ജാത കർമം ചെയ്ത കൈകൊണ്ടുതന്നെ ഉദകക്രിയയും ചെയ്യേണ്ടിവരുന്ന അച്ഛനമ്മമാരുടെ ദൗർഭാഗ്യത്തെപ്പറ്റി പറയാറുണ്ടല്ലോ, അതാണ് നരേന്ദ്ര മോഡി ‐ അമിത് ഷാ നേതൃത്വം നൽകുന്ന ബിജെപിക്കും സംഭവിക്കാൻപോകുന്നത്. കേന്ദ്രത്തിൽ തുടർഭരണം എന്ന സ്വപ്നവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി മൂക്കുകുത്തി വീഴുകയും മണ്ണുകപ്പുകയും ചെയ്യുമെന്ന് ഉറപ്പ്. അങ്ങനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽവന്ന് ജനങ്ങൾ തെരഞ്ഞെടുത്ത എൽഡിഎഫ് സർക്കാരിനെ വലിച്ചുതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തി മടങ്ങിയിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ കാവൽ സർക്കാരിന്റെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് മോഡി സർക്കാർ. അതിന്റെ ബലത്തിൽ ജനങ്ങൾ വൻഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയ ഒരു സംസ്ഥാന സർക്കാരിനെ വലിച്ചുതാഴെയിടും എന്ന ധാർഷ്ട്യംനിറഞ്ഞ വർത്തമാനം നടത്തുന്നത് അപഹാസ്യമാണ്. ഇത് ജനാധിപത്യത്തെ പുച്ഛിക്കലാണ്. അമിത് ഷായുടെ ഭീഷണി ദേശീയമായിത്തന്നെ ചർച്ചയാകുകയും ബിജെപി ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇ എം എസ് സർക്കാരിനെ 1959 ൽ 356–ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്രസർക്കാർ പിരിച്ചുവിട്ടതുപോലെ ഒരു ജനാധിപത്യക്കുരുതി അത്ര സുഗമമായി ഇനി നടപ്പാക്കാൻ പറ്റില്ല. നിയമസഭയിൽ ഭൂരിപക്ഷമുള്ള തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതിനെ തടയുന്ന നീതിപീഠ ഇടപെടലുകളും മാർഗനിർദേശ വിധികളുമുണ്ട്. അതിനാൽ മോഡി സർക്കാർ ഉണ്ടെന്ന് കരുതി ജനങ്ങളുടെയും 91 എംഎൽഎമാരുടെയും പിന്തുണയുള്ള പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ല.
കാവിക്കൊടി പിടിക്കുന്ന കോൺഗ്രസ്
ഭരണഘടനയെ വെല്ലുവിളിക്കുന്ന ശബരിമല സ്ത്രീപ്രവേശന വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച അമിത് ഷാ കോടതികളെയും ഭീഷണിപ്പെടുത്തി. അമിത് ഷായോട് കോൺഗ്രസ് ദേശീയവക്താവ് വിയോജിച്ചെങ്കിലും കെപിസിസി നേതൃത്വം അമിത് ഷായെ തള്ളാത്തത് കൗശലമാണ്. ആർഎസ്എസ് ‐ ബിജെപി വാലിൽ തൂങ്ങുന്ന നയം സംസ്ഥാനത്തെ കോൺഗ്രസ്ന നേതൃത്വം തുടർന്നാൽ ഇപ്പോൾ രാമൻനായരും കൂട്ടരുമാണ് ബിജെപിയിൽ ചേർന്നതെങ്കിൽ വൈകാതെ വലിയ നേതാക്കൾതന്നെ കാവിക്കൊടി പിടിക്കും. ഇതിലെ അപകടംകൂടി തിരിച്ചറിഞ്ഞാകണം ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരസ്യപ്രതികരണം നടത്തിയത്. ഇത് കേരളത്തിലെ കോൺഗ്രസിന് വീണ്ടുവിചാരത്തിനുള്ള അവസരമാണ്. എന്നാൽ, രാഹുലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കേരളത്തിലെ നേതാക്കളുടേതാണ് പാർടിയുടെ ഔദ്യോഗിക നിലപാട് എന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. കെ സുധാകരനാദികൾ ഇതിനോട് യോജിച്ചു. എഐസിസി പ്രസിഡന്റിന്റെ അഭിപ്രായം വ്യക്തിപരവും സംസ്ഥാനനേതാക്കളുടേത് ഔദ്യോഗികവും ആകുന്നത് രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ തമാശയാണ്. ഇതിന് സമാനമായ ഒരു സംഭവം കണ്ടെത്തുക പ്രയാസം. കോൺഗ്രസ് അധ്യക്ഷനെ തള്ളിയ കെപിസിസി നേതൃത്വം അമിത് ഷായുടെ വാക്കുകളെ തേൻപോലെ നുണയുകയാണ്. രാഹുൽ ഗാന്ധി മൂർദാബാദ്, അമിത് ഷാ ജയ്ഹോ എന്നതായിരിക്കുന്നു ഇക്കൂട്ടരുടെ പുതിയ ശരണംവിളി.
കേന്ദ്രഭരണം നിയന്ത്രിക്കുന്ന കക്ഷിയുടെ അധ്യക്ഷൻ ഇവിടെ വന്നപ്പോൾ ആദ്യം വിശദീകരിക്കേണ്ടിയിരുന്നത് പ്രളയദുരന്തത്തിൽപ്പെട്ട നാടിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന മഹായജ്ഞങ്ങളെ തുരങ്കംവയ്ക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളെ പറ്റിയായിരുന്നു. അടിയന്തര ആശ്വാസമായി 5000 കോടി രൂപ ചോദിച്ചു. നൽകിയത് 600 കോടി രൂപ മാത്രം. നാടിനെ പുതുക്കിപ്പണിയാൻ 40,000 കോടി രൂപ വേണം. അതിലൊരു പങ്ക് ലോകത്തെമ്പാടുമുള്ള മലയാളികളിൽനിന്നും അവർ കഴിയുന്ന രാജ്യങ്ങളിൽനിന്നും സംഭരിക്കുന്നതിനും വിവിധ രാജ്യങ്ങളുടെ സ്വമേധയായുള്ള വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിനും സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. പ്രളയാനന്തര കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കായി വിദേശത്ത് പോകാൻ മുഖ്യമന്ത്രിയെ മാത്രം അനുവദിക്കുകയും മന്ത്രിമാർക്ക് യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. എന്നാൽ, മോഡി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ ഭൂകമ്പ ദുരിതാശ്വാസത്തിനായി നൂറിലധികം രാജ്യങ്ങളിൽനിന്ന്് സഹായം സ്വീകരിച്ചു. പാർലമെന്റ് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമം പാസാക്കിയെന്ന തൊടുന്യായം മറയാക്കി വിദേശസഹായം സ്വീകരിക്കാൻ കേരളത്തെ അനുവദിച്ചില്ല. എന്നാൽ, പാർലമെന്റ് അംഗീകരിച്ച നിയമത്തിൽ ത്തന്നെ സ്വമേധയാ വാഗ്ദാനംചെയ്യുന്ന വിദേശസഹായം സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. അത് വിസ്മരിക്കരുത്. പ്രായോഗികമായ വിധികൾ കോടതികൾ പുറപ്പെടുവിച്ചാൽ മതിയെന്ന് ശഠിക്കുന്ന അമിത് ഷാ പ്രളയം കശക്കിയെറിഞ്ഞ കേരളത്തെ സഹായിക്കാൻ പ്രായോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. അതിന് കാരണം പുതിയ കേരളം ഉണ്ടാകരുത് എന്ന സംഘപരിവാറിന്റെ ദുഷ്ടമനസ്സാണ്.
സംഘപരിവാറിന്റെ രഥയാത്ര
പ്രളയംപോലെ നാടിനെ ബാധിച്ച ഒരു വിഷയമല്ല ശബരിമലവിഷയം. പുതിയ കേരളം പടുത്തുയർത്താൻ എല്ലാ കേരളീയരും രാജ്യത്തെ മനുഷ്യസ്നേഹികളും ഒന്നിക്കുന്ന ഈ ഘട്ടത്തിൽ ആ യോജിപ്പിനെ ഇല്ലാതാക്കി വിഘടിപ്പിക്കാനുള്ള ഹീനമാർഗത്തിലാണ് ബിജെപി ‐ ആർഎസ്എസ് ‐കോൺഗ്രസ് ‐ യുഡിഎഫ് ശക്തികൾ. ഇക്കൂട്ടർ ശബരിമലയുടെ മറവിൽ കലാപം സൃഷ്ടിക്കാൻ കരുനീക്കുകയാണ്. ആദ്യഘട്ടത്തിൽ അലസിപ്പോയ നീക്കം വിജയിപ്പിക്കാനുള്ള തറയൊരുക്കുകയായിരുന്നു അമിത് ഷായുടെ കേരളസന്ദർശനം. സാമുദായിക ധ്രൂവീകരണത്തിനുള്ള പ്രതിലോമകരമായ ചുവടുവയ്പനുള തീവ്രമാക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ നാമത്തിലെ കലാപത്തിലൂടെ സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലാക്ക്. അതിനുള്ള മോഹമാണ് അമിത് ഷായുടെ പ്രസംഗത്തിൽ അലയടിച്ചത്. ഇതിന്റെ തുടർച്ചയാണ് കാസർകോട്ടുനിന്ന് പത്തനംതിട്ടയ്ക്കുള്ള പി എസ്ത ശ്രീധരൻപിള്ളയുടെ ‘രഥയാത്ര’. രാമജന്മഭൂമിയുടെപേരിൽ രഥയാത്ര നടത്തി ഇന്ത്യയെ കലാപ ഭൂമിയാക്കിയതുപോലെ അയ്യപ്പന്റെ നാമത്തിൽ ‘രഥയാത്ര’ നടത്തി കേരളത്തെ വർഗീയ കുരുതിക്കളമാക്കാമെന്നാണ് സംഘപരിവാർ കണക്കുകൂട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടാനുള്ള ഈ വർഗീയക്കളിയെ പ്രബുദ്ധകേരളം തിരിച്ചറിയും. കേരളം ഒരു ജാതി റിപ്പബ്ലിക്കല്ല. മതേതര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായ സംസ്ഥാനമാണ്.
സാമൂഹ്യനീതി പുലരണം
ഹിന്ദു ആചാരങ്ങളെ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ എസ്എൻഡിപിയും ബിജെപിയും ഒന്നിച്ചു പോരാടുമെന്ന് ശിവഗിരിയിൽ ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചു. പക്ഷേ, ഈ പ്രഖ്യാപനം ഒരു ചാപിള്ളയായിരുന്നുവെന്ന് 24 മണിക്കൂറിനുള്ളിൽ തെളിഞ്ഞു. ശബരിമല സമരത്തോട് യോജിപ്പില്ലെന്നും ബിജെപിയുമായി യോജിച്ച് പ്രവർത്തിക്കില്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സുപ്രീംകോടതി വിധി അംഗീകരിക്കുക ഒരു പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 10 നും 50 നും മധ്യേയുള്ള സ്ത്രീകൾ ശബരിമലയിൽ പോകാതെ, പ്രവൃത്തികൊണ്ട് കോടതിവിധി മറികടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു ആചാരങ്ങളെ അടിച്ചമർത്തുന്ന നയം എൽഡിഎഫ്് സർക്കാരിനില്ല. എന്നാൽ, കാലഹരണപ്പെട്ട ആചാരങ്ങൾ മാറ്റാൻ കാലവും ഭരണഘടനാസംവിധാനവും മുന്നോട്ടുവന്നാൽ അതിനെ തടയാൻ എൽഡിഎഫ്ു സർക്കാർ ഉണ്ടാകില്ല.
എഐസിസി പ്രസിഡന്റിന്റെ അഭിപ്രായം വ്യക്തിപരവും
സംസ്ഥാനനേതാക്കളുടേത് ഔദ്യോഗികവും ആകുന്നത് രാഷ്ട്രീയചരിത്രത്തിലെ
ഏറ്റവും വലിയ തമാശയാണ്. ഇതിന് സമാനമായ ഒരു സംഭവം
കണ്ടെത്തുക പ്രയാസം. കോൺഗ്രസ് അധ്യക്ഷനെ തള്ളിയ
കെപിസിസി നേതൃത്വം അമിത് ഷായുടെ വാക്കുകളെ തേൻപോലെ
നുണയുകയാണ്. രാഹുൽ ഗാന്ധി മൂർദാബാദ്, അമിത് ഷാ ജയ്ഹോ
എന്നതായിരിക്കുന്നു ഇക്കൂട്ടരുടെ പുതിയ ശരണംവിളി