രാഹുൽ: ആരുടെ പ്രതിനിധി ?

  ഇടതുപക്ഷത്തെ ശത്രുവായിക്കണ്ട് നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണല്ലോ. ഇന്ത്യയെ രക്ഷിക്കാൻ, ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന മുദ്രാവാക്യത്തിന് ശക്തിപകരാൻ പ്രതിപക്ഷം പൊതുവിൽ സമാന അടവുകളോടെയും ധാരണകളോടെയും നീങ്ങുന്നതിനുമധ്യേയാണ് പിളർപ്പൻ രാഷ്ട്രീയത്തിന്റെ അവസരവാദ കളിയുടെ വേദിയാക്കി വയനാടിനെ രാഹുൽ ഗാന്ധി അധഃപതിപ്പിച്ചത്. ഇതിൽ പരസ്യമായി വിയോജിക്കാനും വിമർശിക്കാനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രതിപക്ഷത്തെ വിവിധ കക്ഷിനേതാക്കളുമെല്ലാം രംഗത്തുവന്നുവെന്നത് നിസ്സാരമല്ല.

മതനിരപേക്ഷ ഐക്യത്തിന് വിള്ളൽ വീഴ്ത്തി
രാഹുലിന്റെ സ്ഥാനാർഥിത്വം തെറ്റായ സന്ദേശം ദേശീയതലത്തിൽ നൽകുന്നുവെന്നാണ് ദേശീയ ദിനപത്രമായ "ദ ഹിന്ദു’ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നത്. വേനലിൽ വയനാട് കരിയുമ്പോഴും രാഷ്ട്രീയമഞ്ഞ് വയനാടിനെ ചൂഴ്ന്നുനിൽക്കുന്നുവെന്ന് വിലയിരുത്തിയ ‘ദ ഹിന്ദു’, ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ദേശീയമായി രൂപപ്പെടുത്തുന്നതിനെ ഈ സ്ഥാനാർഥിത്വം തടസ്സപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയെ എതിർക്കുന്നതിൽനിന്നുള്ള ഒഴിഞ്ഞുമാറ്റവും ഒളിച്ചോട്ടവുമാണ് ഇത്. ബിജെപി വിരുദ്ധ പ്രതിപക്ഷങ്ങളുടെ അനൈക്യം മതനിരപേക്ഷ ഒരുമയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നുവെന്നും " ദ ഹിന്ദു’ വ്യക്തമാക്കുന്നു. മതനിരപേക്ഷവിശ്വാസികളിൽ പൊതുവിൽ അലയടിക്കുന്ന വികാര ‐വിചാരമാണ് ഈ മുഖപ്രസംഗത്തിൽ പ്രകടമാകുന്നത്.
എന്തിന് ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ മത്സരിക്കണമെന്ന് ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രാജ്യം മുഴുവൻ ഇടതുപക്ഷവുമായി ധാരണയുണ്ടെന്ന മറുപടിയാണ് രാഹുൽ നൽകിയത്. മുഴുവൻ രാജ്യത്തിൽ കേരളം ഉൾപ്പെടില്ലേ ? വയനാട്ടിൽ എൽഡിഎഫിനെ നേരിടുക എന്നത് മാത്രമല്ല, സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരെ പടനയിക്കുക കൂടിയാണ് രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് താൻ മത്സരിക്കുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടതായി കാണുന്നു. തെക്കേ ഇന്ത്യയിൽ മത്സരിച്ചിട്ടല്ല പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഐക്യദാർഢ്യം കാട്ടിയിട്ടുള്ളത്.
ഇക്കാര്യങ്ങളിൽ ഞങ്ങൾ ചൂണ്ടിക്കാട്ടുന്നത്, രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതുകൊണ്ട് എൽഡിഎഫിന് എന്തെങ്കിലും ഭയാശങ്കകൾ ഉള്ളതുകൊണ്ടല്ല, അമേഠിയിൽ തോൽക്കുമോയെന്ന പേടികാരണം അവിടെ നിന്ന് പലായനംചെയ്താണ് ഇവിടെയെത്തിയിരിക്കുന്നത്. വീര പഴശ്ശിരാജായുടെ ഈ മണ്ണ് പോരാളികളുടെ വീറുറ്റ ഇടമാണ്. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ അമേഠിയിലെ മത്സരത്തിൽനിന്ന് ഒളിച്ചോടി വരുന്ന ഭീരുവിനെ അഭിമാനമുള്ള ഈ മണ്ണ് സ്വീകരിക്കില്ല. ഇന്ത്യയുടെ മതനിരപേക്ഷ ഐക്യത്തിന് വിള്ളൽ വീഴ്ത്തിയ നേതാവിന് കമ്യൂണിസ്റ്റ് കരുത്ത് എന്തെന്ന് ബോധ്യമാകും.
ബിജെപി ഒരിക്കൽക്കൂടി അധികാരത്തിൽവന്നാൽ ജനാധിപത്യം അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റ് ഭീകരത അരങ്ങ് വാഴുകയും ചെയ്യും. ഇത് തടയാനുള്ള ഏറ്റവും വിശ്വസ്തമായ ശക്തി കമ്യൂണിസ്റ്റ് സ്വാധീനമുള്ള ഇടതുപക്ഷ മതനിരപേക്ഷ ശക്തികളാണ്. ആർഎസ്എസും മോഡിയും നയിക്കുന്ന വർഗീയ ഫാസിസത്തെ നേരിടാൻ കെൽപ്പുള്ളതല്ല കോൺഗ്രസ്. സാമൂഹ്യ‐സാമ്പത്തികനയങ്ങളുടെ കാര്യത്തിലാകട്ടെ ബിജെപിയെ പോലെതന്നെ പിന്തിരിപ്പനാണ്.
വയനാട്ടിലെ സ്ഥാനാർഥിത്വത്തിലൂടെ രാഹുൽ, കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി മാറുകയാണ്. തൊഴിലാളി‐കർഷകാദി ബഹുജനങ്ങളുടെ നേതൃത്വത്തിലുയർന്നുവന്ന കമ്യൂണിസ്റ്റുപാർടികൾ നയിക്കുന്ന എൽഡിഎഫിനോട് മത്സരിക്കാൻ ഭരണവർഗത്തിന്റെ ഭാഗമായ കോൺഗ്രസിനും അവരുടെ മുന്നണിക്കും ജാതി‐മത‐വർഗീയശക്തികളുമായുള്ള കൂട്ടുകെട്ടില്ലാതെ പറ്റില്ലെന്ന് വന്നിരിക്കുന്നു
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനും എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനുമുള്ള രാഷ്ട്രീയ കരുനീക്കം ആർഎസ്എസും അതിന്റെ കേന്ദ്രസർക്കാരും കുറെ നാളായി നടത്തിവരുകയാണ്. അതിന് പ്രേരണയായത് ഹിന്ദുത്വരാഷ്ട്രീയത്തിനും മോഡി സർക്കാരിനും ദേശീയമായി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ വെല്ലുവിളി ആണെന്നതുകൊണ്ടാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനും പ്രവർത്തനപരിപാടിക്കും എൽഡിഎഫ് സർക്കാരിന്റെ സാന്നിധ്യം രാഷ്ട്രീയമായി വിലങ്ങുതടിയാണെന്ന് സംഘപരിവാർ കാണുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരെയും എൽഡിഎഫ് സർക്കാരിനെയും മുഖ്യശത്രുവായിക്കണ്ട് മോഡി സർക്കാരും ആർഎസ്എസും അക്രമം നടത്തിവരുന്നത്. പക്ഷേ, അവർക്ക് ഇതുവരെ ഇക്കാര്യത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, എൽഡിഎഫിനെ തകർക്കാനുള്ള ആർഎസ്എസ് അജൻഡ പ്രാവർത്തികമാക്കാൻ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ പരിശ്രമിക്കുകയാണ്. ഇത് വിജയംകണ്ടാൽ അതിന്റെ ദുരന്തം ഇന്ത്യൻ ജനതയെ പൊതുവിൽത്തന്നെ ദോഷകരമായി ബാധിക്കും. ഇടതുപക്ഷം ദുർബലമായാൽ മതനിരപേക്ഷതയ്ക്ക് മാത്രമല്ല, സാമൂഹ്യപുരോഗതിക്കും സോഷ്യലിസ്റ്റ് ചിന്താഗതിക്കുംതന്നെ ഇത് ആപൽക്കരമാകും. കമ്യൂണിസ്റ്റുകാരുടെ പാർലമെന്റിലെ ശക്തി കുറയ്ക്കണമെന്നത് യുദ്ധം കൊതിക്കുന്ന ആയുധക്കച്ചവടക്കാരുടെയും നവഉദാരവൽക്കരണ നയം യഥേഷ്ടം നടപ്പാക്കണമെന്ന് കരുതുന്ന കോർപറേറ്റുകളുടെയും ഉറച്ച തീരുമാനമാണ്. ഇവരുടെയെല്ലാം കരങ്ങൾ കേരളത്തിലേക്കും നീണ്ടിട്ടുണ്ട്.
വയനാട്ടിലെ സ്ഥാനാർഥിത്വത്തിലൂടെ രാഹുൽ, കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി മാറുകയാണ്. തൊഴിലാളി‐കർഷകാദി ബഹുജനങ്ങളുടെ നേതൃത്വത്തിലുയർന്നുവന്ന കമ്യൂണിസ്റ്റുപാർടികൾ നയിക്കുന്ന എൽഡിഎഫിനോട് മത്സരിക്കാൻ ഭരണവർഗത്തിന്റെ ഭാഗമായ കോൺഗ്രസിനും അവരുടെ മുന്നണിക്കും ജാതി‐മത‐വർഗീയശക്തികളുമായുള്ള കൂട്ടുകെട്ടില്ലാതെ പറ്റില്ലെന്ന് വന്നിരിക്കുന്നു. കേരളസംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ ഒറ്റക്കക്ഷിയെന്ന നിലയക്ക് മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് അന്നുമുതൽ ഇന്നുവരെ ജാതി‐മത‐വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയം കളിക്കുന്നത്. അന്ന് തുടങ്ങിവച്ച കോൺഗ്രസ്‐മുസ്ലിംലീഗ് കൂട്ടുകെട്ട് ഇന്ന് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവയുമായുള്ള ബന്ധങ്ങളിലേക്കും വളർന്നിരിക്കുന്നു. വയനാട്ടിൽ യുഡിഎഫ് എന്നാൽ മുഖ്യകക്ഷി മുസ്ലിംലീഗും പിന്നീട് കോൺഗ്രസുമാണ്. ലീഗിനെ "ചത്ത കുതിര’ യെന്ന് വിശേഷിപ്പിച്ച പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ പ്ര പൗത്രൻ ഇന്ന് ലീഗ് എന്ന ആ ചത്തകുതിരയുടെ മുകളിലേറി വയനാട് ചുരം കയറിയിരിക്കുകയാണ്. ഇത് ലീഗിന്റെ അന്ത്യശാസനംകൂടി ശിരസ്സാവഹിച്ചാണ്. ജാതി‐മത‐വർഗീയ ശക്തികളുടെ തടങ്കലിലായ കോൺഗ്രസ് അധ്യക്ഷൻ കമ്യൂണിസ്റ്റുകാരെ ശത്രുവായിക്കാണുന്ന പഴയ വിമോചനസമര രാഷ്ട്രീയത്തിലെത്തിയിരിക്കുകയാണ്. ഇതുവഴി ദേശീയമായി ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ ചോർത്തിയിരിക്കുന്നു.
ദേശീയപ്രസ്ഥാനത്തിന്റെ ഉത്തമതാൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫും അവയെ ബലികഴിക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള കോൺഗ്രസും തമ്മിലാണ് കേരളത്തിൽ മത്സരം. എൽഡിഎഫിനെ മുഖ്യശത്രുവായി കാണുന്നതിൽ മോഡി നയിക്കുന്ന ബിജെപിയും രാഹുൽ നേതൃത്വം കൊടുക്കുന്ന കോൺഗ്രസും യോജിപ്പിലാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും കോ‐ലീ‐ബി സഖ്യമുള്ളത്. ഈ സഖ്യത്തെപ്പറ്റി എന്താണ് രാഹുലിനും മോഡിക്കും വിശദീകരിക്കാനുള്ളത്. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ബിജെപിയുടെ കരുത്തുറ്റ നേതാവ് അവിടെ സ്ഥാനാർഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞിരുന്നുവല്ലോ. എന്തേ അവിടെ ബിജെപിക്ക് സ്ഥാനാർഥിയില്ലാതെപോയി. അമേഠിയിൽ രാഹുലും റായ്ബറേലിയിൽ സോണിയയും മത്സരിക്കുമ്പോൾ യുപിയിൽ ഉണ്ടാകാത്ത കോൺഗ്രസ് അനുകൂല തരംഗം രാഹുലിന്റെ വരവുകൊണ്ട് വയനാട്ടിലോ കേരളത്തിലോ ഉണ്ടാകില്ല. മുസ്ലിംലീഗിനെ ആശ്രയിച്ച് മാത്രം മത്സരിക്കാൻ കഴിയുന്ന ഒരു മണ്ഡലത്തെ അഭയം പ്രാപിച്ചതിലൂടെ കോൺഗ്രസിന്റെ ഗതികേട് വ്യക്തമായിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മുഖ്യ വിപത്ത് ആർഎസ്എസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ഹിന്ദു വർഗീയത ആണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, അതിനെ എതിർക്കുന്നതിന് എല്ലാ മതനിരപേക്ഷ ശക്തികളെയും സഹകരിപ്പിക്കുന്നതിന് പകരം ലീഗിനെയും തീവ്രവാദസംഘടനകളെയും കൂട്ടുപിടിച്ചതിലൂടെ മുസ്ലിം വർഗീയതയെ വളർത്തുകയെന്ന അജൻഡയാണ് കോൺഗ്രസ് നടപ്പാക്കുന്നത്. ഇത് ഹിന്ദു വർഗീയത വളർത്താൻ മോഡിക്കും കൂട്ടർക്കും അവസരം നൽകിയിരിക്കുകയാണ്. രാഹുലിന്റെ സ്ഥാനാർഥിത്വം അതിനുള്ള അവസരമായി.
തീവ്രഹിന്ദുത്വത്തിന് മറുപടി മൃദുഹിന്ദുത്വമല്ല
മുസ്ലിം സമുദായത്തിലെ ആറര ലക്ഷം പേരുള്ള അമേഠി ലോക്സഭാ മണ്ഡലത്തിൽ അഞ്ച് നിയമസഭാ സീറ്റിൽ ഒന്നിൽ പോലും ജയിക്കാത്ത കോൺഗ്രസാണ് ന്യൂനപക്ഷ രക്ഷയ്ക്കുള്ള വായ്ത്താരി മുഴക്കുന്നത്. ന്യൂനപക്ഷ രക്ഷയ്ക്ക് കോൺഗ്രസ് ഉതകില്ലെന്ന വിചാരം ശക്തമാണ്. പശുവിന്റെപേരിൽ സംഘപരിവാറിന്റെ ആൾക്കൂട്ട കൊലപാതകം അരങ്ങ് തകർക്കുമ്പോൾ ഗോവധ നിരോധനം ആദ്യം നടപ്പാക്കിയതും അതിനായി ഉറച്ച് നിൽക്കുന്നതും തങ്ങളാണെന്ന് ഉത്തരേന്ത്യയിൽ മറയില്ലാതെ വിളമ്പുകയാണ് കോൺഗ്രസ്. മുത്തലാഖ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് എതിർത്ത് വോട്ട് ചെയ്തില്ല. ജമ്മു കശ്മീരിന് പ്രത്യേക സംരക്ഷണം നൽകുന്ന ഭരണഘടനയിലെ 35(എ) വകുപ്പ് എടുത്തുകളയാൻ മോഡി സർക്കാർ നീക്കം നടത്തിയപ്പോൾ നിശ്ശബ്ദത പാലിച്ച കക്ഷിയാണ് കോൺഗ്രസ്. അധികാരത്തിലേറിയാൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനവും കോൺഗ്രസ് നൽകുന്നുണ്ട്. തീവ്രഹിന്ദുത്വത്തിന് മറുപടി മൃദുഹിന്ദുത്വമല്ല.
ആദിവാസികൾ ജീവിക്കാനായി പ്രക്ഷോഭം കൂട്ടിയപ്പോൾ അവരെ നിറയൊഴിച്ച് വീഴ്ത്തുകയും ജോഗി എന്ന ആദിവാസി യുവാവിനെ കശാപ്പ് ചെയ്യുകയും ചെയ്തു ആന്റണി ഭരണം. അന്നത്തെ ആ രക്തക്കറയ്ക്ക് രാഹുലിനെ തോൽപ്പിച്ച് പകരം ചോദിക്കാനുള്ള രാഷ്ട്രീയാവസരമാണ് വയനാട്ടിന് ഇക്കുറി ലഭിച്ചിരിക്കുന്നത്
വിജയപ്രതീക്ഷയോടെ രാഹുലെത്തിയ വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലത്തിൽ നാലിൽ വിജയിച്ചത് എൽഡിഎഫാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ശ്രേയാംസ് കുമാറും അദ്ദേഹം നയിക്കുന്ന ലോക് താന്ത്രിക് ജനതാദളും ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്. അതുപോലെ സി കെ ജാനുവും അവരുടെ നേതൃത്വത്തിലുള്ള കക്ഷിയും ഇടതുപക്ഷവുമായി സഹകരിക്കുകയാണ്. മൂന്ന് ആണ്ടിലെ എൽഡിഎഫ് ഭരണം ആ നാടിനെയും ജനതയെയും മുന്നോട്ട് നയിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു. 2001 ‐2006 ലെ യുഡിഎഫ് ഭരണകാലത്ത് മാത്രം 523 കർഷകരാണ് ആത്മഹത്യ ചെയ്തത്. കാപ്പി ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച ഇതിന് പ്രധാന കാരണമായി. ഇതിലേക്ക് നയിച്ചത് കേന്ദ്രത്തിലെ അന്നത്തെ കോൺഗ്രസ് ഭരണം മുറുകെ പിടിച്ച നവ ഉദാരവൽക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഗാട്ട്് കരാറും ആസിയൻ കരാറുമാണ്. കർഷകരക്ഷയ്ക്ക് അന്നത്തെ യുഡിഎഫ് സർക്കാരും ഒന്നും ചെയ്തില്ല. എന്നാൽ, എൽഡിഎഫ് സർക്കാർ കാർഷികമേഖലയുടെ രക്ഷയ്ക്കും വയനാട് കാപ്പി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കുന്നതിനുമെല്ലാം ഫലപ്രദമായ നടപടികൾ സ്വീകരിച്ചു.
ആദിവാസികൾ ജീവിക്കാനായി പ്രക്ഷോഭം കൂട്ടിയപ്പോൾ അവരെ നിറയൊഴിച്ച് വീഴ്ത്തുകയും ജോഗി എന്ന ആദിവാസി യുവാവിനെ കശാപ്പ് ചെയ്യുകയും ചെയ്തു ആന്റണി ഭരണം. അന്നത്തെ ആ രക്തക്കറയ്ക്ക് രാഹുലിനെ തോൽപ്പിച്ച് പകരം ചോദിക്കാനുള്ള രാഷ്ട്രീയാവസരമാണ് വയനാട്ടിന് ഇക്കുറി ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 1952 ൽ വയനാട് ഉൾപ്പെടുന്ന അന്നത്തെ മദിരാശി നിയമസഭാ നിയോജകമണ്ഡലത്തിൽ, കമ്യൂണിസ്റ്റുകാരെ വേട്ടയാടിയ ആഭ്യന്തരമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവ മേനോനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച് പ്രബുദ്ധത കാട്ടി. ആ പാരമ്പര്യമുള്ള വയനാട് രാഹുലിനെ പരാജയപ്പെടുത്തി എൽഡിഎഫ് പ്രതിനിധി പി പി സുനീറിനെ വിജയിപ്പിച്ച് ചരിത്രം സൃഷ്ടിക്കും.