധി വന്നത്. വിശാല ബെഞ്ച് ഈ കേസ് പുനഃപരിശോധിക്കണമെന്ന് പാർടി കോൺഗ്രസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
മക്ക മസ്ജിദ് ബോംബ് സ്ഫോടന കേസിൽ അറസ്റ്റ് ചെയ്ത എല്ലാവരെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിവിധിയും ഈ സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിധിക്കെതിരെ എൻഐഎ അപ്പീൽ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ പ്രത്യേക കോടതിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണ്. കുറ്റാന്വേഷണങ്ങൾക്കും വിചാരണകൾക്കും നിയോഗിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസികൾ ഹിന്ദുത്വശക്തികൾക്ക് അനുകൂലമായി ഏകപക്ഷീയ പ്രവർത്തനം നടത്തുന്നത് ആശങ്കാജനകമാണ്
പാർടി കോൺഗ്രസിനിടെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ കെ പത്മനാഭൻ,
എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്