”സമദൂരം’പക്ഷം ചേരലോ ?

പുതുവർഷ ദിനത്തിൽ കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ 620 കീലോമീറ്ററിൽ രൂപംകൊള്ളുന്ന വനിതാമതിൽ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ള കേരളീയരുടെ മഹത്തായ സംഭവമാകും. ഇത് ക്യാമ്പയിൻ ചരിത്രത്തിൽ ലോകത്തുതന്നെ റെക്കോഡാകും. മതിൽ പൊളിയും, മതിലിൽ വിള്ളൽ വീഴും എന്നെല്ലാമുള്ള ചില കേന്ദ്രങ്ങളുടെ മോഹം ദിവാസ്വപ്നമാകും. വനിതാമതിൽ തകർക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബിജെപി ‐ ആർഎസ്എസ് ശക്തികളാണ്. അവർക്ക് ഒത്താശ നൽകുകയാണ് യുഡിഎഫും എൻഎസ്എസ് പോലുള്ള ചില സാമൂഹ്യസംഘടനകളും. വനിതാമതിൽ പൊളിക്കുമെന്ന് എത്ര ഉച്ചത്തിൽ ഇക്കൂട്ടർ വിളിച്ചുപറയുന്നുവോ അത്രമാത്രം ആവേശത്തോടെ വനിതകൾ നവോത്ഥാന മതിലിൽ ഭാഗഭാക്കാകും.


എല്ലാ ജാതി‐മത വിഭാഗത്തിൽപ്പെട്ടവരും ഒരു ജാതിയോടും മതത്തോടും പ്രത്യേകം പരിഗണന കാട്ടാത്തവരും ഉൾപ്പെടെ ദശലക്ഷക്കണക്കിന് സ്ത്രീകൾ അണിചേരുന്ന പുത്തനുണർവിന്റെ മഹാസംരംഭത്തെ വരവേൽക്കാൻ പുരുഷന്മാരും രംഗത്തുണ്ടാകും. മതനിരപേക്ഷതയേയും ഭരണഘടനയേയും സ്ത്രീപുരുഷ സമത്വത്തേയും ലിംഗനീതിയേയും സംരക്ഷിക്കാനുള്ളതാണ് ഇത്. ഇതിലേക്ക് നയിച്ചത് ശബരിമലയെപ്പറ്റിയുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും തുടർ സംഭവങ്ങളുമാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലെ തീരുമാനമാണ് വനിതാമതിൽ. ഇത് സർക്കാർ നിർദേശമല്ല; യോഗത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കളുടെ യുക്തമായ അഭിപ്രായത്തെ സർക്കാർ പിന്തുണയ്ക്കുകയായിരുന്നു. 190ലധികം സംഘടനകൾ ചേർന്നാണ് വനിതാമതിലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നത് കാലഘട്ടത്തിന്റെ ചുമരെഴുത്ത് വായിച്ചുകൊണ്ടാണ്. എൽഡിഎഫും എൽഡിഎഫിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ ‐ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണസമിതിയിലുള്ള സംഘടനകളുടെ എല്ലാ വനിതാ വിഭാഗങ്ങളും ഇപ്പോൾ കർമരംഗത്താണ്.
വനിതാമതിൽ മതനിരപേക്ഷമാണ്
ഇത് സൃഷ്ടിക്കുന്ന പുതിയ ഉണർവിൽ അസഹിഷ്ണുത പൂണ്ടാണ് വനിതാമതിലിനെ വികൃതവൽക്കരിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നത്. ഇത് ഹിന്ദുവിരുദ്ധമാണെന്നാണ് ആർഎസ്എസ് ‐ ബിജെപി കണ്ടുപിടിത്തം. എന്താ ഹിന്ദുവിന്റെ മൊത്തം അവകാശം സംഘപരിവാറിനാണോ? സംസ്ഥാനത്ത് ബിജെപിയിലും ആർഎസ്എസിലും ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ഹിന്ദുക്കൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എൽഡിഎഫിലുമുണ്ട്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയെന്നും അതിനാൽ ഇത് വർഗീയമതിലാണെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുതൽ മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വരെയുള്ളവരുടെ അഭിപ്രായം. വർഗീയ സംഘർഷം വളർത്താനാണ് ഇതെന്ന ഭോഷ്ക്കും ചെന്നിത്തലയുടെ വകയായിയുണ്ടായി. അഹിന്ദുക്കൾ മതിലിന്റെ ഭാഗമാകില്ലായെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. നവോത്ഥാന പാരമ്പര്യമെന്നത് വർഗീയതയുടെ കോമരം തുള്ളലല്ലെന്ന് ചെന്നിത്തലയാദികൾ മനസ്സിലാക്കണം. മലപ്പുറം ജില്ല ഒഴിച്ചുനിർത്തിയാൽ മുസ്ലിംലീഗിൽ ഉള്ളതിനേക്കാൽ മുസ്ലിങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എൽഡിഎഫിലുമുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം വർഗീയത തീണ്ടാതെ അണിനിരക്കുന്ന മതനിരപേക്ഷ വനിതാമതിലിനെ, വർഗീയമതിലെന്ന് ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കലാണ്.
വനിതാമതിലിനെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ഒരു പ്രസ്താവന കേരള കാത്തലിക് ബിഷപ് കോൺഫറൻസി (കെസിബിസി)ൽനിന്നുണ്ടായി. മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത്. മതപരമായ ഒരു വിവേചനവുമില്ലാത്ത, ഒരു മതവിഭാഗത്തേയും അകറ്റിനിർത്താത്ത ഒരു വൻമതിലാണ് ഉയരാൻ പോകുന്നത്. അതുകൊണ്ടുതന്നെ യഥാർഥ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടുള്ള വിമർശനമാണ് ഇവരുടേത്.
ഇതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ, വനിതാമതിലിനെ തുടക്കംമുതൽ എതിർക്കുകയും, ഇതിന്റെ മറവിൽ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കുകയുമാണ്. എന്നിട്ട് ഒരു ഉഗ്രശാപവും വർഷിച്ചിട്ടുണ്ട്. ഇതിനെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കുമെന്നാണത്. തെരഞ്ഞെടുപ്പുകളിൽ പുലർത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് എൻഎസ്എസ് നേതാവ് നൽകുന്നതെന്ന് ചില മാധ്യമനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്നും അത് പരസ്യപ്പെടുത്തുന്നില്ലായെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. ദൗത്യനിർവഹണം താൻ വിജയകരമായി പൂർത്തിയാക്കിയതിൽ മോഡിയും അമിത് ഷായും തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിച്ചൂവെന്നതാണോ തൃപ്തിക്ക് കാരണം. എന്തായാലും, സ്ത്രീ‐പുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവോത്ഥാനമൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എൽഡിഎഫും നിലപാട് സ്വീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണെന്ന അധികപ്രസംഗവും സുകുമാരൻനായർ നടത്തിയിട്ടുണ്ട്. എൻഎസ്എസിനോടോ മറ്റ് സാമൂഹ്യ സംഘടനകളോടോ അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടോ കാലോചിതമായ അഭിപ്രായങ്ങളോടോ എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു അകൽച്ചയോ വിദ്വേഷമോ ഇല്ല. എന്നാൽ, സ്ത്രീ‐പുരുഷ സമത്വം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. അതിനെ ധാർഷ്ട്യമെന്ന് മുദ്രകുത്തുന്നത് മറുകണ്ടം ചാടലാണ്.
എൻഎസ്എസിന്റേത് നവോത്ഥാനപാതയിൽ നിന്നുള്ള വ്യതിചലനം
കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരിൽ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയിൽനിന്നുള്ള വ്യതിചലനമാണ് എൻഎസ്എസ് നേതാവിൽ ഇന്നുകാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തിൽ ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവിൽ സംഭവിച്ചതൊഴിച്ചാൽ അദ്ദേഹത്തിന്റെ ജീവിതം പൊതുവിൽ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അത് മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നത്.
നായർ സമുദായത്തിനുവേണ്ടി മന്നത്ത് പത്മനാഭൻ തുടങ്ങിയ യജ്ഞം ഹിന്ദുസമുദായത്തിന്റെ പൊതു സമുദ്ധാരണത്തിനും ഒപ്പം സർവസമുദായ മൈത്രിക്കും വേണ്ടിയായി വളർന്നിരുന്നു. അനാചാരങ്ങളേയും ബ്രാഹ്മണാധിപത്യത്തേയും ചെറുക്കാനും തോൽപ്പിക്കാനും അസാമാന്യ ധൈര്യം അദ്ദേഹം കാട്ടി
നായർ സമുദായത്തിനുവേണ്ടി മന്നത്ത് പത്മനാഭൻ തുടങ്ങിയ യജ്ഞം ഹിന്ദുസമുദായത്തിന്റെ പൊതു സമുദ്ധാരണത്തിനും ഒപ്പം സർവസമുദായ മൈത്രിക്കും വേണ്ടിയായി വളർന്നിരുന്നു. അനാചാരങ്ങളേയും ബ്രാഹ്മണാധിപത്യത്തേയും ചെറുക്കാനും തോൽപ്പിക്കാനും അസാമാന്യ ധൈര്യം അദ്ദേഹം കാട്ടി. മന്നം എൻഎസ്എസിനെ നയിച്ചപ്പോൾ, അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനുള്ള ഗുരുവായൂർ ‐ വൈക്കം സത്യഗ്രഹങ്ങളിൽ പ്രധാന പങ്കുവഹിച്ചു. തിരുവനന്തപുരത്തേയ്ക്ക് സവർണ ജാഥ നയിച്ചു. 1917 ൽ കൂടിയ മാന്നാർ സമ്മേളനം നായന്മാർ മേലിൽ അയിത്തം ആചരിക്കാൻ പാടില്ലെന്ന പ്രമേയം പാസാക്കി. 1923 ൽ അമ്പലപ്പുഴയിൽ കൂടിയ നായർ സമ്മേളനമാകട്ടെ, ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് മാത്രമല്ല എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പൂജ നടത്താൻ അവകാശമുണ്ടായിരിക്കണമെന്നും പ്രമേയം പാസാക്കി. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ദളിതരേയും അവർണരേയും പൂജാരിയാക്കി, ആ ആവശ്യം യാഥാർഥ്യമാക്കിയത് പിണറായി വിജയൻ സർക്കാരാണ്.
അനാചാരങ്ങൾക്ക് അറുതിവരുത്താനും ബ്രാഹ്മണ മേധാവിത്തത്തെ പിടിച്ചുലയ്ക്കാനും മന്നത്ത് ശ്രദ്ധാലുവായിരുന്നു. 1963 ൽ ശൃംഗേരി മഠത്തിൽ ശങ്കരാചാര്യരെ എൻഎസ്എസ് നേതാക്കൾ സന്ദർശിച്ചപ്പോഴുള്ള മന്നത്തിന്റെ നിലപാട് അത് വ്യക്തമാക്കുന്നതാണ്. ശങ്കരാചാര്യർക്ക് പാദകാണിക്ക നൽകുന്ന ചടങ്ങുണ്ട്. 101, 1001 എന്നിങ്ങനെ രൂപ പാദത്തിൽ അർപ്പിക്കുന്നതാണ് ചടങ്ങ്. എൻഎസ്എസ് ഭാരവാഹികൾ 1001 രൂപ കാണിക്ക അർപ്പിയ്ക്കാൻ തുനിഞ്ഞു. എന്നാൽ, "ഞാൻ പാദ കാണിക്ക അർപ്പിക്കാനില്ല, സർവീസ് സൊസൈറ്റി വക പണം അതിനായി ഉപയോഗിക്കാൻ പാടില്ലെന്നും’ മന്നം പ്രഖ്യാപിച്ചു. എന്നാൽ, കൂടെയുള്ളവർ നിർബന്ധം പിടിച്ചപ്പോൾ നിങ്ങൾ ചടങ്ങ് നടത്തിക്കോളൂ, പണം നിങ്ങളുടെ കീശയിൽ നിന്നാകട്ടേയെന്നും പറഞ്ഞു. ചടങ്ങെല്ലാം കഴിഞ്ഞപ്പോൾ ജഗദ്ഗുരു ശങ്കരാചാര്യരോട് മന്നം ഇങ്ങനെയാണ് പറഞ്ഞത്. "" സ്വാമികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരണം. സാമാന്യ ജനങ്ങൾക്ക് അങ്ങ് ദർശനം അനുവദിക്കുന്നില്ലെങ്കിൽ അത് എത്ര കുണ്ഠിതത്തിന് കാരണമാകും. പാദ കാണിക്കയ്ക്ക് അവർക്ക് എങ്ങനെ കഴിയും. അതുകൊണ്ട് ഇത്തരം ആചാരങ്ങൾ തിരുത്തണം. ആചാരങ്ങൾ മനുഷ്യന്റെ സൃഷ്ടിയാണ്. അങ്ങ് ഈശ്വരന്റെ പ്രതിനിധിയായിരിക്കേ ഇത്തരം ആചാരങ്ങൾ എങ്ങനെ നിലനിർത്തിക്കൊണ്ടുപോകാൻ കഴിയും.’’ ഇപ്രകാരം ശങ്കരാചാര്യരോട് ഒരു മടിയും സങ്കോചവും കൂടാതെ കാര്യം തുറന്നുപറഞ്ഞതടക്കമുള്ള സംഭവങ്ങളിലൂടെയാണ് മന്നത്തിനെ നവോത്ഥാന വീഥിയിലെ പ്രകാശമായി ഇന്നത്തെ തലമുറയും കാണുന്നത്. ആ വെളിച്ചത്തിലൂടെ എൻഎസ്എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലർ ചോദ്യം ചെയ്യും. പഴക്കമുള്ള ആചാരങ്ങളെ ലംഘിക്കുന്നവരുടെ ശവം കൃഷ്ണപരുന്തുകൾ കൊത്തിവലിയ്ക്കുമെന്ന് ശബരിമലയുടെ പേരിൽ ആക്രോശിക്കുന്നവർ മന്നത്തിന്റെ നവോത്ഥാന വഴികളാണ് മറക്കുന്നത്.
ആർഎസ്എസ് ‐ ബിജെപിയുടെ വർഗീയസമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബർ 26ന് ആർഎസ്എസ് നടത്തുന്ന "അയ്യപ്പജ്യോതി’ യിൽ പങ്കെടുക്കാനുള്ള സുകുമാരൻനായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല
ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ല
ശബരിമല ക്ഷേത്രവും അയ്യപ്പന്റെ പൂങ്കാവനവും ആർഎസ്എസിന്റെ താൽപ്പര്യങ്ങൾക്കും വിഹാരങ്ങൾക്കും കീഴ്പ്പെടാത്ത ഇടമാണ്. മതനിരപേക്ഷതയുടെ പ്രതീകമായ ആരാധനാ കേന്ദ്രമാണ്. അയ്യപ്പന്റെ കൂട്ടുകാരനായ വാവര് സ്വാമിക്ക് ഇവിടെ ആരാധനാലയമുണ്ട്. മാളികപ്പുറത്തമ്മയ്ക്കുമുണ്ട് ഇടം. ഇതൊന്നും സംഘപരിവാറിന് ദഹിക്കുന്നതല്ല. ഇതിനെയെല്ലാം കീഴ്മേൽ മറിക്കാനും, ഒരു സങ്കുചിത ഹിന്ദുവർഗീയ കേന്ദ്രമാക്കാനും മറ്റ് പല ക്ഷേത്രപരിസരങ്ങളേയുംപോലെ ആയുധപരിശീലനത്തിനുള്ള സംഘർഷ ഭൂമിയാക്കാനുമാണ് ആർഎസ്എസിന്റെ ലാക്ക്. ഇത് നടപ്പാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ശബരിമലയെ കേന്ദ്രസർക്കാരിന്റെ കീഴിൽ കൊണ്ടുവരണമെന്ന നിർദേശം. ഒരു മുൻ ഡിജിപി ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചപ്പോൾ അതിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ പിന്തുണച്ചത് വെറുതെയല്ല. ഈ രഹസ്യ അജൻഡ നടപ്പാക്കാനുള്ള ഗൂഢമാർഗമായാണ് ശബരിമലയുടെ പേരിൽ സംഘപരിവാർ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവരുടെ പ്രക്ഷോഭം പൊതുസമൂഹത്തിൽ സംഘപരിവാറിനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഹർത്താലെന്ന സമരായുധത്തെ കപടസമരത്തിനുള്ള ആയുധമാക്കി അധഃപതിപ്പിച്ചു. അയ്യപ്പ ഭക്തന്മാരോട് ഒരു കനിവുമില്ലെന്ന് തെളിയിച്ച് തീർഥാടന കാലയളവിൽ പത്തനംതിട്ട ജില്ലയിലുൾപ്പെടെ ഒന്നിലധികം ദിവസം മിന്നൽ ഹർത്താൽ നടത്തി. അതിനുവേണ്ടി ചില മരണങ്ങളെ അപഹാസ്യമായ രാഷ്ട്രീയ അവകാശവാദത്തിന് ഉപയോഗിച്ചു. ഇങ്ങനെ ബിജെപിയ്ക്ക് കേരളത്തിൽ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
ആർഎസ്എസ് ‐ ബിജെപിയുടെ വർഗീയസമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബർ 26ന് ആർഎസ്എസ് നടത്തുന്ന "അയ്യപ്പജ്യോതി’ യിൽ പങ്കെടുക്കാനുള്ള സുകുമാരൻനായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടേയുമെല്ലാം ആശയമാണ് വനിതാമതിലിൽ തെളിയുന്നത്. മതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലിൽനിന്ന് മോചിതമാകാൻ വീണ്ടുവിചാരത്തിന് എൻഎസ്എസ് നേതൃത്വം തയ്യാറാകണം.