വൈരൂപ്യത്തിന് കണ്ണാടി തകർക്കേണ്ട

ശബരിമല സ്ത്രീപ്രവേശനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഷയമാക്കാൻ ബിജെപിയും മോഡി സർക്കാരും ഗൂഢമായി തീരുമാനിച്ചതിന്റെ പരസ്യപ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊല്ലം പ്രസംഗം. എൻഡിഎയുടെ സമ്മേളനം ഉദ്ഘാടനംചെയ്ത് മോഡി നടത്തിയ പ്രസംഗത്തിൽ ശബരിമലയുടെ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെയും കമ്യൂണിസ്റ്റുകാരെയും കടന്നാക്രമിക്കുന്നതിനാണ് തയ്യാറായത്.

ശബരിമലവിഷയത്തിൽ ഇത്രമാത്രം പാപം ചെയ്യാൻ ഒരു സർക്കാരിന് കഴിയുന്നതെങ്ങനെയെന്ന "അത്ഭുത’ പ്രകടനവും മോഡി നടത്തി. ഇത് ശരിക്കും വോട്ടിനുവേണ്ടിയുള്ള തകിടംമറിച്ചിലാണ്. ഇത് രാഷ്ട്രീയ അധാർമികതയാണ്.
പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനം
ശബരിമല ക്ഷേത്രദർശനത്തിന് 10നും 50നും മധ്യേയുള്ള വനിതകൾക്ക് അനുമതി നൽകിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് , മോഡി സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയമാണ് രേഖാമൂലം നിർദേശം നൽകിയത്. ആ സർക്കുലർ ഇതുവരെ പിൻവലിച്ചിട്ടില്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോട് വിയോജിപ്പുണ്ടെങ്കിൽ അത് പരസ്യമായി പ്രകടിപ്പിക്കണം. കോടതിവിധി മറികടക്കാൻ പാർലമെന്റിൽ എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ല. യുവതീപ്രവേശനത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയുൾപ്പെടെ മൂന്ന് മന്ത്രിമാരെങ്കിലും സ്വാഗതംചെയ്ത ല്ലോ. എന്തുകൊണ്ട് തന്റെ മന്ത്രിസഭാ അംഗങ്ങളെ മോഡി ഇതുവരെ തിരുത്തിയില്ല. കോടതിവിധി വന്നപ്പോൾ മാത്രമല്ല, കോടതിയിൽ കേസിന്റെ വാദം നടന്ന വേളകളിലടക്കം സ്ത്രീപ്രവേശനത്തെ ആർഎസ്എസ് നേതൃത്വം അനുകൂലിച്ചിരുന്നുവല്ലോ. അങ്ങനെയെങ്കിൽ ശബരിമലയിലെ യുവതീപ്രവേശനത്തെ പിന്തുണച്ച എൽഡിഎഫ് സർക്കാരിന്റെ നടപടി പാപമാണെങ്കിൽ അതേ പാപം മറ്റൊരു വിധത്തിൽ കേന്ദ്ര സർക്കാരും കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരും ചെയ്തില്ലേ. ഭക്തന്മാരിലും വിശ്വാസികളിലും ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫിനും സംസ്ഥാന സർക്കാരിനും എതിരെയാക്കുന്നതിനുവേണ്ടിയുള്ള നികൃഷ്ടമായ രാഷ്ട്രീയ ആയുധമായി ശബരിമലവിഷയത്തെ മോഡിയും കൂട്ടരും മാറ്റിയിരിക്കുകയാണ്. ഇവിടെ തകിടംമറിയൽ ആരുടേതാണെന്ന് വ്യക്തം.
മോഡി അധികാരത്തിൽവന്നത് ഗോൾവാൾക്കറുടെ "വിചാരധാര’യിൽ തൊട്ടല്ല. ഭരണഘടനയോട് കൂറുപുലർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. അതിനാൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ മുന്നോട്ടുവന്ന സംസ്ഥാന സർക്കാരിനെ ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കോടതിയലക്ഷ്യത്തിനും സത്യപ്രതിജ്ഞാലംഘനത്തിനും പ്രധാനമന്ത്രിക്കെതിരെ കേസെടുക്കുകയാണ് നീതിപീഠവും ഭരണസംവിധാനവും ചെയ്യേണ്ടത്. രാജ്യത്തിന്റെ ചരിത്രത്തെയും വിശ്വാസങ്ങളെയും ആധ്യാത്മികതയെയും അംഗീകരിക്കാത്തവരും ആരാധിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന് മോഡി പ്രസംഗത്തിൽ പറഞ്ഞു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പൊള്ളത്തരവും അവരുടെ കപട ആത്മീയതയും തുറന്നുകാട്ടുന്നത് മുഖ്യമായും കമ്യൂണിസ്റ്റുകാരാണ്. അതിലുള്ള അസഹിഷ്ണുത കൊണ്ടാണ് കമ്യൂണിസ്റ്റുകാരെപ്പറ്റി മോഡി വേണ്ടാതീനം പറഞ്ഞത്. ഹിന്ദുരാഷ്ട്രമെന്ന ആശയവുമായി 1925ൽ നാഗ്പുരിൽ രൂപംകൊണ്ടതാണ് ആർഎസ്എസ്. ഇതേ കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാർ കോൺഗ്രസ്. പാർടിയിലും പിന്നീട് കോൺഗ്രസ്ി സോഷ്യലിസ്റ്റ്ത പാർടിയിലുംനിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു. എന്നാൽ, ആർഎസ്എസുകാരും ഹിന്ദുത്വരാഷ്ട്രീയവാദികളും സ്വാതന്ത്ര്യപ്രസ്ഥാനത്തിൽനിന്ന്് അകന്നുനിന്നു. ഹിന്ദുരാഷ്ട്രീയവാദികളുടെ ഈ ബ്രിട്ടീഷ് സേവയെ തുറന്നുകാട്ടുന്നതിൽ മുന്നിൽനിന്നത് കമ്യൂണിസ്റ്റുകാരാണ്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹ പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ് സ്വാതന്ത്ര്യലഭ്യതയുടെ തൊട്ടുപിന്നാലെ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും നവോത്ഥാനപ്രസ്ഥാനത്തിലും പങ്കില്ലാത്ത ആർഎസ്എസിന്റേത് ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. അത് കമ്യൂണിസ്റ്റുകാർ ചൂണ്ടിക്കാട്ടും. ഇതിലുള്ള വിരോധംകൊണ്ടാണ് ഇന്ത്യയുടെ ചരിത്രത്തെ അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാരെന്ന വിടുവായത്തം മോഡി പറയുന്നത്.
ഇന്ത്യൻ വിമോചനത്തിനും രാജ്യത്തിന്റെ ഭാവിക്കും ഏത് പാത സ്വീകരിക്കണമെന്നതിൽ വ്യക്തമായ കാഴ്ചപ്പാട് ഇന്നലെയും ഇന്നുമുള്ളത് കമ്യൂണിസ്റ്റുകാർക്കാണ്. മുതലാളിത്ത വികസനത്തിന്റെയും ആഗോളവൽക്കരണ, സ്വകാര്യവൽക്കരണത്തിന്റെയും പാതയാകരുതെന്നതാണ് നിർദേശം. സാമ്രാജ്യത്വവുമായിട്ടുള്ള വിധേയത്വമില്ലാതാക്കാനും ഫ്യൂഡൽ അവശിഷ്ടങ്ങളോടുള്ള സന്ധിചെയ്യൽ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു. ഈ പാതയിലൂടെ മുന്നോട്ടുപോയിരുന്നുവെങ്കിൽ ഇന്ത്യൻ സമ്പദ്ഘടന നല്ല വളർച്ച പ്രാപിക്കുകയും തൊഴിലാളികൾക്കും കർഷകർക്കും ഗുണകരമാകുകയും ചെയ്യുമായിരുന്നു. അല്ലെങ്കിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇത് ചെവിക്കൊള്ളാത്തതിന്റെ ഫലമെന്തായി ? അഞ്ചാണ്ട് ആകാൻ പോകുന്ന മോഡി ഭരണത്തിൽ ജനങ്ങളുടെ ജീവിതം എങ്ങനെയാണ് ? ഒരുവർഷം രണ്ടുകോടി പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നായിരുന്നു ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം. അപ്രകാരം 10 കോടി പേർക്ക് തൊഴിൽ കിട്ടണമായിരുന്നു. പക്ഷേ, കഴിഞ്ഞ ഒരുവർഷംമാത്രം ഒരു കോടി പത്ത് ലക്ഷം പേരുടെ ഉള്ള തൊഴിൽ നഷ്ടപ്പെട്ടു. വിലക്കയറ്റം വർധിച്ചു. കർഷക ആത്മഹത്യ പെരുകി. പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാത്ത പുരോഗതിയുള്ള രാജ്യമുണ്ടാകാനും മതനിരപേക്ഷത കാക്കാനും കോൺഗ്രസോ ആർഎസ്എസോ മുന്നോട്ടുവയ്ക്കുന്ന മുതലാളിത്ത പ്രത്യയശാസ്ത്രത്തിനല്ല, മാർക്സിസ്റ്റ് ‐ ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിനാണ് കഴിയുക.
മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയലാഭത്തിനും വോട്ടുപിടിക്കാനുമുള്ള ഉപാധിയാക്കുകയാണ് മോഡി. അതിനുവേണ്ടിയാണ് വിശ്വാസികളെയും ആരാധന നടത്തുന്നവരെയും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാരെന്ന അസംബന്ധം മോഡി പുലമ്പിയത്. മതത്തെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും കലർത്തുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കെതിരാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും വംശവും ഭാഷയും പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നതിനുമുമ്പ് ജസ്റ്റിസ് ടി എസ് ഠാക്കുർ നേതൃത്വം നൽകിയ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ധീരമായ ഈ വിധി നൽകിയത്. മതവും ഭരണകൂടവുംതമ്മിൽ, ദൈവവും തെരഞ്ഞെടുപ്പുംതമ്മിൽ ബന്ധമരുതെന്ന ആശയമാണ് സുപ്രീംകോടതി ഉയർത്തിയത്. ഇതിന് വിരുദ്ധമാണ് ശബരിമലയുടെപേരിൽ വിശ്വാസികളെ കമ്യൂണിസ്റ്റുകാർക്കെതിരെ തിരിക്കാനുള്ള മോഡിയുടെ ഉപായം.
 
സംഘപരിവാറിന്റെ സംസ്കാരം
മതത്തെ രാഷ്ട്രീയത്തിൽ കലർത്തുന്നതിനെതിരായ ചിന്ത സമൂഹത്തിൽ പടർത്തുന്നതിൽ കമ്യൂണിസ്റ്റുകാരുടെ സംഭാവന വിലപ്പെട്ടതാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും എന്ന നിലപാട് മുന്നോട്ടുവച്ചുകൊണ്ട് ഈ രംഗത്ത് നടത്തിയ ഇടപെടൽ, മതം രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതിലെ അപകടത്തെപറ്റി വലിയ തോതിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഉപകരിച്ചു. ഇക്കാര്യത്തിൽ ഗാന്ധിജിയുടെ മതനിരപേക്ഷ നിലപാടുകൾ പ്രചരിപ്പിക്കുന്നതിലും കമ്യൂണിസ്റ്റുകാർ മുന്നിട്ടുനിന്നു. ഉറച്ച ഹിന്ദുവായിരിക്കുമ്പോൾ ത്തന്നെ ഗാന്ധിജി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തുല്യരായി കണക്കാക്കി ബഹുമാനിച്ചു. അതുകാരണമാണ് ആർഎസ്എസ് ആശയത്താൽ പ്രേരിതനായ ഹിന്ദുഭ്രാന്തൻ അദ്ദേഹത്തെ വധിച്ചത്. ഗാന്ധിജിയെ വധിച്ച സംഘപരിവാറിന്റെ നേതാവായ പ്രധാനമന്ത്രിയുടെ "വിശ്വാസികൾക്കും ആരാധന നടത്തുന്നവർക്കും കമ്യൂണിസ്റ്റുകാർ എതിരാണെന്ന’ പ്രസ്താവം അസംബന്ധമാണ്. ശബരിമലയിൽ അയ്യപ്പദർശനം നടത്താൻ താൽപ്പര്യപ്പെടുന്ന വിശ്വാസികളായ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് എൽഡിഎഫ് സർക്കാർ കോടതിവിധി പ്രകാരം നിലപാടെടുത്തിരിക്കുന്നത് ഭക്തിയുടെ വഴി വിശാലമാക്കുന്നതാണല്ലോ. ബാബ്റിര മസ്ജിദ് തകർക്കുകയും നിലവിലുള്ള ആയിരത്തിലധികം പള്ളികൾ പൊളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ ഉത്തമനായ പ്രതിനിധിയാണ് നരേന്ദ്ര മോഡി. വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം സംസാരിക്കുന്നത് പരിഹാസ്യമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നൂറ് ദിവസംമാത്രം ശേഷിക്കെ, ബിജെപിയുടെയും മോഡി സർക്കാരിന്റെയും അവസ്ഥ ദുഷ്കരമായിരിക്കുകയാണ്. അഞ്ച് വർഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് മോഡിക്കും ബിജെപിക്കും മുന്നിൽ, അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം അഴിമതിയിലും കെടുകാര്യസ്ഥതയിലും നിറംകെട്ടിരുന്നു. അതുകൂടി പ്രയോജനപ്പെടുത്തിയാണ് ബിജെപി 2014ൽ വൻ ഭൂരിപക്ഷം നേടിയത്. അക്കാര്യത്തിൽത്തന്നെ 80 സീറ്റുള്ള യുപിയിൽ 71 സീറ്റ് സ്വന്തമായും 2 സീറ്റ് സഖ്യകക്ഷിക്കും നേടാനായത് വിജയക്കുതിപ്പിലെ പ്രധാനഘടകമായി. എന്നാൽ, ബഹുജൻ സമാജ് പാർടിയും സമാജ്വാദി പാർടിയും സീറ്റ് പങ്കിട്ടും സഖ്യം രൂപീകരിച്ചും പ്രഖ്യാപനം നടത്തിയത് ദേശീയരാഷ്ട്രീയത്തിൽത്തന്നെ ഇപ്പോൾ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. യുപിയിൽ അടിതെറ്റിയാൽ 2019ൽ ബിജെപി പുറത്താകുമെന്ന് മാധ്യമനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയചലനങ്ങളുടെ അടിസ്ഥാനത്തിൽ മോഡിയും കൂട്ടരും വിഭ്രാന്തിയിലാണ്. ഇതിന്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാരിനെതിരെയുള്ള മോഡിയുടെ സമനിലവിട്ട കൊല്ലം പ്രസംഗം. സ്വന്തം വൈരൂപ്യത്തിന് അന്യന്റെ കണ്ണാടി തകർത്തതുകൊണ്ട് എന്ത് ഗുണം.
എൻഡിഎയുടെ പൊതുസമ്മേളനത്തിനുമുമ്പായി കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ഈ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങുമ്പോൾ ശരണംവിളികളുമായി ഒരു കൂട്ടം സംഘപരിവാറുകാർ ബഹളംകൂട്ടിയത് തരംതാണ പ്രവൃത്തിയാണ്. "സ്വാമിയേ ശരണം’ എന്നത് ഭക്തിനിർഭരമായി ഉച്ചരിക്കാനുള്ളതാണ്. വ്രതം അനുഷ്ഠിച്ച അയ്യപ്പന്മാർ ഇതാ വരുന്നൂ എന്ന് മറ്റുള്ളവരെ ധരിപ്പിക്കാനുള്ളതുകൂടിയാണ് ഇത്. അതിനെ പ്രതിഷേധത്തിനും കൂക്കിവിളിക്കാനുമുള്ള ഒന്നാക്കി സംഘപരിവാർ തരംതാഴ്ത്തി. പ്രധാനമന്ത്രിയെ സാക്ഷിയാക്കി ഇത്തരം അഴിഞ്ഞാട്ടം നടത്തിയതിലൂടെ സംഘപരിവാറുകാർ മോഡിയുടെ മുഖത്തും കരിതേച്ചിരിക്കുകയാണ്. സംഘപരിവാർ നടപടി ജനാധിപത്യത്തിന്റെ ബാലപാഠങ്ങളെപ്പോലും കാറ്റിൽ പറത്തുന്നതാണ്. യോഗം അലങ്കോലപ്പെടുത്താനുള്ള സംഘപരിവാർ ബഹളത്തിനെതിരെ മുഖ്യമന്ത്രി അതേസമയത്തുതന്നെ ശക്തമായി പ്രതികരിച്ചു. അതിന്റെ ഫലമായി യോഗം സാധാരണ നിലയിൽ തുടർന്നു. യോഗത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചപ്പോൾ സദസ്സിൽ ആയിരക്കണക്കിന്ല ഇടതുപക്ഷക്കാരും അനുഭാവികളും ഉണ്ടായിരുന്നുവെങ്കിലും അവർ ആരും ഒരു അപശബ്ദവും ഉയർത്തിയില്ല. ഇതുവെളിപ്പെടുത്തുന്നത്ത ഇടതുപക്ഷ സംസ്കാ്രത്തിന്റെ സഹിഷ്ണുലതയും മാന്യതയും ജനാധിപത്യവുമാണ്ു. അവിടെ തെളിഞ്ഞത്് എൽഡിഎഫിന്റെയും ആർഎസ്തഎസിന്റെയും വിഭിന്ന സംസ്കാറരങ്ങളാണ്ി. അഴിഞ്ഞാട്ടം നടത്തിയ സംഘപരിവാറുകാർക്കെതിരെ മാതൃകാപരമായ സംഘടനാനടപടി പ്രഖ്യാപിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ബിജെപിക്കും ആർഎസ്എസിനുമുണ്ട്. കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന വീമ്പ് പറച്ചിൽ നടത്തിയ മോഡിയെ, ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ടയിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൽഡിഎഫ് വെല്ലുവിളിക്കുന്നു.